Image

ആദ്യ വാക്സീന്‍ റഷ്യയില്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടന്‍ പുറത്തിറക്കി

Published on 11 August, 2020
ആദ്യ വാക്സീന്‍ റഷ്യയില്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടന്‍ പുറത്തിറക്കി
മോസ്കോ:  ലോകത്തെ ആദ്യ കോവിഡ് വാക്സീന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടന്‍ പുറത്തിറക്കി. പുടിന്റെ മകള്‍ക്കാണ് ആദ്യ ഡോസ് വാക്സീന്‍ നല്‍കിയതെന്നാണു റിപ്പോര്‍ട്ട്. ഓഗസ്റ്റ് 12ന് വാക്സീന്‍ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. വാക്സീന്റെ സുരക്ഷിതത്വത്തെക്കുറിച്ച് നിരവധി ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്.

ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കുമായിരിക്കും ആദ്യം വാക്‌സീന്‍ നല്‍കുക. റഷ്യ പ്രാദേശികമായി തയാറാക്കിയ ആദ്യ വാക്‌സീന് ഓഗസ്റ്റില്‍ സര്‍ക്കാര്‍ അനുമതി നല്‍കുമെന്ന് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഓഗസ്റ്റ് 12നായിരിക്കും ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനമെന്നു പറഞ്ഞിരുന്നെങ്കിലും 11നു തന്നെ പുടിന്‍ പ്രഖ്യാപിക്കുകയായിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കായിരിക്കും ആദ്യഘട്ടത്തില്‍ ഇതു നല്‍കുക. ശക്തികുറഞ്ഞ വൈറസുകളെ ശരീരത്തില്‍ കടത്തി രോഗപ്രതിരോധത്തിനുള്ള ആന്റിജന്‍ ഉല്‍പാദിപ്പിക്കുന്ന തരം വാക്‌സീനിലാണ് റഷ്യയുടെ പരീക്ഷണം.

നൂറോളം വാക്‌സിനുകളാണ് നിലവില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡിനെ പ്രതിരോധിക്കാന്‍ തയാറാകുന്നത്. നാലെണ്ണം മൂന്നാം ഘട്ടത്തിലെത്തി മനുഷ്യരിലുള്ള പരീക്ഷണം നടക്കുകയാണ്. അതില്‍ മൂന്നെണ്ണം ചൈനയിലും ഒന്ന് ബ്രിട്ടനിലാണെന്നും ലോകാരോഗ്യസംഘടന റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ഇത്രയേറെ വേഗത്തില്‍ വാക്‌സീന്‍ മനുഷ്യരില്‍ കൂട്ടമായി പരീക്ഷിക്കുന്നതിനെ ഒരു വിഭാഗം ഗവേഷകര്‍ ചോദ്യം ചെയ്യുന്നുണ്ട്. ശാസ്ത്രത്തെയും ജനങ്ങളുടെയും സുരക്ഷ കണക്കാക്കാതെ രാജ്യത്തിന്റെ അഭിമാനം മാത്രം മനസ്സില്‍വച്ചാണ് റഷ്യ പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു. എന്നാല്‍ 1957ല്‍ ലോകത്തിലെ ആദ്യ കൃത്രിമ ഉപഗ്രഹമായ സ്ഫുട്‌നിക്1 വിക്ഷേപിച്ച സോവിയറ്റ് യൂണിയനോടാണ് വാക്‌സീന്‍ പ്രവര്‍ത്തനങ്ങളെ ഒരു വിഭാഗം ഉപമിക്കുന്നത്. യുഎസിനെ മറികടന്ന് അന്ന് സോവിയറ്റ് യൂണിയന്‍ അത്തരമൊരു നേട്ടം കൈവരിക്കുമെന്ന് ആരും കരുതിയിരുന്നില്ലെന്നും അവര്‍ പറയുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം പുടിനും സമൂഹമാധ്യമത്തില്‍ വ്യക്തമാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക