Image

രണ്ടാമൂഴം സിനിമയാകില്ല;സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പിന്‍മാറി

Published on 18 September, 2020
രണ്ടാമൂഴം സിനിമയാകില്ല;സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പിന്‍മാറി

രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട കേസില്‍ എം ടി വാസുദേവന്‍ നായരും ശ്രീകുമാര്‍ മേനോനും ഒത്തുതീര്‍പ്പ് ആയി. എ ടിക്ക് തിരക്കഥ തിരിച്ചു നല്‍കാനും ശ്രീകുമാര്‍ മേനോന് എം ടി അഡ്വാന്‍സ് തുക മടക്കി നല്‍കാനും തീരുമാനമായി. കോടതികളിലെ കേസുകള്‍ ഇരു കൂട്ടരും പിന്‍വലിക്കും.


രണ്ടാമൂഴം സിനിമയാക്കാന്‍ 2014ലായിരുന്നു എംടി വാസുദേവന്‍ നായരും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും കരാറില്‍ ഒപ്പു വെച്ചത്. മൂന്നു വര്‍ഷത്തിനകം സിനിമ എന്നായിരുന്നു കരാര്‍. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും സിനിമ യാഥാര്‍ത്ഥ്യമായില്ല.

ഇതേ തുടര്‍ന്നാണ് ഒരുമിച്ചുള്ള സിനിമയില്‍ നിന്ന് പിന്മാറി കൊണ്ട് തിരക്കഥ തിരിച്ചുകിട്ടാന്‍ എം ടി നിയമ വഴികള്‍ തേടിയത്. വിഷയത്തില്‍ ആര്‍ബിട്രേഷന്‍ വേണമെന്ന് ആവശ്യപ്പെട്ട് ശ്രീകുമാര്‍ മേനോന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.


ഇത് തിങ്കളാഴ്ച കോടതി പരിഗണിക്കാന്‍ ഇരിക്കെയാണ് പ്രശ്നം ഇരുവിഭാഗങ്ങളും ചര്‍ച്ച ചെയ്ത് ഒത്ത് തീര്‍പ്പ് ആക്കിയത്. ധാരണ പ്രകാരം കഥയ്ക്കും തിരക്കഥയ്ക്കും എം ടിക്ക് പൂര്‍ണ അവകാശമുണ്ട്, അതിനാല്‍ തിരക്കഥ ശ്രീകുമാര്‍ മേനോന്‍ മടക്കി നല്‍കും.


സിനിമയുടെ അഡ്വാന്‍സ് തുകയായി എം ടി വാങ്ങിയ 1. 25 കോടി അദ്ദേഹവും തിരികെ കൊടുക്കും.


ശ്രീകുമാര്‍ മേനോന്‍ രണ്ടാമൂഴം ആസ്പദമാക്കി സിനിമ ചെയ്യാന്‍ പാടില്ല, മഹാഭാരതത്തെ കുറിച്ച്‌ സിനിമ ചെയ്യാം. പക്ഷെ ഭീമന്‍ കേന്ദ്ര പാത്രം ആവരുത്. ഇതാണ് ഒത്തു തീര്‍പ്പ് ധാരണ. ജില്ലാ കോടതിയിലും സുപ്രീംകോടതിയിലും ഉള്ള കേസുകള്‍ ഇരു കൂട്ടരും പിന്‍വലിക്കാനും തീരുമാനമായിട്ടുണ്ട്.

ഒത്തുതീര്‍പ്പായ വിവരം കക്ഷികള്‍ സുപ്രീംകോടതിയെ അറിയിക്കും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് തിങ്കളാഴ്ച കേസ് പരിഗണിക്കാനിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക