Image

കോവിഡ് ബാധിച്ച ഗായകന്‍ എസ്.പി.ബാലസുബ്രഹ്‌മണ്യത്തിന്റെ നില അതീവ ഗുരുതരം

Published on 14 August, 2020
കോവിഡ് ബാധിച്ച ഗായകന്‍ എസ്.പി.ബാലസുബ്രഹ്‌മണ്യത്തിന്റെ നില അതീവ ഗുരുതരം

ചെന്നൈ: കോവിഡ് രോഗബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രശസ്ത ഗായകന്‍ എസ്.പി. ബാലസുബ്രഹ്‌മണ്യത്തിന്റെ ആരോഗ്യനില വഷളായതായി ആശുപത്രി വൃത്തങ്ങള്‍. ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പ്രകാരം ഒരാഴ്ചയായി ചികിത്സയില്‍ തുടരുന്ന എസ്പിയുടെ ആരോഗ്യനില പതിമൂന്നാം തീയതിയാണ് വഷളായത്. 


ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ചെന്നൈ എംജിഎം ഹെല്‍ത്ത്‌കെയറില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ ടീമിന്‍രെ നിര്‍ദേശപ്രകാരം അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. അതീവ ഗുരുതരമായി തുടരുന്ന അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി നിരന്തരം പരിശോധിച്ചുവരികയാണെന്നും ആശുപത്രി വ്യക്തമാക്കി.


തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ അടക്കമുള്ള ഭാഷകളില്‍ 40,000ത്തിലധികം ചലച്ചിത്ര ഗാനങ്ങള്‍ എസ്.പി. ബാലസുബ്രഹ്‌മണ്യം ആലപിച്ചിട്ടുണ്ട് . ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തിലെ എക്കാലത്തെയും ഇതിഹാസങ്ങളിലൊരാളായി കണക്കാക്കപ്പെടുന്ന എസ്.പി.ബാലസുബ്രഹ്‌മണ്യം കുടുംബത്തോടൊപ്പം ചെന്നൈയിലായിരുന്നു സ്ഥിരതാമസം.

ഫെയ്‌സ്ബുക്കിലെ വിഡിയോ സന്ദേശത്തിലൂടെ എസ്പിബി തന്നെയാണ് രോഗം സ്ഥിരീകരിച്ച വിവരം വെളിപ്പെടുത്തിയത്. 


'കഴിഞ്ഞ രണ്ടോ മൂന്നോ ദിവസമായി എനിക്ക് ജലദോഷം, പനി തുടങ്ങിയ ചെറിയ അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നു. ഞാന്‍ ആശുപത്രിയില്‍ പോയി പരിശോധന നടത്തി. കോവിഡ് പോസിറ്റീവ് ആണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വീട്ടില്‍ സ്വയം ക്വാറന്റീനില്‍ താമസിക്കാനും മരുന്ന് കഴിക്കാനും അവര്‍ ആവശ്യപ്പെട്ടു. പക്ഷേ ഞാന്‍ ആശുപത്രിയില്‍ അഡ്മിറ്റായി. എന്നെക്കുറിച്ച്‌ ആരും വിഷമിക്കേണ്ടതില്ല. പനിയും ജലദോഷവും ഒഴികെ, ഞാന്‍ തികച്ചും ആരോഗ്യവാനാണ്.' - എസ്പിബി പറഞ്ഞിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക