Image

``ഒത്തു പോകാന്‍ കഴിയാതെ വന്നപ്പോള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു'' ശ്രിത ശിവദാസ്‌

Published on 12 August, 2020
``ഒത്തു പോകാന്‍ കഴിയാതെ വന്നപ്പോള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു'' ശ്രിത ശിവദാസ്‌
ഓര്‍ഡിനറി എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായി എത്തിയ നാട്ടിന്‍പുറത്തുകാരി കല്യാണിയെ അവതരിപ്പിച്ചാണ്‌ ശ്രിത ശിവദാസ്‌ എന്ന പാര്‍വതി മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടതും പ്രേക്ഷകരുടെ പ്രിയങ്കരിയായതും. 

`ഗവിയിലെ പെണ്‍കുട്ടി' എന്ന്‌ പ്രേക്ഷകര്‍ വിളിച്ച ശ്രിത പിന്നീട്‌ ഒരുപിടിസിനിമകളില്‍ വേഷമിട്ടു. ഇപ്പോഴിതാ സിനിമയില്‍ നിന്നും മാറി നില്‍ക്കാനുള്ള കാരണവും വിവാഹ ജീവിതത്തിലുണ്ടായ തകര്‍ച്ചയും തുറന്നു പറയുകയാണ്‌ താരം.

2014 ലായിരുന്നു ശ്രിതയുടെ വിവാഹം. 2015ല്‍ `റാസ്‌പുടിന്‍' എന്ന ചിത്രത്തിനു ശേഷം പിന്നീട്‌ ശ്രിതയെ മലയാളത്തില്‍ ആരും കണ്ടതേയില്ല. പിന്നീട്‌ രമ്യ നമ്പീശന്‍ നിര്‍മ്മിച്ച ഒരു ആല്‍ബത്തിലൂടെയാണ്‌ ശ്രിത വീണ്ടും എത്തിയത്‌. ഇനി വെള്ളിത്തിരയിലേക്കുള്ള വരവാണ്‌. 

``വിവാഹത്തിനു ശേഷം സ്‌ത്രീകള്‍ സിനിമ വിട്ടു പോകുന്നത്‌ ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്‌. വിവാഹമാണെങ്കിലും വിവാഹമോചനമാണെങ്കിലും അത്‌ തികച്ചും വ്യക്തിപരമാണെന്നും അത്‌ സിനിമയുമായി കൂട്ടിക്കുഴയ്‌ക്കേണ്ട ആവശ്യമില്ലെന്നും പലരും തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്‌. 

``2014ല്‍ ആയിരുന്നു വിവാഹം.കഷ്‌ടിച്ച്‌ ഒരു വര്‍ഷം മാത്രമേ വിവാഹ ജീവിതം നീണ്ടു നിന്നുള്ളൂ. പരസ്‌പരം ഒത്തു പോകാന്‍ കഴിയില്ലെന്നു വന്നപ്പോള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. ആ സമയത്ത്‌ വ്യക്തിപരമായ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ കൂടുതല്‍ സിനിമകള്‍ ചെയ്‌തിരുന്നില്ല.'' 

`` പിന്നീട്‌ തമിഴിലായിരുന്നു ഗംഭീര തുടക്കം ലഭിച്ചത്‌. സന്താനവുമൊത്തുള്ള ഒരു ഹൊറര്‍ കോമഡി ചിത്രം. അതിനു ശേഷം കാര്‍ത്തിക്‌ രാജ്‌ സംവിധാനം ചെയ്‌ത ഒരു ചിത്രത്തിലും അഭിനയിച്ചു. ആ സിനിമ ഇതുവരെ റിലീസ്‌ ചെയ്‌തിട്ടില്ല. '' ശ്രിത പറയുന്നു. 

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന `മണിയറയില്‍ അശോകന്‍' എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക്‌ ഒരു മടങ്ങിവരവിനൊരുങ്ങുകയാണ്‌ ശ്രിത. ജേക്കബ്‌ ഗ്രിഗറിയും അനുപമ പരമേശ്വരനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ശ്രദ്ധേയമായ വേഷമാണ്‌ ശ്രിത അഭിനയിക്കുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക