Image

ശ്രീമദ് വാല്മീകി രാമായണം ഇരുപത്തഞ്ചാം ദിനം സംഗ്രഹം (ദുർഗ മനോജ്)

ദുർഗ മനോജ് Published on 09 August, 2020
ശ്രീമദ് വാല്മീകി രാമായണം ഇരുപത്തഞ്ചാം ദിനം സംഗ്രഹം (ദുർഗ മനോജ്)

യുദ്ധകാണ്ഡം
അറുപത്താറാം സർഗം മുതൽ എൺപത്തിയെട്ടു വരെ

കുംഭകർണ്ണൻ ഉണർന്നു കഴിഞ്ഞു. ഇനി യുദ്ധപ്പുറപ്പാടാണ്. പെരുവയറൻ ഭക്ഷണം വലിച്ചു വാരിക്കുഴിച്ചു.പടക്കോപ്പണിഞ്ഞ് പിന്നെ യുദ്ധഭൂവിലേക്കിറങ്ങി. അവൻ വിതച്ച നാശം മറ്റൊന്നിനോടും താരതമ്യം ചെയ്യുവാനാകില്ല. അവൻ നടക്കുമ്പോൾ കാലടികൾക്കിടയിൽ പെട്ട് ചതഞ്ഞു പോയ വാനരന്മാർക്കു കണക്കില്ല. ഒടുവിൽ, വാനരസേനക്കു പെരും ചേതം വരുമെന്നു കണ്ടപ്പോൾ ഹനുമാൻ അവനെ ആക്രമിച്ചു. ഒടുവിൽ രാമനും കുംഭകർണ്ണനും നേരിട്ടായി യുദ്ധം. അതിരൂക്ഷമായ ആ യുദ്ധം ദീർഘനേരം നീണ്ടുനിന്നു. ഒടുവിൽ അവൻ്റെ വൻ തല ഐന്ദ്രം എന്ന ശരം കൊണ്ടു മുറിച്ചെടുത്തു. അവൻ്റെ ഉടൽ കടലിലേക്കു പറപ്പിച്ചു. അങ്ങനെ ആ അരക്കൻ്റേയും കഥ കഴിഞ്ഞു.കുംഭകർണ്ണവധം രാവണനു ചിന്തിക്കാനാവുന്നതിലും വലിയ ആഘാതമായി. ഒന്നിനു പിന്നാലെ പല അസുരന്മാരേയും സുഗ്രീവസേനക്കു വിനാശത്തിനായി അയച്ചു. നരാന്തകൻ, ദേവാന്തകൻ, ത്രിശിരസ്സ്, അതികായൻ എന്നിവർ രാമബാണമേറ്റും ലക്ഷ്മണ ശരമേറ്റും നിലംപതിച്ചു.

ഇതോടെ രാവണന് ആകെ പരവേശമായി. പരാജയം അവൻ തൊട്ടു മുന്നിൽ. വിഭീഷണൻ, സുഗ്രീവൻ, സേനാനികൾ ഇവരോടൊപ്പം രാമലക്ഷ്മണന്മാരെ നേരിടാൻ പോന്ന ഒരു വീരനെ കാണാനാകുന്നില്ലല്ലോ എന്നവൻ ഖിന്നന്നായി. ഇനി ശത്രുക്കളെ അവർ വാനരന്മാരാണെന്നു കരുതി അവജ്ഞ പാടില്ലെന്നു നിശ്ചയിച്ചു.

അച്ഛൻ്റെ ശോകം കണ്ടു പുത്രൻ ഇന്ദ്രജിത്ത് മുന്നിലെത്തി. യഥാർത്ഥത്തിൽ ഇന്ദ്രജിത്ത് വീരൻ തന്നെയാണ്. അവനെ വെല്ലുക എളുപ്പമല്ല. മായാവിയുമാണവൻ. യുദ്ധത്തിനിറങ്ങും മുൻപ് ഹോമം ചെയ്തു വിജയചിഹ്നങ്ങൾ കണ്ടുമോദിച്ചു. അവൻ അരക്കരോട് വാനരന്മാരെ പിടിച്ചു തിന്നുവാൻ അനുവാദം നൽകി.
രാക്ഷസരുടെ ആക്രമണത്തിൽ മർക്കടന്മാർ നാലു വഴിക്കു പാഞ്ഞു.
ഈ സമയം ഇന്ദ്രജിത്ത് അസ്ത്രമഴ കൊണ്ടും ആക്രമണം നടത്തി. ചിലപ്പോൾ മുന്നിൽ നിന്നും ചിലപ്പോൾ മറഞ്ഞു നിന്നും അവൻ നടത്തിയ ആക്രമണങ്ങൾ ഭീകരമായി.

ഈ സമയം രാമൻ ലക്ഷ്മണനോടു പറഞ്ഞു, ഈ രാക്ഷസൻ ബ്രഹ്മാസ്ത്രം പ്രയോഗിച്ചു വാനരപ്രവരരെ ബോധം കെടുത്തിയിരിക്കുന്നു. ഭഗവാനിൽ നിന്നു വരം ലഭിച്ചവനാണിവൻ. അതിനാൽ അവൻ്റെ അസ്ത്രങ്ങൾ ഏറ്റുവാങ്ങി രണത്തട്ടിൽ വീണു തത്ക്കാലം അവനിൽ വിജയിച്ചു എന്ന തോന്നൽ ജനിപ്പിച്ചു മടക്കി അയക്കുകയേ വഴിയുള്ളൂ എന്നു പറഞ്ഞു.എല്ലാവരേയും കീഴടക്കി എന്ന ധാരണയിൽ ഇന്ദ്രജിത്ത് മടങ്ങി.

വാനരപ്പട ഒന്നാകെ മോഹാലസ്യപ്പെട്ടുകിടക്കുകയാണ്. ബ്രഹ്മാമാസ്ത്ര ബന്ധനത്തിലാണവർ. ഇതു കണ്ടു ജാംബവാൻ, ഹനുമാൻ അടുത്തുണ്ടോ എന്നന്വേഷിച്ചു ഹനുമാന് ബ്രഹ്മാസ്ത്ര ബന്ധനം ഏൽക്കില്ല. അദ്ദേഹം ജാംബവാനുമുന്നിലെത്തി. ജാംബവാൻ ഹനുമാനോട് ഹിമാലയത്തിൽ ചെന്നു ഋഷഭത്തിനും കൈലാസത്തിനുമിടയിലുള്ള ഔഷധി പർവ്വതത്തിൽ നിന്നു മൃതസഞ്ചീവനി, വിശല്യകരണി, സുവർണ്ണകരണി, സന്ധാനകരണി എന്നീ ഔഷധങ്ങൾ എത്തിക്കുവാൻ ആവശ്യപ്പെട്ടു.ഹനുമാൻ വേഗം വാനിലുയർന്നു പറന്ന് ഹിമാലയത്തിലെത്തി.എന്നാൽ ഔഷധചെടികൾ കണ്ടെത്താനായില്ല. പകരം,ആ മല തന്നെ അടർത്തി ലങ്കയിലേക്കു വന്നു. ഔഷധച്ചെടികളുടെ ഗന്ധം ശ്വസിച്ച വാനരർ ഉറക്കത്തിൽ നിന്നെന്ന പോലെ ഉണർന്നു.

വീണ്ടും യുദ്ധം തുടർന്നു.ഇക്കുറി, നികുംഭൻ, കുംഭൻ, മകരാക്ഷൻ എന്നിവർ വധിക്കപ്പെട്ടു.അതോടെ ഇന്ദ്രജിത്ത് വീണ്ടും പുറപ്പെട്ടു വന്നു. അവൻ രാമനെ നിർവീര്യനാക്കുവാൻ തേർത്തട്ടിൽ മായാ സീതയെ കാട്ടി, രാമനു മുന്നിൽ വച്ചു വധിക്കാനൊരുങ്ങി.എന്നാൽ വിഭീഷണൻ അതു ഇന്ദ്രജിത്തിൻ്റെ മായയാണെന്നു ധരിപ്പിച്ചു

അതോടെ ഇന്ദ്രജിത്തിനെ വധിക്കുക തന്നെ ഇനി മാർഗമെന്നു കണ്ട് ലക്ഷ്മണൻ യുദ്ധസജ്ജനായി രണഭൂവിലിറങ്ങി.

യുദ്ധത്തിലെമ്പാടും നിർണ്ണായക ഘട്ടങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഒരു വ്യക്തിത്വമുണ്ട്. വിഭീഷണനാണത്.ഇന്ദ്രനെ വെന്നതിനാൽ ഇന്ദ്രജിത് എന്നു പേരു വന്ന രാവണപുത്രൻ രാവണിയെന്ന മേഘനാദനെ വധിക്കുക ദുഷ്കരമാണ്. അവൻ നിത്യവും ഹോമയാഗങ്ങൾ ചെയ്യുന്നവനും മായാവിയും, അസ്ത്രശസ്ത്ര വിശാരദനുമാണ്.അങ്ങനെ ഒരാൾ എന്തൊക്കെ മായാ വിദ്യകൾ കാട്ടുമെന്നത് രാമനോ സുഗ്രീവാദികൾക്കോ മനസിലാകുന്ന ഒന്നല്ല. അവിടെ കൃത്യമായി ഇടപെട്ട്  രാമസേനയുടെ മാനസിക ബലം സംരക്ഷിക്കുന്നത് വിഭീഷണനാണ്.. 

ഇരുപത്തഞ്ചാം ദിനം സമാപ്തം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക