Image

രതിയും മരണവും (കഥ: ഷാഹുല്‍ ഹമീദ് കെ.ടി)

ഷാഹുല്‍ ഹമീദ് കെ.ടി Published on 24 September, 2020
രതിയും മരണവും (കഥ: ഷാഹുല്‍ ഹമീദ് കെ.ടി)
പുല്ലുകള്‍നിറഞ്ഞവഴിയിലൂടെയാണ് അവ ര്‍  അവനെ കൊണ്ടുപോകുന്നത്. വഴി അറിയുംപോലെയവര്‍ മുന്‍പില്‍ നടന്നു. വലിയ ആല്‍മരച്ചോട്ടിലേക്കടുക്കുമ്പോള്‍ അവന്‍ പിറകോട്ടു തിരിഞ്ഞുനോക്കി.ദൂരെ, വാര്‍ഡിന്റെ വരാന്തയില്‍ വെളിച്ചം കാണാം. കാറ്റിലുലയുന്ന പുല്‍നാമ്പുകള്‍ കാഴ്ചയെ മറച്ചുകളഞ്ഞപ്പോള്‍ ചവിട്ടുവഴിയിലേക്കു തന്നെനോക്കി നടന്നു. ആല്‍മരച്ചില്ലകള്‍ക്കിടയിലെ ചന്ദ്രഗോളം അവിടമാകെ വെളിച്ചംവിതറുന്നുണ്ടായിരുന്നു.
     
തൂങ്ങിനില്‍ക്കുന്ന ആല്‍മരവേരുകള്‍ക്കിടയിലെ ആംബുലന്‍സിന്റെ പിറകുവശത്തെ വാതിലവ ര്‍ തുറന്നു,ചില്ലിലൂടെ പാഞ്ഞ അരണ താഴേക്കുവീണു. അതിനകത്തേക്കു തലനീട്ടി ഒച്ചവെച്ചപ്പോള്‍ എലികള്‍ പുറത്തേക്കു ചാടി. പേടിയോടെയവന്‍ അവരുടെ സാരിയില്‍ പിടിച്ചു. തുരുമ്പിന്‍ഗന്ധം തിങ്ങിയ അതിനകത്തേക്കു കയറി, പിഞ്ഞിയസീറ്റിലിരുന്ന് മുടിക്കെട്ടഴിച്ചു, അവനെ തലയാട്ടി വിളിച്ചു. അകത്തേക്കു കയറുന്നതിനിടയില്‍ രണ്ടു നരിച്ചീറുകള്‍ അരികിലൂടെ പുറത്തേക്കു ചിറകടിച്ചു, അവനവരുടെ മടിയിലേക്കു തെന്നിവീണു. അവര്‍ ചുംബിക്കാന്‍ തുടങ്ങിയപ്പോള്‍ ഇക്കിളിയാലവന്‍ സീറ്റില്‍ കിടന്നു പിടഞ്ഞു. അവന്റെ വസ്ത്രങ്ങളഴിച്ചു മാറ്റുന്നതിനിടയില്‍ ആംബുലന്‍സിന്റെ വാതില്‍ പതിയെ അടഞ്ഞു. ചില്ലിലൂടെ, കാറ്റില്‍ ആല്‍മരവേരുകള്‍ ചുറ്റിപ്പിണയുന്നതവന്‍ കണ്ടു. അപ്പോഴേക്കുമവര്‍ അവന്റെ ശരീരത്തിലേക്കിഴഞ്ഞുകയറാനും തുടങ്ങിയിരുന്നു.
    
പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു. ആംബുലന്‍സിനകത്തേക്ക് മഴത്തുള്ളികള്‍ ഇറ്റിവീഴുന്നുണ്ട്. അവനവരുടെ ശരീരത്തില്‍നിന്ന് വഴുതിമാറി. അവരപ്പോള്‍ വിടര്‍ത്തിയിട്ടമുടിയുമായി സീറ്റിലേക്ക് മലര്‍ന്നുകിടന്നു.അവന്റെ ഉടുമുണ്ട് അവരുടെ കാലുകള്‍ക്കിടയില്‍ കിടപ്പുണ്ട്. കുപ്പായം സീറ്റിനടിയിലും. ഉറക്കത്തില്‍ പുഞ്ചിരിയോടെയവര്‍ നിശ്വസിക്കുന്നു. തണുപ്പ് അരിച്ചിറങ്ങുമ്പോള്‍ അവന്‍ അവരെ നോക്കി കോറിപ്പിടിച്ചിരുന്നു......
     
കടുത്തപനിയാല്‍ ക്ഷീണിതയായ അമ്മയുമായി അവന്‍ വാര്‍ഡിലെത്തുമ്പോള്‍ ഓരോകട്ടിലിലും രണ്ടു രോഗികളാണ് കിടന്നിരുന്നത്. മരപ്പട്ടികകളില്‍ ചിതല്‍പടര്‍ന്ന് ഓടുകള്‍  ഇളകിനില്‍ക്കുന്നതിനാല്‍ വരാന്തയിലാരും കിടക്കരുതെന്ന് നഴ്‌സ് പറഞ്ഞിരുന്നു. അകത്ത് എവിടെയൊരിടം കിട്ടുമെന്നറിയാതെ രോഗികള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ ആ കുറിയസ്ത്രീയാണ് അമ്മയെ പിടിച്ച് ആ കട്ടിലില്‍ ഇരുത്തിയത്. അവരുടെ ക്ഷയരോഗിയായ മകള്‍ കട്ടിലില്‍ കിടപ്പുണ്ടായിരുന്നു. മറ്റൊരു സ്ത്രീ അസുഖം മാറി വീട്ടിലേക്ക് പോവാന്‍ ഒരുങ്ങുകയായിരുന്നു. വാര്‍ഡിലെ ഓരോകാര്യങ്ങളും അവരാണ് അവനെ പഠിപ്പിച്ചത്.
 
 'കുട്ടി, നീയേ...റേഷന്‍കാര്‍ഡ് സിസ്റ്ററെ കാണിക്കണട്ടോ, എന്നാലേ പാലും ബ്രെഡും കിട്ടൂ..'
  
'നിങ്ങക്കേ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡില്ലേ..? അത് ശരിയാക്കിയാല്‍ മര്ന്ന് പൈസകൊടുക്കാതെ കിട്ടും.'
  
'കൂടെ ആള് വേണന്നൊക്കെ സിസ്റ്ററ് പറയും. നിനക്ക് വീട്ടിലൊന്ന് പോയിവരണമെങ്കി പൊയ്‌ക്കോ കുട്ടി. അമ്മക്ക് കൂട്ടായി ഞാനില്ലേ...'
  
അവനോട് സംസാരിക്കുമ്പോഴും അടുത്തിടപഴകുമ്പോഴും അവര്‍ സാരിയുടെ വിടവുകളിലൂടെ മാറിടങ്ങളും അടിവയറും പുറമേക്കു കാണിക്കാനും അറിയാത്തപോലെ അവന്റെ ശരീരത്തില്‍ തൊടാനും ശ്രമിക്കുന്നുണ്ടായിരുന്നു. വിരസമായ ആശുപത്രിദിവസങ്ങളില്‍ അവരുടെ സാന്നിദ്ധ്യം ശരീരത്തിന്റെ ഏതോ കോണുകളില്‍ നനുത്തതൂവല്‌സ്പര്‍ശമായി ആടിയുലയുമ്പോള്‍ അമ്മയുടെ പനിയുടെ ഉയര്‍ച്ചകള്‍ അവന്റെ മനസ്സില്‍ വിങ്ങലുയര്‍ത്തുന്നുമുണ്ടായിരുന്നു.
  
'നിനക്ക് അച്ഛനില്ലെ ,കുട്ടി...?'
  
'ഞാന്‍ ചെറുതാവുമ്പോഴേ മരിച്ചു. പിന്നെ, അമ്മയാണെന്നെ ഓട്ടുകമ്പനിയില്‍ പണിയെടുത്ത്...'
  
'നീ ഇന്നലെ വീട്ടിക്ക്‌പോയപ്പൊ,വന്നോവന്നോയെന്ന് ഇടയ്ക്കിടക്ക് അമ്മ ചോയ്ച്ചു.'
 
'അമ്മേടെ ആങ്ങളയോട് കൊറച്ച്‌പൈസ കടംചോയ്ക്കാന്‍ പോയതാ.ഇനി ഞാന്‍ അമ്മേവിട്ട് എങ്ങുംപോവൂല.'
 
അന്നുരാത്രി, പനി അധികമായി അമ്മയില്‍ ചുഴലിയുടെലക്ഷണമുയര്‍ന്നപ്പോള്‍ അവര്‍ ഓടിവന്ന് പുറത്തുകിടക്കുന്ന അവനെ വിളിച്ചു. ഡോക്ടര്‍ വന്നു പരിശോധിച്ചു. നഴ്‌സ് ഇഞ്ചക്ഷനുകള്‍ നല്‍കുമ്പോള്‍ അവന്‍ കട്ടിലിനരികിലിരുന്നു. പനി ശമിച്ച് അമ്മ ആശ്വാസത്തോടെ ഉറങ്ങാന്‍ തുടങ്ങിയപ്പോള്‍ അവന്‍ വാര്‍ഡിലെ ലൈറ്റണച്ച് പുറത്തേക്കു നടന്നു. 'നീയിതെങ്ങോട്ടാ കുട്ടീ, രാത്രി വല്ല ആവശ്യമുണ്ടായാല്‍..!ഇവിടെ കെടന്നോ...വാ.' അമ്മയും അവരുടെ മകളും കട്ടിലിനു മുകളിലും, അവനും അവരും കട്ടിലിനടിയിലും കിടന്നു. ഓരോ കട്ടിലിനടിയിലും കൂട്ടിരിപ്പുകാര്‍ കിടക്കുന്നുണ്ടായിരുന്നു. അവര്‍ ചെരിഞ്ഞു കിടന്ന് കാലുകള്‍ അവന്റെ കാലുകളിലേക്കു ചേര്‍ത്തു. അവന്‍ നോക്കിയപ്പോള്‍ അവര്‍ ചിരിയോടെയവന്റെ നേര്‍ത്തമീശരോമങ്ങളില്‍ തലോടി, ചുംബിക്കാനാഞ്ഞപ്പോള്‍ മറ്റൊരു രോഗിയുടെ വേദനയുടെ ശബ്ദമുയര്‍ന്നു. കട്ടിലിനടിയിലെ രോഗിയുടെ ബന്ധുക്കള്‍ എഴുന്നേറ്റു. വാര്‍ഡില്‍ വെളിച്ചംപരന്നു.അവര്‍ തിരിഞ്ഞുകിടന്ന് ദേഷ്യത്തോടെയെന്തോ പറഞ്ഞു.
  
ആംബുലന്‍സ് സീറ്റില്‍ മലര്‍ന്നുകിടക്കുന്ന അവര്‍ പുഞ്ചിരിയോടെയെന്തോ പിറുപിറുത്ത് അവന്റെ ഉടുമുണ്ടെടുത്ത് പുതച്ചു. അപ്പോള്‍, ചെറുകിളികള്‍ ചിലച്ചുകൊണ്ട് ആല്‍മരവേരുകള്‍ക്കിടയിലേക്ക് പറന്നെത്തി. മഞ്ഞശലഭം ചില്ലിലിരുന്ന് ചിറകടിച്ചു.വേരുപടലങ്ങളിലിരുന്നാടുന്ന കിളിയെ നോക്കുമ്പോള്‍ വെളിച്ചത്തിന്റെ ചെറുതരികള്‍ ചിന്നിചിതറുന്നതുകണ്ട് അവനെഴുന്നേറ്റു. അവരുടെ ശരീരത്തില്‍നിന്ന് ഉടുമുണ്ടെടുത്തു, കുപ്പായം സീറ്റിനടിയില്‍നിന്നെടുത്തു. അവരെ വിളിച്ചു.
  
 'ദേ..ണീക്കൂ...നേരം...'
അവര്‍ കണ്ണുതുറന്നു. ചില്ലിലൂടെ പുറത്തേക്കുനോക്കി. അടിപ്പാവാട വലിച്ചുകയറ്റി, പിടഞ്ഞെഴുന്നേറ്റ്,സാരിയുടുക്കുമ്പോള്‍ അവന്‍ മുണ്ടുടുത്തു, കുപ്പായമിട്ടു. മുടികെട്ടിവെച്ച് ആംബുലന്‍സില്‍ നിന്നിറങ്ങിയ അവര്‍ക്കു പിറകെ അവനും നടന്നു.
  
വാര്‍ഡിനു മുന്‍പില്‍ ആളുകള്‍ കൂടിനില്‍ക്കുന്നതു കണ്ട് അവര്‍ വഴിയില്‍ അനക്കമറ്റുനിന്നു. അവന്‍ അരികിലെത്തി. ക്ഷേത്രത്തില്‍നിന്നുള്ള പാട്ട് വിദൂരങ്ങളില്‍ നിന്ന് പതിയേ കേള്‍ക്കുന്നുണ്ടായിരുന്നു. 'കുട്ടി... ഞാനേ മൂത്രപ്പുരവഴി വാര്‍ഡിലേക്കു വരാം. നിയേ മുന്‍വശത്തുകൂടെ വന്നോ..!' അവനും അവരും രണ്ടുവഴികളിലേക്കു തിരിഞ്ഞു.
  
വാര്‍ഡിന്റെ മുന്‍വശത്തെത്തിയപ്പോള്‍ ആളുകളെല്ലാമവനെ നോക്കി. പേടിയോടെ തലതാഴ്ത്തി ആശുപത്രി കവാടത്തിലേക്കു നീങ്ങുമ്പോഴാണ് വൃദ്ധന്‍ കൈകാട്ടി വിളിച്ചത്. അവന്‍ തിരിഞ്ഞുനോക്കി. നഴ്‌സ് വാര്‍ഡിന്റെ വരാന്തയിലേക്കു വന്നിരിക്കുന്നു.
  
'എങ്ങോട്ടാ നീ പോവുന്നത്..?'
അവന്‍ മുഖം കുനിച്ചുനിന്നു.
  
'ഇവിടെ വന്നേ...'
അവന്‍ നടന്ന് വരാന്തയിലേക്കു കയറി. നഴ്‌സ് അവനെ വാര്‍ഡിലേക്ക് കൊണ്ടുപോവുമ്പോള്‍ പറഞ്ഞു.
  
'രാത്രില്‍ നിന്റമ്മക്ക് പനികൂടിയപ്പോള്‍ ഡോക്ടര്‍ മെഡിക്കല്‍കോളേജിലേക്ക് കൊണ്ടുപോവാന്‍ പറഞ്ഞു. നിന്നെ ഇവിടെയെല്ലാം ആളുകള്‍ തിരഞ്ഞു. മൂന്ന്മണിയോടെ നിന്റെമ്മ...!'

അവന്‍ കട്ടിലിനരികിലെത്തി. വെള്ളത്തുണിപുതപ്പിച്ച അമ്മയെ കണ്ടു. നഴ്‌സ് തുണി പതിയെ നീക്കി. ഒരൊറ്റ നോട്ടം  നോക്കിയ അവന്‍ കട്ടിലിനരികില്‍ ഇരുന്നു. ഉടുമുണ്ടിലെ കറയുടെ പാടുകളപ്പോള്‍ അവന്റെ കണ്ണുകളില്‍ തടഞ്ഞു. കട്ടിലിന്റെ ഇരുമ്പുകാലില്‍ നെറ്റിയുരച്ച് അവന്‍ കരഞ്ഞു.

ബലിതര്‍പ്പണകര്‍മ്മങ്ങള്‍ക്കുശേഷം ബന്ധുക്കള്‍ മണല്‍പ്പരപ്പിലൂടെ നടന്നുനീങ്ങുമ്പോള്‍ അവന്‍ പുഴയോരത്തിരുന്നു. ഈറന്‍വസ്ത്രം കാറ്റില്‍ പിടക്കുമ്പോള്‍ ജലപ്പരപ്പിലെ പരല്‍മീനുകളെ നോക്കി. വെള്ളത്തില്‍ നിന്ന് അവനൊരു മഞ്ഞപ്ലാസ്റ്റിക് കയര്‍ കിട്ടി. ജലത്തിലെ  പ്രതിബിംബത്തിനു പിറകിലെ ആകാശനീലിമയില്‍ രണ്ട്കണ്ണുകള്‍ തെളിയുന്നതവന്‍ കണ്ടു.
 
'അമ്മ...!അമ്മ...!'
അവന്‍ കയര്‍ കഴുത്തില്‍ ചുറ്റി. അതിന്റെ അറ്റങ്ങള്‍ ആഞ്ഞു വലിച്ചു. ശ്വാസംതിങ്ങി ചുമക്കാന്‍ തുടങ്ങിയപ്പോള്‍ ബന്ധുക്കള്‍ തിരിഞ്ഞുനോക്കി.
  
'അപ്പൂ...വാടാ. വല്ലതും കഴിക്കാം...'
കഴുത്തില്‍നിന്ന് ഊരിയ കയര്‍ അവനരയില്‍ തിരുകി. മണല്‍പ്പരപ്പില്‍ കിടക്കുന്ന കുപ്പായമെടുത്തു. ചായക്കടയിലേക്ക് എല്ലാവരും കയറുമ്പോള്‍ ഹോണ്‍മുഴക്കുന്ന ബസ്സിനെ നോക്കി. ആളുകള്‍ കയറുന്നുണ്ട്. അവനങ്ങോട്ടു പാഞ്ഞു. പതിയെ നീങ്ങാന്‍ തുടങ്ങിയ ബസ്സിലേക്കോടിക്കയറി.
  
ബസ്സില്‍നിന്നവന്‍ ഇറങ്ങുന്നത് ആശുപത്രിക്കവാടത്തിനരികിലാണ്. ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലൂടെ നടന്ന് വാര്‍ഡിലെത്തി. അരയിലെ കയറെടുത്ത് കൈപ്പിടിയിലൊളിപ്പിച്ചു. തിങ്ങിനിറഞ്ഞ സ്ത്രീകള്‍ക്കിടയിലൂടെ തിക്കിത്തിരക്കി കട്ടിലിനരികിലെത്തി. അവരേയും മകളെയും അവിടെ കണ്ടില്ല. മറ്റു കട്ടിലുകളിലെല്ലാം തിരഞ്ഞു. ആര്‍ക്കും അങ്ങിനെയൊരു സ്ത്രീയെയും മകളെയും അറിയില്ലായിരുന്നു.
 
 'ഇത്രയും രോഗികള്‍ക്ക് രണ്ട് നെഴ്‌സാ..! ഇതിനിടയില്‍ എന്നോപോയവരെയൊന്നും തപ്പിനോക്കാന്‍ ഞങ്ങള്‍ക്കാവില്ല.നീ പോവാന്‍നോക്ക്...'
  
അവന്‍ നടന്നു, വാര്‍ഡിനു പിറകിലെ പുല്‍ക്കൂട്ടത്തിനിടയിലേക്ക്. ചവിട്ടുവഴിയിലൂടെ നടന്ന് ആല്‍മരച്ചോട്ടിലെ ആംബുലന്‍സിനരികിലെത്തി. ആല്‍മരവേരുകള്‍ ചുറ്റും ആടിയുലയുമ്പോള്‍ ആംബുലന്‍സിന്റെ വാതില്‍ വലിച്ചുതുറന്നു. പൊടുന്നനെ, സീറ്റിനിടയില്‍നിന്നൊരു മൂര്‍ഖന്‍ പത്തിവിടര്‍ത്തി അവനുനേരെ ചീറ്റി. പുല്‍ക്കൂട്ടത്തിലേക്ക് മറിഞ്ഞുവീണ്, മൂര്‍ഖന്റെ കണ്ണുകളിലേക്ക് നോക്കി, പിറകോട്ട് നിരങ്ങി നിരങ്ങി നീങ്ങി...
 
 'അമ്മ...!അമ്മ...!'
ആംബുലന്‍സിന്റെ വാതില്‍ കാറ്റില്‍ പതിയെ അടഞ്ഞു.

പാലംകടക്കുന്ന തീവണ്ടിയുടെ വാതില്‍പ്പടിയില്‍ അവനിരിപ്പുണ്ട്. എങ്ങോട്ടെന്നറിയാത്ത യാത്രകള്‍ക്കിടിയില്‍ തീവണ്ടിയിലെത്തിയ അവന്‍ പുഴയിലെ പാറക്കെട്ടുകളെ നോക്കി. പാലം കഴിഞ്ഞയുടനെയുള്ള സ്‌റ്റേഷനില്‍ തീവണ്ടി നിന്നു, ആളുകള്‍ കയറിക്കഴിഞ്ഞയുടനെ പതിയെ നീങ്ങുന്നതിനിടയില്‍ പ്ലാറ്റ്‌ഫോമിലേക്കു ചാടിയിറങ്ങി. മുണ്ടിനിടയില്‍നിന്ന് മഞ്ഞപ്ലാസ്റ്റിക് കയര്‍  താഴേക്കുവീണു. അവനതെടുത്ത് കൈയില്‍ചുറ്റി റെയില്‍പാളത്തിലൂടെ നടന്നു.
  
പാളത്തിനിരുവശത്തും തേക്കുമരങ്ങള്‍ നിരനിരയായി നില്‍പ്പുണ്ടായിരുന്നു. അടുത്തുള്ള വീടുകളില്‍ നിന്ന് റേഡിയോഗാനങ്ങളും ആളുകളുടെ ശബ്ദങ്ങളും കേള്‍ക്കുന്നുണ്ട്. അവന്റെ കണ്ണുകള്‍ പാലത്തിന്റെ ദിശയിലേക്കു നീണ്ടുകിടന്നു. കാറ്റില്‍ കരിഞ്ഞതേക്കിലകള്‍ കലമ്പല്‍കൂട്ടുന്നതിനിടയിലാണ് ആ ശബ്ദം അവനെ തേടിയെത്തിയത്.
  
'കുട്ടീ...ഇയിതെങ്ങോട്ടാ..?'

പരിചിതശബ്ദങ്ങളിലേക്കു മുഖംതിരിച്ചു. പാളത്തില്‍നിന്ന് അല്‍പം അകലെയുള്ള കുടിലിനു മുന്‍പില്‍ അവര്‍ നില്‍ക്കുന്നു, കൈയില്‍ ചൂലുമായി. മകള്‍ തിണ്ടത്തിരുന്ന് ചുമക്കുന്നുണ്ട്. മുറ്റത്തുകൂടെ വട്ടമുരുട്ടി കളിക്കുകയാണ് ആണ്‍കുട്ടി.
  
'ന്നെ മനസ്സിലായോ കുട്ടി...ഇയെന്താ ഇവിടെ...?'
അവന്റെ കൈയിലെ പ്ലാസ്റ്റിക് കയര്‍ ചുരുളഴിഞ്ഞുവീണു. അതിന്റെ തുമ്പ് വിരലുകള്‍ക്കിടയില്‍ കുരുങ്ങിക്കിടന്നു.
 
 'എന്താ ഒന്നും മിണ്ടാത്തെ...?  ന്നെ മറന്നോ, നീയ്..?'
  
'വാ...മോരുംവെള്ളണ്ടാക്കിത്തരാം.' അവര്‍ ചൂല്‍ താഴെയിട്ടു.
  
'ഞാന്‍ പോഴേക്കാ...ഇനിക്ക് പൊഴ കാണിച്ച്തര്വോ..?' അവന്‍ പ്ലാസ്റ്റിക് കയര്‍ കൈപ്പിടിയിലൊളിപ്പിച്ചു.
  
'അതിനെന്താ...പാലത്തിന് മോളീനിന്നാ പൊഴകാണാലോ.ഞാനിതാ വര്ണ്.'
അവര്‍ മകളോടു കുട്ടിയെ നോക്കാന്‍ പറഞ്ഞ്, പാളത്തിലേക്കു കയറി വരുമ്പോള്‍ കുട്ടി കരഞ്ഞു.
 
 'അമ്മ...അമ്മാ...'
  
'ഇപ്പൊ വരാമെടാ. ചേച്ചിന്റെര്‍ത്ത് ന്ക്ക്.'
 കുട്ടി വട്ട് വലിച്ചെറിഞ്ഞു,കരഞ്ഞു.

അവര്‍ പാളത്തിലൂടെ അവനൊപ്പം നടന്നു. അവരെന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. പക്ഷേ, അവനതൊന്നും കേട്ടതേയില്ല, കാതുകളില്‍ കുട്ടിയുടെ കരച്ചില്‍ ചുറ്റിക്കറങ്ങിക്കൊണ്ടിരുന്നു. അമ്മാ... അമ്മാ...കുടിലിനു മുന്‍പില്‍, മൂക്കിളയൊലിപ്പിച്ചു കരയുന്ന കുട്ടിയെ അവന്‍ ഇടയ്ക്കിടക്ക് തിരിഞ്ഞുനോക്കി നടന്നു.ചെപ്പോത്തുകള് ഒച്ചവെക്കുന്ന തെക്കുമരങ്ങള്‍ക്കരികിലൂടെ നടന്ന് പാലത്തിനരികിലെത്തി.

പുഴയിലെ തണുത്തകാറ്റിലുലയുന്ന അവരുടെ സാരി അവനെ ചുറ്റിപ്പിണയുമ്പോള്‍ കൊറ്റികള്‍ പാറക്കൂട്ടത്തിനു മുകളിലൂടെ പറന്നുപോയി. അവരുടെ വിയര്‍പ്പിന്‍ഗന്ധം അവനില്‍ പുതുതുടിപ്പുകളുയര്‍ത്തുമ്പോള്‍ തലകുടഞ്ഞ്, കൈയിലെ പ്ലാസ്റ്റിക് കയര്‍ അവരുടെ കഴുത്തിലേക്ക് ചുഴറ്റിയെറിഞ്ഞു. അവരപ്പോള്‍ ചിരിയോടെ പുഴത്തിരവിലെ പുല്‍ക്കൂട്ടങ്ങളിലെ പഞ്ഞിപോലുള്ള പൂക്കളിലേക്ക് വിരല്‍ചൂണ്ടിയെന്തോപറഞ്ഞ് ചിരിച്ചു. അവന്‍ കയറിനറ്റം പതിയെ മുറുക്കാനൊരുങ്ങുമ്പോള്‍ കുട്ടിയുടെ കരച്ചില്‍ കാതുകളില്‍നിന്ന് ശരീരത്തിനുള്ളിലേക്ക് നീറ്റലോടെ പടര്‍ന്നിറങ്ങി. അമ്മാ...അമ്മാ...കുട്ടിയുടെ ശബ്ദങ്ങള്‍ പാളത്തിലൂടെ തീവണ്ടിപ്പോലെ അരികിലേക്കിരച്ചെത്താനുംതുടങ്ങിയപ്പോള്‍ അവന്‍ പ്ലാസ്റ്റിക് കയര്‍ വലിച്ചെടുത്ത് പാറക്കൂട്ടങ്ങളിലേക്കെടുത്തു ചാടി.

'കുട്ടീ... കുട്ടീ...'

മഞ്ഞപ്ലാസ്റ്റിക്കയര്‍ ഉലഞ്ഞുലഞ്ഞ്, പാറയിലേക്കു രക്തംചീറ്റുന്ന അവന്റെ ശരീരത്തിലേക്ക് വീഴുന്നതുകണ്ട് അവര്‍ പാലത്തിലിരുന്ന് നിലവിളിച്ചു.

വിലാസം: പുത്തൂര്‍ സ്ട്രീറ്റ്, പെരിന്തല്‍മണ്ണ  679322 ഫോണ്‍ : 9495095884

ഷാഹുല്‍ഹമീദ്‌കെ.ടി: ചെറുകഥാകൃത്ത്,ചിത്രകാരന്‍,തിരകഥാകൃത്ത്.എട്ടു കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു.കേരളത്തിലെ     വിവിധ സ്ഥലങ്ങളില്‍ ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്.രണ്ടു ഹ്രസ്വസിനിമകള്‍ക്ക് തിരക്കഥ എഴുതി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക