Image

മാറ്റിവെച്ച വിഡ്ഢിത്തം (കവിത: ആൻസി സാജൻ )

Published on 02 September, 2020
മാറ്റിവെച്ച വിഡ്ഢിത്തം  (കവിത: ആൻസി സാജൻ )
വിഷമാണെന്നറിഞ്ഞു തന്നെ
നീ ഇറ്റിച്ചു തന്നത് ഞാൻ നുകർന്നു..
ഹൃദയം ഇടത് ഭാഗത്താണെന്നറിയുന്ന ഞാൻ
നിനക്കൊപ്പം ചേർത്തുവയ്ക്കാൻ
എന്റെ
ഹൃദയം വലത്തേയ്ക്ക് നീക്കി വച്ചു..
നീ ചിരിച്ചപ്പോഴും
എനിക്കറിയാം
ഹൃദയം മാറ്റി വച്ചാൽ
അത് നീണ്ട നാൾ നിൽക്കില്ലയെന്ന് ..
ഒരിക്കലൊരു മാത്ര
തികച്ചു കണ്ടില്ല നാമെങ്കിലും
രാവിന്റെ നടുമുറിയിലും
പുലർച്ചയുണരുന്നതിനു -
മേറെ മുമ്പും
മാറ്റിവച്ചയെന്റെ തണുത്ത ഹൃദയം
തുടിച്ചുച്ചത്തിൽ ...
മിഴിപൂട്ടിയീ
നട്ടപ്രാന്തുകൾക്കകത്ത്
വേവ് പൂണ്ട് നടന്നു നാം...
നിശ്ശൂന്യമാം നിശ്ശബ്ദതകൾ
നിരാലംബ മൗനങ്ങൾ
നിനക്കേകുവാനെന്തിനിയീ
മാറ്റി വച്ച ഹൃത്തടമല്ലാതെ ..
പൂവു പോലെയിറുത്തെറിയുമിനി
 - ഏതെങ്കിലുമൊരു പിശറൻ കാറ്റിന്റെ കൈകൾ
ഹൃദയമില്ലാതെ
മരിച്ചു വീഴുമെൻ
തൊണ്ടക്കുഴിയിലൊരു
വിറയലായ്
നിൻ പേര് തുളുമ്പി നിൽക്കും ...

ancysajans@gmail.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക