Image

കായികക്ഷമത കൂട്ടാന്‍ മുരിങ്ങക്ക ഉത്തമമെന്നു പ്രധാനമന്ത്രി

Published on 25 September, 2020
കായികക്ഷമത കൂട്ടാന്‍ മുരിങ്ങക്ക ഉത്തമമെന്നു  പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പോഷകാംശമുള്ള ഭക്ഷണത്തിന്റെ പട്ടികയില്‍ മുരിങ്ങക്കയെ പരിചയപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കായികതാരങ്ങളടക്കമുള്ളവരുമായി വ്യാഴാഴ്ച നടത്തിയ ഫിറ്റ് ഇന്ത്യ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുരിങ്ങക്കകൊണ്ട് താന്‍ പറാത്ത (ഉത്തരേന്ത്യന്‍ പൊറോട്ട) ഉണ്ടാക്കാറുണ്ടെന്നും അതിന്റെ പാചകക്കുറിപ്പ് ജനങ്ങളുമായി പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രോത്സാഹനത്തില്‍ പരിപ്പും ചോറും നെയ്യുമൊക്കെ അന്താരാഷ്ട്രപ്രശസ്തി നേടിയതിനെക്കുറിച്ച് സംവാദത്തില്‍ പോഷകാഹാരവിദഗ്ധ രുജുത ദിവാകര്‍ വിവരിച്ചു. ഘീ (നെയ്യ്) എങ്ങനെ ഉച്ഛരിക്കാമെന്ന് അമേരിക്കക്കാര്‍ ഗൂഗിളില്‍ സെര്‍ച്ചുചെയ്യുന്നുവെന്നും അവര്‍ പറഞ്ഞു. ‘‘ഓരോയിടത്തെയും നാടന്‍ ഭക്ഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് കര്‍ഷകര്‍ക്കും സമ്പദ് വ്യവസ്ഥയ്ക്കും ഗുണകരമാവും. വീട്ടുഭക്ഷണംതന്നെയാണ് ഏറ്റവും മുഖ്യം’’ തന്റെ നിര്‍ദേശവും രുജുത പങ്കുവെച്ചു. ‘പ്രാദേശികഭക്ഷണം കഴിക്കൂ, ആഗോളമായി ചിന്തിക്കൂ’ എന്ന അവരുടെ ലക്ഷ്യത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

കോവിഡ് കാലത്ത് കായികക്ഷമത കാത്തുസൂക്ഷിക്കുന്നതെങ്ങനെ എന്നായിരുന്നു സംവാദത്തില്‍ പങ്കെടുത്തവരുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ച. ക്രിക്കറ്റ് താരം വിരാട് കോലി തന്റെ ദൈനംദിനവ്യായാമം മോദിയുമായി പങ്കുവെച്ചു. ശാരീരികക്ഷമതയ്‌ക്കൊപ്പം മനഃശക്തിയും ഉറപ്പാക്കാന്‍ കഴിയുമെന്ന് കോലി പറഞ്ഞു. ഡല്‍ഹിയിലെ പ്രശസ്തമായ ഛോലേ ബട്ടൂരേ (കടലയും പൂരിയും) എങ്ങനെ ഒഴിവാക്കാന്‍ കഴിഞ്ഞെന്നായിരുന്നു പ്രധാനമന്ത്രിയുടെ ചോദ്യം. വീട്ടില്‍ത്തന്നെ ലളിതമായി ഉണ്ടാക്കിയ ഭക്ഷണങ്ങളെക്കുറിച്ചും അച്ചടക്കത്തോടെയുള്ള ഭക്ഷണം കഴിക്കലുമൊക്കെ തന്റെ ശാരീരികക്ഷമത ഉയര്‍ത്തുന്നതിലെ നേട്ടങ്ങളായി കോലി വിശദീകരിച്ചു.

ജാവലിന്‍ താരം ജജാരിയ, ഫുട്‌ബോള്‍ താരം അഫ്‌സാന്‍ ആഷിക്ക്, മോഡല്‍ മിലിന്ദ് സോമന്‍, സ്വാമി ശിവധ്യാനം സരസ്വതി, വിദ്യാഭ്യാസവിദഗ്ധന്‍ മുകുള്‍ കനിത്കര്‍ എന്നിവരും വ്യായാമത്തെക്കുറിച്ചും ഭക്ഷണശീലങ്ങളെക്കുറിച്ചുമൊക്കെ പ്രധാനമന്ത്രിയുമായി സംവദിച്ചു. ശാരീരികക്ഷമതയെക്കുറിച്ച് ആഗോളതലത്തില്‍ത്തന്നെ ബോധവത്കരണം ഉയര്‍ന്നുകഴിഞ്ഞതായി പ്രധാനമന്ത്രി പറഞ്ഞു. ഹിറ്റ് ഇന്ത്യ എന്നാണ് ഫിറ്റ് ഇന്ത്യ എന്നതിനര്‍ഥം. എല്ലാവരും ഇതു ഗൗരവമായെടുക്കണം. അസാധാരണമായ മഹാമാരി നേരിട്ടുകൊണ്ടിരിക്കേ എല്ലാവരും ദിവസത്തില്‍ അരമണിക്കൂറെങ്കിലും ശാരീരികക്ഷമതയ്ക്ക് ശ്രമിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക