Image

ശ്രീമദ് വാല്മീകി രാമായണം പതിനെട്ടാം ദിനം സംഗ്രഹം (ദുർഗ മനോജ്)

ദുർഗ മനോജ് Published on 02 August, 2020
ശ്രീമദ് വാല്മീകി രാമായണം പതിനെട്ടാം ദിനം സംഗ്രഹം (ദുർഗ മനോജ്)
കിഷ്കിന്ധാകാണ്ഡം
ഇരുപത്തി ആറാം സർഗം മുതൽ നാൽപ്പത്തിരണ്ടു വരെ സർഗം.
സുഗ്രീവ പട്ടാഭിഷേകവും, സീതയെ തേടുവാനുള്ള വാനരസേനാ വിന്യാസവുമാണിന്ന്.

ബാലിയുടെ സംസ്ക്കാരവും ഉദകക്രിയയും വേണ്ട വിധം കഴിഞ്ഞു.ഇനി വേണ്ടത് കിഷ്കിന്ധക്ക് അധിപനുണ്ടാവുക എന്നതാണ്.അങ്ങനെ കിഷ്കിന്ധാധിപനായി സുഗ്രീവനെ നിശ്ചയിച്ചു. പട്ടാഭിഷേകത്തിനായി രാമലക്ഷ്മണന്മാരെ ക്ഷണിച്ചുവെങ്കിലും പതിനാലു വർഷം വനവാസം എന്നതിൽ നിന്നും പിന്മാറുവാനാകില്ല എന്നു പറഞ്ഞു കൊണ്ടു രാമൻ ആ ആതിഥ്യം കൈക്കൊണ്ടിേല്ല. അങ്ങനെ സുഗ്രീവാഭിഷേകം യഥാവിധി നടന്നു. ഏവരും ഹർഷപുളകിതരായി. അഭിഷേകം കഴിഞ്ഞതോടെ രാമൻ ലക്ഷ്മണനോടൊത്ത് പ്രസ്രവണാചലത്തിലേക്കു പോന്നു.അവിടെ വലിയൊരു ഗുഹയിൽ അവർ പാർത്തു തുടങ്ങി. അതീവ രമണീയമായ ആ ദിക്കിൽ, രാമൻ ഓരോ നിമിഷവും സീതാ വിരഹത്തിൽ വേദനിച്ചു. മഴക്കാലം മാറി, ശരത്ക്കാലത്തു കാലം അനുകൂലമാകുമ്പോൾ രാവണവധം നടത്തി സീതയെ വീണ്ടെടുക്കാമെന്നു ലക്ഷ്മണൻ രാമനെ സാന്ത്വനിപ്പിച്ചു.

പിന്നെ കൊടികുത്തിയ മഴയുമായി വർഷകാലമെത്തി.മുകിൽ കൊണ്ടു മാനം മൂടി, സൂര്യ ദർശനം സാധിക്കാതെ, പുഴകൾ വലിയ നീർച്ചാലുകൾ ഒഴുക്കിക്കൊണ്ടും വർഷ കാലത്തു കുളിരണിഞ്ഞു.ഈ വിശ്രമ കാലം സുഗ്രീവൻ പത്നിമാരോടൊത്തു മദിച്ചു.

രാജ്യ കാര്യങ്ങൾ ശ്രദ്ധിക്കാതെ, മദിച്ചു ജീവിച്ച സുഗ്രീവനോടു പക്ഷേ, മാരുതി, വർഷ കാലം കഴിയുകയാണെന്നും, സീതാന്വേഷണത്തിനായി വേണ്ടതു ചെയ്യാൻ വൈകുകയാണെന്നും അറിയിച്ചു. അതിനു വേണ്ട ഏർപ്പാടുകൾ ചെയ്യുവാൻ സുഗ്രീവൻ ഉത്തരവിട്ടു.പതിനഞ്ചു നാൾക്കകം എല്ലാ വാനരന്മാരും കൊട്ടാരത്തിൽ എത്തിച്ചേരണമെന്ന് രാജാനുശാസനം നൽകപ്പെട്ടു.

മഴക്കാലമൊഴിഞ്ഞു. ഏഴിലം പാലപ്പൂക്കളിലും അർക്കേന്ദു താരകളുടെ രശ്മികളിലും കൊമ്പനാനകളുടെ കേളികളിലും കാന്തി പകുത്തു കൊണ്ടു ശരത്ക്കാലം വന്നെത്തി. കുറിഞ്ഞിയും വേട്ടയും പൂത്തതും മത്താർന്ന വണ്ടുകൾ മുരളുന്നതുമായ വനങ്ങളിൽ വിലേന്തി കടുത്ത ദണ്ഡമേകിക്കൊണ്ട് കാമൻ കറങ്ങുന്നു.
നാടു നഷ്ടപ്പെട്ട്, കാട്ടിലകപ്പെട്ട് കാന്തയെ പിരിഞ്ഞ് അഴലുന്ന രാമൻ, സുഗ്രീവൻ തന്നോട് കനിവു കാട്ടുന്നില്ലെന്നു കരുതി.

അതോടെ ലക്ഷ്മണൻ രാമ ദൂതുമായി കിഷ്കിന്ധയിലെത്തി. ആളുന്ന തീ പോലെ വരുന്ന കോപിയായ ലക്ഷ്മണനെക്കണ്ടു ഹനുമാൻ സുഗ്രീവനെ കാര്യം ധരിപ്പിച്ചു.പിന്നെ താരയെ ലക്ഷ്മണൻ്റെ കോപം തണുപ്പിക്കാൻ നിയോഗിച്ചു. അവൾ, മധുരമൊഴിയായി ലക്ഷമണ നോട് വാനരസേനകൾ വന്നണഞ്ഞു കഴിഞ്ഞുവെന്നും, പൊതുവേ ചഞ്ചല രായ കപികളോടു ക്ഷമിക്കണമെന്നും അപേക്ഷിച്ച് ഉപചരിച്ചു.

ലക്ഷമണനെ സുഗ്രീവനടുത്തേക്ക് എത്തിച്ചു. കോപത്താൽ ജ്വലിക്കുന്ന ലക്ഷ്മണനോട് താഴ്മയായി സംസാരിച്ച് രാമ സന്ദേശം കേട്ട്, ഉടൻ തന്നെ സീതയെത്തേടി വാനരർ സഞ്ചാരം തുടരുകയാണെന്നറിച്ചു.അങ്ങനെ കോപം ശമിച്ച ലക്ഷ്മണൻ ജേഷ്ഠനുത്തേക്കു യാത്രയായി.പിന്നെ കിഷ്കിന്ധയിൽ വാനരർ വന്നു നിറഞ്ഞു. പിന്നെ നാലു ദിക്കിലേക്കും പ്രമുഖ വാനരരേയും അനേക സംഘം അനുയായികളേയും അരചൻ സീതയെ കണ്ടെത്താൻ ആജ്ഞാപിച്ചയച്ചു.

രാമായണ കഥാകഥനത്തിൽ പതിനെട്ടാം ദിനത്തിനു പ്രാധാന്യമേറെയുണ്ട്. സൗഹൃദത്തിൻ്റെ കഥയാണു കിഷ്കിന്ധാകാണ്ഡം. ഒരു സൗഹൃദം ആരംഭിക്കുന്നതും, അതിൻ്റെ വികാസവും ഈ കാണ്ഡത്തിൽ കാണാം. ഇവിടെ ശത്രുവായ ജേഷ്ഠനെ വധിച്ചു കിഷ്കിന്ധാധിപനായ സുഗ്രീവൻ വിഷയ സുഖത്തിൽ അഭിരമിച്ചു മദ്യത്തിൽ മുങ്ങി രാജ്യകാര്യങ്ങൾ സചിവരെ ഏൽപ്പിച്ച് മത്തനായി കണ്ണു ചുവന്നു രതി രസത്തിൽ ആറാടി സ്വയം മറക്കുന്നതു കാണാം. ഇവിടെ അതിനു സാധൂകരണമുണ്ട്. എന്തെന്നാൽ അവൻ കപിയാണ്, ചഞ്ചലചിത്തനായ മർക്കടനാണ്. എന്നാൽ രാമനോ സീതാ വിരഹത്തിൽ അനുദിനം തപിച്ചു ഹതാശനായി നിലകൊള്ളുകയും ചെയ്യുന്നു. ഇവിടെ, രാമനെ ഓർക്കുന്ന ഏക വാനരൻ ഹനുമാനാണ്.ലക്ഷമണൻ്റെ വരവിനു മുന്നേ അതു കണ്ടെത്താൻ ഹനുമാനു സാധിക്കുന്നുണ്ട്. അതിനാൽ ലക്ഷ്മണൻ നൽകുന്ന മുന്നറിയിപ്പ് സുഗ്രീവനു പെട്ടന്നുണർന്നു പ്രവർത്തിക്കാനുമാകുന്നു. താരയെന്ന സ്ത്രീരത്നം തന്നാലാവും വിധം സുഗ്രീവനെ സംരക്ഷിക്കുന്നു. ഫലം സീതാന്വേഷണത്തിന്നു തുടക്കമാകുന്നു.


പതിനെട്ടാം ദിനം സമാപ്തം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക