Image

ഓക്‌സ്ഫഡ് വാക്‌സിന്‍: ഇന്ത്യയില്‍ പരീക്ഷണം പുനരാരംഭിക്കാന്‍ അനുമതി

Published on 16 September, 2020
ഓക്‌സ്ഫഡ് വാക്‌സിന്‍: ഇന്ത്യയില്‍ പരീക്ഷണം പുനരാരംഭിക്കാന്‍ അനുമതി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഓക്‌സ്ഫഡ് കോവിഡ് വാക്‌സീന്‍ പരീക്ഷണം പുനരാരംഭിക്കാന്‍ അനുമതി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലാണ് പുണെ സീറം ഇന്‍സ്റ്റിറ്റിയൂട്ടിന് അനുമതി നല്‍കിയത്.  മനുഷ്യപരീക്ഷണത്തിനായി ആളുകളെ തിരഞ്ഞെടുക്കുന്നത് നിര്‍ത്തിവച്ചുള്ള ഉത്തരവും ഡിസിജിഐ റദ്ദാക്കി. ബ്രിട്ടനില്‍ വാക്‌സീന്‍ കുത്തിവച്ച ഒരാളില്‍ വിപരീതഫലം കണ്ടതിനെ തുടര്‍ന്ന് അസ്ട്രാസെനക കമ്പനി പരീക്ഷണം നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡിസിജിഐയുടെ നിര്‍ദേശ പ്രകാരം സീറം ഇന്‍സ്റ്റിറ്റിയൂട്ട് ഇന്ത്യയിലെ പരീക്ഷണവും നിര്‍ത്തിവച്ചത്..

വാക്‌സീന്‍ പരീക്ഷണം സുരക്ഷിതമാണെന്ന യുകെയിലെ മെഡിക്കല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി (എംഎച്ച്ആര്‍എ)യുടെ അനുമതി ലഭിച്ചതോടെ അസ്ട്രാസെനക  വാക്‌സീന്റെ (അദഉ1222) ക്ലിനിക്കല്‍ ട്രയല്‍ കഴിഞ്ഞ ദിവസം പുനരാരംഭിച്ചിരുന്നു. വാക്‌സീന്‍ പരീക്ഷണം സുരക്ഷിതമാണെന്ന യുകെയിലെ മെഡിക്കല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി (എംഎച്ച്ആര്‍എ)യുടെ അനുമതി ലഭിച്ചതോടെയാണ് പരീക്ഷണം വീണ്ടും ആരംഭിച്ചത്.

വാക്‌സീന്‍ സ്വീകരിച്ച ഒരാള്‍ക്ക് ‘വിശദീകരിക്കാനാവാത്ത’ ആരോഗ്യപ്രശ്‌നം കണ്ടതിനെത്തുടര്‍ന്നു പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തുന്നുവെന്ന് സെപ്റ്റംബര്‍ 9ന് അസ്ട്രാസെനക അറിയിച്ചത്. പരീക്ഷണങ്ങളില്‍ ഇതു സാധാരണയാണെന്നും സ്വമേധയാ നിര്‍ത്തിവച്ചതാണെന്നും ഉല്‍പാദക കമ്പനിയായ അസ്ട്രാസെനക അറിയിച്ചു. ശാരീരിക പ്രശ്‌നങ്ങളുണ്ടായാല്‍ അതു വാക്‌സീന്‍ കാരണമല്ല എന്നു സ്ഥിരീകരിക്കുന്നതു വരെ പരീക്ഷണം നിര്‍ത്തിവയ്ക്കുമെന്നുമാണ് പറഞ്ഞത്.

ഇന്ത്യയില്‍ സീറം ഇന്‍സ്റ്റിറ്റിയൂട്ടാണ് ഓക്‌സ്ഫഡ് വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്. യുകെയില്‍ പരീക്ഷണം നിര്‍ത്തിവച്ചതിനു പിന്നാലെ ഇന്ത്യയിലെ പരീക്ഷണവും നിര്‍ത്തുകയായിരുന്നു. കോവിഡിനെതിരെ ഇന്ത്യയില്‍ മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി ലഭിച്ച ഏക വാക്‌സീനാണ് ഓക്‌സ്ഫഡിന്റേത്. യുകെയ്ക്കു പുറമേ, ഓക്‌സ്ഫഡ് വാക്‌സീന്‍ പരീക്ഷിക്കുന്ന യുഎസ്, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലും പരീക്ഷണം നിര്‍ത്തിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക