Image

ഓണവും കൊറോണയും ചില പെണ്‍കുട്ടികളും (ജെംന ചെരിപുറം)

Published on 12 September, 2020
ഓണവും കൊറോണയും ചില പെണ്‍കുട്ടികളും (ജെംന ചെരിപുറം)
ഇത്തവണ കൊറോണ മലയാളിയുടെ ഓണാഘോഷത്തിനിട്ട് നല്ലൊരു പണിയാണ് തന്നത്. 'ഇരുന്നിടത്ത് ഇരുന്നോണം' എന്നൊരു കല്പനയും തന്നു. എന്നാൽ, കളി നമ്മളോടോ? അതൊന്ന് കണ്ടിട്ട് തന്നെ കാര്യം എന്ന് തീരുമാനിച്ച ഒരുകൂട്ടം പെണ്കുട്ടികളുടെ നിശ്ചയദാർഢ്യത്തിന്റെ കഥ പറയാം.

ലോകമൊട്ടാകെ പരന്നുകിടക്കുന്ന ഞങ്ങൾ, കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനീയറിങ് '93 ബാച്ച് പെണ്കുട്ടികൾ, ഒരുമിച്ചു ചേർന്നൊരു ഓണം കൂടാം എന്ന തീരുമാനത്തിൽ എത്തി. പിന്നെ കാര്യങ്ങൾ ഛടപടാ ഛടപടാന്നായിരുന്നു. ഓണത്തിന് പൂക്കളം വേണം ഊഞ്ഞാല് വേണം സദ്യ വേണം, അതും സ്വന്തം വീട്ടിലുണ്ടായ പച്ചക്കറി കൊണ്ട് തന്നെ വേണം.

സദ്യയ്ക്കുള്ള ഇലയിൽ സ്ഥലം കിട്ടറില്ലാത്ത ഹതഭാഗ്യനായ പാവയ്ക്കായ്ക്ക് ഇത്തവണ ലോട്ടറി. ഒന്റാറിയോയിൽ നിന്നും മേഴ്‌സിയുടെ മുറ്റത്തെ പന്തലിൽ കായ്ചുനിന്ന പാവയ്ക്കകൾക്കൊപ്പം പൊതുവെ പന്തിഭോജനത്തിൽ ഇടംകിട്ടാറില്ലാത്ത ചീരയെയും കാലിഫോർണിയയിൽ നിന്നു പ്രീതയും കൊടുത്തുവിട്ടു. നാട്ടിൽ പച്ചക്കറികൾക്ക് എത്ര ക്ഷാമം വന്നാലും ഞങ്ങളുടെ രജനിയുടെ ന്യൂ കരോലിനയിലെ പച്ചക്കറിത്തോട്ടത്തിൽ അച്ചിങ്ങ, നേന്ത്രക്കായ മുതൽ പടവലം, കുമ്പളം, മത്തൻ, മുരിങ്ങ, തക്കാളി, വെണ്ട, ചേമ്പ്, ചുരയ്ക്ക എന്നുവേണ്ട എന്തും കിട്ടും. അവിടുന്നു പോന്ന കായ്കറിക്കുട്ടയിൽ ടെക്സസിൽ നിന്ന് ബാലയും കയറ്റിവിട്ടു മുളകും വേപ്പില മല്ലിയിലയും.

പൂവട്ടി നിറയ്ക്കാൻ മെൽബണിൽ നിന്നു ജെംനയും ബ്രിസ്ബനിൽ നിന്നു റിറ്റിയും അയച്ച പൂക്കളോടൊപ്പം ടൊറന്റോയിൽ നിന്നും ജയയും സുരേഖയും കൊച്ചു ജൊഹാനും പൂക്കൾ നീട്ടിയെറിഞ്ഞു. ജോർജിയയുടെ നീലാകാശവും തെളിവെയിലും കൂടി അന്ന ഓണ പൂക്കൂടയിൽ നിറച്ചയച്ചു.

ഷീജയുടെ കളമശ്ശേരിയിലെ വീട്ടിൽ നിന്നായിരുന്നു പിച്ചിപ്പൂക്കൾ വന്നത്. തുമ്പയും തെച്ചിയും മുക്കുറ്റിയും മഞ്ജുളയുടെ കടുങ്ങല്ലൂരെ തറവാട്ടുമുറ്റത്തു നിന്നും എത്തിയപ്പോൾ കൃഷ്ണകിരീടം രാജിയോടൊപ്പം തൃപ്പൂണിത്തുറനിന്നും മിനിയോടൊപ്പം കോട്ടയത്തുനിന്നും വന്നു. ചെമ്പരുത്തികൾ തിരുവാങ്കുളത്തു നിന്ന് മിനിയും തൃപ്പൂണിത്തുറ നിന്നു വിജയലക്ഷ്മിയും കക്കനാട്ടുനിന്നു പ്രിയയും കൈമാറിയെത്തിച്ചു. സഹിതയും മായയും കവിതയും ജിഷയും ജയശ്രീയും ഓണാശംസകളുമായി എത്തി.

ചോറ്റാനിക്കര നിന്ന് മഞ്ജുളയുടെയും കാർത്തികയുടെയും കയ്യിൽ നിന്നും ചെത്തിയും ജമന്തിയും കൊണ്ടുവന്ന പൂത്താലത്തിൽ കടവന്ത്ര വച്ച് ഷാലിയും ചേർത്തുവച്ചത് കുന്നോളം ചെത്തിപ്പൂക്കൾ തന്നെ. പ്രീതയും ആദിത്യയും കോട്ടയത്തുനിന്ന് പറിച്ചെത്തിച്ചത് കൈക്കുടന്നനിറയെ ശ്വേതപുഷ്പങ്ങൾ. ചെത്തിയും ജമന്തിയും സമൃദ്ധമായത് തിരുവനന്തപുരത്തു നിന്ന് ജാൻസിയും ലേഖയും ശ്രേയയും പിന്നെ കളമശ്ശേരിയിൽ നിന്നു നിസയും മെഹ്‌റിനും കലൂർ നിന്നും സുമവും ചേർത്തപ്പോഴാണ്.

ദുർഗാപ്പൂർ നിന്നു രാഖിയുടെ പൂവിളിയോടൊപ്പം താമരപൂക്കളും ചേർന്നാണ് ഭിലായിൽ മഞ്ജുവിന്റെയും ബാംഗ്ലൂരിൽ ബിന്ദുവിന്റെയും കോളാമ്പിപ്പൂക്കൾക്ക് കമ്പനി കൊടുത്ത് നാട്ടിലേക്ക് പുറപ്പെട്ടത്. ബാംഗ്ലൂർ നിന്നു ജീവയും ജൂബിയും കൊടുത്തു വീണ്ടുമൊരു കുമ്പിൾ നിറയെ ജമന്തിയും കോളമ്പിപ്പൂക്കളും. സിംഗപ്പൂരിൽ നിന്ന് സിനിയുടെ മോഹിനിവേഷം ചൊരിഞ്ഞത് ഇരുകൈ നിറയെ മുല്ലപ്പൂക്കളും.

ബെറ്റിയുടെ കാലടിയിലെ മുറ്റത്ത് കെട്ടിയ ഊഞ്ഞാലിൽ ഞങ്ങൾ ആയത്തിൽ ആടി ആകാശം തൊട്ടു. ഡാലസിൽ നിന്നു ജയശ്രീ കൊളുത്തിയ നിലവിളക്ക് ദേവിക ദുബായിലൂടെ കൈമാറിയെത്തിച്ച കൂടെ ടെക്സസിൽ നിന്ന് എബി കൊടുത്തുവിട്ടതും പൂക്കൂട നിറയ്ക്കാൻ ചെമ്പരുത്തികൾ. തൃക്കാക്കരയപ്പനെ അണിയിച്ചിറക്കിയത് മാളയിൽ നിന്നു ജീഷയാണ്. മാള നിന്നും പുറപ്പെട്ട്, ഇരിങ്ങാലക്കുട വഴി കളമശ്ശേരിയിൽ ഷീജയുടെ വീട്ടിൽ വിശ്രമിച്ച ശേഷമാണ് ഓണത്തപ്പൻ പാലാരിവട്ടത്ത് ലീനയുടെയും ദേവാംഗനയുടെയും കയ്യിലെത്തിയത്.

ഉത്രാടപ്പുലരിയിൽ ലീനയുടെ ഓഫീസിൽ വന്നെത്തിയ പൂക്കൂടകളിൽ നിന്നും പൂക്കളം തീർക്കാൻ രാജിയും മിനിയും പ്രിയയും ചേർന്നു. അങ്ങനെ ഞങ്ങളുടെ ആഗോള പ്രസ്ഥാനത്തിൽ നിന്നും ഈ കോറോണക്കാലത്തും ഐശ്വര്യസമൃദ്ധിയുടെ പ്രതീകമായ വര്ണവിസ്മയം ആയി പൂക്കളം വിരിഞ്ഞു.

ഇങ്ങനെ വിസ്തരിച്ച് പറഞ്ഞപ്പോൾ എളുപ്പം കഴിഞ്ഞു. എന്നാൽ അതിന്റെ പിന്നിലെയും പിന്നാലെ നടന്നതുമായ കഥകൾ കൂടി അറിഞ്ഞാലേ ഈ അധ്യായം പൂർണ്ണമാകൂ.

കൊറോണ കാരണം വരണ്ടുണങ്ങിയും വിളറിവെറുങ്ങലിച്ചും പോയേക്കാവുന്ന ഒരോണക്കാലത്തെ മുന്നിൽ കണ്ടിരിക്കുമ്പോഴാണ് ആരോ മുന്നോട്ടുവച്ചു നമുക്കൊരു വീഡിയോ ചെയ്യാം, എല്ലാവരും ചേർന്ന് ഓണം ആഘോഷിക്കാൻ വേണ്ടിയെന്ന്. ആശയങ്ങൾ വീണുകിട്ടാത്ത താമസമേയുള്ളൂ ആഘോഷ കമ്മിറ്റി ഉണർന്നു. പൊതുവായ ഇമെയിൽ ഉണ്ടായി, ഫയൽ ഷെയർ ചെയ്യാൻ ഡ്രൈവ് ഉണ്ടായി. ആദ്യം ടീസർ ഇട്ടു. പിന്നാലെ വീഡിയോകൾ ചറപറാന്ന് വന്നു തുടങ്ങി. ചിലോൽത് ആദ്യടേക്കിൽ ശരിയായി ചിലോൽത് രണ്ടും മൂന്നും ടേക്കിലാണ് ശരിയായത്. അതൊന്നും ഒരു കൊയപ്പോമില്ല.

ഓരോ വീഡിയോയും വന്നുകൊണ്ടിരുന്നപ്പോൾ ഗ്രൂപ്പിൽ ഉണ്ടായ ആവേശ തിരയേറ്റം പഴയ ലേഡീസ് ഹോസ്റ്റൽ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു. ആർട്‌സ് ഫെസ്റ്റിവലും ഹോസ്റ്റൽ ഡേയും എന്നല്ല, സീരീസ് ടെസ്റ്റ് കാലവും പോലെ ഗ്രൂപ്പ് ലൈവാക്കി നിർത്തി. ഇരുപത്തിനാലു മണിക്കൂറും ഉണർന്നിരിക്കാൻ ഏതെങ്കിലും ടൈം സോണിൽ നിന്നും ആളുകൾ ഉണ്ടാവുമ്പോൾ ജോലിക്കിടയിലും ഗ്രൂപ്പ് ചർച്ചകളുടെ ആവേഗത്തിനൊപ്പം പിടിച്ചുനിൽക്കാൻ ഏറെ പണിപ്പെടേണ്ടി വന്നു.

വീഡിയോകൾ മുക്കാലും വന്നെത്തിയപ്പോൾ തുന്നിക്കൂട്ടാൻ, എഡിറ്റിംഗ് എന്നും പറയാം, ഗ്രൂപ്പിൽ ഒരാളുടെ നാത്തൂനായ പ്രിയ ചെരിപുറത്തിനെ കൂട്ടുപിടിച്ചു (ഓരോരോ പോര് വരുന്ന വഴികളേ). ഉഷാറുള്ള ഓരോണപ്പാട്ടിന്റെ താളത്തിലേക്ക് ഓരോരുത്തരെയായി പ്രിയ നിരതിനിർത്തി. ഇടയ്ക്ക് ചിലർ പുതിയ വീഡിയോ കൊണ്ടുവന്ന് പഴയതിനെ ഇറക്കിമാറ്റിച്ചു, ചിലർ പുതിയ കോസ്റ്റ്യും ഇട്ട വീഡിയോയുമായി വന്നു, ചിലർ ലൊക്കേഷൻ മാറ്റി പുതിയ ടേക്കുമായി വന്നു: ഇതാണ് പറഞ്ഞത് എഡിറ്റർ നാത്തൂന് പണികൊടുത്തതാണെന്ന്.

ഇത്രയൊക്കെയായപ്പോഴാണ്, ഏതാണ്ട് വിശാഖം ആയപ്പോഴേക്കും ചില ബോധോദയങ്ങൾ വന്നത്. ഈ വീഡിയോ ഫയൽ സൈസ് വലുതായത് കൊണ്ട് വാട്സാപ്പ് വഴി പങ്കുവച്ചു കാണാൻ പറ്റില്ലല്ലോ എന്നു. പരിഹാരവും ഉടൻ വന്നു: യൂട്യൂബ് ചാനൽ ആയി തുടങ്ങാം. പിന്നെ ആശയങ്ങളുടെ പ്രവാഹമായി. ഒരുവഴിക്ക്‌ ഓണം വീഡിയോ പ്രൊഡക്ഷൻ നടക്കുമ്പോൾ പുതിയ പദ്ധതികളുടെ ചർച്ചകൾ വേറൊരു വഴിക്ക് പുരോഗമിക്കുന്നു. എങ്ങുനിന്നെന്നറിഞ്ഞില്ല, അപ്പോഴേയ്ക്കും എഡിറ്റോറിയൽ ബോർഡ് വന്നു വീണു, ഒരാൾ സാഹിത്യത്തിൽ മാധവിക്കുട്ടിയുടെ തൊട്ടടുത്തു നിൽക്കുന്ന  പ്രതിരോധ വകുപ്പുകാരി മഞ്ജുള, മറ്റത് പബ്ലിക് വർക്‌സ് ഡിപാർട്മെന്റിൽ കാര്യങ്ങൾ നടപടിയാക്കുന്നതിൽ കണിശതയ്ക്ക് പേരുകേട്ട ബിന്ദു, പിന്നെ സമവായ സിദ്ധാന്തത്തിന്റെ ആൾരൂപവും ഇലക്ട്രിസിറ്റി ബോര്ഡിന്റെ മുതൽകൂട്ടുമായ ലേഖ.

ചാനലിന് ലോഗോ വേണ്ടേ? ഉടൻ വന്നു രണ്ട് വ്യത്യസ്തമായ ലോഗോ സാമ്പിളുകൾ, താത്കാലിക ആവശ്യത്തിന്. കസ്റ്റമൈസ്ഡ് ഡിസൈനർ ലോഗോ നമ്മുടെ എഡിറ്റർ പ്രിയയിലെ കലാകാരിയുടെ വക പാരലൽ പ്രൊഡക്ഷനിൽ നടക്കുന്നു. വളരെ സിമ്പിളും പവർഫുളുമായ ഒരു വട്ടം ലോഗോയും നീളം ലോഗോയും ഇട്ടു അഭിപ്രായങ്ങൾ പറഞ്ഞു ഞങ്ങൾ ഒരു രാത്രികാലം മുഴുവൻ ചിരിച്ചു. അവസാനം നീളൻ ലോഗോയിലെ പ്രസരിപ്പുള്ള ചുള്ളത്തികൾക്ക് പച്ചക്കൊടി കിട്ടി.

ഇതിനിടയിൽ ചാനൽ ഉൽഘാടനവും ഓണം വീഡിയോ റീലീസും ഔദ്യോഗിക പരിപാടിയായി നടത്തേണ്ടേ, എന്നാലല്ലേ സംഗതികൾക്ക് ഒരു ഗുമ്മുണ്ടാവൂ എന്ന ചിന്ത വന്നത്. ഉടനെ ലേഖ ഒരു സൂം മീറ്റിംഗ് സംഘടിപ്പിച്ചു, ഉത്രാടസന്ധ്യയ്ക്ക് അഞ്ചു മണിക്ക് സൂമിൽ സംഭവം സഹൃദയസമക്ഷം കാഴ്ചവയ്ക്കാൻ. ഇത്രയൊക്കെ ആയപ്പോഴേക്കും ഒരാളുടെ കൊച്ചു നാത്തൂനായി വന്ന പ്രിയ എല്ലാവരുടെയും പ്രിയനാത്തൂനായി കഴിഞ്ഞിരുന്നു. അങ്ങനെ പ്രിയയെ എല്ലാവരും കൂടിയങ്ങു ദത്തെടുത്ത് ഈ സ്വപ്നപദ്ധതിയുടെ ഉൽഘാടകയായി വാഴിച്ചു.

നാട്ടിലെ ഉത്രാടസന്ധ്യയിൽ അമേരിക്കയുടെ പടിഞ്ഞാറൻ തീരത്തുള്ളവരുടെ അതിപുലർകാലവും ഓസ്ട്രേലിയയുടെ കിഴക്കൻ തീരക്കാർക്കു നല്ല രാത്രിയുമാണ്. ഇതിനൊന്നും തകർക്കാനാവാത്ത ആവേശമല്ലേ കൈമുതൽ. അങ്ങനെ 2020 ആഗസ്റ്റ് 30ന്റെ നിറഞ്ഞ സന്ധ്യയ്ക്ക് ഞങ്ങളുടെ യൂട്യൂബ് ചാനൽ ഉൽഘാടനം ചെയ്യപ്പെട്ടു, ഓണം വീഡിയോ റീലീസും ചെയ്തു.

തിരുവോണ സദ്യ ഉണ്ട് എണീറ്റ് കഴിഞ്ഞപ്പോഴെക്കും ഞങ്ങളുടെ വീഡിയോ 1000 വ്യൂ ഹിറ്റ് ചെയ്തിരുന്നു. ഒരാഴ്ചകൊണ്ട് രണ്ടായിരത്തിഅഞ്ഞൂറും മുട്ടിച്ചു.

ഇതാ ഞങ്ങളുടെ വീഡിയോ. കാണൂ, അഭിപ്രായങ്ങൾ പറയൂ.

https://youtu.be/FUaI7u33uKY

ഇനിപറയൂ, നാൽപ്പത്തെട്ടിന്റെ നടുമുറ്റത്തൂടെ അലസഗമനം നടത്തുന്ന ഞങ്ങൾ പെണ്കുട്ടികളെന്നു സ്വയം വിളിക്കുന്നതിൽ ഇനിയാർക്കും എതിർപ്പ് ഉണ്ടാവില്ലല്ലോ. Mace'93girls എന്ന കിടിലൻ യൂട്യൂബ് ചാനലും പ്രസരിപ്പ് തുളുമ്പുന്ന ഡിസൈനർ ലോഗോയും ഉള്ള ഞങ്ങളെ ഒതുക്കാൻ കൊറോണ കുറെ ഓണം കൂടി ഉണ്ടേ പറ്റൂ. 
ഓണവും കൊറോണയും ചില പെണ്‍കുട്ടികളും (ജെംന ചെരിപുറം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക