Image

കോവിഡിന്റെ രണ്ടാംവരവ് സ്ഥിരീകരിച്ച് ബോറിസ്, സമ്പൂര്‍ണ്ണ ലോക്ഡൗണില്ല

Published on 19 September, 2020
കോവിഡിന്റെ രണ്ടാംവരവ് സ്ഥിരീകരിച്ച് ബോറിസ്, സമ്പൂര്‍ണ്ണ ലോക്ഡൗണില്ല
ലണ്ടന്‍: വിംബിള്‍ഡണും ടോക്കിയോ ഒളിംപിക്‌സും ഉള്‍പ്പെടെയുള്ള മഹാ മാമാങ്കങ്ങള്‍ പലതും കൊണ്ടുപോയ കോവിഡ് വരാനിരിക്കുന്ന ന്യൂ ഇയര്‍ ആഘോഷങ്ങളും അപഹരിക്കുമെന്ന് ഉറപ്പായി. കോവിഡിന്റെ പശ്ചാത്തലത്തില്‍ ലണ്ടന്‍ നഗരത്തിലെ വിശ്വവിഖ്യാതമായ വെടിക്കെട്ട് റദ്ദാക്കി. ന്യൂ ഇയര്‍ രാത്രിയില്‍ ഒരുലക്ഷംപേര്‍ നേരിട്ടും ഒന്നരക്കോടി  ആളുകള്‍ ടെലിവിഷനിലൂടെയും ആസ്വദിക്കുന്ന ലണ്ടന്‍ ഐയിലെ വെടിക്കെട്ട് റദ്ദാക്കിയതായി മേയര്‍ സാദിഖ് ഖാനാണ് അറിയിച്ചത്. ന്യൂ ഇയര്‍ രാത്രിയില്‍ ലണ്ടന്‍ നഗരത്തെ ആകെ ഉല്‍സവലഹരിയിലാക്കുന്ന വെടിക്കെട്ടും ആഘോഷങ്ങളും റദ്ദാക്കുന്നതിനു പകരമായി ആളുകള്‍ക്ക് വീട്ടിലിരുന്ന് ആസ്വദിക്കാവുന്ന തരത്തില്‍ പുതിയ ആഘോഷമാര്‍ഗം കണ്ടെത്തുമെന്ന് മേയര്‍ സാദിഖ് ഖാന്‍ അറിയിച്ചു.

ലണ്ടനു പുറമെ  സിഡ്‌നി, ന്യൂയോര്‍ക്ക്, ദുബായ് ഉള്‍പ്പെടെ ലോകത്തിലെ വിവിധ വന്‍ നഗരങ്ങളില്‍ ന്യൂ ഇയറിന് വലിയ കരിമരുന്ന് കലാപ്രകടനവും മറ്റ് ആഘോഷങ്ങളും പതിവുള്ളതാണ്. ഇതെല്ലാം കോവിഡിന്റെ പശ്ചാത്തലത്തില്‍ അനിശ്ചിതത്വത്തിലാണ്. ലണ്ടനു പിന്നാലെ മറ്റ് വന്‍ നഗരങ്ങളും ന്യൂ ഈയര്‍ ആഘോഷങ്ങള്‍ വെട്ടിച്ചുരുക്കുമെന്നാണ് വിവിധ ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബ്രിട്ടനില്‍ ഒടുവില്‍ കോവിഡിന്റെ രണ്ടാംവരവ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തന്നെ തുറന്നു സമ്മതിച്ചു. രാജ്യത്തെങ്ങും കോവിഡിന്റെ രണ്ടാംവരവ് ദൃശ്യമാണെന്നും എന്നാല്‍ ഇതിന്റെ പേരില്‍ നേരത്തെ ചെയ്തപോലുള്ള സമ്പൂര്‍ണ ലോക്ക്‌ഡൌണിലേക്കു പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. രോഗ നിയന്ത്രണത്തിനായി കൂടുതല്‍ കഡശനമായ സോഷ്യല്‍ ഡിസ്റ്റന്‍സിംങ് നടപടികള്‍ സ്വീകരിക്കും. ദേശീയതലത്തില്‍ ലോക്ക്ഡൗണ്‍ ഒഴിവാക്കാനായി മൂന്നു ശ്രേണിയിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

ദിവസേന അഞ്ഞുറില്‍ താഴെ ആളുകള്‍ മാത്രം രോഗികളായിരുന്ന സാഹചര്യത്തില്‍ നിന്നും ഒരാഴ്ച കൊണ്ട് നാലായിരത്തിലേറെ ആളുകള്‍ രോഗികളാകുന്ന സാഹചര്യത്തിലേക്ക് ബ്രിട്ടണില്‍ സ്ഥിതി മാറി. ഇന്നലെ മാത്രം ബ്രിട്ടനില്‍ രോഗികളായത് 4,322 പേരാണ്. ദിവസേന പത്തില്‍ താഴെയായിരുന്ന മരണനിരക്കും ഒരാഴ്ചകൊണ്ട് മുപ്പതോട് അടുത്തു. ഇന്നലെ മാത്രം ബ്രിട്ടനില്‍ കോവിഡ് മൂലം മരിച്ചത് 27 പേരാണ്. സ്കൂളുകളെല്ലാം തുറന്നതും വ്യാപാര സ്ഥാനപങ്ങളും ഓഫിസുകളുമെല്ലാം പതിവുപോലെ പ്രവര്‍ത്തനം ആരംഭിച്ചതുമാണ് ബ്രിട്ടണില്‍ രണ്ടാം രോഗ വ്യാപനത്തിന് വഴിവച്ചിരിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക