Image

സ്റ്റാന്‍ലി കളത്തിലും ടി. ഉണ്ണികൃഷ്ണനും: ഫോമയിലെ യുവ തുര്‍ക്കികള്‍ നേര്‍ക്ക് നേര്‍

Published on 16 September, 2020
സ്റ്റാന്‍ലി കളത്തിലും ടി. ഉണ്ണികൃഷ്ണനും: ഫോമയിലെ യുവ തുര്‍ക്കികള്‍ നേര്‍ക്ക് നേര്‍
ഒരു സംഘടനയുടെ പ്രവര്‍ത്തനത്തിന് അതിന്റെ പ്രസിഡന്റും സെക്രട്ടറിയും തമ്മിലുള്ള മാനസിക ഐക്യം വളരെ പ്രധാനമാണ്. ഫോമയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന അനിയന്‍ ജോര്‍ജിനും ഡോ. തോമസ് തോമസിനും ജനറല്‍ സെക്രട്ടറി സ്ഥാനത്ത് മാറ്റുരയ്ക്കുന്ന രണ്ട് സ്ഥാനാര്‍ത്ഥികളും പരിചിതരാണ്. ഫോമയുടെ രൂപീകരണം മുതല്‍ തന്നെ സംഘടനയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന സ്റ്റാന്‍ലി കളത്തിലും ടി. ഉണ്ണികൃഷ്ണനുമാണ് മത്സരാര്‍ത്ഥികള്‍.

ഇരുവരും യുവതുര്‍ക്കികളും പ്രഗത്ഭരും. വിവിധ രംഗങ്ങളില്‍ പ്രാപ്തി തെളിയിച്ചവര്‍.

ഇരുവരുമായി പ്രവാസി ചനലിനു വേണ്ടി ചാനലിന്റെയും ഇമലയാളിയുടെയും സാരഥിയായ സുനില്‍ ട്രൈസ്റ്റാര്‍ നടത്തിയ ടിവി അഭിമുഖത്തില്‍ നിന്ന്.

അമേരിക്കന്‍ ജീവിതവും കുടുംബവും?

സ്റ്റാന്‍ലി: കഴിഞ്ഞ ഇരുപത്തിരണ്ട് വര്‍ഷക്കാലമായി ന്യൂയോര്‍ക്കിലാണ് ഞാന്‍ താമസിക്കുന്നത്. ഭാര്യ: ബിന്ദു വര്‍ഗീസ്, മക്കള്‍: സ്‌നേഹ, സ്റ്റീവ്, സൈറ.

ഉണ്ണികൃഷ്ണന്‍: കായംകുളമാണെന്റെ സ്വദേശം. 1999 ലാണ് അമേരിക്കയില്‍ എത്തുന്നത്. കഴിഞ്ഞ 20 വര്‍ഷക്കാലമായി ഫ്‌ലോറിഡയില്‍ തന്നെയാണ് താമസം.
ഭാര്യ: അഞ്ജന. ഞങ്ങള്‍ ഇരുവരും ഐ ടി മേഖലയിലാണ് ജോലി ചെയ്യുന്നത്. മകന്‍: നീല്‍.

ആദ്യകാല പ്രവര്‍ത്തനങ്ങള്‍

ഉണ്ണികൃഷ്ണന്‍: 2005 ലാണ് ദേശീയ സംഘടനകളില്‍ പ്രവര്‍ത്തിച്ചുതുടങ്ങുന്നത്. 2006 ല്‍ ഒര്‍ലാന്‍ഡോയില്‍ നടന്ന കണ്‍വന്‍ഷന്‍ ഹോസ്റ്റ് ചെയ്തത് ഞങ്ങളുടെ അസോസിയേഷന്‍ ആയിരുന്നു. അന്ന് കള്‍ച്ചറല്‍ കമ്മിറ്റിയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവച്ചു. ശശിധരന്‍ നായര്‍, അനിയന്‍ ജോര്‍ജ് എന്നിവര്‍ അടങ്ങിയ ടീമില്‍ യൂത്ത് റെപ്രസന്ററ്റീവ് ആയി മത്സരിച്ചു കൊണ്ടാണ് ഞാന്‍ വരുന്നത്. ആ മത്സരത്തില്‍ വിജയിക്കുകയും 2006 മുതല്‍ 2008 വരെയുള്ള ഫോമയുടെ പ്രാരംഭഘട്ടത്തില്‍ തന്നെ മുതിര്‍ന്ന നേതാക്കളോടൊപ്പം പ്രവര്‍ത്തിക്കാനും സാധിച്ചു. 2007 ല്‍ ദേശീയതലത്തില്‍ ഏകദേശം എട്ടോളം റീജിയനുകളില്‍ വച്ച് നടന്ന യൂത്ത് ഫെസ്റ്റിവലിന്റെ ചിക്കാഗോയില്‍ നടന്ന ഗ്രാന്‍ഡ് ഫിനാലെയുടെ കണ്‍വീനറായിരുന്നു. 2008 ല്‍ കേരളത്തില്‍ വച്ച് നാല് ദിവസം നീണ്ടു നിന്ന കണ്‍വെന്‍ഷന്‍ നടത്തിയിരുന്നു. കോട്ടയത്തായിരുന്നു അത്. അപ്പോഴും കണ്‍വീനറായി പ്രവര്‍ത്തിച്ചു.

2010 ല്‍ മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ പ്രസിഡന്റ് ആയി. തുടര്‍ന്ന് സംഘടനയില്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായി പ്രവര്‍ത്തിച്ചു വരികയാണ്.

ഫോമയുടെ ഓരോ എക്‌സിക്യൂട്ടീവിലും എന്നെ ഏല്പിച്ച ജോലികള്‍ എല്ലാം ഉത്തരവാദിത്വത്തോടെ ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്. കഴിഞ്ഞ ടേമില്‍ ഫോമാ ചെയ്ത പ്രവര്‍ത്തനങ്ങളില്‍ ഒന്നാമത് നില്‍ക്കുന്ന ഫോമാ വില്ലേജ് പദ്ധതിയില്‍ വീടുകള്‍ വയ്ക്കാന്‍ സ്ഥലം കണ്ടെത്തുന്നതു മുതലുള്ള കാര്യങ്ങള്‍ക്കും അസ്സോസിയേഷനുകളെ ബന്ധപ്പെട്ട് പണം സ്വരൂപിക്കുന്നതിലും നിര്‍മാണപ്രക്രിയയിലും എല്ലാം തന്നെ തിരുവല്ല പ്രൊജക്ടില്‍ നൂറ് ശതമാനം പങ്കുചേര്‍ന്നിരുന്നു.

ഈ കോവിഡ് കാലഘട്ടത്തില്‍ ഫോമാ ടാസ്‌ക് ഫോഴ്സിലെ അംഗമായി പ്രവര്‍ത്തിക്കാനും ഫ്‌ലോറിഡ റീജിയന്റെ ടാസ്‌ക് ഫോഴ്‌സ് കോ- ഓര്‍ഡിനേറ്റ് ചെയ്യാനും സാധിച്ചു. ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ ഡോക്ടേഴ്‌സ് മീറ്റ് പോലുള്ള പരിപാടികള്‍ക്ക് നേതൃത്വം നല്‍കാനും കഴിഞ്ഞു.

സ്റ്റാന്‍ലി: ഫോമ എന്ന് നാമകരണം ചെയ്യും മുന്‍പുതന്നെ ഞാനതിന്റെ ഭാഗമാണ്. ബൈലോ കമ്മിറ്റി മുതല്‍ നാളിതുവരെ ആ ബന്ധത്തിന്റെ ശക്തി ദൃഢപ്പെട്ടിട്ടേ ഉള്ളു.

ഇതുവരെയുള്ള എല്ലാ പ്രസിഡന്റുമാര്‍ക്കൊപ്പവും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. ഒരു പ്രോജക്ട് ഏറ്റെടുത്തു പൂര്‍ത്തീകരിക്കാന്‍ അവസരം ലഭിച്ചത് 2014 മുതലാണ്. അത് തിരുവനന്തപുരത്തെ ആര്‍ സി സി പ്രോജക്ട് ആയിരുന്നു. പതിനെട്ടു വയസ്സില്‍ താഴെയുള്ള കാന്‍സര്‍ ബാധിതരായ കുട്ടികളുടെ ഓങ്കോളജി വിഭാഗം മുഴുവന്‍ അമേരിക്കന്‍ മലയാളികള്‍ക്കും അഭിമാനിക്കാവുന്ന രീതിയില്‍ പൂര്‍ത്തീകരിക്കാന്‍ എനിക്ക് സാധിച്ചു.

പിന്നീട് ജോര്‍ജ് മാത്യു ടീം നേതൃത്വം കൊടുത്ത ഫോമയില്‍, ഗ്രാന്‍ഡ് കാനിയന്‍ സര്‍വകലാശാലയ്ക്ക് കീഴില്‍ പഠിക്കാന്‍ ന്യൂയോര്‍ക്ക് പ്രദേശത്തു നിന്ന് തന്നെ 122 വിദ്യാര്‍ത്ഥികള്‍ക്ക് കോ-ഓര്‍ഡിനേറ്റര്‍ ബാബു തെക്കേക്കരയ്ക്കൊപ്പം ഗൈഡ് ലൈന്‍ നല്‍കി ബിരുദധാരികളാക്കാന്‍ കഴിഞ്ഞു. ഇപ്പോഴും ആ പ്രവര്‍ത്തനം തുടരുന്നു.

ഹോം അസോസിയേഷന്‍

ഉണ്ണികൃഷ്ണന്‍: 1991 ല്‍ രൂപീകൃതമായ മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ (എം.എ.സി.എഫ്)യുമായി അമേരിക്കയില്‍ വന്നകാലം മുതല്‍ അടുത്ത ബന്ധമാണ്. സാധാരണ ഒരംഗമായി തുടങ്ങി വൈസ് പ്രസിഡന്റും (2009) പ്രസിഡന്റും (2010) ഇപ്പോള്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനുമായി വരെ അസോസിയേഷന്റെ വളര്‍ച്ചയ്ക്കൊപ്പമുണ്ട്. കേരളവുമായുള്ള വേരുകള്‍ അറ്റുപോകാതെ നിലനിര്‍ത്താന്‍ പല പ്രവര്‍ത്തനങ്ങളും ഇതിന്റെ ഭാഗമായി നടത്താറുണ്ട്. വിപുലമായ ഓണാഘോഷമാണ് എടുത്ത് പറയാവുന്നത്. കഴിഞ്ഞ വര്‍ഷം അസോസിയേഷന്‍ സംഘടിപ്പിച്ച ഓണാഘോഷത്തില്‍ രണ്ടായിരം അമേരിക്കന്‍ മലയാളികള്‍ പങ്കുചേര്‍ന്നു. 300 സ്ത്രീകള്‍ ചേര്‍ന്ന് കളിച്ച തിരുവാതിര അതിന്റെ ഹൈലൈറ്റ് ആയിരുന്നു. 2017 മുതല്‍ ഓണം വലിയ ഇവന്റ് ആയിട്ടാണ് കൊണ്ടാടുന്നത്.

കോവിഡ് വന്നപ്പോള്‍ ഏറ്റവും സജീവമായി പങ്കെടുത്ത സംഘടനകളില്‍ ഒന്നുകൂടിയാണ് ഇത്. എസ് എ ടി ക്ലാസുകള്‍, സംവാദങ്ങള്‍, സമ്മര്‍ ക്യാംപുകള്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു. 2018 ല്‍ ചിക്കാഗോയിലെ കണ്‍വന്‍ഷനില്‍വച്ച് അമേരിക്കയിലെ ഏറ്റവും നല്ല മലയാളി സംഘടനയ്ക്കുള്ള അവാര്‍ഡ് എം എ സി എഫിനാണ് ലഭിച്ചത്.

സ്റ്റാന്‍ലി:
കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയെന്ന ഇവിടെയുള്ള ആദ്യ മലയാളി സംഘടന (1972 ല്‍ സ്ഥാപിതമായത്) യുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതാണ് എന്നിലെ സാമൂഹിക പ്രവര്‍ത്തകനെ ശരിയായ രീതിയില്‍ വാര്‍ത്തെടുത്തത്. 2006 ല്‍ സംഘടനയ്ക്ക് ഒരു കെട്ടിടം സ്വന്തമായി. അതില്‍ ജോയിന്റ് സെക്രട്ടറിയായി തുടക്കം കുറിച്ച ഞാന്‍ , പിന്നീട് ജനറല്‍ സെക്രട്ടറി ആയി. ആ സമയത്ത് 'പൂരം' എന്നൊരു പരിപാടി ഏറ്റെടുത്ത് നടത്തിക്കൊണ്ട് 25000 ഡോളര്‍ സ്വരൂപിച്ച് സംഘടനാ കെട്ടിടം വിപുലപ്പെടുത്തി. ബില്‍ഡിങ്ങ് ഫണ്ടിന്റെ നേതൃത്വം എനിക്കായിരുന്നു.

ഈ കോവിഡ് കാലയളവില്‍ ന്യൂയോര്‍ക്കില്‍ സഹായം എത്തിക്കുന്നതിന് ആദ്യം കമ്മിറ്റി കൂടി തീരുമാനമെടുത്തത് ഞങ്ങളുടെ സംഘടനയാണ്. രോഗ ബാധിതര്‍ക്ക് ഭക്ഷണവും മരുന്നും അവശ്യവസ്തുക്കളും എത്തിക്കുന്നതിനും രോഗ പ്രതിരോധത്തിനും ഞങ്ങളുടെ സംഘടന ആദ്യമേ മുന്നിട്ടിറങ്ങി. വിസയില്ലാതെ എന്ത് ചെയ്യണമെന്നറിയാതെ വലഞ്ഞ പതിനാറു കുടുംബങ്ങളെ ഞങ്ങളുടെ വോളന്റിയര്‍മാര്‍ കണ്ടെത്തി മരുന്നും മറ്റു സഹായങ്ങളും ചെയ്തുകൊടുത്തത് വലിയ ചാരിതാര്‍ഥ്യമുണ്ടാക്കിയ അനുഭവമാണ്. ബ്ലഡ് ഡൊണേഷന്‍ ഫോറം സംഘടിപ്പിച്ചതുവഴി അംഗങ്ങള്‍ രക്തദാനത്തിന് തയ്യാറായി മുന്നോട്ടുവരുന്നുണ്ട്.

വെള്ളിയാഴ്ച ദിവസങ്ങളില്‍ നമ്മുടെ കുഞ്ഞുങ്ങളെ മലയാളം പഠിപ്പിക്കുന്ന ഒരു പദ്ധതിയും വിജയകരമായി നടന്നുവരുന്നു. തിരുവോണദിനത്തിലാണ് ഒരുവര്‍ഷംകൊണ്ടു പൂര്‍ത്തിയാകുന്ന മലയാളം കോഴ്‌സിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.
പേരെടുത്തു പറയാന്‍ ആഗ്രഹിക്കാത്ത നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളും സംഘടന നടത്തുന്നുണ്ട് .

ഉണ്ണികൃഷ്ണന്‍:
തികച്ചും അപ്രതീക്ഷിതമായാണ് കോവിഡ് നമുക്കിടയിലേക്ക് കടന്നുവന്നത്. തീരുമാനിച്ചുവച്ച പല കാര്യങ്ങളും അതോടെ തകിടം മറിഞ്ഞു. മെയ് മാസത്തില്‍ നടത്താനിരുന്ന കണ്‍വന്‍ഷനും കോവിഡ് കാരണം മാറ്റിവച്ചതാണ്. ലോകാരോഗ്യ സംഘടന മാസ്‌ക് ധരിക്കുന്നതിനെക്കുറിച്ച് പറയുന്നതിന് മുന്‍പേ ഇരുപതോളം വരുന്ന വോളന്റീയര്‍മാര്‍ രോഗപ്രതിരോധത്തിന്റെ ബോധവത്കരണം നല്‍കിക്കൊണ്ട് മാസ്‌ക് വിതരണം നടത്തി. ഡോക്ടര്‍മാരില്‍ നിന്ന് മാസ്‌ക് ധരിക്കുന്നതിന്റെ ആവശ്യകത മനസിലാക്കി ദൗര്‍ലഭ്യം കുറയ്ക്കാനുള്ള വഴികള്‍ കണ്ടെത്തി. പ്രായമായവരോട് വീടുകളില്‍ തന്നെ തുടരണമെന്ന് അഭ്യര്‍ത്ഥിച്ചു. അവര്‍ക്ക് വേണ്ടുന്ന സാധനങ്ങള്‍ എത്തിക്കാന്‍ വോളന്റിയര്‍മാരെ ചുമതലപ്പെടുത്തി. വിര്‍ച്വല്‍ ഓണം എന്ന കണ്‍സപ്റ്റിലൂടെ ഓണപ്പരിപാടികള്‍ ഉള്‍ക്കൊള്ളിച്ച് ചെറിയൊരാഘോഷവും നടത്തി.

ഫോമയുടെ ഭാഗമായി നിന്ന് ഓരോ ആഴ്ചയും ഡോക്ടര്‍സ് മീറ്റ് സംഘടിപ്പിച്ചു. ടെലികോണ്‍ഫറന്‍സ് വഴി നടത്തിയ കൃഷിപാഠം പദ്ധതി വന്‍ വിജയമായിരുന്നു. എങ്ങനെ കൃഷി ചെയ്യാമെന്നുള്ള അറിവ് ഫ്ലോറിഡയില്‍ നിന്ന് അനുഭവസ്ഥര്‍ പകര്‍ന്നുകൊടുത്തതിലൂടെ ഒരുപാടുപേര്‍ കൃഷിയിലേക്ക് തിരിഞ്ഞു.

നാട്ടിലേക്ക് പോകുന്നതുമായ ബന്ധപ്പെട്ട ഒ സി എ കാര്‍ഡിന്റെ പ്രശ്‌നം വന്നപ്പോഴും വന്ദേ ഭാരത് മിഷനില്‍ ടിക്കറ്റു ലഭിക്കാന്‍ പ്രയാസം നേരിട്ടപ്പോഴും സംഘടനയുമായി ബന്ധപ്പെട്ട ആളുകളുടെ സങ്കടം പരിഹരിക്കാന്‍ സജീവമായി ഇടപെട്ടു.


ഞാന്‍ സെക്രട്ടറി ആയാല്‍

സ്റ്റാന്‍ലി : എച്ച് 1 ബി വിസയില്‍ എത്തി ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സഹായം നല്‍കുന്നതിനായിരിക്കും എന്റെ പ്രഥമ പരിഗണന. എസ് 386 എന്നൊരു ബില്ല് സെനറ്റ് പാസാക്കിയിട്ടുണ്ട്. എന്നാല്‍, കോണ്‍ഗ്രസ് പാസാക്കിയിട്ടില്ല. ഫോമാ പോലൊരു ദേശീയ സംഘടന ഇടപെട്ടാല്‍ ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാകുമെന്നെനിക്കു പ്രതീക്ഷയുണ്ട്. വീട് വാങ്ങുന്നതിനോ രോഗം വന്നാല്‍ ചികിത്സ തേടുന്നതിനോ ആവശ്യമായ സ്റ്റാറ്റസ് ഇല്ലെന്നപേരില്‍ ഒരുപാട് മലയാളികള്‍ വിഷമിക്കുന്നുണ്ട്. ബില്ല് പാസാക്കിക്കൊണ്ട് ആ വിഷമം മാറ്റാനാണ് ആഗ്രഹം.

ന്യൂനനപക്ഷം വരുന്ന മലയാളി സമൂഹത്തിന്റെ യുവ തലമുറയെ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് കയറുകയാണ് മറ്റൊരു ലക്ഷ്യം. നമുക്കിടയില്‍ ഒരുപാട് കഴിവുള്ള ചെറുപ്പക്കാരുണ്ട്. അവര്‍ ഫോമയെത്തേടി വരാന്‍ കാത്തുനില്‍ക്കും മുന്‍പ് ഫോമാ അവരെ തേടിച്ചെല്ലണമെന്നാണ് എന്റെ അഭിപ്രായം. കഴിവുള്ളവര്‍ക്കൊരു ചൂണ്ടു പലകയായി ഫോമാ മാറണം. കുടുംബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാ റീജിയനുകളിലും ഫോമയുടെ നേതൃത്വത്തില്‍ കൗണ്‍സലിംഗ് സെന്ററുകള്‍ കൊണ്ടുവരാനും ആലോചനയുണ്ട്. അമേരിക്കയിലെ രാഷ്ട്രീയ ജീവിതത്തില്‍ നിന്ന് ഞാന്‍ ആര്‍ജിച്ച അറിവും ബന്ധങ്ങളും പ്രയോജനപ്പെടുത്തി ഐക്യരാഷ്ട്രസഭയുടെ ചേര്‍ന്നുപോലും സ്ത്രീ ശാക്തീകരണം ഉള്‍പ്പെടെ പല പദ്ധതികളും നടപ്പാക്കാന്‍ കഴിയും.

ഉണ്ണികൃഷ്ണന്‍:
പ്രായഭേദമന്യേ എല്ലാത്തരം പ്രശ്‌നങ്ങളിലും ഇടപെട്ടും പരിഹരിച്ചും നേടിയെടുത്ത അനുഭവ സമ്പത്താണെന്റെ കൈമുതല്‍. ലോകം ഏതു രീതിയിലാണ് മാറുന്നതെന്നോ അടുത്ത വര്‍ഷം എങ്ങനെ ആയിരിക്കുമെന്നു ഊഹിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നമ്മള്‍ നില്‍ക്കുന്നത്.

അംഗ സംഘടനകളെ ശക്തമാക്കുകയാണ് എന്റെ പ്രാഥമിക ലക്ഷ്യം. എല്ലാ സംസ്ഥാനങ്ങളിലെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആഗ്രഹമുണ്ട്. ഉദാഹരണത്തിന് കാലിഫോര്‍ണിയയില്‍ നന്നായി മലയാളം പഠിപ്പിക്കുന്നുണ്ട്. മറ്റ് അംഗ സംഘടനകള്‍ക്കും ഇത് ആഗ്രഹമുള്ള കാര്യമാണ്. പക്ഷെ എങ്ങനെ നടത്താമെന്നോ സിലബസോ അറിയില്ല. പരസ്പരം സഹകരിച്ചാല്‍ ആശയങ്ങള്‍ കൈമാറാന്‍ അവസരം ഉണ്ടാവുകയും തോളോടുതോള്‍ ചേര്‍ന്ന് മുന്നേറ്റം സാധ്യമാകുമെന്നും എനിക്കുറപ്പുണ്ട്.

മറ്റു കമ്മ്യൂണിറ്റികളില്‍ കണ്ടുവരുന്നതുപോലെ ഫോമയുടെ നേതൃത്വത്തില്‍ ആഗോള തലത്തില്‍ ബിസിനസ് ഫോറം രൂപീകരിക്കാനും ആലോചിക്കുന്നുണ്ട്. യുവാക്കളെയും സ്ത്രീകളെയും മുന്നോട്ടുകൊണ്ടുവരാനും അവരുടെ ആശയങ്ങളും ആവശ്യങ്ങളും ചോദിച്ച് മനസിലാക്കി പ്രവര്‍ത്തിക്കാനും ശ്രദ്ധിക്കും
സ്റ്റാന്‍ലി കളത്തിലും ടി. ഉണ്ണികൃഷ്ണനും: ഫോമയിലെ യുവ തുര്‍ക്കികള്‍ നേര്‍ക്ക് നേര്‍
Join WhatsApp News
Palakkaran 2020-09-17 02:24:25
എന്നിട്ട് വാക്പയറ്റിൽ ആരു ജയിച്ചു, ആരു തോറ്റു?
Foma fan 2020-09-17 14:17:37
ഇപ്പോഴാണ് ഒരു സുഖം വന്നത്. ഈ യുവ തുർക്കികളെ കുറിച്ച് കൂടുതൽ അറിയാൻ വെമ്പൽ കൊള്ളുകയായിരുന്നു. സമാധാനമായി. പുണ്യാളന് സ്തോത്രം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക