Image

എഴുതാപ്പെടാത്ത കനലിടങ്ങൾ ( കവിത: സിനി തോമസ്)

Published on 08 September, 2020
എഴുതാപ്പെടാത്ത കനലിടങ്ങൾ ( കവിത: സിനി തോമസ്)
നഗര തിരക്കിൽ അലിയുന്ന
തെരുവിന്റെ ഒരു കോണിൽ
നിരയൊത്ത വീടുകൾ..
ചുമരുകൾ ചേരുന്ന
മൂലകളിൽ മുറികൾ
ഒരുക്കി തീർക്കുന്ന
ഒറ്റമുറി വീടുകൾ..
 വെട്ടിതിളക്കുന്ന അരികലം 
ഒതുക്കിവച്ചൊരു അടുപ്പ്
അടുക്കളയാക്കി മാറ്റും
തുണി മറയിട്ട ജനാലക്ക്
അരികിലായി
 പായ് വിരിച്ചൊരുക്കി
അത്താഴ മുറിയൊരുക്കും
ചായം അടർന്നിളകിയ
ഭിത്തിയുടെ ഓരത്തായി
കീറിയ പുതപ്പുകൾ കൂട്ടി തുന്നി
കിടപ്പുമുറിയാക്കി വയ്ക്കും
ക്ലാവു പിടിച്ച സ്വപ്നങ്ങളെ
തുടച്ചു മിനുക്കി
തണുത്ത തറയിൽ ഉറങ്ങാൻ കിടക്കുമ്പോഴും
ചിലരങ്ങനെയാണ്
ഓട്ടപ്പാച്ചിലിനിടയിലും
ജയിക്കാനുള്ള കണക്കുകൾ
എഴുതി സൂക്ഷിക്കാത്തവർ
ഇഴഞ്ഞു നീങ്ങുന്ന
നാഴികമണിക്കൊപ്പം
കൂട്ടിയും കിഴിച്ചും
എഴുതാപ്പെടാത്ത
കനലിടങ്ങളിലിരുന്ന്
ജയിച്ചവന്റെ പാട്ടുകൾ
പാടിയിരിക്കുന്നവർ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക