Image

രണ്ടു ദശാബ്ദങ്ങളുടെ പ്രവർത്തന മികവുമായി  യുവസാരഥി തോമസ് ചാണ്ടി ഫോമാ ജോ. ട്രഷറാറായി മത്സരരംഗത്ത് (രാജു ശങ്കരത്തിൽ) 

Published on 16 September, 2020
രണ്ടു ദശാബ്ദങ്ങളുടെ പ്രവർത്തന മികവുമായി  യുവസാരഥി തോമസ് ചാണ്ടി ഫോമാ ജോ. ട്രഷറാറായി മത്സരരംഗത്ത് (രാജു ശങ്കരത്തിൽ) 

ഫിലാഡൽഫിയാ: ചിന്തയിലും പ്രവൃത്തിയിലും ദീർഘവീക്ഷണവും പ്രായോഗിക ബുദ്ധിയും സമന്വയിക്കുന്ന വികസനാസൂത്രകൻ മാത്രമല്ല, പ്രഗത്ഭനായ സംഘാടകൻ കൂടിയാണ് താനെന്ന് രണ്ടു ദശാബ്ദങ്ങളുടെ മികച്ച  പ്രവർത്തനത്തിലൂടെ തെളിയിച്ച  തോമസ് ചാണ്ടി ഫോമാ  ജോ. ട്രഷറാറായി മത്സരിക്കുന്നു.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ഗ്രാജുവേറ്റ് ചെയത ഇദ്ദേഹം അക്കാലയളവിൽ  കോളജ് രാഷ്ട്രീയത്തിലൂടെ  തിളക്കമാർന്ന നേതൃത്വപാടവം  കാഴ്ചവെച്ചു ശ്രദ്ധേയനായി.
മാഞ്ചെസ്റ്റർ യൂണിവേഴ്സിറ്റിയിൽ നിന്നും ഉന്നത ബിരുദം കരസ്ഥമാക്കി  ഗൾഫിലെ   ഔദ്യോഗിക ജീവിതത്തിനു ശേഷം അമേരിക്കയിൽ എത്തി.  

ഡെവ്റി    കോളേജ്  ലക്ച്ചറർ ആയിട്ടായിരുന്നു ആദ്യ ജോലി . പിന്നീട് ഫിലാഡൽഫിയായിലേക്ക് താമസം മാറി . ഇപ്പോള്‍ അറിയപ്പെടുന്ന സോഫ്റ്റ്‌വെയര്‍ കണ്‍സള്‍ട്ടന്റായി സേവനമനുഷ്ഠിക്കുന്നു.  കേരളത്തിലും അമേരിക്കയിലും  ശ്രദ്ധേയമായ  നന്മപ്രവർത്തനങ്ങളിലൂടെ മികച്ച സംഘടനാ പ്രവർത്തകനെന്നും സംഘാടകനെന്നും പൊതുജനം വിലയിരുത്തിയ  സൗഹൃദവലയങ്ങളുടെ ഉടമയായ തോമസ് ചാണ്ടിയുമായി ഇ-മലയാളി നടത്തിയ അഭിമുഖം

മികച്ച സംഘാടകനെന്നും പ്രവർത്തകനെന്നും പേരെടുത്ത താങ്കളുടെ സംഘടനാ പ്രവർത്തനങ്ങളുടെ തുടക്കം എങ്ങനെയായിരുന്നു ?

2000 - 2006  കാലയളവിൽ കേരളാ കൾച്ചറൽ സെന്റർ ആക്റ്റീവ് അംഗം ആയി പ്രവർത്തിച്ചുകൊണ്ടാണ് ഞാൻ  അമേരിക്കയിലെ സംഘടനാ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. അമേരിക്കയിലെ  മലയാളി സംഘടനാ പ്രവർത്തനങ്ങളും രീതികളും കണ്ടു മനസ്സിലാക്കുവാനും, സഹകരിച്ചു പ്രവർത്തിക്കുവാനും അതിലൂടെ എനിക്ക് സാധിച്ചു. 

പിന്നീട് ഫിലാഡൽഫിയായിലേക്ക് താമസം മാറിയപ്പോൾ  അമേരിക്കയിലെ മലയാളി സംഘടനകളിൽ പ്രവർത്തന മികവുകൊണ്ടും അംഗബലം കൊണ്ടും മികച്ചു നിൽക്കുന്ന മാപ്പ് എന്ന സംഘടനയിൽ അംഗമായി പ്രവർത്തിക്കുവാൻ അവസരം കൈവന്നു . ആ  കാലം മുതലാണ് കാരുണ്യ പ്രവർത്തനങ്ങൾ നിറഞ്ഞ വഴിത്താരയിലൂടെയുള്ള  എന്റെ പ്രവർത്തനങ്ങളുടെ  പുതിയ തുടക്കം.   ഒരു അസോസിയേഷൻ എന്നതിലുപരി നന്മപ്രവർത്തനങ്ങളുടെയും, മികച്ച സംഘടനാപ്രവർത്തനങ്ങളുടെയും ഒരു പരിശീലനക്കളരിയായാണ് എനിക്ക് മാപ്പിനെ കാണുവാൻ കഴിഞ്ഞിട്ടുള്ളത്.

ഏതെല്ലാം  സ്ഥാനങ്ങൾ ഇതിനോടകം   താങ്കൾ വഹിച്ചിട്ടുണ്ട് ?

 മാപ്പിന്റെ ഐ.ടി കോര്‍ഡിനേറ്റര്‍ , ഫണ്ട് റേസിംഗ് ചെയര്‍മാന്‍, ട്രഷറര്‍ എന്നീ നിലകളില്‍ ഞാൻ ചെയ്ത  പ്രവര്‍ത്തന മികവിന്റെ ആംഗീകാരമാവണം   2018  - 2019 വര്‍ഷങ്ങളിലെ മാപ്പ് ജനറല്‍ സെക്രട്ടറിയായി എന്നെ തിരഞ്ഞെടുത്തത് . ഇപ്പോൾ ഞാൻ മാപ്പ് വൈസ് പ്രസിഡന്റായി സേവനം ചെയ്യുന്നു. ഇത് കൂടാതെ, എക്യൂമെനിക്കല്‍ ചര്‍ച്ചസ് ഓഫ് ഫിലാഡെല്‍ഫിയായുടെ ജോയിന്റ് ട്രഷറര്‍, ഇൻഡോ അമേരിക്കൻ പ്രസ്സ് ക്ലബ്ബ് ഫിലാഡൽഫിയാ ചാപ്റ്റർ അഡ്‌വൈസറി കമ്മറ്റി മെമ്പർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 

ഇക്കാലയളവിൽ  താങ്കൾ ഉൾപ്പെട്ടു നടത്തിയ   പ്രധാനപ്പെട്ട ചാരിറ്റി പ്രവർത്തനങ്ങൾ  എന്തൊക്കെ? ഈ കോവിഡ് കാലഘട്ടം ഇത്തരം സാമൂഹിക പ്രവർത്തനങ്ങൾക്ക് തടസ്സമാവുന്നുണ്ടോ?

നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് മാപ്പ് അംഗങ്ങളോടൊപ്പം  പ്രവർത്തിക്കുവാൻ എനിക്ക് സാധിച്ചു എന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഞാൻ ജനറൽ സെക്രട്ടറിയായിരുന്ന കാലത്ത്,  2018 ലെ പ്രളയക്കെടുതി മൂലം   നാശം വിതച്ച റാന്നിയിലെ 2 ഭവന രഹിതര്‍ക്ക് മാപ്പ് നിര്‍മ്മിച്ച് നൽകിയ  ആധുനിക സൗകര്യങ്ങളോടു കൂടിയ ഭവനങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു   വളരെ ഭംഗിയായി ആ പദ്ധതി പൂർത്തീകരിക്കുവാൻ കഴിഞ്ഞത് വലിയ നേട്ടമായി കരുതുന്നു.

ഇലക്ട്രിക് ലൈനില്‍ നിന്നും ഷോക്കേറ്റ് ദേഹമാസകലം പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന  കോതമംഗലത്തുള്ള   അഥീന മോള്‍ക്ക് സഹായത്തിനായി  ഫിലാഡെൽഫിയാ മലയാളികളുടെ സൗഹൃദ കൂട്ടായ്മയായ 'ബഡി ബോയ്സ് ഫിലാല്‍ഡെല്‍ഫിയ'  ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തു. 36 മണിക്കൂറിനുള്ളില്‍ സമാഹരിക്കപ്പെട്ട 8866 ഡോളര്‍ എന്റെ നേതൃത്വത്തിൽ  നേരിട്ട് എത്തിച്ചു കൊടുത്തത്   അക്കാലത്ത് കേരളത്തിൽ ഏറ്റവുമധികം വാർത്താ പ്രാധാന്യം നേടിയിരുന്നു.  

മാസ്ക്കിനും  സാനിറ്റയിസറിനും  ക്ഷാമം നേരിട്ട സമയങ്ങളിൽ മാപ്പ് ഹെൽപ്പ് ലൈൻ  പ്രവർത്തകരോടൊപ്പം ചേർന്ന് ഫിലാഡൽഫിയയിലും  സമീപ പ്രദേശത്തുമുള്ള വിവിധ ആരോഗ്യ കേന്ദ്രങ്ങളിലും മറ്റു പ്രധാന സ്ഥലങ്ങളിലും  ആവശ്യാനുസരണം മാസ്ക്കും സാനിറ്ററൈസറും വിതരണം ചെയ്യാൻ നേതൃത്വം കൊടുത്തു. ഫിലാഡൽഫിയയിലും  പ്രാന്തപ്രദേശങ്ങളിലും പാർക്കുന്ന ഭവന രഹിതർക്കും  ഷെൽട്ടറുകളിൽ താമസിക്കുന്നവർക്കും 'ഫുഡ്‌കണക്റ്റ്' മുഖേന ഫുഡ്ഡ് എത്തിച്ചു കൊടുക്കുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് പങ്കാളിയാകുവാനും ഈ കോവിഡ്  കാലത്ത്  സാധിച്ചു. 

വയനാട്ടിലുള്ള നിർധനരായ ആദിവാസി പെൺകുട്ടികളുടെ വിവാഹ സഹായ പദ്ധതിയാണ് ഇനിയുള്ള അടുത്ത വലിയ ഡ്രീം പ്രോജക്റ്റ്.

ഫോമയിലേക്ക് സ്ഥാനാർത്ഥിയായി വരുവാനുള്ള സാഹചര്യം എന്താണ് ? ഫോമയെ താങ്കൾ എങ്ങനെ വിലയിരുത്തുന്നു ?

ഒരു സംഘടനയായാൽ അത് കേവലമൊരു ആഘോഷം നടത്തുവാനോ, കുറെയധികം വി.ഐ.പി.കളെ ഉൾപ്പെടുത്തി  ഒരു കൺവൻഷൻ നടത്തി വാർത്താ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുവാനോ മാത്രമുള്ളതല്ലെന്ന്  ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ലോക മലയാളികൾക്ക്  മുന്നിൽ തെളിയിച്ച അമേരിക്കയിലെ ഏറ്റവും വലിയ സംഘടനയായി ഫോമാ ഇന്ന് മാറിക്കഴിഞ്ഞു. ഇത്തരം ഒരു സംഘടനയിൽ  നിന്നുകൊണ്ട്  നന്മപ്രവർത്തനങ്ങളിൽ സജീവമാവുക എന്നത് എന്റെ സ്വപ്നമാണ്. അതിൽ പ്രവർത്തിക്കുവാൻ കഴിയുക എന്നത്  ഞാൻ അഭിമാനമായി കാണുന്നു.

2018 -ലെ ഫോമാ കൺവൻഷൻ ചെണ്ടമേളം കോർഡിനേറ്റർ ഞാനായിരുന്നു. നിലവിൽ, ഫോമാ മിഡ് അറ്റ്‌ലാന്റിക്ക് റീജിയന്‍ സെക്രട്ടറിയായി പ്രവർത്തിക്കുന്നു.  2019 - ൽ ഫിലഡൽഫിയായിൽ വച്ച് നടത്തിയ ഫോമാ മിഡ് അറ്റ്ലാന്റിക്ക് റീജിയൻ യുവജനോത്സവം  വൻ വിജയമാക്കിത്തീർക്കുവാൻ ഇക്കാലയളവിൽ സാധിച്ചു.

ഈ ഇലക്ഷനിൽ ഞാൻ വിജയിക്കുകയാണെങ്കിൽ നേതൃത്വ നിരയിലേക്ക് എത്തുന്നവർക്കൊപ്പം തോളോട് തോൾ ചേർന്ന് ഒരുമയോട്,  ഒരു മനസ്സോടുകൂടി ഫോമയുടെ നന്മയ്ക്കായി പ്രവർത്തിക്കാൻ എനിക്കും കഴിയുമെന്ന ഉത്തമ വിശ്വാസമാണ് എന്നെ ഒരു സ്ഥാനാർത്ഥിയാക്കുവാൻ  പ്രേരിപ്പിച്ച പ്രധാന ഘടകം. എന്നിൽ നിങ്ങൾ അർപ്പിക്കുന്ന വിശ്വാസം എന്റെ വിജയത്തിനായുള്ള വോട്ടായി മാറട്ടെ എന്ന ഞാൻ പ്രത്യാശിക്കുന്നു  

ഇ-മലയാളിക്കുവേണ്ടി ഈ അഭിമുഖം തയ്യാറാക്കിയ പ്രിയ സുഹൃത്ത് രാജു ശങ്കരത്തിലിന് നന്ദി പറയുമ്പോൾ വിജയ പ്രതീക്ഷയുടെ നറുവെട്ടം ആ മുഖത്ത് നിഴലിടുന്നു.

അതേ .., പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം അസാധാരണമായ സംഘടനാമികവ് തെളിയിച്ച വ്യക്തിത്വത്തിന്റെ ഉടമയായ തോമസ് ചാണ്ടി വിജയിച്ചാൽ മറ്റ് ഏതു ഉത്തരവാദിത്തവും പോലെ ഈ ഒരു സ്ഥാനവും ആ കൈയിൽ ഭദ്രമായിരിക്കും എന്ന് നമ്മുക്ക്  ഉറപ്പിക്കാം. വിജയാശംസകൾ ..!!

രണ്ടു ദശാബ്ദങ്ങളുടെ പ്രവർത്തന മികവുമായി  യുവസാരഥി തോമസ് ചാണ്ടി ഫോമാ ജോ. ട്രഷറാറായി മത്സരരംഗത്ത് (രാജു ശങ്കരത്തിൽ) 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക