Image

ഉമ്മന്‍ ചാണ്ടി കൈയ്യൊപ്പ് ചാര്‍ത്തിയ നിയമസഭയിലെ 50 സംവല്‍സരങ്ങള്‍ (ജെയിംസ് കൂടല്‍)

Published on 14 September, 2020
ഉമ്മന്‍ ചാണ്ടി കൈയ്യൊപ്പ് ചാര്‍ത്തിയ നിയമസഭയിലെ 50 സംവല്‍സരങ്ങള്‍ (ജെയിംസ് കൂടല്‍)
പുതുപ്പള്ളിയുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ് കേരള നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തീകരിച്ചപ്പോള്‍ അത് അസുലഭ നേട്ടമായി കോണ്‍ഗ്രസ് ആഘോഷിക്കുകയാണ്. വ്യക്തി ജീവിതത്തിലെ ഇഷ്ടങ്ങള്‍ നൂറു ശതമാനം തന്റെ പൊതു പ്രവര്‍ത്തനത്തിനായി ഉഴിഞ്ഞുവച്ച ഉമ്മന്‍ ചാണ്ടിക്ക് തുല്യം ഉമ്മന്‍ ചാണ്ടി മാത്രം. 1970 പുതുപ്പള്ളി മണ്ഡലത്തില്‍ നിന്ന് തുടങ്ങിയ ജൈത്രയാത്ര തുടര്‍ച്ചയായ 11 തിരഞ്ഞെടുപ്പ് വിജയങ്ങളുമായി തുടരുന്നു.

പുതുപ്പള്ളി ഉമ്മന്‍ ചാണ്ടിയുടെ സ്വന്തമാണ്. അല്ല, പുതുപ്പള്ളിയുടെ ചങ്കാണ് ഉമ്മന്‍ ചാണ്ടി. അത്രമാത്രം അദ്ദേഹത്തിന്റെ ജീവിതം പുതുപ്പള്ളിയെന്ന കൊച്ചു ഗ്രാമവുമായി താദാമ്യം പ്രാപിച്ച് കിടക്കുന്നു. പുതുപ്പള്ളിയുടെ ഓരോ മണല്‍ത്തരിയും അദ്ദേഹത്തിന്റെ പാദസ്പര്‍ശമേറ്റിട്ടുണ്ട് എന്ന് പറഞ്ഞാല്‍ അതൊരിക്കലും അതിശയോക്തിയാവില്ല. അതുകൊണ്ടാണ് തിരുവനന്തപുരത്ത് ജഗതിയിലുള്ള സ്വന്തം വീടിന് അദ്ദേഹം 'പുതുപ്പള്ളി ഹൗസ്' എന്ന് പേരിട്ടിരിക്കുന്നത്.

ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ ഈ വേളയില്‍ ഇത്തരത്തിലൊരു നേട്ടം കൈവരിച്ച ഒരാളും കോണ്‍ഗ്രസിന്റെ ദേശീയതലത്തില്‍ പോലും ഇല്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ''ഞാനൊരിക്കലും പ്രതിഛായയുടെ പിന്നാലെ പോകുന്നയാളല്ല. എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങളാണ് ചെയ്യുന്നത്. മറ്റാരുമായും ഞാനെന്നെ താരതമ്യം ചെയ്യാറില്ല...'' എന്ന് ഉമ്മന്‍ ചാണ്ടി എളിമയോടെ പറയുമ്പോള്‍ ആ ശരികളാണ് അദ്ദേഹത്തെ കേരള രാഷ്ട്രീയത്തിന്റെയും കോണ്‍ഗ്രസിന്റെയും അപൂര്‍വ്വ സിംഹാസനങ്ങളില്‍ പ്രതിഷ്ഠിച്ചത്.

''ഉമ്മന്‍ ചാണ്ടിയെന്നു പറഞ്ഞിട്ട് ഒറ്റയാളേയുള്ളു...'' പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റ് എന്ന സിനിമയിലെ മമ്മൂട്ടിയുടെ ഈ ഡയലോഗ് സത്യമാണെന്ന് വിശ്വസിച്ചേ മതിയാവൂ. കാരണം ലോകത്ത് മറ്റൊരാള്‍ക്ക് ഈ പേരുണ്ടാവുമെന്നു തോന്നുന്നില്ല. പേരില്‍ അപരനില്ലാത്ത അപൂര്‍വം രാഷ്ട്രീയക്കാരിലൊരാളാണ് ഉമ്മന്‍ ചാണ്ടി. തിരഞ്ഞെടുപ്പ് വരുമ്പോള്‍ പ്രധാന സ്ഥാനാര്‍ത്ഥികളുടെ അപരന്മാര്‍ ദുഷ്ടലാക്കോടെ ഗോദയില്‍ ഇറങ്ങാറുണ്ട്. എന്നാല്‍ കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടെ ഉമ്മന്‍ ചാണ്ടി എന്നു പേരുള്ള ഒരു അപരനെ പുതുപ്പള്ളിയില്‍ കൊണ്ടുവന്ന് മത്സരിപ്പിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല.

കേരള രാഷ്ട്രീയത്തില്‍ ഇത്രയും തിരക്കുള്ള ഒരു നേതാവ് ഉണ്ടെന്നു തോന്നുന്നില്ല. ഒരു സെക്കന്റില്‍ ഒരു ഫയല്‍ എന്ന കണക്കില്‍ ഒരു മിനിറ്റില്‍ അറുപത് ഫയലുകളില്‍ ഉമ്മന്‍ ചാണ്ടി ഒപ്പിടുമെന്നാണ് പറയുന്നത്. അതില്‍ അതിശയോക്തി ഉണ്ടാവാനിടയില്ല. അദ്ദേഹത്തിന്റെ കയ്യൊപ്പുള്ള ജനസമ്പര്‍ക്ക പരിപാടി പ്രശസ്തമാണ്. മുഖ്യമന്ത്രിയായിരിക്കെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും മുഖ്യമന്ത്രി നേരിട്ടെത്തി ജനങ്ങളുടെ പ്രശ്നങ്ങള്‍ കേട്ടു. രാപകല്‍ ഭേദമെന്യെ ഊണും ഉറക്കവും ഉപേക്ഷിച്ച് ജനങ്ങളുടെ പരാതികളും പ്രശ്നങ്ങളും പരിഹരിക്കുന്ന ജനസമ്പര്‍ക്ക പരിപാടിക്ക് ബദലായി മറ്റൊരെണ്ണം കണ്ടെത്താന്‍ ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ എതിരാളികള്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഐക്യരാഷ്ട്ര സഭ ആഗോള തലത്തില്‍ പബ്ലിക് സര്‍വീസിനു നല്‍കുന്ന പുരസ്‌കാരം 2013ല്‍ മുഖ്യമന്ത്രിയായിരിക്കേ അദ്ദേഹത്തിന്റെ ഓഫീസിന് ലഭിച്ചു. ജനസമ്പര്‍ക്ക പരിപാടിക്കായിരുന്നു ആ പുരസ്‌കാരം.

തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലും കോട്ടയത്ത് പുതുപ്പള്ളിയിലെ കരോട്ട് വള്ളക്കാലില്‍ വീട്ടിലും ഉമ്മന്‍ ചാണ്ടി ഉള്ള ദിവസം പെരുന്നാള്‍ പോലെയാണ്. മുഖ്യമന്ത്രിയായിരുന്നപ്പോഴും അല്ലാത്തപ്പോഴും ഈ വീടുകളില്‍ വമ്പിച്ച ജനത്തിരക്കാണ്. എല്ലാവരെയും കണ്ട് അവരുടെ പ്രശ്നങ്ങള്‍ കേട്ടതിനു ശേഷം മാത്രമേ മറ്റ് തിരക്കുകളിലേക്ക് പോകൂ. എന്നാല്‍ ആഴ്ചയവസാനം പുതുപ്പള്ളിയിലെത്തുന്ന പതിവ് ആദ്യമായി തെറ്റി. അത് ഉമ്മന്‍ ചാണ്ടിയുടെ തെറ്റല്ല, കോവിഡ് ലോക്ക് ഡൗണ്‍ മൂലം സംഭവിച്ചതാണ്.

കൊറോണ വൈറസ് വ്യാപനം മൂലം കേരളത്തിലേക്ക് പോകാനാവാതെ വിവിധ വിദേശ രാജ്യങ്ങളിലും ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളിലും കുടുങ്ങിക്കിടക്കുന്നവരും രോഗം മൂലം ബുദ്ധിമുട്ടുന്നവരും ജോലി പോയവരുമൊക്കെ ഉമ്മന്‍ ചാണ്ടിയെ നിരന്തരം ഫോണില്‍ വിളിച്ചുകൊണ്ടിരുന്നു. കുഞ്ഞൂഞ്ഞിന്റെ മറുപടികള്‍ അവര്‍ക്കെല്ലാം സ്നേഹസാന്ത്വനമായി. പ്രവാസികളുടെയും മറുനാടന്‍ മലയാളികളുടെയും പ്രശ്നങ്ങളില്‍ വിശ്രമമില്ലാതെ ഉമ്മന്‍ ചാണ്ടി ഇടപെട്ടുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ശാരീരിക അകലത്തില്‍, സാമൂഹിക അടുപ്പത്തോടെ ജനങ്ങളുടെ ആവലാതികള്‍ കേള്‍ക്കുന്നു.

മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോഴും ഒരു തരത്തിലുമുള്ള പോലീസ് സെക്യൂരിറ്റിയും ഇല്ലാതെ പുതുപ്പള്ളിയുടെ ഉള്‍വഴികളിലൂടെ നാട്ടുകാരോടു കുശലം പറഞ്ഞു നടന്നുപോകുന്ന ഉമ്മന്‍ ചാണ്ടിയെ കാണാം. അത് അദ്ദേഹത്തിന്റെ ഒരു പതിവാണ്. അങ്ങനെ മാറ്റാന്‍ പറ്റാത്ത ചില കാര്യങ്ങള്‍ അദ്ദേഹത്തിനുണ്ട്. ''ഞാനൊരു ദൈവ വിശ്വാസിയാണ്. ശരി ചെയ്താല്‍ നമുക്കൊരു ദോഷവും വരില്ലെന്നും തെറ്റു ചെയ്താല്‍ ശിക്ഷ കിട്ടുമെന്നും വിശ്വസിക്കുന്ന ആളാണ്. മനഃസാക്ഷിയുടെ ബലത്തിലാണ് ഞാന്‍ പിടിച്ചു നില്‍ക്കുന്നത്...'' എന്നു പറയുന്ന ഉമ്മന്‍ ചാണ്ടിയുടെ പതിവുകള്‍ എന്താണെന്നു നോക്കാം.

എല്ലാ ദിവസവും പ്രാര്‍ത്ഥന നിര്‍ബന്ധമാണ്. അതിരാവിലെ എഴുന്നേറ്റ ശേഷം പ്രാര്‍ത്ഥിച്ചിട്ടേ ആ ദിവസത്തെ പ്രവൃത്തികള്‍ തുടങ്ങൂ. അതുപോലെ തന്നെ രാത്രിയില്‍ പ്രാര്‍ത്ഥിച്ചിട്ടേ കിടക്കൂ. എവിടെയും സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ട്. പുതുപ്പള്ളി പള്ളിയില്‍ എല്ലാ ഞായറാഴ്ചയിലും പ്രാര്‍ത്ഥനയില്‍ പങ്കെടുക്കും. കൈയിലുള്ള കുഞ്ഞു ഡയറിയില്‍ കാര്യങ്ങള്‍ എല്ലാം എഴുതിവയ്ക്കും. ബാഗില്‍ ബൈബിളും നിയമസഭയിലെ ബാഡ്ജും ഒരു കൈലിമുണ്ടും ഉണ്ടായിരിക്കും. മാസത്തിലൊരിക്കല്‍ പാമ്പാടി പൊത്തംപുറം ദയറയില്‍ വെളുപ്പിനെ അഞ്ചു മണിക്കുള്ള കുര്‍ബാന മുടക്കാറില്ല.

ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളിയിലെ ആദ്യ തിരഞ്ഞെടുപ്പ് 1970 സെപ്റ്റംബര്‍ 17-ാം തീയതിയായിരുന്നു. സി.പി.എം ലെ സിറ്റിങ്ങ് എം.എല്‍.എ ഇ.എം ജോര്‍ജിനെ 7288 വോട്ടുകള്‍ക്കാണ് കന്നിയങ്കത്തിലദ്ദേഹം തോല്‍പ്പിച്ചത്. തുടര്‍ന്ന് 1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011, 2016 വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായ വിജയം നേടി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ നേതാവ് ജെയ്ക്ക് സി തോമസിനെ 27,092 വോട്ടുകള്‍ക്ക് തറപറ്റിച്ച് ഉമ്മന്‍ ചാണ്ടി 11-ാമത്തെ വിജയവും സ്വന്തം പേരിലാക്കി.

എന്നാല്‍ ഉമ്മന്‍ ചാണ്ടി ജയിച്ചെങ്കിലും യു.ഡി.എഫിന് അധികാരം നിലനിര്‍ത്താനായില്ല. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് അദ്ദേഹം എല്ലാ ഭരണഘടനാ പദവികളില്‍ നിന്നും മാറിനിന്നു. തുടര്‍ന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എന്നീ പദവികളിലേക്ക് ഉയര്‍ത്തപ്പെട്ടു. ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഏകോദര സഹോദരങ്ങളെ പോലെയാണ്. ''ഊര്‍ജ്വസ്വലനായ സംഘാടകനാണ് ഉമ്മന്‍ ചാണ്ടി. പ്രാക്ടിക്കലായി കാര്യങ്ങള്‍ ചെയ്യാനറിയാവുന്ന നേതാവ്. പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ട്...'' തിരുവഞ്ചൂര്‍ സാക്ഷ്യപ്പെടുത്തുന്നു.

1977ല്‍ കെ കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലും തുടര്‍ന്ന് എ.കെ ആന്റണിയുടെ മന്ത്രിസഭയിലും തൊഴില്‍ വകുപ്പ് മന്ത്രിയായിരുന്നു ഉമ്മന്‍ ചാണ്ടി. തൊഴിലില്ലായ്മ വേതനം നടപ്പിലാക്കിയത് ഇദ്ദേഹത്തിന്റെ ഭരണ കാലത്താണ് എന്നത് പ്രത്യേകം ശ്രദ്ധേയം. 1981 ഡിസംബര്‍ മുതല്‍ 1982 മാര്‍ച്ച് വരെ കരുണാകരന്‍ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്നു. കെ.എസ്.യു.വിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയ ഉമ്മന്‍ ചാണ്ടി, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, യു.ഡി.എഫ്. കണ്‍വീനര്‍, ധനമന്ത്രി, ആഭ്യന്തര മന്ത്രി, തൊഴില്‍ വകുപ്പ് മന്ത്രി, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്, കെ.എസ്.യു പ്രസിഡന്റ്, കെ.എസ്.യു ജനറല്‍ സെക്രട്ടറി, കെ.എസ്.യു. കോട്ടയം ജില്ലാ സെക്രട്ടറി തുടങ്ങിയ പദവികളില്‍ പ്രതിഷ്ഠിതനായിട്ടുണ്ട്. നിലവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും ആന്ധ്രാപ്രദേശിന്റെ ചുമതല വഹിക്കുന്ന ജനറല്‍ സെക്രട്ടറി കൂടിയാണ്.

വിവാദങ്ങളുടെ തോഴാനായിരുന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്ന് പറയുന്നതില്‍ തെറ്റില്ല. പാര്‍ട്ടിക്ക് ഉള്ളിലുണ്ടാകുന്ന പ്രശനങ്ങളും. വ്യക്തികളെ കണ്ണടച്ച് വിശ്വസിക്കുന്നതും, സ്വന്തക്കാര്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായതുമാണ് ഉമ്മന്‍ചാണ്ടിക്ക് ദോഷമാകുന്നതെന്ന് പറയുന്നവരും ഉണ്ട്. ''നിയമം അതിന്റെ വഴിക്ക് വോകട്ടെ...'' എന്നത് ഉമ്മന്‍ ചാണ്ടിയുടെ ഡയലോഗാണ്.

പ്രസ് സെക്രട്ടറിയായിരുന്ന പി.ടി ചാക്കോ ഉമ്മന്‍ ചാണ്ടിയുടെ ജീവിതത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കി 'കുഞ്ഞൂഞ്ഞ് കഥകള്‍, അല്പം കാര്യങ്ങളും' എന്ന പുസ്തകമെഴുതിയിട്ടുണ്ട്. കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മന്‍, ചാണ്ടി ഉമ്മന്‍ എന്നിവര്‍ മക്കളാണ്.

''എതിര്‍ക്കുന്നവര്‍ എന്നെ ഭയക്കുന്നു. എനിക്ക് ജനങ്ങളുമായുള്ള ബന്ധത്തിന്റെ ആഴം അവര്‍ക്കറിയാം...'' അതേ, ജനങ്ങളാണ് ഉമ്മന്‍ ചാണ്ടിയുടെ കരുത്ത്. എതിര്‍ ചേരിയിലുള്ളവരും കുഞ്ഞൂഞ്ഞിന്റെ സുഹൃത് വലയത്തിലുണ്ട്. അതാണ് പുതുപ്പള്ളിയുടെ, കോണ്‍ഗ്രസിന്റെ ആ ജനപക്ഷ മുഖത്തിന്റെ ആകര്‍ഷണീയത...

ഐക്യ രാഷ്ട്രസഭ ഭരണമികവിന് ബഹറിനില്‍ വെച്ച് 2013 ജൂണ്‍ 27 ന് അവാര്‍ഡ് നല്‍കി ആദരിച്ചപ്പോള്‍ അ ചടങ്ങില്‍ ദൃക്സാക്ഷിയാകുവാന്‍ സാധിച്ചു വെന്നുള്ളത് ഈ അവസരത്തില്‍ നന്ദിയോടെ ഓര്‍ക്കുന്നു . ഏതൊരു ഇന്ത്യക്കാരന്റെയും പ്രത്യേകിച്ച് മലയാളിയുടെയും അഭിമാനം വാനോളം ഉയര്‍ന്ന നിമിഷും ആയിരുന്നു അത് .കഴിഞ്ഞ 35 വര്ഷം ഉമ്മന്‍ ചാണ്ടിയെന്ന അത്ഭുത പ്രതിഭാസത്തെ അടുത്തു നിന്ന് മനസിലാക്കുവാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട് . ഉമ്മന്‍ ചാണ്ടിയുടെ തണലില്‍ പൊതു പ്രവര്‍ത്തനത്തിന്റെ ബാലപാഠം കുറിക്കുവാന്‍ കഴിഞ്ഞിട്ടുള്ള ആയിരങ്ങളില്‍ ഒരുവന്‍ ആകുവാന്‍ കഴിഞ്ഞു വെന്നുള്ളതും ഈ തരണത്തില്‍ നന്ദിയോടെ ഓര്‍ക്കുന്നു .

നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടി സാറിന് ഹൃദയം നിറഞ്ഞ ആശംസകള്‍...അങ്ങയുടെ സേവനം നിര്‍ബാധം തുടരാന്‍ മേല്‍ക്കുമേല്‍ ഈശ്വര കടാക്ഷമുണ്ടാവട്ടെ...

ഉമ്മന്‍ ചാണ്ടി കൈയ്യൊപ്പ് ചാര്‍ത്തിയ നിയമസഭയിലെ 50 സംവല്‍സരങ്ങള്‍ (ജെയിംസ് കൂടല്‍)ഉമ്മന്‍ ചാണ്ടി കൈയ്യൊപ്പ് ചാര്‍ത്തിയ നിയമസഭയിലെ 50 സംവല്‍സരങ്ങള്‍ (ജെയിംസ് കൂടല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക