Image

പ്രസിഡന്റ് തെരെഞ്ഞെടുപ്പും റഷ്യയും ചൈനയും (ഏബ്രഹാം തോമസ്)

Published on 05 August, 2020
പ്രസിഡന്റ് തെരെഞ്ഞെടുപ്പും റഷ്യയും ചൈനയും (ഏബ്രഹാം തോമസ്)
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ ഇവിടെ നടക്കുമ്പോള്‍ മറ്റ് രണ്ടു രാജ്യങ്ങളും തകൃതിയായ തയാറെടുപ്പിലാണ്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ രണ്ട് എതിരാളി രാജ്യങ്ങളുടെ ഇടപെടല്‍ നേരിടേണ്ടി വരുമോ എന്ന ആശങ്കയിലാണ് റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍.

ഈ വിവരം യുഎസ് രഹസ്യ ഉദ്യോഗസ്ഥന്‍ ഈയടുത്ത ദിവസങ്ങളില്‍ കരസ്ഥമാക്കിയ വിവരങ്ങളില്‍ യുഎസ് രാഷ്ട്രീയ പ്രചരണങ്ങളുടെയും സ്ഥാനാര്‍ത്ഥികളുടെയും സ്വകാര്യ സംഭാഷണങ്ങള്‍ ഉള്‍പ്പെടുന്നു. തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിലെ ആസൂത്രണം, ആന്തരിക സംവിധാനം, എവിടെയെല്ലാം പാര്‍ട്ടികള്‍, വിട്ടുവീഴ്ചയ്ക്കു തായാറാവും തുടങ്ങിയ വിവരങ്ങളെല്ലാം ശേഖരിച്ചിട്ടുണ്ടാവാം എന്ന് രഹസ്യ അന്വേഷണ വിഭാഗം പറയുന്നു. വിദേശ ശക്തികള്‍ വളരെ ആക്രമാത്മകമായി തന്നെ വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റായ വിവരം പ്രചരിപ്പിച്ച് അവരില്‍ ചിന്താക്കുഴപ്പം സൃഷ്ടിക്കുവാനുള്ള ശ്രമവും നടക്കുന്നു.

യുഎസിന്റെ ശത്രുക്കള്‍ പ്രചരണങ്ങളിലോ ഇലക്ഷന്‍ സംവിധാനങ്ങളിലോ നുഴഞ്ഞു കയറിയതായി ഇതുവരെ തെളിവുകള്‍ ലഭിച്ചിട്ടില്ല. എന്നാല്‍ മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്റെ വിഭാഗം പല തവണ തങ്ങള്‍ വിവരങ്ങള്‍ കൈക്കലാക്കി എന്നറിയിച്ച് വരുന്ന അജ്ഞാത സന്ദേശങ്ങള്‍ സ്ഥിരീകരിച്ചു.

രഹസ്യ സ്വഭാവമുള്ള ഈ വിവരങ്ങളുടെ പശ്ചാത്തലത്തില്‍ വിദേശ ഇടപെടല്‍ 2020 ലെ തിരഞ്ഞെടുപ്പില്‍ തള്ളിക്കളയാനാവില്ല എന്ന് റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് കേന്ദ്രങ്ങള്‍ ഒരു പോലെ സമ്മതിക്കുന്നു. ബൈഡന്റെ പ്രചരണ വിഭാഗം ചൈനീസ് ഇടപെടലിനെക്കാള്‍ ആശങ്കപ്പെടുന്നത് റഷ്യന്‍ ഇടപെടലിനെയാണ്. റഷ്യന്‍ ചായ്‌വുള്ള സ്രോതസുകള്‍ ഇതിനകം തന്നെ ബൈഡന്റെ കുടുംബത്തെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പരത്താന്‍ തുടങ്ങിയതായി ബൈഡന്‍ ക്യാമ്പ് സംശയിക്കുന്നു. എന്നാല്‍ ഇത്തരം വിവരങ്ങള്‍ ഏതെങ്കിലും വിദേശ സ്രോതസില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് ട്രംപ് ക്യാമ്പ് പറയുന്നു. ബൈഡന്‍ ക്യാമ്പും ഏതെങ്കിലും വിദേശ സ്രോതസില്‍ നിന്ന് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് പറഞ്ഞു.

വിസ്‌കോണ്‍സില്‍ സെനറ്ററും ട്രംപിന്റെ ഒരു വിശ്വസ്തനും സെനറ്റ് ഹോംലാന്‍ഡ് സെക്യൂരിറ്റി കമ്മിറ്റിയുടെ ചെയറുമായ റോണ്‍ ജോണ്‍സണ്‍ ബൈഡനെ അപകീര്‍ത്തിപ്പെടുത്തുന്ന ഒരു വിവരവും സ്വീകരിച്ചിട്ടില്ലെന്ന് പറഞ്ഞു.2020 ലെ തിരഞ്ഞെടുപ്പ് പ്രചരണ സംഘങ്ങളും പാര്‍ട്ടി കമ്മിറ്റികളും തുടര്‍ച്ചയായി നാഷണല്‍ കൗണ്ടര്‍ ഇന്റലി ജെന്‍സ് ആന്റ് സെക്യൂരിറ്റി സെന്റര്‍ ഡയറക്ടര്‍ ബില്‍ ഇവാനിനയില്‍ നിന്ന് ബ്രീഫിംഗ്‌സ് സ്വീകരിക്കാറുണ്ട്. കഴിഞ്ഞയാഴ്ച ഇവാനിന പുറപ്പെടുവിച്ച പ്രസ്താവനയില്‍ റഷ്യ യുഎസ് ഇലക്ഷനില്‍ ഇടപെടുന്നത് തുടരുകയാണെന്നാരോപിച്ചു. യുഎസിനെ ബലക്ഷയപ്പെടുത്തുവാനും ആഗോളതലത്തില്‍ രാജ്യത്തിനുള്ള സ്ഥാനം നഷ്ടപ്പെടുത്തുവാനും അമേരിക്കന്‍ ജനാധിപത്യത്തെ വില കുറച്ചു കാട്ടുവാനും റഷ്യന്‍ സഹായത്തോടെ നടത്തുന്ന സംഘടിതമായ ശ്രമമാണിത് ഇവാനിന പറഞ്ഞു.

ഇത്തവണ ചൈനയില്‍ നിന്നും ഇടപെടലിനുള്ള ശ്രമങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. ചൈനയുമായുള്ള വ്യാപാര യുദ്ധവും ട്രംപിന്റെ പ്രസ്താവനകളും ചൈനക്കാര്‍ക്കിടയില്‍ ട്രംപ് വിരോധം വര്‍ധിക്കുവാന്‍ കാരണമായിട്ടുണ്ട്. ചൈനയുടെ ഇടപെടലില്‍ ബൈഡന്‍ ക്യാമ്പ് വലിയ ആശങ്ക പ്രകടിപ്പിച്ചില്ല. ചില ബൈഡന്‍ ക്യാമ്പുക്കാര്‍ തീവ്ര ഇടതുപക്ഷ ചായ്‌വുള്ളവരാണ് എന്ന ആരോപണമാവാം കാരണം. എന്നാല്‍ ട്രംപ് ചൈനയില്‍ നിന്ന് അകന്നു പോവുകയാണെന്നു നിരീക്ഷകര്‍ക്ക് അഭിപ്രായമുണ്ട്. മുന്‍ വൈസ് പ്രസിഡന്റ് അല്‍ഗോറിനെ പരോക്ഷമായി സഹായിച്ചതുപോലെ ബൈഡനും ചൈനയുടെ പിന്തുണ ഉണ്ടായേക്കും. ചൈനയുമായുള്ള വ്യാപാര യുദ്ധത്തില്‍ പോലും ബൈഡന്‍ പ്രതികരിക്കാതെയിരുന്നത് ശ്രദ്ധേയമാണെന്ന് നിരീക്ഷകര്‍ കരുതുന്നു.

2016 ലെ തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ എന്ന ആരോപണം അമേരിക്കന്‍ സംവിധാനം വളരെ ലോലമാണെന്ന പ്രതീതി സൃഷ്ടിച്ചു. 2020 ലെ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ രണ്ട് രാജ്യങ്ങളുടെ ഇടപെടല്‍ ഉണ്ടായതായി ആരോപണ, പ്രത്യാരോപണങ്ങള്‍ ഉയര്‍ന്നേക്കാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക