Image

ഐസ്ക്രീമില്‍ വിഷം ചേര്‍ത്ത് കൊല, സംസ്കാരച്ചടങ്ങില്‍ ഭാവ വ്യത്യാസമില്ലാതെ പ്രതി

Published on 14 August, 2020
ഐസ്ക്രീമില്‍ വിഷം ചേര്‍ത്ത് കൊല, സംസ്കാരച്ചടങ്ങില്‍ ഭാവ വ്യത്യാസമില്ലാതെ പ്രതി
കാസര്‍ഗോഡ്:  താന്‍ വിഷം ചേര്‍ത്ത് നല്‍കിയ ഐസ്ക്രീം രുചിച്ച് ജീവനറ്റ് കിടക്കുന്ന സഹോദരി ആന്‍മരിയ (16)യുടെ  ശവ സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുക്കുമ്പോഴൊന്നും ആല്‍ബിന്‍ ബെന്നിക്കു ഭാവമാറ്റങ്ങളില്ലായിരുന്നു. ബളാല്‍ സെന്റ് ആന്റണീസ് പള്ളിയില്‍ നടന്ന ചടങ്ങില്‍ അമ്മയോടൊപ്പമാണ് ആല്‍ബിന്‍ പങ്കുകൊണ്ടത്. അച്ഛന്‍ അപ്പോഴേക്കും ആശുപത്രിയിലായതിനാല്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. ആന്‍മരിയയ്ക്കു  ഐസ്ക്രീം കഴിച്ച് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ അച്ഛനോടൊപ്പം സഹോദരിയെ വെള്ളരിക്കുണ്ട് സഹകരണ ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ എത്തിച്ചപ്പോള്‍ കൂടെ ആല്‍ബിനുമുണ്ടായിരുന്നു. 
 
ആന്‍മരിയ  മരണത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത സഹോദരന്‍ ആല്‍ബിന്‍ കൊലപാതകത്തിനുള്ള  ആദ്യത്തെ ശ്രമം നടത്തിയത് ആഴ്ചകള്‍ക്ക് മുന്‍പാണ്. ചിക്കന്‍ കറിയില്‍ എലി വിഷം കലര്‍ത്തി കൊലപാതകം നടത്താനായിരുന്നു ആദ്യ പദ്ധതി. എന്നാല്‍ ഇത് പാളിയതോടെയാണ് ആല്‍ബിന്‍ പുതിയ വഴി തേടിയത്. ഇതിനായി ഇന്റര്‍നെറ്റില്‍ നിന്ന് എലി വിഷം എങ്ങനെ മരണത്തിനു കാരണമാകും എന്നതു സംബന്ധിച്ച് പഠനം നടത്തി. ഈ അറിവുപയോഗിച്ചാണ് ഐസ്ക്രീമില്‍ വിഷം കലര്‍ത്തിയത്.

വീട്ടില്‍ തന്നെ ഇതിനായി ഐസ്ക്രീം ഉണ്ടാക്കുകയായിരുന്നു. അച്ഛന്‍ ബെന്നിയും സഹോദരി ആന്‍മരിയയും ഉണ്ടാക്കിയ ഉടന്‍ തന്നെ ഐസ്ക്രീം കഴിക്കുകയും ചെയ്തു. ബാക്കി വന്ന ഐസ്ക്രീം പിറ്റേ ദിവസമാണ് അമ്മ ബെസിയും ആല്‍ബിനും കഴിച്ചത്. ഐസ്ക്രീം കഴിച്ച ആന്‍മരിയയ്ക്ക്  ഛര്‍ദിയും  വയറിളക്കവും വന്നിട്ടും ഐസ്ക്രീമില്‍ എലി വിഷം ചേര്‍ത്ത കാര്യം ആരും അറിഞ്ഞില്ല. ഇതിനിടയില്‍ പിതാവ് ബെന്നിക്കും വയറിളക്കം വന്നു.

കഴിഞ്ഞ 5ന് ആന്‍മേരി മരിച്ചതോടെ ഭക്ഷ്യ വിഷബാധയാണ് കാരണമെന്ന വിവരം പുറത്ത് വന്നു. ഇതിനിടയില്‍ തനിക്കും ദേഹാസ്വാസ്ഥ്യമുണ്ടെന്ന് ആന്‍ബിന്‍ പറഞ്ഞതിനെ തുടര്‍ന്ന് ഡോക്ടര്‍ പരിശോധിച്ചെങ്കിലും വിഷാംശം ഒന്നും കണ്ടെത്തിയിരുന്നില്ല. നാട്ടില്‍ അധികമാരോടും സംസാരിക്കാത്ത പ്രകൃതമായിരുന്നു ആല്‍ബിന്റെത്. പ്ലസ്ടു കഴിഞ്ഞയുടന്‍ വെള്ളരിക്കുണ്ടിലെ ബേക്കറിയില്‍  ജോലി ചെയ്തിരുന്ന ആല്‍ബിന്‍ പിന്നീട് നാട്ടില്‍ നിന്നു പോയി. ഇതിനിടയില്‍ തൊഴിലധിഷ്ഠിത കോഴ്‌സും ഇയാള്‍  പൂര്‍ത്തിയാക്കിയിരുന്നു.

പിന്നീട് കോട്ടയം ജില്ലയിലെ ഹോട്ടലില്‍ ജോലിക്ക് കയറി. ഏറെ കാലം അവിടെ ജോലിയെടുത്ത ശേഷം ഈ ലോക്ഡൗണ്‍ കാലത്താണ് നാട്ടിലേക്ക് വരുന്നത്. വീട്ടില്‍ തന്നെ ഒതുങ്ങി കഴിഞ്ഞിരുന്ന ആല്‍ബിക്ക് നാട്ടിനു പുറത്ത് ഒട്ടെറെ സുഹൃത്തുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. അധിക സമയവും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്ന  ആല്‍ബിന് പ്രണയവും ഉണ്ടായിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. വാട്‌സാപ്  ചാറ്റിങ് നടത്തുന്നത് പതിവായിരുന്നു. ആല്‍ബിന്റെ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കൊലപാതക രഹസ്യങ്ങള്‍ പുറത്തേക്ക് എത്തിച്ചത്.

പെണ്‍കുട്ടിയുടെ കൊലപാതകത്തിന് ഇടവരുത്തിയ കഥകള്‍ പൊലീസിന് പോലും അവിശ്വസനീയമായിട്ടാണ് തോന്നിയത്.  സ്വന്തം മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തുന്നതിലൂടെ ആല്‍ബിന്‍ ലക്ഷ്യമിട്ടത് ഇഷ്ടം പോലെയുള്ള സുഖജീവിതം. കാമുകിക്കൊപ്പം  ജീവിക്കണം എന്നതു മാത്രമായിരുന്നു തന്റെ മനസ്സിലെന്നാണ് പ്രതി പൊലീസിനോടു പറഞ്ഞത്. 24 മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലില്‍  ആല്‍ബിന്‍ പൊലീസിനോട് പറഞ്ഞ കാര്യങ്ങള്‍ ഏറെ വിചിത്രം.

ഒന്നാമത്തേത് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുടെ കഥ. അന്യ ജില്ലക്കാരിയായ ഈ പെണ്‍കുട്ടിയുമായി സ്‌നേഹ ബന്ധം സ്ഥാപിച്ച പ്രതി അവളെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നുവെത്രെ. ഇരുവരും ഇതുവരെ നേരില്‍ കണ്ടിട്ടുമില്ല. വിഡിയോ കോളിലൂടെയായിരുന്നു സംസാരമത്രയും. എന്നാല്‍ തന്റെ വീട്ടുകാര്‍ ഈ ബന്ധത്തിന് തടസ്സമാകുമെന്ന കണക്ക് കൂട്ടലാണ് ആല്‍ബിന്‍ കുടുംബത്തെ ഇല്ലാതാക്കാനുള്ള തീരുമാനത്തിലെത്തിയത്.

എന്നാല്‍ ഇഷ്ടപ്പെട്ട പെണ്‍കുട്ടി ഇതിനിടയില്‍ പിന്മാറിയെന്നും പിന്നീട് വീണ്ടും  ബന്ധം സ്ഥാപിക്കുവാന്‍ പ്രതി ശ്രമിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഇതിന് പുറമേ മൊബൈല്‍ ഫോണില്‍ അശ്ലീല വിഡിയോകള്‍ കാണുന്നത് അനുജത്തിയായ ആന്‍മരിയ കണ്ടുവെന്നും ഇത് അവള്‍ അച്ഛനോട് പറയുമോയെന്ന ഭയവും  ദേഷ്യത്തിന് കാരണമായി. ഒരിക്കല്‍ ആന്‍മരിയയോടും പ്രതി മോശമായി പെരുമാറാന്‍ ശ്രമിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇതിന് പുറമേ നാട്ടിനു പുറത്തുള്ള തന്റെ സുഹൃത്തുകളുമായുള്ള ചങ്ങാത്തം അച്ഛന് ഇഷ്ടമില്ലാത്തതും പ്രതിയെ ചൊടിപ്പിച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക