Image

ശ്രീമദ് വാല്മീകി രാമായണം ഇരുപത്തൊൻപതാം ദിനം, (ദുർഗ മനോജ്)

ദുർഗ മനോജ് Published on 13 August, 2020
ശ്രീമദ് വാല്മീകി രാമായണം ഇരുപത്തൊൻപതാം ദിനം,  (ദുർഗ മനോജ്)
ഉത്തരകാണ്ഡം, ഇരുപത്തിമൂന്നു മുതൽ നാൽപ്പത്തിനാലു വരെ സർഗം

രാവണൻ്റെ വിക്രമം പാരിലെങ്ങും വളരുന്ന സമയം. അവൻ, യമനേയും വരുണനേയും തോൽപ്പിച്ചു. അഹങ്കാരിയായ അവൻ തനിക്കു മോഹം തോന്നുന്ന ഏതു സ്ത്രീയേയും ആക്രമിച്ചു. അത്തരത്തിൽ നൂറു കണക്കിനു സ്ത്രീകളെ പിടികൂടി പുഷ്പകത്തിലിട്ടു ഏവരേയും കൂട്ടി ലങ്കയിലെത്തി. ഭൂമിയിൽ സ്ത്രീകളുടെ നിലവിളി വർദ്ധിച്ചു.

 ഭൂമിയും പാതാളവും കാൽച്ചുവട്ടിലാക്കിയ രാവണൻ തുടർന്നു ദേവന്മാരെ തോൽപ്പിക്കുവാൻ നിശ്ചയിച്ചു.അതിനായി വൻ പടയുമായി വീണ്ടും പുറപ്പെട്ടു. അതി മനോഹരമായ  കൈലാസ പർവ്വത പ്രദേശത്ത് എത്തിയപ്പോൾ അവിടെ രാത്രി വിശ്രമത്തിനായി  തങ്ങാൻ അവൻ തീരുമാനിച്ചു.ഈ സമയം ദേവസദസ്സിലെ അപ്സരസു രംഭ അതി മനോഹരിഹായി അതുവഴി വരുന്നുണ്ടായിരുന്നു. രംഭയിൽ അവനു മോഹമുദിച്ചു. അവൻ രംഭയെ സമീപിച്ചു. അവൾ പറഞ്ഞു, അങ്ങ് ക്ഷമിക്കുക. ഞാൻ അങ്ങയുടെ പുത്ര ഭാര്യയാണ്.വൈശ്രവണപുത്രൻ നളകൂബരൻ്റെ പ്രേയസിയാണു ഞാൻ. എന്നെ പ്രാപിക്കുന്നത് അധർമ്മമാണ്. അതു കേട്ടു രാവണൻ, രംഭ യോട് അവൾ ഒരു അപ്സരസ്സാണെന്നും. അത്തരക്കാർക്കു ഭർത്താക്കന്മാർ പതിവില്ലെന്നും, മാത്രവുമല്ല, രാക്ഷസർ ഏക പത്നീ വ്രതക്കാരല്ലാത്തതിനാൽ പുത്ര ഭാര്യയെന്ന നിയമം ബാധകവുമല്ല എന്നു പറഞ്ഞു ബലമായി അവളെ പ്രാപിച്ചു. രംഭ കരഞ്ഞു കൊണ്ടു, തന്നെ കാത്തിരിക്കുന്ന നളകൂബരൻ്റെ അടുത്തെത്തി കാര്യങ്ങൾ പറഞ്ഞു. ദുഃഖം കൊണ്ടു തകർന്ന അദ്ദേഹം, അനുമതിയില്ലാതെ ഏതു പെണ്ണിനെ തൊട്ടാലും രാവണൻ്റെ തല പൊട്ടിച്ചിതറും എന്നു ശപിച്ചു.അതോടെ രാവണൻ പിടിച്ചു വച്ച പതിവ്രതകളായ സ്ത്രീകൾക്ക് ആശ്വാസമായി.

തുടർന്നു ദേവാസുര യുദ്ധം ആരംഭിച്ചു. രാക്ഷസനായ സുമാലിയെ ഇന്ദ്രൻ വധിച്ചു.അതിൽ കുപിതനായ രാവണൻ ഇന്ദ്രനുമായി യുദ്ധം തുടങ്ങി. രാത്രിയും അതു തുടർന്നു. ഈ സമയം രാവണപുത്രൻ രാവണി, ഇന്ദ്രനെ പിടികൂടി ബന്ധിച്ചു. ഇതു കണ്ടു ദേവന്മാരും പ്രജാപതിയും ഇന്ദ്രനെ വിട്ടുതരണമെന്ന് അപേക്ഷിച്ചു അവനടുത്തെത്തി. എന്നാൽ അവൻ ചോദിച്ചത് ചിരഞ്ജീവി ആയിരിക്കുവാനുള്ള വരമാണ്. എന്നാൽ അതു നൽകുവാനാകില്ല എന്നു പ്രജാപതി അറിയിച്ചു.തുടർന്ന് അവൻ വളരെ വിചിത്രമായ മറ്റൊരു വരം ചോദിച്ചു. ഏതൊരു യുദ്ധത്തിനു പുറപ്പെടും മുൻപും അവൻ യാഗം ചെയ്ത്അഗ്നിയിൽ മന്ത്രപൂർവ്വം ഹവ്യം അർപ്പിക്കും. അപ്പോൾ അഗ്നി, പോരിനിറങ്ങുവാൻ കുതിരകളോടൊത്തു തേര് നൽകണം. ആ തേരിലിരിക്കുമ്പോൾ ആർക്കും തന്നെ വധിക്കാനാകരുത്. എന്നാൽ ജപ ഹോമാദികൾ പൂർത്തിയാക്കാനാകും മുൻപു യുദ്ധം ചെയ്യേണ്ടി വന്നാൽ അവനു നാശം സംഭവിച്ചോട്ടെ. അങ്ങനെ ഒരു വരം നേടി എടുത്ത ശേഷം ഇന്ദ്രനെ വിട്ടു കൊടുത്തു. ആ വരമാണ് ഇന്ദ്രജിത്തിൻ്റെ മരണത്തിനു കാരണമായതും.ലക്ഷ്മണനുമായി പോരിനു പുറപ്പെടുമ്പോൾ അവൻ്റെ യാഗം പൂർത്തിയായിരുന്നില്ല. ആ ശാപ വിവരം വിഭീഷണനാണു ലക്ഷ്മണനെ ധരിപ്പിച്ചതും, യാഗം പൂർണ്ണമാകും മുൻപു വീണ്ടും യുദ്ധത്തിനു പ്രേരിപ്പിക്കുന്നതും.

ഈ സമയം
രാക്ഷസരുടെ പിടിയിലായി കാന്തി നഷ്ടപ്പെട്ട ഇന്ദ്രനോടു ദേവ പിതാമഹൻ ബ്രഹ്മാവു ഇങ്ങനെ പറഞ്ഞു. ഒരു ശാപത്താലാണു നീ ബന്ധനത്തിൽ പെട്ടത്. ആ കഥ ഇതാണ്.
പണ്ടു ബ്രഹ്മാവു പ്രജകളെ സൃഷ്ടിച്ചപ്പോൾ പുരുഷനെ മാത്രമേ സൃഷ്ടിച്ചുള്ളൂ. പിന്നീട് താനുണ്ടാക്കിയ പ്രജകളുടെ ഏറ്റവും വിശിഷ്ടമായ ഗുണങ്ങൾ മാത്രമെടുത്തു ഒരു നാരിയെ സൃഷ്ടിച്ചു. യാതൊരു വൈകല്യവുമില്ലാത്ത അവൾക്കു അഹല്യ എന്നു പേരു നൽകി. എന്നിട്ടു ഗൗതമ മുനിയോടു അവളെ പരിപാലിക്കൂ എന്നു പറഞ്ഞു നൽകി. അനേക വർഷം യാതൊരു കളങ്കവുമില്ലാതെ ജിതേന്ദ്രിയനായ മുനി കാത്തു സൂക്ഷിച്ച അവളെ പത്നിയായി ഗൗതമനുതന്നെ നൽകി.അതിൽ ഇന്ദ്രൻ അടക്കം സർവ്വർക്കും അസൂയ തോന്നി.ഇന്ദ്രൻ, മഹർഷി ഇല്ലാത്ത തക്കത്തിന് മഹർഷി രൂപം പൂണ്ട് അവളെ പ്രാപിച്ചു. അതറിഞ്ഞ മഹർഷി ഇന്ദ്രനെ ശപിച്ചു.അന്യൻ്റെ ഭാര്യയെ പ്രാപിച്ച ഇന്ദ്രൻ ശത്രുവിനാൽ ബന്ധിക്കപ്പെടും. മാത്രവുമല്ല, ഈ സമ്പ്രദായം പാരിൽ മനുഷ്യരുടെ ഇടയിലും സംഭവിക്കും. അതിൽ പകുതി പാപവും ഇന്ദ്രൻ പേറേണ്ടി വരും എന്നും ശപിച്ചു. തുടർന്നു അഹല്യയോടു പറഞ്ഞു, ഇത്ര സുന്ദരമായ ശരീരം നിനക്കു മാത്രം എന്നു ചിന്തിച്ചാണല്ലോ നീ അധർമ്മം പ്രവർത്തിച്ചത്, അതിനാൽ ലോകത്ത് മറ്റു മനുഷ്യന്മാർക്കും സൗന്ദര്യം ഉണ്ടാകട്ടെ എന്നു ശപിച്ചു. അപ്പോൾ അഹല്യ തന്നിൽ കോപമരുത് എന്നും മഹർഷിയുടെ രൂപത്തിൽ ഇന്ദ്രൻ വന്നതിനാലാണു തെറ്റുപറ്റിയതെന്നും പറഞ്ഞു. ഇതു കേട്ടു ഗൗതമൻ, ഇക്ഷ്വാകു കുലത്തിൽ ഒരു മഹാരഥൻ പിറക്കുമെന്നും ആ ബാലൻ മഹാവിഷ്ണു രൂപമെടുക്കുന്നതാണെന്നും. രാമനെന്നു പേരായ അവനെ കാണുമ്പോൾ നീ പാപമുക്തയാകുമെന്നും അറിയിച്ചു. അങ്ങനെ പാപമുക്തയായ ശേഷം മുനിയോടൊപ്പം വസിക്കാം എന്നും അറിയിച്ചു അദ്ദേഹം തപസിനു പോയി.

