Image

സത്യവാംങ്മൂലം(കഥ- രമ പ്രസന്ന പിഷാരടി)

രമ പ്രസന്ന പിഷാരടി Published on 19 September, 2020
സത്യവാംങ്മൂലം(കഥ- രമ പ്രസന്ന പിഷാരടി)
രണ്ട്  പേരായിരുന്നു അവര്‍. കാട് ഇരുളുന്നതിന്  മുന്‍പേ,  ചിറകു വിരിച്ച് പോകുന്ന പക്ഷികള്‍ കൂടണയുന്നതിന് മുന്‍പേ അവര്‍ക്ക് മദ്യപിക്കണമായിരുന്നു.  മദ്യപിക്കാന്‍ പുതുമ  തേടി നടന്നവരായിരുന്നു അവര്‍. ഒരാള്‍ 'ക്‌ളാസിക് ഇവലൂഷന്‍സിന്റെ'  ചെയര്‍മാന്‍, മറ്റയാള്‍  'നോവല്‍ ദി വിഷ്യന്‍' എന്ന വിദ്യാഭ്യാസ ശൃംഗലയുടെ ഡീന്‍.

ബാറുകളുടെ ഇരുണ്ട മുഖങ്ങള്‍ അവര്‍ക്ക് നരകം പോലെ അനുഭവപ്പെട്ടു തുടങ്ങിയപ്പോള്‍,  റിസോര്‍ട്ടുകളുടെ പ്രകൃതിയെ അനുകരിക്കുന്ന കൃത്വിമത്വം  അനാകര്‍ഷകമായപ്പോള്‍  ആഴ്ച്ചയില്‍ രണ്ട് ദിവസം അവര്‍  പ്രകൃതിയിലേയ്ക്ക് നേരിട്ടിറങ്ങി. .  മദ്യക്കുപ്പികള്‍ ഫ്‌ളാസ്‌ക്കുകളില്‍ ഒളിച്ച് വച്ച് പ്രകൃതിയുടെ ഇടങ്ങള്‍ തേടി അവര്‍ പോകും. 

താരാപ്പൂരിലെ തടാകക്കരകള്‍,  കുന്നിന്‍ ചെരുവുകള്‍ അധികം  തിരക്കില്ലാത്ത മലമ്പാതകള്‍ എന്നിവടങ്ങളിലേയ്ക്ക് ഒരാളുടെ കാറില്‍ യാത്ര പോകും. കയറിപ്പോകുന്ന പാതകളുടെ അടിവാരത്തില്‍ കാര്‍ നിര്‍ത്തി അവര്‍ നടക്കും. ഇടയ്ക്ക് ഇരിക്കാനായി കല്ലു കൊണ്ടോ, തടി കൊണ്ടോ ഉള്ള ഇരിപ്പിടങ്ങളുണ്ടാകും. അവിടെയിരുന്ന് അവര്‍ കാപ്പിക്കപ്പുകളില്‍ മദ്യം സേവിച്ചു.. ആരും അവരെ സംശയിച്ചില്ല.  ആരെങ്കിലും ചോദിച്ചാല്‍ അവര്‍ക്കെന്നും മറുപടിയുണ്ടായിരുന്നു. ഹെല്‍ത്ത് ഇഷ്യൂസ് ഉണ്ട്. അല്പം ശുദ്ധവായു ശ്വസിക്കാനെത്തി.  

ലക്ക് കെട്ട് മദ്യപിക്കാതിരിക്കാന്‍ അവര്‍ ശ്രദ്ധിച്ചിരുന്നു. കുടിക്കേണ്ടതിന്റെ പകുതി മാത്രമേ അവര്‍ കൊണ്ട് വന്നിരുന്നൂള്ളൂ.  സമൂഹത്തിലെ വലിയ ക്‌ളബുകളില്‍ അംഗത്വമുള്ളവര്‍ക്ക് സ്വന്തം പ്രതിച്ഛായ സംരക്ഷിക്കേണ്ട ആവശ്യമുണ്ടായിരുന്നു. പരീക്ഷണക്കുടി കഴിഞ്ഞ് വീട്ടിലെത്തി ആസക്തിയുടെ ബാക്കി മദ്യം അവര്‍ വീട്ടിലിരുന്ന് സേവിച്ചു.  ആദ്യമൊക്കെ സ്വന്തം വീടുകളില്‍ നിന്ന്  പ്രതിഷേധമുയര്‍ന്നെങ്കിലും  പിന്നീട് വീട്ടുകാര്‍ അവരെ വീട്ടില്‍ തന്നെ ഉപേക്ഷിച്ചു.

അന്ന്  അവര്‍  മദ്യപിക്കാന്‍ പോയത്  ജാഹ്നവിക്കുന്നിലായിരുന്നു. ഭഗീരഥന്‍ ഗംഗയെ കൊണ്ടുവന്നപ്പോള്‍ കുറെ ജലം അവിടെ വീണുവെന്നും  അങ്ങനെ അതിന് ആ പേരുണ്ടായി എന്നും വഴിയിലൊരു  ബോര്‍ഡില്‍ എഴുതി വച്ചിരുന്നു. താഴ്വാരങ്ങളില്‍ കൃഷി ചെയ്തവര്‍  ആ പ്രദേശത്തിന് ദിവ്യത്വം കിട്ടാന്‍ മെനഞ്ഞെടുത്ത   കഥയാണതെന്ന്  പാതയിലൂടെ നടന്നപ്പോള്‍ വെറുതെ കൂടെക്കൂടിയ ആട്ടിടയന്‍  അവരോട് പറഞ്ഞു.

അവരിലൊരാളുടെ ജാഗുവര്‍ താഴെ പാര്‍ക്ക് ചെയ്ത്  അവര്‍ ലക്ഷ്യസ്ഥാനം നോക്കി നടന്നു.  താഴ്വാരക്കാഴ്ച്ച കാണാനെന്ന പോലെ വഴി വികസിച്ച ഒരു സഥലത്തെ കരിങ്കല്‍ ബെഞ്ചില്‍ അവരിരുന്ന് കാപ്പിക്കപ്പിലേയ്ക്ക് മദ്യം പകര്‍ന്ന് നുകരാനാരംഭിച്ചു. അവരിലൊരാളുടെ ഫോണ്‍ ഇടയ്ക്ക് ശബ്ദിച്ചു. രണ്ട്  പ്രാവശ്യം അയാളത് നീരസത്തോടെ ഓഫ് ചെയ്തു. മൂന്നാമതും ഫോണ്‍ റിംഗ്  ചെയ്തപ്പോള്‍ അയാളത് അതീവ കോപത്തോടെ  എടുത്തു.  'കോണ്‍ഫറന്‍സിനും  മീറ്റിംഗിനുമിടയ്ക്ക്  വിളിച്ച് ശല്യപ്പെടുത്തരുതെന്ന് എത്ര പ്രാവശ്യം പറഞ്ഞിരിക്കുന്നു'.  അയാളുടെ ശബ്ദത്തിലെ ക്രൗര്യം ഫോണിനപ്പുറത്ത് നന്നായി മനസ്സിലായതിനാലാവും  വന്ന മറുപടി അതിലും ക്രൂരമായിരുന്നു. 

'അച്ഛാ ... അച്ഛന്റെ  അമ്മ മരിച്ചു.'

അതോടെ ഫോണ്‍ കട്ട് ചെയ്യപ്പെട്ടു…

അയാള്‍ വീണ്ടും വീണ്ടും  ആ നമ്പര്‍ ഡയല്‍ ചെയ്തു. മറുപടിയൊന്നും കിട്ടിയില്ല. ബോധം നഷ്ടപ്പെട്ടവനെപ്പോലെ അയാള്‍ താഴേയ്ക്ക് ഓടി. ചില വണ്ടികള്‍ക്ക് അയാള്‍ കൈ കാട്ടി.  ഒടുവില്‍ ഒരു പെട്ടി ഓട്ടോ മുന്നില്‍ നിന്നു.  അയാളതില്‍ ചാടി കയറി. മറ്റയാള്‍  കൂട്ടുകാരനോടൊപ്പം  ഓടാന്‍ ശ്രമിച്ചെങ്കിലും കിതച്ചൊടുവില്‍ പതിയെ താഴോട്ട് നടന്നു.

പെട്ടി ഓട്ടോയിലിരുന്ന് ഒന്നാമന്‍ അമ്മയെ കുറിച്ചോര്‍ത്തു. രണ്ട് വര്‍ഷമായി അമ്മയെ കണ്ടിട്ട്. മദ്യപിക്കാന്‍ സമയമുണ്ടാക്കുന്നത് പോലെ അമ്മയെ കാണാന്‍ സമയമുണ്ടാക്കിയില്ല എന്നത് അയാളിലൊരു കുറ്റബോധം ഉണര്‍ത്തി.

വെളിച്ചം പോലും ശരിയായി കടന്ന് വരാത്ത  പഴയ  വീട്ടില്‍ എന്തിനാണ് അമ്മ  ഒറ്റയ്ക്ക് താമസിക്കുന്നത് എന്നയാള്‍ ആലോചിച്ചിട്ടുണ്ട്. അയാളെ പക്ഷെ  തോല്‍പ്പിച്ചത് മകളാണ്. മദ്യത്തിന്റെ ഗന്ധം നിറഞ്ഞ വീട്ടില്‍ നിന്ന് മകള്‍ ഓടിപ്പോയി.  അതും ആ കുഗ്രാമത്തിലേയ്ക്ക്.  ഭാര്യ എന്തേ ഓടിപ്പോകാത്തത് എന്ന് അയാള്‍ ചിന്തിച്ചിട്ടുണ്ട്.  പോയിരുന്നെങ്കില്‍ അയാള്‍ക്ക് കടുത്തതും, നിസ്സഹായവുമായ നോട്ടങ്ങള്‍ നേരിടാതെ മദ്യപിക്കാനാകുമായിരുന്നു  എന്ന് തോന്നിയിരുന്നു.  ഓഫിസില്‍ നിന്ന് മലമുകളില്‍ മദ്യപിക്കാന്‍ പോകുന്ന ദിവസം  സ്‌പെഷ്യല്‍ കോണ്‍ഫറന്‍സിന്റെ കഥ പറഞ്ഞു ഭയപ്പെടുത്തിയിട്ടാകും അയാള്‍ പോകുക. എത്രയാവശ്യമുണ്ടായാലും ഫോണ്‍ ചെയ്യാന്‍ പാടില്ല, ക്‌ളാസിക് ഇവലൂഷന്‍സിന്റെ എം ഡിയുടെ ഭാര്യ സ്വയം കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തയായിരിക്കണം. ഇന്ന് കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ ഭാര്യയും പഠിച്ചിരിക്കുന്നു.  ഫ്‌ളൈറ്റില്‍ അവള്‍ ഒറ്റയ്ക്ക് പോയിരിക്കുന്നു. അല്ലെങ്കിലും  ഭാര്യയ്ക്ക്  പോലും  ഒരപരിചിതനായി അയാള്‍ ചുരുങ്ങിയിരിക്കുന്നു,

മദ്യം അയാളെ ഏതൊക്കെയോ ചിന്തകളിലേയ്ക്ക് കൈ പിടിച്ച് നടത്തി അയാളുടെയടുത്തേയ്ക്ക് ഒരു കുട്ടി നടന്നു വന്നു.  വന്നതും ഒരു ചോദ്യം

ഓര്‍മ്മയുണ്ടോ  അന്ന് പറഞ്ഞത്

ഉണ്ട്..

എന്ത്..

ഞാനൊരു ഗാന്ധിയനാകും

പിന്നെയന്താണ് പറഞ്ഞത്

ഒരു ഗ്രാമം...അഡോപ്റ്റ് ചെയ്യും

ചെയ്തുവോ?

ഇല്ല..

പോടാ.... കുട്ടിയ്ക്ക് ദേഷ്യം വന്നു,

ശിരസ്സ് താഴ്ത്തി  ഒന്നും ശബ്ദിക്കാതെ അയാള്‍ ഇരുന്നു..

എങ്ങോട്ടോ ഈ ഓട്ടം..? കുട്ടി വീണ്ടും ചോദിച്ചു

അമ്മ മരിച്ചു..

ഓ…..അറിഞ്ഞു അല്ലേ…

എത്ര നാളായി അമ്മയെ കണ്ടിട്ട്..?

രണ്ട് വര്‍ഷം..

അമ്മയെ വിളിക്കാറുണ്ടോ.?

അയാളുടെ മൗനം കണ്ട് കുട്ടി പറഞ്ഞു

അമ്മ വിളിക്കുമ്പോള്‍ ഫോണ്‍ കട്ട് ചെയ്യുമല്ലേ . പിന്നെ വിളിക്കുമെന്ന് പറഞ്ഞ്

പോടാ.. കുട്ടി വീണ്ടും അയാളെ ഒരു ബഹുമാനവുമില്ലാതെ വിളിച്ചു..

അതിന് ശേഷം  ഇറങ്ങിപ്പോയി..

അയാള്‍ പതിയെ കൈ നിവര്‍ത്തി നോക്കി. അതിലൊരു  കുഞ്ഞു കൈ.. അതിനു മീതെ അമ്മയുടെ കൈ..  അമ്മയുടെ ശബ്ദം അയാളുടെ കാതിലൂടെ ഹൃദയത്തെ തൊട്ട് പോകുന്നു.

കണ്ണാ... പതിയെ പതിയെ...അമ്മേടെ കൈ പിടിച്ച് നടക്കൂട്ടോ...

മെല്ലെ മെല്ലെ ആ കൈ വളരുന്നു. വലുതാവുന്നു. അമ്മയുടെ കൈ വിടുവിക്കുന്നു. ഇപ്പോള്‍ കൈയില്‍ കാണുന്നത് ഭൂഗോളമാണ്. അച്ചുതണ്ടില്‍ ഒരു കൈ തൊട്ട് മറുകൈ കൊണ്ട് അയാള്‍ ഓരോ രാജ്യത്തെയും അടയാളപ്പെടുത്തുന്നു.. ചുറ്റുമുള്ളവര്‍ അമിത ബഹുമാനത്തോടെ അയാള്‍ പറയുന്നത് ശ്രദ്ധിക്കുന്നു. യൂറോപ്പിന് ചുറ്റും ഒരു വലിയ വൃത്തം കൈ കൊണ്ട് വരച്ച് അയാള്‍ പറയുന്നു. നമ്മുടെ എക്‌സ്‌പോര്‍ട്ട് വെസ്‌റ്റേണ്‍ യൂറോപ്പ് കവര്‍ ചെയ്തിരിക്കുന്നു. ഇനി ഈസ്റ്റ്. പിന്നെ മദ്ധ്യധരണ്യാഴി കടന്ന് പോകണം. ഈജിപ്റ്റില്‍  ഒരു നഗരം എന്റെ പേരിലുണ്ടാകണം. ഗ്രീസില്‍ ഞാനൊരു  സ്‌റ്റേഡിയം പണിയും.  ഇനിയുള്ളത് ഒറ്റപ്പെട്ട ചില വന്‍ നഗരങ്ങള്‍. ചരിത്രം എന്റെ കൂടെ നില്‍ക്കണം.  ഹില്‍സ്‌റ്റേഷനുകളിലെല്ലാം ഒരു കൊട്ടാരം പണിയണം.. എ ബിഗ് പാലസ്..

കുട്ടി അടുത്തേയ്ക്ക് വരുന്നു.

അയാളുടെ കൈയില്‍  നിന്ന്  ഗ്‌ളോബ്  എന്ന ഭൂലോകം അധികാരത്തോടെ വലിച്ച് മാറ്റി പറയുന്നു

നിന്റെ കൈയിലെ എന്റെ രേഖയാണിത്. അതില്‍ നീയെനിക്ക് തന്ന സത്യത്തിന്റെ,  ഒരു  സത്യവാംങ്മൂലത്തിന്റെ  മുദ്ര കാണുന്നില്ലേ?.  

അയാള്‍ കുട്ടിയുടെ കൈയിലേയ്ക്ക് സൂക്ഷിച്ച്  നോക്കി.  ശരിയാണ് അമ്മയ്ക്ക് കൊടുത്ത വാക്കിന്റെ ഇനിയും മാഞ്ഞുപോകാത്ത ഒരു അക്ഷരം പറ്റിപ്പിടിച്ചിരിക്കുന്നു. അത് വ്യഞ്ജനമാണോ സ്വരാക്ഷരമാണോ എന്നയാള്‍ക്ക് മനസ്സിലായില്ല.  പല അക്ഷരങ്ങളും അയാള്‍ മറന്ന് തുടങ്ങിയിരുന്നു

കണ്ണാ... ഈ ഗ്രാമത്തിനൊരു സ്‌കൂള്‍  നീ പണിയണം.. പുഴയ്ക്കപ്പുറം  പാടത്ത് പണിക്കാരും, പട്ടിണിക്കാരുമാണുണ്ണി. നീ വലിയ ആളാകുമ്പോള്‍ അവര്‍ക്ക് വേണ്ടി ഒരു സ്‌ക്കൂള്‍….

മറന്നു അല്ലേ.. കുട്ടി ഗൗരവത്തില്‍ പറഞ്ഞു..

മറന്നു.. അയാള്‍ നിസ്സംഗമായി പറഞ്ഞു..

അയാള്‍ എല്ലാം മറന്നിരിക്കുന്നു. ഹൈക്കമ്മീഷന്റെ അത്താഴസദ്യയിലായിരുന്നു  ആദ്യമായി  അയാള്‍ മദ്യം കഴിക്കാനാരംഭിച്ചത്. അങ്ങനെയാണത്രെ സാമ്രാജ്യങ്ങളുടെ ആഘോഷ ആചാരങ്ങള്‍.  ആദ്യം അയാള്‍ മദ്യത്തെ നിയന്ത്രിക്കുകയും  പിന്നീട് മദ്യം അയാളെ  നിയന്ത്രിക്കാനുമാരംഭിച്ചു.  അയാളുടെ  സാമ്രാജ്യങ്ങള്‍  തകരാതിരുന്നത് അയാളുടെ മകന്‍ ബിസിനസ് പഠിച്ചു തുടങ്ങിയതിനാലാണ്.

ജാഗുവറില്‍ കയറുമ്പോള്‍ കുട്ടി കൂടെ കൂടി

കൂടെ ഒരാള്‍ വന്നിരുന്നുവല്ലോ?

അപ്പോഴാണ് അയാള്‍ സുഹൃത്തിനെ ഓര്‍മ്മിച്ചത്. പെട്ടെന്ന് സെല്‍ ഫോണെടുത്ത് അയാള്‍ വിളിച്ചു,

സോറി അമ്മ മരിച്ചു. പെട്ടെന്ന് തിരികെ പോകേണ്ടി വന്നു. താങ്കള്‍   ഒരു  ടാക്‌സി  വിളിക്കൂ..

അയാള്‍ക്ക്  അന്ന്  ടിക്കറ്റ്  കിട്ടിയില്ല. പിറ്റേന്ന് ഉച്ചകഴിഞ്ഞുള്ള വിമാനത്തില്‍ നാട്ടിലെ വീട്ടിലെത്തിയപ്പോള്‍  ചിലര്‍ അയാളെ തുറിച്ചു നോക്കി. വീടിന്റെ മുറ്റത്തേയ്ക്ക് കയറിയപ്പോള്‍  കുട്ടി വീണ്ടുമെത്തി. വന്‍കിട ബിസിനസ്സ് സാമ്രാജ്യത്തിന്റെ പ്രതിനിധികളെ, ലോകനേതാക്കളെ എല്ലാം അയാള്‍ ധീരതയോടെ, ആത്മവിശ്വാസത്തോടെ നേരിട്ടിരുന്നു. ഇവനെ  ഈ കുട്ടിയെ  നേരിടാനായിരുന്നു  അയാള്‍ ഏറ്റവും  പ്രയാസപ്പെട്ടത്.

വന്നുവല്ലേ..

അയാള്‍ തലകുനിച്ചു

മോളാ കത്തിച്ചത്..

അയാള്‍ മിണ്ടിയില്ല

അമ്മേടെ ആഗ്രഹോം അതായിരിക്കാം..

അയാള്‍ ഒന്നാശ്വസിച്ചു,

നിനക്ക് വിഷമമുണ്ടോ, സാരല്യ.. ഓള് നല്ല കുട്ട്യാ..

വാ…...അവന്‍ അധികാരത്തോടെ വിളിച്ചു.

ചാറ്റല്‍ മഴയിലൂടെ  അയാള്‍ നടന്നു. തെക്ക് പുറത്ത് കത്തിയമര്‍ന്ന ചിത കണ്ടു. അത് വരെ അടക്കിക്കൂട്ടിയ കണ്ണീരൊഴുകി. മഴയ്ക്ക് ശക്തി  പ്രാപിച്ചു,  മദ്യവും, ഗന്ധവും,  നഗരവും, ആഘോഷവും,  തിരക്കും  അയാളില്‍ നിന്ന് മഴയോടൊന്നിച്ച് താഴേയ്‌ക്കൊഴുകി  മാഞ്ഞു.

കുട്ടിയുടെ  ചെറിയ കൈയിലേയ്ക്ക് അയാളുടെ കൈ നീണ്ടു..

അതില്‍ നിന്ന് പഴയ  സത്യവാങ്മൂലത്തിന്റെ   മറന്നിട്ട  അക്ഷരങ്ങളെല്ലാം പൂര്‍വ്വാധികം തേജസ്സോടെ ഉയര്‍ത്തെഴുനേറ്റു.   അയാള്‍ പതിയെ  അവയെ കൈയിലേയ്‌ക്കെടുത്തു..ഒരു  മിന്നലടരില്‍ അത് അയാളുടെ കൈയിലിരുന്ന് തിളങ്ങി..

നാളെ പുഴയ്ക്കക്കരെയൊന്ന് പോണം...

കുട്ടി  അയാളുടെ ഹൃദയത്തിലേയ്ക്ക് നടന്ന് കയറി….
Join WhatsApp News
S RAJAGOPAL 2020-09-21 00:54:00
മനോഹരം !!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക