Image

റെഡ്ക്രസന്റുമായി ലൈഫ് മിഷന്‍ യാതൊരു പണമിടപാടും നടത്തിയിട്ടില്ല- മുഖ്യമന്ത്രി

Published on 10 August, 2020
റെഡ്ക്രസന്റുമായി ലൈഫ് മിഷന്‍ യാതൊരു പണമിടപാടും നടത്തിയിട്ടില്ല- മുഖ്യമന്ത്രി

തിരുവനന്തപുരം: റെഡ്ക്രസന്റുമായി ലൈഫ് മിഷന്‍ യാതൊരു പണമിടപാടും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭവനനിര്‍മ്മാണ പദ്ധതിയില്‍ ഏജന്‍സിയെ കണ്ടുപിടിച്ചതും കരാര്‍ നല്‍കിയതും എല്ലാം റെഡ്ക്രസന്റ് നേരിട്ടാണെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ വിശദീകരണം 

വടക്കാഞ്ചേരിയില്‍ റെഡ്ക്രസന്റ് സ്പോണ്‍സര്‍ ചെയ്ത ഭവനസമുച്ചയമുണ്ട്. ലൈഫ് മിഷന്റെ മൂന്നാം ഘട്ടത്തില്‍ വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയുടെ കൈവശമുള്ള 217.88 സെന്റ് സ്ഥലത്ത് ഭവനസമുച്ചയത്തിന് ഡിപിആര്‍ തയ്യാറാക്കാന്‍ ഹാബിറ്റാന്റിനെയാണ് ഏല്‍പിച്ചത്. യുഎഇ റെഡ്ക്രസന്റ് അതോറിറ്റി ഇവിടെ വന്നിരുന്നു. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ ഉള്‍പ്പടെ ഭൂരഹിത-ഭവനരഹിതര്‍ക്കായി സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സ്ഥലത്ത് ഭവനം നിര്‍മ്മിച്ചുനല്‍കാന്‍ തയ്യാറാണെന്ന് റെഡ്ക്രസന്റ് അറിയിച്ചു.

അതില്‍ ലൈഫ് മിഷന്‍ പദ്ധതിയിലാണ് കൂടുതല്‍ താത്പര്യം പ്രകടിപ്പിച്ചത്. 11-7-2019 നാണ് സംഘവും ഒപ്പം എം.എ യൂസഫലിയും പങ്കെടുത്ത യോഗം നടന്നത്. വീട് നിര്‍മ്മിക്കുന്നതിന് ഏഴ് ദശലക്ഷം യുഎഇ ദിര്‍ഹവും ഒരു ഹെല്‍ത്ത് സെന്റര്‍ നിര്‍മ്മിക്കുന്നതിന് മൂന്നൂ ദശക്ഷം ദിര്‍ഹവും അടക്കം മൊത്തം 10 ദശലക്ഷം ദിര്‍ഹത്തിന്റെ ഫ്രെയിംവര്‍ക്കാണ് ധാരണാപത്രത്തില്‍ പ്രതിപാദിച്ചിട്ടുള്ളത്. സഹായം വടക്കാഞ്ചേരിയില്‍ ആകാമെന്ന് ആ യോഗത്തില്‍ തീരുമാനിച്ചു.

പണമായി സര്‍ക്കാരിന് സഹായം നല്‍കുന്നില്ലെന്നും അവര്‍ തന്നെ ഉദ്ദേശിക്കുന്ന കെട്ടിടം പണിത് കൈമാറാനാണ് ഉദ്ദേശിക്കുന്നതെന്നും ജനറല്‍ സെക്രട്ടറി അറിയിച്ചു. നിര്‍മ്മാണം 2019 ആഗസ്റ്റ് മാസത്തില്‍ തുടങ്ങി. ഈ ആഗസ്റ്റില്‍ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിച്ചത്. കോവിഡ് കാരണം അല്‍പം വൈകിയെങ്കിലും ഡിസംബറോടെ പൂര്‍ത്തീകരിക്കാനാകും. 500 ചതുര അടി വിസ്തീര്‍ണമുള്ള 140 വീടുകളാണ് ഈ സമുച്ചയത്തില്‍ നിര്‍മ്മിക്കുക. റെഡ്ക്രസന്റുമായി ലൈഫ് മിഷന്‍ യാതൊരു പണമിടപാടും 
നടത്തിയിട്ടില്ല. ഏജന്‍സിയെ കണ്ടുപിടിച്ചതും കരാര്‍ നല്‍കിയതും എല്ലാം റെഡ്ക്രസന്റ് നേരിട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക