Image

രാജമലയില്‍ പോകാതെ കോഴിക്കോട്ട് പോയത് എന്തിന്?- വിശദീകരണവുമായി മുഖ്യമന്ത്രി

Published on 08 August, 2020
രാജമലയില്‍ പോകാതെ കോഴിക്കോട്ട് പോയത് എന്തിന്?- വിശദീകരണവുമായി മുഖ്യമന്ത്രി


തിരുവനന്തപുരം: മണ്ണിടിച്ചിലുണ്ടായ മൂന്നാര്‍ രാജമലയില്‍ പോകാതെ വിമാന ദുരന്തമുണ്ടായ കോഴിക്കോട്ട് മാത്രം പോയത് എന്തിനാണെന്ന ചോദ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനം അതീവ ഗൗരവമായി നടത്തേണ്ടതാണ്. രാജമലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് അവിടെ പോകാതിരുന്നത്. കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി. ചികിത്സയില്‍ കഴിയുന്നവര്‍ക്കുവേണ്ടി എന്തുചെയ്യാന്‍ കഴിയുമെന്ന് മനസിലാക്കാനാണ് കോഴിക്കോട്ടേക്ക് പോയതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

രക്ഷാപ്രവര്‍ത്തനം എത്രയും വേഗം പൂര്‍ത്തിയാക്കാനാണ് ആദ്യം ശ്രമിക്കേണ്ടത്. വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ചുകൊണ്ടുള്ള രക്ഷാപ്രവര്‍ത്തനമാണ് ഇപ്പോള്‍ രാജമലയില്‍ നടക്കുന്നത്. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, എം.എം മണി എന്നിവര്‍ രാജമലയില്‍ ക്യാമ്പുചെയ്ത് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുകയാണ്. അവിടെ എത്തിച്ചേരാന്‍പോലും കഴിയുന്ന സാഹചര്യം ഉണ്ടായിരുന്നില്ല. ഹെലിക്കോപ്റ്ററില്‍ അവര്‍ അവിടെയെത്താന്‍ ആലോചന നടത്തി. രണ്ടു തവണ ആലോചിച്ചുവെങ്കിലും കാലാവസ്ഥ അനുകൂലമല്ലാത്തിനാല്‍ അതിന് സാധിച്ചില്ല. തുടര്‍ന്നാണ് മന്ത്രിമാര്‍ കാറില്‍ അവിടേക്ക് പോയത്.

കരിപ്പൂരിലെ രക്ഷാപ്രവര്‍ത്തനം ഇന്നലെതന്നെ അവസാനിച്ചു. അതിവിദഗ്ധമായ രീതിയിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. അതിവേഗം നടത്തിയ രക്ഷാപ്രവര്‍ത്തനത്തെ എല്ലാവരും പ്രശംസിക്കുകയാണ്. അപകടത്തിന്റെ ഭീകരത സ്ഥലം നേരിട്ട് കണ്ടപ്പോഴാണ് മനസിലാക്കാന്‍ കഴിഞ്ഞത്. അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ഒരുഭാഗം മുറിഞ്ഞാണ് മുന്നോട്ടു തെറിച്ചത്. മുന്‍ഭാഗം വെട്ടിമാറ്റിയതുപോലെ മുറിഞ്ഞ് മുന്നോട്ടുനീങ്ങി മതിലില്‍ പോയി ഇടിച്ചു. അതിലാണ് പൈലറ്റും 
സഹപൈലറ്റും മരിക്കാനിടയായത്. വല്ലാത്ത ദുരന്തമാണ് ഉണ്ടായത്. ഇത്തരം ദുരന്തങ്ങളില്‍ സാധാരണ ആരും രക്ഷപ്പെടാറില്ല. 

എന്നാല്‍ 18 പേരെ മരിച്ചുള്ളുവെന്നത് ആശ്വാസം നല്‍കുന്നതാണ്. നല്ലൊരു വിഭാഗം യാത്രക്കാരും ജീവനോടെ രക്ഷപ്പെട്ടു. വിമാനം കത്തിയമരുകയോ സ്ഫോടനത്തില്‍ തകരുകയോ ചെയ്യാം. അതൊന്നും സംഭവിക്കാതിരുന്നത് ആശ്വാസകരമാണ്. രാജമല സന്ദര്‍ശിക്കാതെ കോഴിക്കോട്ട് പോയതില്‍ വേര്‍തിരിവിന്റെ പ്രശ്നമില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക