Image

കരിപ്പൂര്‍ വിമാന ദുരന്തം ; ബാഗേജുകള്‍ തിരിച്ചു നല്‍കാനുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കം

Published on 12 August, 2020
കരിപ്പൂര്‍ വിമാന ദുരന്തം ; ബാഗേജുകള്‍ തിരിച്ചു നല്‍കാനുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കം

കരിപ്പൂര്‍: വിമാന ദുരന്തത്തില്‍ പെട്ടവരുടെ ബാഗേജുകള്‍ തിരിച്ചു നല്‍കാനുള്ള നടപടിക്രമങ്ങള്‍ക്ക് കരിപ്പൂരില്‍ തുടക്കമായി. യുകെയില്‍ നിന്നുള്ള കെന്യോണ്‍ എന്ന കമ്ബനിയാണ് അവശിഷ്ടങ്ങളില്‍ പരിശോധന നടത്തുന്നതെന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു.


വിമാന യാത്രക്കാര്‍ കൈവശവും കാര്‍ഗോയിലുമായി കൊണ്ടു വന്ന വസ്തുക്കളാണ് കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുള്ളത്. ഇക്കാര്യത്തില്‍ വിദഗ്ദരായ യുകെ കമ്ബനി കെന്യോണ്‍ രാവിലെ ഏഴു മണി മുതലാണ് കരിപ്പൂരില്‍ പരിശോധന ആരംഭിച്ചത്.

വിമാനത്തിന്റെ വാലറ്റം മുതല്‍ നടുഭാഗവും കഴിഞ്ഞു നില്‍ക്കുന്നതാണ് കാര്‍ഗോ മേഖല. വിമാനം പൊളിച്ച്‌ മാത്രമേ ഇവിടെക്ക് കടക്കാനാവൂ. ഇതിനായി ഇരുപതംഗ സംഘം പരിശോധന ആരംഭിച്ചു.


യാത്രക്കാരുടെ 235 ബാഗുകളാണ് എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ ഉണ്ടായിരുന്നത്. ഇതിന് പുറമേ വിവിധ കാര്‍ഗോ കമ്ബനികള്‍ ദുബായില്‍ നിന്ന് കൊണ്ടു വന്ന ബാഗേജുകളുമുണ്ട്. പലതും പെരുമഴയില്‍ കുതിര്‍ന്ന നിലയിലാണ്.

യാത്രക്കാര്‍ കാബിനില്‍ കൈവശം സൂക്ഷിച്ചിരുന്ന ബാഗുകളും ചിതറിക്കിടപ്പാണ്. ഇത് എപ്പോള്‍ തിരിച്ചേല്‍പ്പിക്കാമെന്ന കാര്യത്തില്‍ തീരുമാനമില്ല. വേഗത്തില്‍ കൊടുക്കുന്നതിനേക്കാള്‍ യഥാര്‍ഥ ഉടമയ്ക്ക് കൈമാറാനാണ് അധികൃതര്‍ പ്രാധാന്യം നല്‍കുന്നത്.


കസ്റ്റംസ്- പോലീസ് ക്ലിയറന്‍സുകള്‍ പൂര്‍ത്തിയാക്കേണ്ടതുമുണ്ട്. പാസ്‌പോര്‍ട്ട് നഷ്ടമായവര്‍ പുതിയവ കിട്ടാന്‍ നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതാവും ഉചിതം. കാബിന്‍ ബാഗുകള്‍ വേഗത്തില്‍ നശിക്കാന്‍ ഇടയുെണ്ടന്നതിനാലാണിത്.

അവശിഷ്ടങ്ങള്‍ക്കിടയില്‍ അതിസൂക്ഷ്മ പരിശോധന നടത്തി പൊട്ടും പൊടിയും പോലും യഥാര്‍ഥ ഉടമസ്ഥരെ ഏല്‍പിക്കാനാണ് ശ്രമമെന്ന് എയര്‍ ഇന്ത്യാ എക്‌സപ്രസ് അധികൃതര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക