Image

സി.പി.എമ്മിന്റെ നീക്കം വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍, കോടിയേരിയുടെ ലേഖനം അപകടകരമെന്ന് കെ.സുരേന്ദ്രന്‍

Published on 19 September, 2020
സി.പി.എമ്മിന്റെ നീക്കം വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍, കോടിയേരിയുടെ ലേഖനം അപകടകരമെന്ന് കെ.സുരേന്ദ്രന്‍


കോട്ടയം: നയതന്ത്ര ചാനലിലൂടെ മതഗ്രന്ഥം കൊണ്ടുവന്ന കേസില്‍ സി.പി.എം മുസ്ലീം സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തി വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.മന്ത്രി കെ.ടി ജലീലിനെതിരായ പ്രതിഷേധ സമരങ്ങളെ ഖുര്‍ ആന്‍ വിരുദ്ധതയാക്കി മാറ്റാനുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നീക്കം അങ്ങേയറ്റം അപകടകരമാണെന്നും സുരേന്ദ്രന്‍ പറയുന്നു. പാര്‍ട്ടി മുഖപത്രമായ ജന്മഭൂമിയില്‍ എഴൂതിയ 'കോടിയേരിയുടെ വര്‍ഗീയ കാര്‍ഡ്' എന്ന ലേഖനത്തിലാണ് ദേശാഭിമാനിയില്‍ ഇന്നലെ പാര്‍ട്ടി സെക്രട്ടറി എഴുതിയ ലേഖനത്തിന് മറുപടി നല്‍കുന്നത്. 

എന്‍.ഐ.എ അന്വേഷിക്കുന്ന യുഎപിഎ ചുമത്തിയ രാജ്യദ്രോഹ കേസില്‍ ഒരു മന്ത്രി കുടുങ്ങുമെന്ന് ഉറപ്പായതോടെ മതത്തെ മറയാക്കി ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രത്തിലേക്ക് സി.പി.എമ്മും സര്‍ക്കാരും കടന്നിരിക്കുകയാണ്. നിരോധിത തീവ്രവാദ സംഘടനയായ സിമി മുതല്‍ സിപിഎം വരെ പ്രവര്‍ത്തിച്ച് പരിചയമുള്ള ജലിലിനെ രക്ഷിക്കാന്‍ മതത്തെ ഉപയോഗിക്കുകയാണ്. രാജ്യദ്രോഹകേസില്‍ ആരോപണ വിധേയനായ മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നവര്‍ വിശുദ്ധ ഖുര്‍ആനെ അവഹേളിക്കുകയാണെന്നാണ് കോടിയേരി പറയുന്നത്. 

ഖുര്‍ആന്‍ വിതരണം ചെയ്യുന്നതിനെ ബി.ജെ.പി എതിര്‍ത്തിട്ടേയില്ല. മറിച്ച്, രാജ്യത്തിന്റെ നിയമങ്ങളെ കബളിപ്പിച്ച് സ്വര്‍ണവും പണവും കടത്തുന്നതിനെയാണ് ബി.ജെ.പി എതിര്‍ത്തത്. മുര്‍ ആന്‍ മറയാക്കി സ്വര്‍ണം കടത്തിയ ജലീലും അതിന് അദ്ദേഹത്തെ സഹായിച്ച മുഖ്യമന്ത്രിയും അത് ന്യായീകരിക്കുന്ന കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കളാണ് യഥാര്‍ത്ഥത്തില്‍ ഖുര്‍ആനെ അവഹേളിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കാനുള്ള ഇത്തരം രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിനെതിരെയാണ് പോരാട്ടം. അത് മതപരമല്ലെന്നും കെ.സുരേന്ദ്രന്‍ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

കേരളത്തില്‍ ഏതാണ് എല്ലാ വീടുകളിലും ഖുര്‍ ആന്‍ ഉണ്ടായിരിക്കേ, ഖുര്‍ആന്‍ അച്ചടിക്കുന്ന , അത് വിദേശത്തേക്ക് പോലും അയക്കുന്ന സ്ഥാപനങ്ങള്‍ കേരളത്തിലുള്ളപ്പോള്‍, എന്തിനാണ് ജലീല്‍ യു.എ.ഇയില്‍ നിന്നും ഖുര്‍ ആന്‍ കൊണ്ടുവന്നത്? അതും മതഗ്രന്ഥങ്ങള്‍ വിദേശത്തേക്ക് അയക്കുന്ന പതിവ് തങ്ങള്‍ക്കില്ലെന്ന് യു.എ.ഇ വ്യക്തമാക്കിയ സ്ഥിതിക്ക് ജലീലിന്റെ നടപടി അസാധാരണമാണ്. സ്വര്‍ണക്കടത്തിനെതിരായി കേരളത്തില്‍ ഉയര്‍ന്നുവന്ന ശക്തമായ ജനരോഷത്തെ ഭയന്ന സി.പി.എം മതവര്‍ഗീയ സംഘടനകളുടെ ശൈലിയില്‍ ദുരാരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. 

വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ വ്യാജപ്രചാരണങ്ങള്‍ നടത്തുന്ന കോടിയേരിക്കെതിരെ മതസ്പര്‍ദ്ധ വളര്‍ത്തുന്നതിനെതിരെയുള്ള വകുപ്പുപയോഗിച്ച് കേസെടുക്കണം. മതവിശ്വാസത്തേക്കാള്‍ മതത്തെ രാഷ്ട്രീയ അധികാരം നേടാന്‍ ഉള്ള കുറുക്കുവഴിയായി ഉപയോഗിക്കുന്ന വൃത്തികെട്ട തന്ത്രമാണ് മൂന്‍ സിമിക്കാരന്‍ കൂടിയായ ജലീല്‍ തന്റെ അഴിമതി മൂടിവയ്ക്കാന്‍ ഉപയോഗിക്കുന്നത്. ദേശദ്രോഹികള്‍ക്ക് താവളമൊരുക്കിയ പിണറായി സര്‍ക്കാര്‍ രാജിവച്ച് ഒഴിയുംവരെ കേരളത്തില്‍ ഉയര്‍ന്നുവന്ന ജനകീയ സമരത്തിന് അവസാനമുണ്ടാവില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക