Image

സമീക്ഷ എക്‌സിറ്റര്‍ ബ്രാഞ്ചില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു

Published on 01 August, 2020
സമീക്ഷ എക്‌സിറ്റര്‍ ബ്രാഞ്ചില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു

ലണ്ടന്‍: കലാ സാംസ്‌കാരിക സംഘടനയായ സമീക്ഷ, മലയാളം മിഷന്‍ യുകെ ചാപ്റ്ററുമായി ചേര്‍ന്നു നടത്തുന്ന മലയാള പഠന വേദികളുടെ ഭാഗമായി, സമീക്ഷ എക്‌സിറ്റര്‍ ബ്രാഞ്ചില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു.

സമീക്ഷ എക്‌സിറ്റര്‍ ബ്രാഞ്ച് സെക്രട്ടറി വിനു ചന്ദ്രന്‍ സ്വാഗതം ആശംസിച്ചു. ഓണ്‍ലൈന്‍ പoന വേദിയുടെ ഉദ്ഘാടനം ജൂലൈ 26 നു സൂമിലൂടെ മലയാളം മിഷന്‍ ഡയറക്ടര്‍ പ്രഫ. സുജ സൂസന്‍ ജോര്‍ജ് നിര്‍വഹിച്ചു. എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം എന്ന മുദ്രാവാക്യം ഉയര്‍ത്തി മലയാളം മിഷന്‍ 36 രാജ്യങ്ങളില്‍ പടര്‍ന്നു പന്തലിച്ചു കഴിഞ്ഞുവെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഡയറക്ടര്‍ പറഞ്ഞു. മലയാളം മിഷന്റെ കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവേശനോത്സവങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇപ്പോള്‍ നടത്തേണ്ടി വരുന്ന ഓണ്‍ലൈന്‍ പ്രവേശനോത്സവത്തിന്റെ പരാധീനതകള്‍ വിവരിക്കുമ്പോഴും കോവിഡ് മൂലമാണ് തനിക്ക് ഈ പ്രവേശനോത്സവത്തില്‍ പങ്കെടുക്കാനായതെന്ന് ടീച്ചര്‍ അനുസ്മരിച്ചു.

ഒഎന്‍വിയുടെ ജീവന്റെ ഉന്മത്ത നൃത്തത്തിനു പകരമായി , സുഗതകുമാരി ടീച്ചറിന്റെ കവിതയിലെ കുട്ടിയുടെ പാല്‍ പുഞ്ചിരിയിലൂടെ മൃതിയെ മറക്കുന്ന ലോകത്തെ, കോവിഡ് നമുക്ക് കാട്ടിത്തന്നതായി ടീച്ചര്‍ അനുസ്മരിച്ചു. കുട്ടിയായിരിക്കുമ്പോള്‍ തന്റെ കയ്യിലുള്ള വലിയ പെന്‍സില്‍ ഒടിച്ച് സുഹൃത്തുമായി ഷെയര്‍ ചെയ്യുന്ന ആ മനോഹര സംസ്‌കാരമാണ് ഇന്നും മലയാളിക്ക് ഒന്നിച്ചു നില്‍ക്കാന്‍ പ്രചോദനം നല്കുന്നതെന്ന് സുജ ടീച്ചര്‍ അനുസ്മരിച്ചു. ഭാഷയും സംസ്‌കാരവുമായുള്ള ബന്ധവും ടീച്ചര്‍ എടുത്തു പറഞ്ഞു.

ലോക മലയാളിയെ ബന്ധിപ്പിക്കുന്ന പ്രധാന ഘടകമായ മലയാള ഭാഷ പ്രോത്സാഹിപ്പിക്കുന്നതിന് മലയാളം മിഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സുജ ടീച്ചര്‍ വിശദീകരിച്ചു. മലയാളം മിഷന്റെ ആപ്പില്‍ എന്തെല്ലാം ഉണ്ട് എന്നും അതുകൊണ്ടുതന്നെ അത് അധ്യാപകരും രക്ഷിതാക്കളും ഡൗണ്‍ ലോഡ് ചെയ്യണമെന്നും ടീച്ചര്‍ അഭ്യര്‍ഥിച്ചു. മലയാളം മിഷന്റെ ഭൂമി മലയാളം വാര്‍ത്താ പത്രികയെ പറ്റിയും പൂക്കാലം വെബ് മാഗസിനെ പറ്റിയും റേഡിയോ മലയാളത്തെ പറ്റിയും സുജ ടീച്ചര്‍ വിശദീകരിച്ചു. ഇവയില്‍ കുട്ടികളുടെയും അധ്യാപകരുടെയും സര്‍ഗാത്മക ഇടപെടലുകള്‍ ഉണ്ടാവണമെന്ന് ടീച്ചര്‍ ആഹ്വാനം ചെയ്തു.

തുടര്‍ന്നു സമീക്ഷ ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപള്ളി ആശംസ പ്രസംഗം നടത്തി. കേരളത്തിലെ ഗവണ്‍മെന്റിനും കേരളത്തിലെ സഹോദരന്‍മാര്‍ക്കും കൈത്താങ്ങായി സമീക്ഷ നടത്തിയ സാമൂഹ്യ ഇടപെടലുകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 14 ലക്ഷം പിരിച്ചതും. ഡി വൈ എഫ് ഐ യുടെ ടിവി ചലഞ്ചിന്റെ ഭാഗമായി 72 ഓളം ടിവികള്‍ വിതരണം ചെയ്തതും അദ്ദേഹം വിശദീകരിച്ചു. എക്‌സിറ്ററിലെ ഓണ്‍ലൈന്‍ പഠന വേദിക്ക് നേതൃത്വം നല്‍കുന്ന സമീക്ഷ എക്‌സിറ്റര്‍ ബ്രാഞ്ചിന്റെ പ്രസിഡന്റ് രാജി ഷാജിയെ ദിനേശ് വെള്ളാപ്പള്ളി അനുമോദിച്ചു.

മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ സെക്രട്ടറി ഏബ്രഹാം കുര്യന്‍ കുട്ടികള്‍ക്ക് കുരങ്ങനെയും പൂച്ചയേയും രണ്ടു ചെറിയ കുഞ്ഞുണ്ണി കവിതകളിലൂടെ പരിചയപ്പെടുത്തി.

'കൊരങ്ങനും കൊരങ്ങനും കടി കൂടി
അതിലൊരു കൊരങ്ങന്റെ തല പോയി
എടുകെടാ കൊരങ്ങാ പുളിവാറ്
കൊടുക്കെടാ കുരങ്ങാ പതിനാറ് '

എന്ന കവിതയും പിന്നെ കുഞ്ഞുണ്ണി മാഷിന്റെ ഒരു പൂച്ച കവിതയും ഏബ്രഹാമും കുട്ടികളും ചേര്‍ന്ന് പാടി.. തുടര്‍ന്ന് ഏബ്രഹാം കുര്യന്‍ വിവിധ ഭാഷകള്‍ പഠിക്കുന്നതു കൊണ്ടുള്ള പ്രയാജനത്തെ പറ്റി മാതാപിതാക്കളുമായി സംവദിച്ചു.

ജൂണിയര്‍ വിഭാഗത്തില്‍ 16 ഉം സീനിയര്‍ വിഭാഗത്തില്‍ 14 ഉം ഉള്‍പ്പെടെ 30 കുട്ടികള്‍ പ്രവേശനോത്സവത്തില്‍ പങ്കെടുത്തു. കുട്ടികളെ എത്രയും പെട്ടന്ന് മലയാളം മിഷനില്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് സെക്രട്ടറി ഏബ്രഹാം കുര്യന്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ദിനേശ് ശ്രീധരന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക