Image

ദിവാസ്വപ്നങ്ങള്‍ കൊഴിയുമ്പോള്‍...(കഥ: ജിജോ വടശ്ശേരിക്കര)

ജിജോ വടശ്ശേരിക്കര Published on 10 August, 2020
ദിവാസ്വപ്നങ്ങള്‍ കൊഴിയുമ്പോള്‍...(കഥ: ജിജോ വടശ്ശേരിക്കര)
എന്നും പ്രഭാതത്തില്‍ ഞാനവന്റെ ശബ്ദം കേട്ടാണ് ഉണരാറുള്ളത്. അവന്റെ ശബ്ദം കേട്ടാലേ അറിയാം അവനെ ശബ്ദിപ്പിക്കുന്നതല്ല, പിന്നെയോ അവന്റെ പ്രാരാബ്ദങ്ങളില്‍ നിന്നുള്ള ശബ്ദമാണ് ഉയരുന്നത്. അവന്റെ തളര്‍ന്ന ഗദ്ഗദമായ ശബ്ദം കേട്ടാലേ അറിയാം അവന്റെ വിഷമം. ആ തെരുവിലെ ബാലന് കുറഞ്ഞത് 8 വയസ്സ് കാണും. അവന്റെ ജോലി പൂക്കള്‍ വില്‍ക്കുക. എന്ന പ്രഭാതത്തിലും വൈകുന്നേരവും ഞാനവനെ കാണും. ഒരു ദിവസം ഞാനവനെ കണ്ടില്ലങ്കില്‍ ചിന്തിക്കുമായിരുന്നു, അവനെവിടെ.....? 

ചിലപ്പോള്‍ ഞാന്‍ ആലോചിക്കും, നമ്മളെയെല്ലാം എന്തിനാണ് സൃഷ്ടിച്ചിരിക്കുന്നത്.....? കുറെ ചൊറിത്തവളകള്‍ ! എന്തിനാണ് നാം ഉണ്ടായത് ....? ഒന്നിനും കൊള്ളരുതാത്ത നമ്മളേക്കാള്‍ എന്തു ഭേദമാണ് അവന്‍. 

'അവന്റെ കാലുകളില്‍ കിടക്കുന്ന തേഞ്ഞ് അറം പറ്റിയ ചെരുപ്പുകളേക്കാള്‍ മോശം നമ്മുടെ നാക്കാണല്ലോ....? അവന്റെ കൈത്തണ്ടയില്‍ ഇരിക്കുന്ന പൂക്കോട്ടെയേക്കാള്‍ അഴുക്ക് പറ്റിയത് നമ്മുടെ ഹൃദയത്തിലാണല്ലോ.....? അവന്റെ ക്ഷീണം പറ്റിയ കണ്ണുകളേക്കാള്‍ വൃത്തികെട്ടത് നമ്മുടെ കരങ്ങളിലാണല്ലോ ....? ' 

അവന്റെ ഇടറിയ ഗദ്ഗദവും , സോഡാ കുപ്പി പോലത്തെ കണ്ണാടിയും, അങ്ങിങ്ങ് തയിച്ചു തുന്നിച്ചേര്‍ത്തിരിക്കുന്ന ഷര്‍ട്ടുകളും കാലുകള്‍ വരെ എത്താത്ത പാന്റും കണ്ട് എനിക്ക് വളരെ നിരാശ തോന്നി.  

കുറെ ദിനരാത്രങ്ങളിലേക്ക് ഞാനവന്റെ കാര്യങ്ങളെല്ലാം ഒരു മയക്കത്തിലൂടെന്നവണ്ണം ഞാന്‍ മറന്നു. പരീക്ഷയുടെ ധൃതിയില്‍ ഞാനതിനേപറ്റിയെന്നും  കുറച്ചു നാളത്തേയ്ക്കു ചിന്തിച്ചതേയില്ല. എന്നാല്‍ ഒരു ദിവസം അവനേപറ്റി ഓര്‍ത്തു. ഞാന്‍ എന്റെ ദിവാസ്വപ്നത്തില്‍ ഉറങ്ങിയ നേരം അവന്‍ എന്റെ മനസിലേക്കു കടന്നു വന്നു. ഞാന്‍ എന്നോടു തന്നെ ചോദിച്ചു അവനെവിടെ.....?

കുറെ ദിവസങ്ങള്‍ക്കു ശേഷം ഞാന്‍ അവനെ കണ്ടു. കാലുകള്‍ വേച്ച് വേച്ച് നന്നേ ബുദ്ധിമുട്ടിയാണ് നടപ്പ്. അവന്റെ അടഞ്ഞ ശബ്ദത്തിലൂടെ തന്നെ എല്ലാവര്‍ക്കും മനസ്സിലാകും പ്രാരാബ്ദങ്ങളുടെ പ്രാരാബ്ദം. ഞാന്‍ എനിക്ക് ആവശ്യമില്ലാതെ തന്നെ 10 രൂപ കൊടുത്തു പൂക്കള്‍ വാങ്ങി. എന്നിട്ട് ചോദിച്ചു. 'നിനക്കിത്രയും നാള്‍ എന്തു പറ്റി?' ' കണ്ടില്ലല്ലോ...? ' യഥാര്‍ത്ഥ കാരണം പറയാതെ ,പല ഒഴിവു കഴിവുകള്‍ പറഞ്ഞു അവന്‍  ഒഴിഞ്ഞു മാറി. ഞാന്‍ അവനറിയാതെ അവനെ പിന്തുടര്‍ന്നു. 

ആ കോളനിയുടെ അങ്ങേ അറ്റത്തായിരുന്നു അവന്റെ വീട്. ഒരു അരണ്ട വെളിച്ചം. ഞാന്‍ അവന്റെ അയല്‍പക്കത്തകാരുടെ സഹായത്തോടെ അതവന്റെ വീടാണെന്ന് മനസ്സിലാക്കി. ഞാന്‍ കുറേക്കൂടി അടുത്തപ്പോഴാണ് മനസ്സിലായത് അതൊരു വീടല്ല. വെറും ഒരു ഷെഡ് മാത്രം. അവന്‍ എന്നെ കണ്ടമാത്രയില്‍ എന്നോടു വളരെയധികം നീരസം ഉണ്ടായി. കാരണം ഞാന്‍ അവിടെ ചെന്നതു തന്നെയാണ് കാരണം. ആ ഷെഡിനുള്ളില്‍ കയറിയപ്പോള്‍ തന്നെ പച്ച മാംസം കത്തിയെരിയുന്ന അനുഭവമാണ് എനിക്കനുഭവപ്പെട്ടത്. കുറച്ചു കൂടി സൂക്ഷിച്ചു നോക്കിയപ്പോള്‍ തറയില്‍ രണ്ടു മൂന്നു ശവങ്ങള്‍ പോലെ എന്തോ കിടക്കുന്നു.

അവന്‍ പറഞ്ഞത് എന്റെ മനസ്സില്‍ ഇടിത്തീ വീഴ്ത്തി. ഒന്ന് അവന്റെ ചേച്ചിയാണ്. മറ്റൊന്ന് അവന്റെ അമ്മൂമ്മമാണ്. മറ്റൊരാള്‍ അവന്റെ പെറ്റമ്മയും. ഇതില്‍ അവന്റെ അമ്മയ്ക്കു മാത്രമേ അല്പമെങ്കിലും ഇരിക്കാനെങ്കിലും കഴിയുകയുള്ളൂ. ആരോ വന്നതിന്റെ തത്രപ്പാടില്‍ എഴുന്നേല്കാന്‍ ശ്രമിച്ചു. ഞാന്‍ വേണ്ട എന്ന രീതിയില്‍ ആഗ്യം കാണിച്ചു. കുടുംബത്തിലെ ആണ്‍തരി. ഞാന്‍ ആ 8 വയസ്സുകാരന്റെ മുഖത്തേക്കു നോക്കി. അവനെ അവിടെ കാണ്മാനില്ലായിരുന്നു. ചുറ്റുവട്ടം എല്ലാം നോക്കിയപ്പോള്‍ അങ്ങകലെ അരോടോ കാര്യം പറയുന്നതു പോലെ തോന്നി. അവന്‍ തന്റെ വിഷമങ്ങള്‍ കണ്ണുനീരാക്കി മരങ്ങളോടു വിലപിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. എന്തു ചെയ്യണമെന്നറിയാനെ ഞാന്‍ ശോകമൂകനായ് അവിടെ നിന്നു. അവനെ സമാധാനിപ്പിച്ചു വീട്ടിലേക്ക് നടക്കുമ്പോള്‍ എന്റെ മനസ്സിലൂടെ പല കാര്യങ്ങളും കടന്നു പോയി. 

എനിക്കവനോട് ബഹുമാനവും, അനുകമ്പയും ,കരുണയും തോന്നി. ഇത്രയും ചെറിയ ഒരു പയ്യന് ഇത്രയും വ്യക്തിത്യം ഉണ്ടെങ്കില്‍ നമ്മളൊക്കെ എന്തു മുരടന്‍മാരാണെന്ന്....

അവനെ എങ്ങനെ സമാധാനിപ്പിക്കും എന്ന മനോവിഷമത്തില്‍ അന്നെനിക്ക് ഉറങ്ങുവാനേ സാധിച്ചില്ല. അങ്ങാട്ടും ഇങ്ങോട്ടും കട്ടിലില്‍ കിടന്നു ഉരണ്ടു . ഏതോ ഒരു നിമിഷത്തില്‍ നിദ്രയില്‍ ആണ്ടുപോയപ്പോള്‍ ആരുടേയോ വിളി കാതുകളില്‍ മുഴങ്ങി. കണ്ണു തുറന്ന് നോക്കിയപ്പോള്‍  അലാറം മുഴങ്ങുന്നു. ഇന്നും ജോലിക്ക് താമസിച്ചു എന്നുപറഞ്ഞ്  ആരെയോ തെറി പറഞ്ഞു കൊണ്ടു അന്നും ജോലിക്കു പോകേണ്ടി വന്നു...........
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക