Image

സംസ്ഥാനത്ത് ഇന്നും പെരുമഴ; പമ്പ അണക്കെട്ടില്‍ വെള്ളം കൂടുന്നു, ഓറഞ്ച് അലര്‍ട്ട്

Published on 08 August, 2020
സംസ്ഥാനത്ത് ഇന്നും പെരുമഴ; പമ്പ അണക്കെട്ടില്‍ വെള്ളം കൂടുന്നു, ഓറഞ്ച് അലര്‍ട്ട്
കോട്ടയം : സംസ്ഥാനത്ത് ഞായറാഴ്ചയും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം. ഒറ്റപ്പെട്ട തീവ്രമഴയ്ക്കും സാധ്യതയുണ്ട്. മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും പരക്കെ മഴ കിട്ടും. മലയോര മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. കടല്‍ക്ഷോഭം രൂക്ഷമായതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്.

സംഭരണികളിലേക്കുള്ള നീരൊഴുക്ക് കെഎസ്ഇബിയും ജലവിഭവ വകുപ്പും നിരീക്ഷിച്ച് വരികയാണ്. റവന്യൂ ഉദ്യോഗസ്ഥരെ കോവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കി മഴക്കെടുതികള്‍ കുറയ്ക്കാനുള്ള ചുമതല ഏല്‍പ്പിച്ചു. പത്തനംതിട്ടയില്‍ കനത്ത മഴ തുടരുകയാണ്. പമ്പാ ഡാമിന്റെ ജലാശയത്തിലേക്ക് ശക്തമായ നീരൊഴുക്ക് ഉള്ളതിനാല്‍ ഷട്ടറുകള്‍ തുറന്ന് അധികജലം ഒഴുക്കി വിടുന്നതിന് മുമ്പായുള്ള രണ്ടാമത്തെ അലര്‍ട്ടായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

അണക്കെട്ടിലെ ജലനിരപ്പ് 983.05 മീറ്റര്‍ ആയിട്ടുണ്ട്. ഓഗസ്റ്റ് ഏഴിന് 207 മില്ലി മീറ്റര്‍ മഴ കിട്ടുകയും അതിലൂടെ 12.36 എംസിഎം ജലം ഒഴുകിയെത്തുകയും ചെയ്തു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് അനുസരിച്ച് പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാല്‍ ശനിയാഴ്ചത്തേതിനു സമാനമായ നീരൊഴുക്ക് ഉണ്ടാകാന്‍ ഇടയുണ്ട്.

ഒരു മണിക്കൂറിനുള്ളില്‍ ജലനിരപ്പ് 983.50 മീറ്ററിലേക്ക് എത്താന്‍ സാധ്യതയുണ്ട്. ഇതിനാലാണ് രണ്ടാമത്തെ അലര്‍ട്ടായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. 984.5 മീറ്ററാകുമ്പോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. ഇതിനു ശേഷം 985 മീറ്റര്‍ ഉയരത്തില്‍ എത്തുമ്പോഴാണ് ഡാം തുറക്കുക. പമ്പാ നദീ തീരത്തു താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ പി.ബി.നൂഹ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക