Image

ടെക്‌സസില്‍ ഗ്രീന്‍ പാര്‍ട്ടിയുടെ മൂന്ന് സ്ഥാനാര്‍ഥികളെ കൂടി ഉള്‍പ്പെടുത്താന്‍ ബാലറ്റുകള്‍ വീണ്ടും പ്രിന്റ് ചെയ്യുന്നു: ഏബ്രഹാം തോമസ്

ഏബ്രഹാം തോമസ് Published on 19 September, 2020
ടെക്‌സസില്‍ ഗ്രീന്‍ പാര്‍ട്ടിയുടെ മൂന്ന് സ്ഥാനാര്‍ഥികളെ കൂടി ഉള്‍പ്പെടുത്താന്‍ ബാലറ്റുകള്‍ വീണ്ടും പ്രിന്റ് ചെയ്യുന്നു: ഏബ്രഹാം തോമസ്
ഗ്രീന്‍പാര്‍ട്ടിയുടെ മൂന്ന് സ്ഥാനാര്‍ഥികളെ ഉള്‍പ്പെടുത്തിയ ബാലറ്റുകള്‍ വോട്ടര്‍മാര്‍ക്ക് നല്‍കാന്‍ ടെക്‌സസ് സുപ്രീം കോടതി ഉത്തരവിട്ടു. ഇതിനകം വോട്ടര്‍മാര്‍ക്ക് എത്തിച്ച ബാലറ്റുകള്‍ തിരികെ വാങ്ങി പഴയ ബാലറ്റുകള്‍ നശിപ്പിച്ച് പുതിയ ബാലറ്റ് നിയമം അനുശാസിക്കുന്ന തീയതിക്കുള്ളില്‍ ലഭ്യമാക്കാനും കോടതി ഉത്തരവില്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് തീയതി (നവംബര്‍ 3) യ്ക്കു 45 ദിവസം മുന്‍പാണ് ബാലറ്റുകള്‍ ലഭ്യമാക്കേണ്ട്. ഇതിനകം പുതിയ ബാലറ്റുകള്‍ തയാറാകുമെന്ന് സെക്രട്ടറി ഓഫ് സ്‌റ്റേറ്റ്  രൂത്ത് ആര്‍ ഹ്യൂഗ്‌സിന്റെ ഓഫീസ് അറിയിച്ചു.

യുഎസ് സെനറ്റ് സീറ്റില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി സെനറ്റര്‍ ജോണ്‍ കോര്‍നിനും ഡെമോക്രാറ്റിക്‌സ് സ്ഥാനാര്‍ത്ഥി എം. ജെ. ഹേഗറിനുമെതിരെ മത്സരിക്കുന്ന ഡേവിഡ് ബി കൊളിന്‍സും റെയില്‍ റോഡ് കമ്മിഷണര്‍ സ്ഥാനത്തേക്കു മത്സരിക്കുന്ന കടിജ കാറ്റ് ഗ്രൂനേയും ഡിസ്ട്രിക്ട് 21 ല്‍ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ്മാന്‍ ചീഫ് റോയ്ക്കും ഡെമോക്രാറ്റിക് വെന്‍ഡി ഡേവിസിനുമെതിരെ മത്സരിക്കുന്ന ടോമി വേക്ക്‌ലിയുമാണ് ഗ്രീന്‍പാര്‍ട്ടിയുടെ മൂന്ന് സ്ഥാനാര്‍ഥികള്‍.
കോടതി വിധി ഗ്രീന്‍പാര്‍ട്ടിക്ക് ഒരു വിജയമാണ്. ഈ മൂന്ന്  സ്ഥാനാര്‍ഥികളെയും ബാലറ്റില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് സ്‌റ്റേറ്റ് അപ്പീല്‍സ് കോടതി കഴിഞ്ഞ മാസം വിധിച്ചിരുന്നു. ഈ വിധി തള്ളിയാണ് സുപ്രീം കോടതി വിധി. കാലാവസ്ഥ വ്യതിയാനവും സാമൂഹ്യ നീതിയും പ്രശ്‌നങ്ങളായി ഉയര്‍ത്തുന്ന ഗ്രീന്‍പാര്‍ട്ടിക്ക് ഡെമോക്രാറ്റിക് അനുകൂലികളില്‍ ചിലരെങ്കിലും വോട്ടുചെയ്യുമെന്ന് കരുതുന്നു. അപ്പീല്‍സ് കോടതി ജഡ്ജിമാര്‍ ഡെമോക്രാറ്റിക്  അനുഭാവികളാണ്. ടെക്‌സസ് സുപ്രീം കോടതി ജഡ്ജിമാര്‍ റിപ്പബ്ലിക്കന്‍ അനുഭാവികളാണെന്നും അതിനാലാണ് ഇങ്ങനെ വിധി ഉണ്ടായതെന്നും ഡെമോക്രാറ്റുകള്‍ ആരോപിച്ചു.

ഈ മാസമാദ്യം ലിബര്‍ട്ടേറിയന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ ബാലറ്റില്‍ നിന്ന് നീക്കം ചെയ്യണമെന്ന റിപ്പബ്ലിക്കനുകളുടെ അഭ്യര്‍ത്ഥന സുപ്രീം കോടതി നിരസിച്ചിരുന്നു. പേരുകള്‍ നീക്കം ചെയ്യുവാനുള്ള അവസാനത്തീയതി കഴിഞ്ഞു എന്ന കാരണമാണ് കോടതി ചൂണ്ടിക്കാട്ടിയത്.

മൂന്നാം രാഷ്ട്രീയ പാര്‍ട്ടികള്‍ നോമിനേഷനുകള്‍ നല്‍കുമ്പോള്‍ ആവശ്യമായ ഫീസും നല്‍കിയിരിക്കണം എന്ന നിബന്ധനയും കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. കഴിഞ്ഞ സെപ്റ്റംബറിലാണ് ഈ നിയമം പ്രാബല്യത്തില്‍ വന്നത്. നവംബറിലെ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പല മൂന്നാം പാര്‍ട്ടി സ്ഥാനാര്‍ത്ഥികളും ഫീസ് നല്‍കിയിട്ടില്ല.

കഴിഞ്ഞ മാസം അപ്പീല്‍ കോടതി ഗ്രീന്‍പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ ബാലറ്റുകളില്‍ നിന്ന് ഒഴിവാക്കാന്‍ വിധിച്ചതിന് ഒരു കാരണം അവര്‍ ഫീസ് അടച്ചില്ല എന്നതായിരുന്നു. ഈ കാരണവും മറികടക്കുവാന്‍ സംസ്ഥാന സുപ്രീം കോടതി തീരുമാനിച്ചു. ബാലറ്റുകള്‍ സൈനിതര്‍ക്കും, വിദേശത്തുള്ള വോട്ടര്‍മാര്‍ക്കും ലഭിച്ചിട്ടുണ്ടാവാം. ഇവയാണ് തിരികെ വിളിക്കുന്നത്. പകരം പുതിയ ബാലറ്റുകള്‍ ഇവ സമയത്ത് വോട്ടര്‍മാര്‍ക്ക് ലഭിക്കുമോ എന്നുറപ്പുണ്ടാവുകയില്ലെന്ന് നിരീക്ഷകര്‍ പറയുന്നു. നിയമപരമായ ഒരു പ്രശ്‌നവും ഉടലെടുക്കുന്നുണ്ട്. തിരികെ  ലഭിക്കുന്നവയില്‍ പൂരിപ്പിച്ച പഴയ ബാലറ്റുകള്‍ ഉണ്ടെങ്കില്‍ ഇവ ഏത് ഗണത്തില്‍പെടുത്തും. അസാധുവായിരിക്കുമോ, സാധു ആയിരിക്കുമോ ? പഴയ ബാലറ്റില്‍ വോട്ട് രേഖപ്പെടുത്തിയവര്‍ക്ക് പുതിയ ബാലറ്റ് സമയത്ത് കിട്ടിയില്ല എന്ന് വാദിക്കാം.

പുനഃസ്ഥാപിക്കപ്പെട്ട ചില ഗ്രീന്‍പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ സംസ്ഥാനം ഒട്ടാകെയുള്ള വോട്ടുകള്‍ക്ക് അര്‍ഹരാണ്. ഓവര്‍സീസ്, മിലിട്ടറി വോട്ടര്‍മാര്‍ക്ക് ഈ ആഴ്ച തന്നെ ബാലറ്റുകള്‍ അയച്ചു കൊടുക്കേണ്ടതുണ്ട്. ഇതിന് കഴിയുമെന്ന് സെക്രട്ടറി ഓഫ് സ്‌റ്റേറ്റിന്റെ ഓഫീസ്  ഇലക്ഷന്‍ അധികാരികള്‍ക്ക് ഉറപ്പ് നല്‍കി.

ടെക്‌സസില്‍ നവംബര്‍ 3ന് വോട്ടു ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ഒക്ടോബര്‍ 5 ആണ്. ഇലക്ഷന്‍ ദിവസത്തിനുള്ളില്‍ 18 വയസ് തികയുന്നവര്‍ അവര്‍ വസിക്കുന്ന കൗണ്ടിയില്‍ റജിസ്റ്റര്‍ ചെയ്യണം. യുഎസ് പൗരനായിരിക്കണം എന്ന നിബന്ധയും ഉണ്ട്.

ടെക്‌സസ് സെനറ്റിലേയ്ക്കു മത്സരിക്കുന്ന പ്രധാന സ്ഥാനാര്‍ഥികള്‍ കോര്‍നിനും ഹേഗറും ഒക്ടോബര്‍ 9 ന് വൈകിട്ട് 7 മണി മുതല്‍ 8 മണി വരെ ആദ്യ ഡിബേറ്റില്‍ പങ്കെടുക്കും. ഗ്രീന്‍ പാര്‍ട്ടിയുടെ കൊളിന്‍സും ഡിബേറ്റില്‍ സംബന്ധിക്കുവാന്‍ സാധ്യതയുണ്ട്. ഓസ്റ്റിനിലെ ടെക്‌സസ് സ്‌റ്റേറ്റ് ഹിസ്റ്ററി മ്യൂസിയത്തിലാണ് ഡിബേറ്റ് നടക്കുക. ഒരു പോളില്‍ കോര്‍ണിന് ഹേഗറിനുമേല്‍ 11 പോയിന്റ് ലീഡുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക