Image

ഭവനരഹിതരായ പ്രവാസികളെയും, മുൻപ്രവാസികളെയും കേരളസർക്കാരിന്റെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തുക : നവയുഗം

Published on 31 July, 2020
ഭവനരഹിതരായ പ്രവാസികളെയും, മുൻപ്രവാസികളെയും കേരളസർക്കാരിന്റെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തുക : നവയുഗം
ദമ്മാം:  ഭവനരഹിതരായവർക്ക് വീട് വെച്ച് കൊടുക്കുന്ന കേരളസർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ പാവപ്പെട്ട പ്രവാസികളെയും മുൻപ്രവാസികളെയും ഉൾപ്പെടുത്തണമെന്ന് നവയുഗം സാംസ്ക്കാരികവേദി  കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.
 
കേരളത്തിൽ ഭവനവും ഭൂമിയും ഇല്ലാത്ത എല്ലാവര്‍ക്കും മാന്യവും സുരക്ഷിതത്വവും ഉള്ള ഭവനത്തോടൊപ്പം ജീവിതസുരക്ഷിതത്തം ഉറപ്പുവരുത്തുക എന്ന ലക്‌ഷ്യം മുൻനിർത്തിയാണ് ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ലൈഫ് മിഷൻ എന്ന സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഇതുവരെ 2.14 ലക്ഷം വീടുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ പട്ടികയിൽ ഉൾപ്പെടാതെ പോയ ഭവനരഹിതർക്കും ഭൂരഹിതർക്കും ആഗസ്റ്റ് ഒന്നു മുതൽ പതിനാലുവരെ അപേക്ഷകൾ സമർപ്പിക്കാൻ അവസരം ലഭിക്കുമെന്നാണ് ഇപ്പോൾ സർക്കാർ അറിയിച്ചിരിയ്ക്കുന്നത്. ഭവനരഹിതരായ പ്രവാസികൾക്കും മുൻപ്രവാസികൾക്കും ഇതിൽ അവസരം ലഭിയ്‌ക്കേണ്ടത് അത്യാവശ്യമാണ്.

പ്രവാസലോകത്ത് നിന്നും കോവിഡ് കാരണമായും സാമ്പത്തിക പ്രതിസന്ധി മൂലവും പതിനായിരക്കണക്കിന് പ്രവാസികൾ ജോലി നഷ്ടമായി നാട്ടിലേയ്ക്ക് വന്നു കൊണ്ടിരിയ്ക്കുകയാണ്.  പ്രവാസലോകത്തു ഇപ്പോഴും ജോലി ചെയ്യുന്ന ഭൂരിപക്ഷത്തിന്റെയും അവസ്ഥയും മെച്ചമല്ല. സാമ്പത്തികമായി തകർന്ന നിലയിലാണ് പല പ്രവാസി കുടുംബങ്ങളും. പ്രവാസി എന്ന പേര് ചുമക്കുന്നത് കൊണ്ട് മാത്രം, ഭാവനരഹിതർക്കായി ലൈഫ് മിഷനിൽ ഉൾപ്പെടുത്താൻ തയ്യാറാക്കുന്ന ലിസ്റ്റിൽ ഉൾപ്പെടാതെ പോകുന്ന നിർദ്ധനരും , ഭവനരഹിതരുമായ നിരവധി പ്രവാസികളുണ്ട്. അവരുടെ കാര്യം പ്രത്യേകമായി സർക്കാർ പരിഗണിയ്‌ക്കേണ്ടതുണ്ട്.

ഈ സാഹചര്യത്തിൽ, പ്രവാസിക്ഷേമം മുൻനിർത്തി,  കേരളത്തിലെ  ഭവനരഹിതരായ എല്ലാ പ്രവാസികളെയും, മുൻപ്രവാസികളെയും ലൈഫ് മിഷൻ പദ്ധതിയിൽ  ഉൾപ്പെടുത്താൻ വേണ്ട നിയമനിർമ്മാണവും, നടപടികളും സർക്കാർ നടപ്പിലാക്കണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. 

ഈ ആവശ്യം ഉന്നയിച്ചു നവയുഗം കേന്ദ്രനേതൃത്വം  ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്കും, നോർക്കയ്ക്കും നിവേദനവും സമർപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക