Image

മനസ്സ് മരവിച്ച് അമേരിക്ക; കോവിഡ് മരണം 200,000 പിന്നിട്ടു

Published on 22 September, 2020
മനസ്സ് മരവിച്ച് അമേരിക്ക; കോവിഡ് മരണം 200,000 പിന്നിട്ടു

കോവിഡ് മരണം രണ്ട് ലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടു. ജോണ്‍സ് ഹോപ്കിന്‍സ് കണക്കനുസരിച്ചാണിത്. വേള്‍ഡോമീറ്ററില്‍ ഇത് ഇത് 205,000 ആണ്.

കോവിഡ് കേസ് ആദ്യമായി യു.എസില്‍ റിപ്പോര്‍ട്ട് ചെയ്തത എട്ടു മാസം മുന്‍പാണ്. നാലു മാസം തികയും മുന്‍പ് മെയ് 27-നു മരണം ഒരു ലക്ഷം ആയി. അടുത്ത നാലുമാസത്തിനുള്ളില്‍ അത് ഇരട്ടിയായി.

ഏറ്റവും കൂടുതല്‍ മരണം അമേരിക്കയിലാണ്. രണ്ടാമത് ബ്രസീല്‍-137,000. മൂന്നാമത് ഇന്ത്യ-89,000.

കൊറിയന്‍ യുദ്ധത്തിനു ശേഷമുള്ള എല്ലാ യുദ്ധങ്ങളിലും മരിച്ചവരേക്കാല്‍ കൂടുതലാണിത്. ആഭ്യന്തര യുദ്ധത്തില്‍ 214,938 പേര്‍ മരിച്ചിരുന്നു. അത് വൈകാതെ മറികടന്നേക്കും.

കഴിഞ്ഞ ഡിസമബറിലാണു ചൈന വൈറസിന്റെ കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് 11-നു ലോകാരോഗ്യ് സംഘടന അത് പാന്‍ഡെമിക്ക് (മഹാമാരി) ആയി പ്രഖ്യാപിച്ചു.

ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് കൂടി വരുന്ന മരണനിരക്കിനെ ജനം കാണുന്നത്. അമേരിക്കയിലെ മരണസംഖ്യ രണ്ടു ലക്ഷം പിന്നിട്ടു എന്നത് പലര്‍ക്കും വെറും വാര്‍ത്തയാകുമ്പോള്‍ ഉറ്റവരുടെ ജീവനുകള്‍ പൊലിഞ്ഞ നൊമ്പരം പേറിയും കുറേ ജീവിതങ്ങളുണ്ട്.

കുഞ്ഞുങ്ങളെന്നോ യുവാക്കളെന്നോ വൃദ്ധരെന്നോ ഇല്ലാതെ വലിയ നഗരങ്ങളില്‍ ജീവിക്കുന്നവരെന്നോ കൊച്ചു പട്ടണത്തില്‍ കഴിയുന്നവരെന്നോ വ്യത്യാസമില്ലാതെ കോവിഡ് മരണതാണ്ഡവം തുടരുകയാണ്. അവരില്‍ ഡോക്ടര്‍മാരുണ്ട് തൊഴിലാളികളുണ്ട് നഴ്സുമാരുണ്ട് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അങ്ങനെ എല്ലാ മേഖലയിലും മരണങ്ങള്‍ സംഭവിച്ചു.

യു.എസില്‍ ദിനംപ്രതി എണ്ണൂറു പേരെങ്കിലും ആ പട്ടികയില്‍ ഇടംപിടിക്കുന്ന നിസഹായരായ ഇരകളാകുന്നു. ഓരോ മരണത്തോടും ചേര്‍ന്ന് ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും അരക്ഷിതാവസ്ഥയുടെയും മൂടുപടം പൊതിയുന്ന കുറേ ജന്മങ്ങള്‍ ബാക്കിയുണ്ട്. ഭയം മാത്രമായിരിക്കും അവരുടെ കണ്ണുകളില്‍.

'ഇന്നലെയാണ് അഞ്ചു മാസങ്ങള്‍ക്കു ശേഷം ഞാനൊന്ന് ടിവി കണ്ടത്. എവിടെ നോക്കിയാലും കൊറോണ എന്നുള്ള വാര്‍ത്ത തന്നെ കേട്ട് മനസ് മടുത്തു. മക്കളെയോര്‍ത്ത് മാത്രമാണ് ജീവിക്കുന്നത്. കോവിഡിനെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ വരുമെന്ന് കേട്ടു. എത്രയും വേഗം വരട്ടെ. ഉറ്റവരെ നഷ്ടപ്പെടുമ്പോള്‍ ഉള്ള വേദന എനിക്ക് നന്നായറിയാം. ഇനിയും കൂടുതല്‍ ഇരകള്‍ വേണ്ട. ' എട്ടുവയസുകാരിയായ മകളെച്ചെര്‍ത്ത് വിതുമ്പിക്കൊണ്ട് ഡെനീസ് ഷാന്‍ഡ്‌ലിയര്‍ പറഞ്ഞു.

'കഴിഞ്ഞ മാസം ഞങ്ങളുടെ നഗരത്തില്‍ കോവിഡ് മൂലം മരണപ്പെട്ടവരുടെ ഓര്‍മ്മസ്ഥലത്ത് മക്കളെയും കൊണ്ട് പോയി. മരിച്ചവരുടെ ഫോട്ടോകളും പേരുമെല്ലാം അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അക്ഷരമാലാക്രമത്തിലുള്ള പേരുകളിലേക്ക് നോക്കിയിട്ട് ആദ്യ അക്ഷരത്തില്‍ തുടങ്ങുന്നവരുടെ ലിസ്റ്റ് തന്നെ വളരെ നീണ്ട് കിടക്കുന്നതുകൊണ്ട് ബാക്കി നോക്കിയില്ല.

തീര്‍ച്ചയായും ഇത് താങ്ങാവുന്നതിലും അപ്പുറമാണ്. എനിക്ക് നഷ്ടപ്പെട്ടതെന്റെ അച്ഛനെയും ഭര്‍ത്താവിനെയുമാണ്. അവസാന നിമിഷം പോലും ഒരുമിച്ചിരിക്കാന്‍ കഴിഞ്ഞില്ല. 'ഷാന്‍ഡ്‌ലിയറിന്റെ വാക്കുകള്‍ മുറിഞ്ഞു.

ന്യു യോര്‍ക്ക്
ന്യു യോര്‍ക്ക് സ്റ്റേറ്റില്‍ ക്വാറന്റയിന്‍ 5 സ്റ്റേറ്റുകളില്‍ നിന്നു വരുന്നവര്‍ക്ക് കൂടി ബാധകമാക്കി. അരിസോണ, മിനസോട്ട, നെവാഡ, റോഡ് ഐലന്‍ഡ്, വയോമിങ്ങ് എന്നിവ.
ഇവര്‍ 14 ദിവസം ക്വാറന്റയില്‍ കഴിയണം.
സ്റ്റേറ്റില്‍ 10 മില്യന്‍ പേര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തി. രോഗബാധിതര്‍ ഒരു ശതമാനത്തില്‍ താഴെയാണ്. ഇന്നലെ മൂന്നു പേര്‍ കൂടി മരിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക