Image

'2020' ആയുസിലെ ഏറ്റവും വിലപ്പെട്ട വര്‍ഷം: പ്രഫ. സുജ സൂസന്‍ ജോര്‍ജ്

Published on 10 August, 2020
'2020' ആയുസിലെ ഏറ്റവും വിലപ്പെട്ട വര്‍ഷം: പ്രഫ. സുജ സൂസന്‍ ജോര്‍ജ്

അബുദാബി: മനുഷ്യായുസിലെ ഏറ്റവും വിലപ്പെട്ട വര്‍ഷമാണ് 2020 എന്ന് ലോക ചരിത്രത്തില്‍ അടയാളപ്പെടുത്തും. അത്രയേറെ മാനസികവും ശാരീരികവുമായ പ്രതിസന്ധികളിലൂടെയാണ് മാനവലോകം കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്ന് മലയാളം മിഷന്‍ ഡയറക്ടര്‍ പ്രഫ. സുജ സൂസന്‍ ജോര്‍ജ്. മലയാളം മിഷന്‍ യുഎഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ അബുദാബി, അല്‍ ഐന്‍ എന്നീ മേഖലകളിലെ മലയാളം മിഷന്‍ അധ്യാപകര്‍ക്കായി സംഘടിപ്പിച്ച വെര്‍ച്വല്‍ അധ്യാപക പരിശീലനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.

മാതൃഭാഷയില്‍ സംസാരിക്കുക എന്നത് ഹൃദയം ഹൃദയത്തോട് സംസാരിക്കുന്നതിനു സമാനമാണ്. പരിഷ്‌കൃത സമൂഹത്തില്‍ ഓരോരുത്തരുടെയും ഉള്ളിലുള്ള അവബോധത്തെ അടയാളപ്പെടുത്തുന്നത് മാതൃഭാഷയുടെ പേരിലാണ്. ലോകം കൂടുതല്‍ കൂടുതല്‍ ജനാധിപത്യപരമാവുമ്പോള്‍, ദേശത്തിന്റെ അതിരുകള്‍ കൊഴിഞ്ഞു വീഴുമ്പോള്‍, ജാതിയുടെയും മതത്തിന്റേയും വര്‍ണത്തിന്റേയും ഭേദങ്ങളില്ലാതാകുമ്പോള്‍ അവിടെ അവശേഷിക്കുന്ന ഒരേയൊരു സ്വത്വം മാതൃഭാഷയുടേതായിരിക്കും.

മലയാളം മിഷന്‍ രജിസ്ട്രാര്‍ എം. സേതുമാധവന്‍, ഭാഷാധ്യാപകന്‍ ഡോ. എം.ടി. ശശി എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

മലയാളം മിഷന്‍ യുഎഇ കോഓര്‍ഡിനേറ്റര്‍ കെ. എല്‍. ഗോപി യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ അബുദാബി മേഖല കോഓര്‍ഡിനേറ്റര്‍ സഫറുള്ള പാലപ്പെട്ടി, കണ്‍വീനര്‍ വി. പി. കൃഷ്ണകുമാര്‍, അല്‍ ഐന്‍ മലയാളം മിഷന്‍ അധ്യാപിക ഷാജിത അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക