Image

മനസ്സും ദൂരദർശിനിയും (തൊടുപുഴ കെ ശങ്കർ മുംബൈ)

Published on 18 September, 2020
മനസ്സും ദൂരദർശിനിയും (തൊടുപുഴ കെ ശങ്കർ മുംബൈ)
കാട്ടുതീ പിടിച്ചതോ പേമാരി ചൊരിഞ്ഞതോ
കൊടുങ്കാറ്റടിച്ചതോ, ഭൂകമ്പമുണ്ടായതോ,
ദൃശ്യമെന്താണെന്നാലും നമ്മളെ കാട്ടും, ദൂര-
ദർശിനിയ്ക്കൽപ്പം പോലും, കോട്ടം തട്ടാത്തതുപോൽ,

പഞ്ചേന്ദ്രിയങ്ങൾ കാട്ടും വസ്തുക്കളെന്താകിലും
കിഞ്ചന പോലും മന ശാന്തിയെയുലയ്ക്കൊലാ!
തന്മാത്രകളഞ്ചും*  നാം സൂക്ഷിച്ചുപയോഗിച്ചാൽ
തന്നാത്മ സൗഖ്യത്തിനു  ഗ്ലാനി സംഭവിയ്ക്കില്ല!

ഋഷി വര്യന്മാർ  പോലും  ആത്മ സംയമനത്താൽ
ഋതുക്കളനേകങ്ങൾ തപസ്സിൽ കഴിഞ്ഞില്ലേ?
ഒന്നിലുമാകർഷിതരാകാതെ തപശ്ശക്തി
ഒന്നിലൂടവരെത്ര നന്മകൾ നേടിത്തന്നു!

അടങ്ങിയൊരിടത്തുമിരിയ്ക്കാനാവാ മനം
അലയുന്നഭികാമ്യമല്ലാത്തയിടങ്ങളിൽ!
ഒരിയ്‌ക്കലെവിടേലും തരിച്ചു നിന്നു പോയാൽ
തിരിച്ചു പൂർവ്വസ്ഥാനത്തെത്തിയ്ക്കാനതി കഷ്ടം!

അതിലൊന്നിലും പെട്ടു കുടുങ്ങി പോകാത്തൊരു
ചേതനയുരുവാക്കാനെളുതല്ലിച്ഛിയ്ക്കുംപോൽ!
ആത്മ സംയമനത്തോടൊന്നിലും പെടാതെ നാം
ആദ്യമേ ശ്രദ്ധിയ്ക്കുകിൽ വേദനയൊഴിവാക്കാം!

സുഖമാവട്ടെ അതു ദുഖമാവട്ടെ, യെന്തും
സമഭാവനയോടെ വീക്ഷിപ്പാൻ കഴിയുകിൽ,
മനസ്സിൻ സമനില തെറ്റാതെയിരിയ്ക്കുകിൽ
മടിയ്ക്കാതോതാമുടൻ  'ആത്മ  സംയമനം'  താൻ!

കാട്ടു തീ പിടിച്ചാലും ഭൂതലം ചലിച്ചാലും
കോട്ടം തട്ടിടാ ദൂരദർശിനി പോലാക നാം!
കുതിരശ്ശക്തിയേക്കാള്‍  ശക്തമാം മനസ്സുണ്ടേൽ
കുതറി തെറിപ്പിയ്ക്കാ മേതൊരു ദൃശ്യത്തെയും!
.....................

12-9-20
*തന്മാത്രകൾ--അഞ്ച്: ശബ്ദം, സ്പർശം, രൂപം, രസം, ഗന്ധം.

Join WhatsApp News
K. RAJAN 2020-09-21 09:56:54
ടീവി സീറ്റിനോടുള്ള ഉപമ നന്നായിട്ടുണ്ട്. പക്ഷെ നമ്മുടെ മനസ്സും ശരീരരവും പരിപാടികൾക്കനുസൃതം പ്രക്ഷുബ്ധമാകുന്ന ഉപകരണമാണ്. പഞ്ചേന്ദ്രിയങ്ങളെ വരുതിയിൽ വരുത്തി മനോനിയന്ത്രണം നേടുക ഒരു യജ്ഞം തന്നെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക