Image

അംഗമാക്കിയത് ചട്ടങ്ങള്‍ മറികടന്നെന്ന് ആരോപണം; കെ.ആര്‍.മീര രാജിവച്ചു

Published on 14 August, 2020
അംഗമാക്കിയത് ചട്ടങ്ങള്‍ മറികടന്നെന്ന് ആരോപണം;  കെ.ആര്‍.മീര രാജിവച്ചു
കോട്ടയം : എഴുത്തുകാരി കെ.ആര്‍ മീരയെ എം.ജി സര്‍വകലാശാല സ്കൂള്‍ ഒഫ് ലെറ്റേഴ്‌സിന്റെ ബോര്‍ഡ് ഒഫ് സ്റ്റഡീസ് അംഗമാക്കിയത് ചട്ടങ്ങള്‍ മറികടന്നാണെന്ന ആരോപണത്തെ ചൊല്ലി സൈബര്‍ പോര് മുറുകിയതോടെ ഫേസ് ബുക്ക് പോസ്റ്റില്‍ രാജി അറിയിച്ച് മീര രംഗത്തെത്തി. അക്കാഡമിക് വിദഗ്ദ്ധരാകണം ബോര്‍ഡ് ഒഫ് സ്റ്റഡീസിലെ അംഗങ്ങളെന്നത് ലംഘിച്ചും ലെറ്റേഴ്‌സിലെ വിദഗ്ദ്ധ സമിതി നല്‍കിയ പേരുവെട്ടി സി.പി.എം സഹയാത്രികയായ മീരയെ ഉള്‍പ്പെടുത്തിയെന്നുമായിരുന്നു ആരോപണം. മലയാളം  ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിഭാഗങ്ങള്‍ ചേര്‍ന്നതാണ് സ്കൂള്‍ ഒഫ് ലെറ്റേഴ്‌സ്.

രണ്ട് വിഷയങ്ങളിലെയും സിലബസ് പരിഷ്കരിക്കുക, പരിഷ്കരിച്ച സിലബസ് അംഗീകരിക്കുക എന്നതാണ് ഇവരുടെ ചുമതല. ആദ്യം ബന്ധപ്പെട്ട വകുപ്പുകളിലെ വിദഗ്ദ്ധസമിതിയാണ് ആരൊക്കെ ബോര്‍ഡ് ഒഫ് സ്റ്റഡീസീല്‍ അംഗങ്ങളാകണം എന്ന ശുപാര്‍ശ വൈസ് ചാന്‍സിലര്‍ക്ക് നല്‍കുന്നത്. എന്നാല്‍ സ്കൂള്‍ ഒഫ് ലെറ്റേഴ്‌സില്‍ നിന്ന് നല്‍കിയ ശുപാര്‍ശയില്‍ മീരയില്ല. ശുപാര്‍ശ ചെയ്യാത്തയാള്‍ അംഗമായതില്‍ ലെറ്റേഴ്‌സിലെ അദ്ധ്യാപകര്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. വൈസ്ചാന്‍സിലറുടെ ശുപാര്‍ശ പ്രകാരം ഗവര്‍ണറാണ് ചെയര്‍പേഴ്‌സന്റെയും അംഗങ്ങളുടേയും നിയമനം നടത്തുന്നത്.

മീരയുടെ ഫേസ് ബുക്ക് പോസ്റ്റില്‍ നിന്ന്

'എഴുതി ജീവിക്കാന്‍ തീരുമാനിച്ച കാലം മുതല്‍ സംസ്ഥാന സര്‍ക്കാരിന്റേയോ കേന്ദ്ര സര്‍ക്കാരിന്റേയോ രാഷ്ട്രീയ നിയമനങ്ങള്‍ സ്വീകരിക്കുകയില്ലെന്ന് തീരുമാനിച്ചിട്ടുള്ളതാണ്. എഴുത്തിന്റെ മാനസികസംഘര്‍ഷം മൂലം ബോര്‍ഡ് ഒഫ് സ്റ്റഡീസ് എന്റെ ഓര്‍മ്മയുടെ ഏഴലയത്തുപോലും ഉണ്ടായിരുന്നില്ല. അംഗമാകാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ക്ഷണമുണ്ടായിരുന്നുവെങ്കിലും പിന്നീട് ഇത് സംബന്ധിച്ച് അറിയിപ്പോ കത്തോ ഇമെയിലോ ഒന്നും ലഭിച്ചിട്ടില്ല. ഇതിന്റെ പേരില്‍ ഒരു പൈസ കൈപ്പറ്റിയിട്ടുമില്ല. കോട്ടയത്ത് ഒരു ചടങ്ങില്‍ വൈസ് ചാന്‍സിലര്‍ ഡോ.സാബു തോമസിനൊപ്പം നേരത്തേ പങ്കെടുത്തിരുന്നു. അന്ന് ഇക്കാര്യം ചോദിച്ചിരുന്നു. ഞാനായിട്ട് അപേക്ഷിച്ചിട്ടില്ലെങ്കിലും എനിക്കു ചാര്‍ത്തിത്തന്നതും ഇതുവരെ എനിക്ക് അറിയിപ്പ് ലഭിച്ചിട്ടില്ലാത്തതുമായ നിയമനത്തില്‍ നിന്ന് രാജി വയ്ക്കുന്നതായി വൈസ് ചാന്‍സിലര്‍ക്ക് ഇമെയില്‍ അയച്ചു. പുതിയ നോവല്‍ രചനയുടെ തിരക്ക് മൂലം വിവാദങ്ങള്‍ക്ക് സമയമില്ലാത്തതിനാല്‍ ഇതേ ചൊല്ലി ഇനിയൊരു പ്രതികരണമുണ്ടാകില്ല.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക