Image

പ്രളയം (കവിത: സദൻ തോപ്പിൽ)

Published on 05 September, 2020
പ്രളയം (കവിത: സദൻ തോപ്പിൽ)
ഇലനിഴലുകൾ മൂടി കാഴ്ച്ച വറ്റിയ അകം
മൗനം പ്രകമ്പനം കൊള്ളുന്ന ഒരു മുഖം
കയറും പാളയും നഷ്ടപ്പെട്ടവന്റെ നിഴൽമുഖം!

വിശപ്പും ദാഹവും വടം വലിയ്ക്കുമ്പോൾ
മുഖമില്ലാത്ത ജഡം അവശത മറന്ന്
വീണ്ടും യാത്ര തുടരും.

അബിംബിതചിത്രങ്ങളെയെല്ലാം
ഒരു പുഴയിൽ സ്മൃതികളായി ഒഴുക്കും,
മുഖം കഴുകും.
വിശപ്പും ദാഹവും ഉപേക്ഷിക്കും.

കൈ വിട്ട് ആഴങ്ങളിലേയ്ക്ക് പതിച്ചവയെല്ലാം
ഒരിക്കൽ മുങ്ങിപ്പൊങ്ങുമെന്നുള്ള ആശയാണ്
ഈ കവിതക്ക് ജലരാശിയോടുളള ആസക്‌തി.

വീണ്ടെടുപ്പിന്റെ  ആവേഗങ്ങൾക്ക് കുതിപ്പുണ്ട്.
ഈ ജലമാത്രകളിൽ ജീവന്റെ തുടിപ്പുകളുണ്ട്.
ഇടം-വലം പ്രളയപരാജയങ്ങളുടെ വായ്ത്താരിയുണ്ട്.
ചളിയുണങ്ങിയ ചിത്തത്തിലും
ഉറവയുണരാത്ത ഹൃത്തിലും
ചില്ലു പോലുറഞ്ഞുപോയ
തെളിനീരിന്റെ സ്പന്ദനമുണ്ട്.

ഇരുൾ പടരുന്ന സന്ധ്യയിൽ
ശീതക്കാറ്റിന് ശക്തിയേറി വരുന്നു
മെഴുകുറഞ്ഞ ഘനമേഘങ്ങളിൽ
അങ്ങിങ്ങ് മിന്നൽപിണരുകളുടെ
തിരിവെട്ടം തെളിയുന്നു.
കാത്തുവയ്ച്ച സ്വപ്നങ്ങളിലേയ്ക്ക് മാത്രം
ഇടിമുഴങ്ങുന്നതും കാതോർത്ത്,
കണ്ണിമചിമ്മാതെ ഇരുകരകളിൽ നിന്ന്
ഉറ്റുനോക്കിയിരിക്കുന്നു ഇരജീവിതങ്ങൾ !

നുരച്ചു നുരച്ചുവന്ന പുഴ കാലിൽ തഴുകുമ്പോൾ
പ്രണയത്തിന്റെ തണുപ്പില്ല.പാമ്പിന്റെ വഴുവഴുപ്പ്.
ഫണം ചീറ്റുന്നു,കുളിരേകുന്ന അലയൊലികളില്ല.
കടവുകളിൽ ആളിപ്പടരുന്നത് വിശപ്പിന്റെ തീ...
മഞ്ഞുതുള്ളികൾ പോലെ മഴ പൊഴിയുമ്പോഴും
കരളിൽ വരണ്ടുണങ്ങിയ മണൽകാറ്റേൽക്കുന്നു
മുറിവുകളിൽ മീൻ ചുണ്ടുരുമ്മുന്ന വേദനയോടെ
അകലെയൊരു മത്സ്യകന്യകയുടെ ചെകിളപൂക്കളിൽ  അറബിക്കടലിരമ്പുന്നു.

സഹ്യന്റെ പച്ചപ്പുൽമേടുകളിലേയ്ക്ക്
തല ചായ്ച്ച് ശയ്യാവലംബിയായി
പടിഞ്ഞാറിന്റെ അലകടലോളം പാദങ്ങൾ നീട്ടി
നീരൊഴിക്കിന്റെ കേശചാരുതയെ
വിടർത്തിയഴിച്ചിട്ട് ശപഥവിചാരം
പൂണ്ട് വിറതുള്ളുന്ന നിളയെന്ന ദുഖ:പുത്രീ...
തീരങ്ങളിൽ നിന്റെയൊഴുക്കിനെന്നും ഉഗ്രരൂപം.
ഈ നാട്ട്യം തന്നെ നാടിന്ന് പ്രളയം !

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക