Image

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവ് അര്‍പ്പിച്ച് യുക്മ സാംസ്‌കാരിക വേദിയുടെ ലൈവ് ഷോ ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗെതര്‍

Published on 04 September, 2020
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവ് അര്‍പ്പിച്ച് യുക്മ സാംസ്‌കാരിക വേദിയുടെ ലൈവ് ഷോ ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗെതര്‍


ലണ്ടന്‍: യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ കോവിഡിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിക്കുവാന്‍ വേണ്ടി മേയ് 28 വ്യാഴാഴ്ച ആരംഭിച്ച ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ഓഗസ്റ്റ് 31 തിങ്കളാഴ്ച തിരുവോണ ദിനത്തില്‍ സമാപിച്ചത് യുക്മയെന്ന ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയുടെ ചരിത്ര താളുകളിലേയ്ക്ക് ഒരു പൊന്‍കിരീടം കൂടി ചാര്‍ത്തിക്കൊണ്ടാണ്.

ലോകമെങ്ങുമുള്ള ജനങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ കോവിഡ് യുകെ ഉള്‍പ്പെടുന്ന രോഗത്തിന്റെ പിടിയിലമര്‍ന്ന രാജ്യങ്ങളിലെല്ലാം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജനങ്ങള്‍ കൂടുതല്‍ ഭീതിയിലാവുകയും സാധാരണ ജീവിതം അസാധ്യമായി വീടുകളിലേക്ക് ഒതുങ്ങുകയും ചെയ്തു. തികച്ചും അസാധാരണമായ ഈ സാഹചര്യത്തില്‍ ഭീതിയിലാണ്ട മലയാളി സമൂഹത്തിന് ആവശ്യമായ പിന്തുണ ഉറപ്പ് വരുത്തേണ്ടത് തങ്ങളുടെ പ്രാഥമിക ധര്‍മ്മമാണെന്ന് തീരുമാനിച്ച യുക്മ ദേശീയ നേതൃത്വം പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ കൂടി സഹകരണത്തോടെ യുക്മ റീജിയണല്‍ കമ്മിറ്റികളുടേയും നൂറ്റി ഇരുപതോളം പ്രാദേശിക യുക്മ അംഗ അസോസിയഷനുകളുടേയും പിന്‍ബലത്തോടെ വോളണ്ടിയര്‍ ഗ്രൂപ്പുകളും ഹെല്‍പ്പ് ലൈന്‍ ഡെസ്‌ക്കുകളും രൂപീകരിച്ച് രംഗത്ത് വന്നു. തുടര്‍ന്ന് യുക്മ സൌത്ത് വെസ്റ്റ് റീജിയണ്‍ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങാത്തറയുടെ നേതൃത്വത്തില്‍ മുപ്പതിലേറെ വിദഗ്ദ ഡോക്ടര്‍മാരടങ്ങിയ ഡോക്ടേഴ്‌സ് ടീം രൂപീകരിക്കുകയും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ സംവിധാനം സജ്ജമാക്കുകയും ചെയ്തു.

യുകെയില്‍ ഇന്നേ വരെ നടത്താത്തതും മ്യൂസിക്കല്‍ ഇന്‍സ്ട്രുമെന്റില്‍ പ്രാഗത്ഭ്യം തെളിയിച്ച കുട്ടികളുടെ ഒരു ഇന്‍സ്ട്രമെന്റല്‍ മ്യൂസിക് ലൈവ് ഷോയെന്ന യുക്മ നേതൃത്വത്തിന്റെ ആശയം യുക്മ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ ആരംഭിക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി സംഘാടക സമിതി വിവിധ പേരുകള്‍ നിര്‍ദ്ദേശിക്കുകയും അവസാനം 'LET'S BREAK IT TOGETHER' എന്ന പേര് കണ്ടെത്തി പരിപാടി സംഘടിപ്പിക്കുകയും, യുക്മയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ലൈവ് ഷോയായി നടത്തുവാന്‍ തീരുമാനിക്കുകയും ചെയ്തു. ലൈവ് ഷോയുടെ സുഗമമായ നടത്തിപ്പിനായി യുക്മ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍, യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരി ഇ.അ. ജോസഫ്, സാംസ്‌കാരിക വേദി നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ്ജ് എന്നിവരടങ്ങിയ സംഘാടക സമിതി രൂപീകരിക്കുകയും ഇ.അ. ജോസഫിനെ മുഖ്യ സംഘാടകനായി ചുമതലയേല്‍പ്പിക്കുകയും ചെയ്തു.

യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍, യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരി ഇ.അ. ജോസഫ്, നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ് എന്നീ സംഘാടക സമിതി അംഗങ്ങളോടൊപ്പം യുക്മ ദേശീയ ഭാരവാഹികളായ അനീഷ് ജോണ്‍, ലിറ്റി സജീവ്, സാജന്‍ സത്യന്‍, സലീന സജീവ്, ടിറ്റോ തോമസ് എന്നിവരും യുക്മ സാംസ്‌കാരിക വേദി വൈസ് ചെയര്‍മാന്‍ ജോയി ആഗസ്തി, ജനറല്‍ കണ്‍വീനര്‍മാരായ ജയ്‌സണ്‍ ജോര്‍ജ്ജ്, തോമസ് മാറാട്ടുകളം എന്നിവരും യുക്മയുടെ റീജണല്‍ ഭാവാഹികള്‍, പോഷക സംഘടനാ ഭാരവാഹികള്‍, അസോസിയേഷന്‍ ഭാരവാഹികള്‍, യുക്മയുടെ പുറത്ത് നിന്നുമുള്ള യുക്മയുടെ അഭ്യുദയകാംക്ഷികള്‍ എന്നിവരുടെ തോളോട് തോള്‍ ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് 'LET'S BREAK IT TOGETHER' ഷോയുടെ വിജയ രഹസ്യം. ലൈവ് ഷോയുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്കാവശ്യമായ സാങ്കേതിക സഹായങ്ങള്‍ നല്‍കിയത് റെക്‌സ് ബാന്‍ഡിലെ റെക്‌സ് ജോസും ജെ.ജെ.ഓഡിയോസിലെ ജോജോ തോമസുമാണ്.

'LET'S BREAK IT TOGETHER' ഷോയുടെ വിജയത്തിന് കാരണക്കാരായ കൌമാര പ്രതിഭകളേയും അവരെ അതിനായി ഒരുക്കിയ മാതാപിതാക്കളേയും ഗുരുക്കന്‍മാരേയും സംഘാടക സമിതി പ്രത്യേകം അഭിനന്ദിച്ചു. ഷോയുടെ ആരംഭം മുതല്‍ സമാപന ദിവസം വരെ ലൈവ് കണ്ടും ഷെയര്‍ ചെയ്തും പ്രോത്സാഹനകരമായ കമന്റുകള്‍ അയച്ചും പരിപാടിയോടൊപ്പം ചേര്‍ന്ന് നിന്ന ലോകമെന്പാടും നിന്നുള്ള സംഗീതാസ്വാദകര്‍ക്ക് യുക്മ, യുക്മ സാംസ്‌കാരിക വേദി നേതൃത്വവും സ്‌നേഹ പൂര്‍വം നന്ദി അറിയിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക