Image

കാനഡയിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ കുതിപ്പ്

Published on 23 September, 2020
കാനഡയിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ കുതിപ്പ്
ഒട്ടാവ : അടുത്ത ദിവസങ്ങളിലായി കാനഡയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളുടെ എണ്ണത്തിൽ കുതിപ്പ്. ആരോഗ്യ മന്ത്രാലയത്തിലെ കണക്കുകൾ പ്രകാരം രോഗബാധിതരുടെ എണ്ണം 144693 ആയി , മരണസംഖ്യ ഒൻപതിനായിരത്തി ഇരുനൂറ്റി ഇരുപത്തിമൂന്നും പിന്നിട്ടു.

സ്കൂളുകളിലും സർവകലാശാലകളിലും ജോലിസ്ഥലങ്ങളിലും പുതുതായി രോഗം പടർന്നു പിടിക്കുന്നു. രാജ്യത്തെ തന്നെ ജനസാന്ദ്രത കൂടിയ പ്രദേശങ്ങളായ ക്യൂബെക്കിലും ഒന്റാറിയോയിലും കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. 586 കേസുകളാണ് ക്യുബെക്കിൽ റിപ്പോർട്ട് ചെയ്തത്.ഞായറാഴ്ചത്തേതിനെ അപേക്ഷിച്ച് നൂറ് കൂടുതൽ. ഒന്റാറിയോയിൽ 365 ൽ നിന്ന് 425 ൽ എത്തി. പ്രവിശ്യയിൽ രണ്ടാം തരംഗം തുടങ്ങിയതിന്റെ സൂചന തിങ്കളാഴ്ച രാവിലെ തന്നെ ക്യുബെക്കിൽ വ്യക്തമായിരുന്നു.
 
പൊതു ആരോഗ്യ ഡയറക്ടർ ഹൊറേഷ്യോ ആറുട  തന്നെയാണ് രണ്ടാം തരംഗം സംബന്ധിച്ച ആശങ്ക പങ്കുവച്ചത്. സംഗതിയുടെ ഗൗരവം മനസിലാക്കി ജനങ്ങൾ ഒത്തുചേരലുകൾ പരിമിതപ്പെടുത്താനും ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനും അദ്ദേഹം അഭ്യർത്ഥിച്ചു. "രണ്ട് സാധ്യതകളാണ് മുന്നിൽ- അനുഭവത്തിൽ നിന്നാർജ്ജിച്ച അറിവുകൾകൊണ്ട് നേരിട്ട് രണ്ടാം തരംഗത്തെ ഒന്നുമില്ലാതെ ആക്കാം.

അല്ലെങ്കിൽ അശ്രദ്ധ കാണിച്ച് ആദ്യത്തേതിനെക്കാൾ ഭീകരാവസ്ഥ സൃഷ്ടിക്കാം. "അദ്ദേഹം കൂട്ടിച്ചേർത്തു. ഒന്റാറിയോയിൽ രണ്ടാം തരംഗത്തെ എങ്ങനെ നേരിടാമെന്ന നിർദ്ദേശം ഗവൺമെന്റിൽ നിന്ന് ലഭിക്കുമെന്ന് പ്രീമിയർ ഡൗഗ് ഫോർഡ് തിങ്കളാഴ്ച വ്യക്തമാക്കി.

 നാല്പത്തിന് താഴെ പ്രായമുള്ളവരിലാണ് രോഗ വർദ്ധനവ്. ഇത് ഗുരുതമായ പ്രശ്നങ്ങൾ രോഗികളിൽ ഉണ്ടാകില്ലെന്ന മെച്ചമുണ്ടെങ്കിലും വ്യാപനതോത് ഉയരും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക