തിരുവനന്തപുരം: മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകരെ സൈബര്‍ ഗുണ്ടകളെ വിട്ട് ആക്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയാണ് സൈബര്‍ ആക്രമണത്തിന് നേതൃത്വം നല്‍കുന്നത്.
മുഖ്യമന്ത്രിയെ പുകഴ്ത്തിയ മാധ്യമങ്ങളെയാണ് ഇപ്പോള്‍ വിമര്‍ശിക്കുന്നത്. വിമര്‍ശിച്ചാല്‍ അവരെ പുലഭ്യം പറയുന്നത് ശരിയായ നടപടിയല്ല. സത്യം പുറത്തുവന്നാല്‍ അധികാരം പോകുമോ എന്ന് കരുതി മുഖ്യമന്ത്രി നിലമറക്കുന്നു. മോഡിയേയും ട്രംപിനേയും പോലെയാണ് മുഖ്യമന്ത്രി പെരുമാറുന്നതെന്നും ചെന്നിത്തല പറഞ്ഞു.
താന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രി മറുപടി പറയുന്നില്ല. പാവപ്പെട്ടവര്‍ക്ക് വീട് വച്ചുകൊടുക്കാനുള്ള പദ്ധതിയില്‍ സ്വപ്ന സുരേഷിന് എങ്ങനെയാണ് ഒരു കോടി രൂപ കമ്മീഷന് കിട്ടിയത്. ആരാണ് കൊടുത്തത് എന്ന ചോദ്യത്തിന് ഒന്നും മറുപടിയില്ല. റെഡ് ക്രെസന്റുമായി ഒപ്പുവച്ച എം.ഒ.യുവിന്റെ കോപ്പി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും അത് ലഭിക്കുമെന്നാണ് കരുതുന്നതെന്നും ചെന്നിത്തല പറഞ്ഞു.