ഇത്രയും കഥകൾ കേട്ടു കഴിഞ്ഞപ്പോൾ രാമൻ ഹനുമാന് ഇപ്രകാരം അസാമാന്യ കഴിവുണ്ടായതെങ്ങെനെ എന്നു ചോദിച്ചു.

അഗസ്ത്യൻ തുടർന്നു.
വായുവിൻ്റേയും അഞ്ജനയുടേയും പുത്രനായ മാരുതി ജനിച്ചതേ വിക്രമനായാണ്.ഒരിക്കൽ മകനു വേണ്ടി ഫലങ്ങൾ ശേഖരിക്കാൻ അമ്മ പുറത്തു പോയ തക്കത്തിനു വിശന്ന ബാലൻ, സൂര്യനെ ഏതോ പഴമെന്നു ധരിച്ചു പിടിക്കുവാൻ പാഞ്ഞു. സൂര്യനെ ഗ്രസിക്കുവാൻ തക്കം പാർത്ത രാഹു അതു കണ്ടു ഇത്രനോടു പരാതി പറഞ്ഞു. അതറിഞ്ഞു ഇന്ദ്രൻ തൻ്റെ വജ്രായുധം ആ കുഞ്ഞിനു നേരെ പ്രയോഗിച്ചു. അവൻ താഴെ ഭൂമിയിൽ പതിച്ചു. അവൻ്റെ ഒരു കോമ്പല്ല് ഒടിഞ്ഞു പോയി. അതു കണ്ടു കോപിച്ച വായു, മകനേയും എടുത്ത് ഒരു ഗുഹയ്ക്കുള്ളിൽ കടന്നിരുന്നു. ലോകം വായുവില്ലാതെ കഷ്ടത്തിലായി. ഒടുവിൽ സർവ്വ ദേവന്മാരും വായുവിനു മുന്നിലെത്തി മാപ്പു പറഞ്ഞു, കുട്ടിക്ക് ഹനുമാനെന്നു പേരു നൽകി, ചിരഞ്ജീവിത്വം ഉൾപ്പെടെ അനുഗ്രഹിച്ചു മടങ്ങി.എന്നാൽ ബാലനായ മാരുതി മഹാ വികൃതിയായിരുന്നു. അവൻ്റെ ശല്യം സഹിക്കാതെ മഹർഷിമാർ അവനെ ശപിച്ചു. ആരെങ്കിലും ഓർമ്മിപ്പിക്കാതെ നീ ഇനി നിൻ്റെ കഴിവുകളെക്കുറിച്ച് ഓർക്കില്ല എന്ന്. അതോടെ അക്രമം അവസാനിച്ചു വിനയമുള്ളവനായി ഹനുമാൻമാറി. പിന്നീട് സീതാന്വേഷണ ഘട്ടത്തിൽ ജാംബവാനാണ് ഹനുമാന് കിട്ടിയ വരങ്ങളെക്കുറിച്ചു പറഞ്ഞു കൊടുത്തു സ്വന്തം കഴിവു മനസിലാക്കിക്കുന്നത്.

രാമായണത്തിലെ പല സംഭവഗതികളും എന്തുകൊണ്ട് സംഭവിച്ചു എന്നതിൻ്റെ ഉത്തരമാണ് ഉത്തരകാണ്ഡത്തിൽ ഇന്നു വായിച്ചു മുന്നേറുന്നത്.ഇനിയും മൂന്നു ദിവസം കൂടി. ധർമ്മിഷ്ടനായ രാമൻ്റെ പൊരുൾതേടുന്ന യാത്ര അവസാനിക്കുവാൻ.


ഇരുപത്തൊമ്പതാം ദിവസം സമാപ്തം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക