Image

ഉമ്മന്‍ചാണ്ടി പൊതുവര്‍ത്തനത്തിനായി ജീവിതം സമര്‍പ്പിച്ച വ്യക്തിത്വം: ഫൊക്കാന

Published on 23 September, 2020
ഉമ്മന്‍ചാണ്ടി പൊതുവര്‍ത്തനത്തിനായി ജീവിതം സമര്‍പ്പിച്ച വ്യക്തിത്വം: ഫൊക്കാന
ന്യൂയോര്‍ക്ക്: കേരള നിയമസഭയില്‍ അഞ്ച് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അമേരിക്കന്‍ മലയാളികളൂടെ സംഘടനയായ ഫൊക്കാന അനുമോദിക്കുകയും  ആശംസകള്‍ നേരുകയും ചെയ്തു. ഫൊക്കാനയുടെ  പല കണ്‍വെന്‍ഷനുകളിലും അദ്ദേഹം നിറസാനിധ്യമായിരുന്നു.  പുതുപള്ളിയെന്ന ഒരേ മണ്ഡലത്തില്‍ നിന്ന് ഒരിക്കലും പരാജയമെന്തന്നറിയാതെ തെരഞ്ഞെടുക്കപ്പെട്ട ഉമ്മന്‍ചാണ്ടി പാര്‍ലമെന്ററി ചരിത്രത്തില്‍ തന്നെ അത്യപൂര്‍വ റിക്കാര്‍ഡ് സ്ഥാപിച്ച വ്യക്തിത്വമാണ്.

1970 മുതല്‍ കേരള രാഷ്ട്രീയത്തിന്റെ മുഖ്യധാരയില്‍ സജീവ സാന്നിധ്യമായി നിലകൊള്ളുന്ന ഉമ്മന്‍ചാണ്ടി ജീവിതം തന്നെ പൊതുപ്രവര്‍ത്തനത്തിനായി സമര്‍പ്പിച്ച രാഷ്ടീയ നേതാവാണ്. ജനങ്ങളുടെ പ്രശ്‌നങ്ങളിലേക്ക് യാതൊരു മുന്‍ വിധിയുമില്ലാതെ ഇറങ്ങി ചെല്ലാന്‍ എപ്പോഴും സന്നദ്ധനായ നേതാവായ ഉമ്മന്‍ചാണ്ടിയുടെ കരുത്തു തന്നെ അദ്ദേഹത്തിന്റെ പൊതുജനസമ്മതിയാണ്.

ആള്‍ക്കൂട്ടങ്ങളില്‍ നിന്നാണ് അദ്ദേഹം തന്റെ പ്രവര്‍ത്തനോര്‍ജ്ജം ആവാഹിക്കുന്നതെന്ന് അനുകരിക്കാനാകാത്ത ആ രാഷ്ട്രീയ ശൈലി തന്നെ വ്യക്തമാക്കുന്നു. കേരളത്തിന്റെ സമകാലിക രാഷ്ട്രീയത്തില്‍ ജനകീയതയുടെ പര്യായമായി എടുത്തുകാട്ടാന്‍ കഴിയുന്ന രാഷ്ട്രീയ നേതാവാണ് ഉമ്മന്‍ചാണ്ടി. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അവതരിപ്പിച്ച ജനസമ്പര്‍ക്ക പരിപാടി രാജ്യത്തിനു തന്നെ മാതൃകയും ലോകത്തിന് ആശ്ചര്യവുമായിരുന്നു. ഉമ്മന്‍ചാണ്ടി നിത്യജീവിതത്തില്‍ പുലര്‍ത്തി കാണുന്ന സഹഭാവദര്‍ശനത്തിന് മികച്ച ഉദാഹരണം കൂടിയായിരുന്നു ജനസമ്പര്‍ക്ക പരിപാടി. തുടര്‍ച്ചയായി ഇരുപത് മണിക്കൂറോളം ഒരു ഇടവേളയുമില്ലാതെ ജനകീയ പ്രശ്‌നങ്ങള്‍ക്ക് അദ്ദേഹം ചെവി കൊടുക്കുന്നത് ജനസമ്പര്‍ക്ക വേദികളില്‍ കേരളം സാക്ഷ്യംവഹിച്ചതാണ്.

ജനങ്ങളും ജനപ്രതിനിധിയും തമ്മിലുള്ള ബന്ധത്തിന് സമഭാവനയുടെ സ്‌നേഹോഷ്മളമായ നിര്‍വചനം നല്‍കിയിട്ടുള്ള ഉമ്മന്‍ചാണ്ടിക്ക് ആയുരാരോഗ്യവും ആയുസും നേരുന്നതായി  മാധവന്‍.ബി . നായര്‍ ആശംസ സന്ദേശത്തില്‍ അറിയിച്ചു. പ്രവാസി മലയാളികളുടെ പ്രത്യേകിച്ച് അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ ആവശ്യങ്ങളോട് ഒരു കുടുംബാംഗത്തെ പോലെയാണ് അദ്ദേഹം ഇടപെട്ടിരുന്നതും പരിഹാരങ്ങള്‍ സാധ്യമാക്കിയിട്ടുള്ളതെന്നും ഫൊക്കാന പ്രസിഡന്റ് മാധവന്‍. ബി.നായര്‍, സെക്രട്ടറി ടോമി കോക്കാട്ട്, ട്രഷര്‍  ഷീല ജോസഫ്  എന്നിവര്‍ അനുസ്മരിച്ചു.



Join WhatsApp News
Ganesh 2020-09-23 19:17:01
Mdhavan Nair still FOKANA President? Joke of the year
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക