Image

ലൈവ് ഷോ 'ലെറ്റസ് ബ്രേക്ക് ഇറ്റ് ടുഗതര്‍' ആവേശകരമായ പരിസമാപ്തിയിലേക്ക്

Published on 08 August, 2020
ലൈവ് ഷോ 'ലെറ്റസ് ബ്രേക്ക് ഇറ്റ് ടുഗതര്‍' ആവേശകരമായ പരിസമാപ്തിയിലേക്ക്



ലണ്ടന്‍: യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ 'ലെറ്റസ് ബ്രേക്ക് ഇറ്റ് ടുഗതര്‍' ആവേശകരമായ അവസാന ഘട്ടത്തിലേയ്ക്ക്.

സെപ്റ്റംബര്‍ ആദ്യം യുകെയില്‍ സ്‌കൂളുകള്‍ തുറക്കുന്നതിനാല്‍ ഓഗസ്റ്റ് 31 നു (തിങ്കള്‍) യു കെ സമയം വൈകുന്നേരം 5 ന് ( ഇന്ത്യന്‍ സമയം രാത്രി 9 .30 ന്) ബംഗളൂരുവില്‍ നിന്നുള്ള കുട്ടികളുടെ തിരുവോണ ദിന സ്‌പെഷല്‍ പരിപാടിയോടെ 'ലെറ്റസ് ബ്രേക്ക് ഇറ്റ് ടുഗതര്‍' ലൈവ് ഷോയ്ക്ക് ഉജ്ജ്വലമായ പരിസമാപ്തി കുറിക്കും.

സ്വാതന്ത്ര്യദിനം, തിരുവോണം സ്‌പെഷലുകള്‍ ഉള്‍പ്പടെ 12 ലൈവുകളാണ് ഓഗസ്റ്റില്‍ നടക്കുന്നത്. 'സൂപ്പര്‍ വീക്ക്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഓഗസ്റ്റിലെ അവസാന ആഴ്ചയില്‍ മാത്രം നാല് ലൈവ് പരിപാാടികളാണ് ഷോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സ്‌കൂളുകളും യൂണിവേഴ്‌സിറ്റികളും സെപ്റ്റംബര്‍ മുതല്‍ വീണ്ടും തുറക്കാന്‍ പോകുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പെര്‍ഫോം ചെയ്യാന്‍ വേണ്ടി മാത്രമായി തുടങ്ങിയ ലൈവ് ഷോ തുടര്‍ന്നു കൊണ്ടു പോകാന്‍ ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് ഓഗസ്റ്റ് അവസാനത്തോടെ നിര്‍ത്തുവാന്‍ സംഘാടകര്‍ നിര്‍ബന്ധിതരായത്.

ഓഗസ്റ്റ് നാലിന് ആരംഭിച്ച ഓഗസ്റ്റ് മാസത്തെ ഷോയില്‍ രണ്ടാമത്തെ ലൈവ് മാഞ്ചസ്റ്ററില്‍ നിന്നുള്ള രണ്ട് കലാപ്രതിഭകള്‍ പെര്‍ഫോം ചെയ്യുവാനെത്തുന്നത് എട്ടിന് (ശനി) ആണ്. തുടര്‍ന്ന് 11 ന് (ചൊവ്വ) മാഞ്ചസ്റ്ററില്‍ നിന്നുതന്നെ രണ്ട് കലാമുകുളങ്ങള്‍ ലൈവിലെത്തുമ്പോള്‍ 13 ന് (വ്യാഴം) ലൈവിലെത്തുന്നത് നോട്ടിംഗ്ഹാമില്‍ നിന്നുള്ള അഞ്ച് കലാവിസ്മയങ്ങളാണ്. 15ന് (ശനി) ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തില്‍, സ്വാതന്ത്ര്യദിന സ്‌പെഷലുമായി എത്തുന്നത് ബെര്‍മിംഗ്ഹാമില്‍ നിന്നുള്ള നാല് സംഗീത വിസ്മയങ്ങളാണ്. 18 ന് (ചൊവ്വ) നടക്കുന്ന ഷോയില്‍ ലെസ്റ്ററില്‍ നിന്നുള്ള മൂന്ന് കലാകൗമാരങ്ങള്‍ ലൈവിലെത്തുമ്പോള്‍, 20 നു (വ്യാഴം) ഷോയിലെത്തുന്നത് നോര്‍ത്താംപ്ടണില്‍ നിന്നുള്ള മൂന്ന് കുരുന്നു പ്രതിഭകളാണ്.
22നു (ശനി) കേംബ്രിഡ്ജില്‍ നിന്നുള്ള മൂന്ന് കലാമുകുളങ്ങള്‍ ലൈവിലെത്തുമ്പോള്‍ 25നു (ചൊവ്വ) അരങ്ങിലെത്തുന്നത് ലണ്ടനില്‍ നിന്നുള്ള ആറ് കലാവിസ്മയങ്ങളാണ്. 27 നു (വ്യാഴം) പീറ്റര്‍ബറോയില്‍ നിന്നുള്ള രണ്ട് കുരുന്നു പാട്ടുകാര്‍ ലൈവിലെത്തുമ്പോള്‍ 29 ന് (ശനി) പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത് കാര്‍ഡിഫില്‍ നിന്നുള്ള രണ്ട് സംഗീത വിസ്മയങ്ങളാണ്.
ഷോയുടെ അവസാന ദിവസമായ 31 നു (തിങ്കള്‍) തിരുവോണദിന സ്‌പെഷല്‍ അവതരിപ്പിക്കുന്നത് ബംഗളുരുവില്‍ നിന്നുള്ള മൂന്ന് കുട്ടികളാണ്.

മേയ് 28ന് ആരംഭിച്ച ലൈവ് ഷോ ഇതിനോടകം വളരെ വിജയകരമായ 20 ലൈവുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. സംഗീതോപകരണങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ട് വിദ്യാര്‍ഥികള്‍ക്കുവേണ്ടി ആരംഭിച്ച ഷോയില്‍ 20 ലൈവുകളിലായി ഇതിനോടകം 54 കൗമാര പ്രതിഭകള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ തങ്ങളുടെ കഴിവ് പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു.

പിയാനോ, കീബോര്‍ഡ്, വയലിന്‍, ഗിറ്റാര്‍, ഫ്‌ളൂട്ട്, ഡ്രംസ്, മൗത്ത് ഓര്‍ഗന്‍, ചെല്ലോ, ചെണ്ട, മൃദംഗം, റിഥം പാഡ് എന്നിങ്ങനെ വിവിധങ്ങളായ സംഗീതോപകരണങ്ങള്‍, തികഞ്ഞ പ്രഫഷണുകളെ പോലും അതിശയിപ്പിക്കുന്ന വിധത്തില്‍ പെര്‍ഫോം ചെയ്യുന്ന പ്രതിഭകളോടൊപ്പം അനുഗ്രഹീതരായ കുട്ടിപാട്ടുകാരും ചേര്‍ന്നപ്പോള്‍ പ്രേക്ഷകരേയും സംഘാടകരേയും അതിശയിപ്പിക്കുന്ന വിധത്തില്‍ ഷോയുടെ നിലവാരം ഉയരുകയായിരുന്നു.

ലൈവ് ഷോയില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും യുക്മയുടെ ആഭിമുഖ്യത്തില്‍ ഷോയുടെ അവസാന ലൈവിനു ശേഷം സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ട് എത്തിച്ച് നല്‍കുന്നതിന് സംഘാടക സമിതി തീരുമാനിച്ചിട്ടുണ്ട്. സാഹചര്യം അനുകൂലമായി വരുന്ന മുറയ്ക്ക് ലൈവില്‍ പങ്കെടുത്ത മുഴുവന്‍ കലാപ്രതിഭകളേയും പങ്കെടുപ്പിച്ച് കൊണ്ടുള്ള ഒരു മെഗാ സ്റ്റേജ് ഷോയ്ക്കും സംഘാടകര്‍ ആലോചിക്കുന്നുണ്ട്.

എട്ടു വയസു മുതല്‍ 21 വയസുവരെ പ്രായമുള്ള യുകെയിലെ വൈവിധ്യമാര്‍ന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൃതജ്ഞതയും അഭിവാദ്യവും അര്‍പ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്.

ഷോയുടെ വിജയകരമായ നടത്തിപ്പിന് യുക്മ സാംസ്‌കാരിക വേദി വൈസ് ചെയര്‍മാന്‍ ജോയി ആഗസ്തി, ജനറല്‍ കണ്‍വീനര്‍മാരായ ജയ്‌സണ്‍ ജോര്‍ജ്, തോമസ് മാറാട്ടുകളം എന്നിവരോടൊപ്പം കുട്ടികള്‍ക്കാവശ്യമായ സാങ്കേതിക സഹായവുമായി റെക്‌സ് ബാന്റ് യുകെ യുടെ റെക്‌സ് ജോസ്, ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും സംഘാടക സമിതിക്കൊപ്പമുണ്ട്.

റിപ്പോര്‍ട്ട്: കുര്യന്‍ ജോര്‍ജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക