Image

കസ്റ്റംസ് സ്വര്‍ണം പിടിച്ചതറിഞ്ഞ് സ്വപ്ന വിളിച്ചതായി ശിവശങ്കര്‍ സമ്മതിച്ചു, എട്ടര മണിക്കൂര്‍ ചോദ്യം ചെയ്യല്‍

Published on 25 September, 2020
കസ്റ്റംസ് സ്വര്‍ണം പിടിച്ചതറിഞ്ഞ് സ്വപ്ന വിളിച്ചതായി ശിവശങ്കര്‍ സമ്മതിച്ചു, എട്ടര മണിക്കൂര്‍ ചോദ്യം ചെയ്യല്‍
കൊച്ചി: നയതന്ത്ര ബാഗേജിന്റെ മറവില്‍ സ്വര്‍ണം കടത്തിയെന്ന കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍.ഐ.എ. എട്ടരമണിക്കൂര്‍ ചോദ്യംചെയ്ത് വിട്ടയച്ചു. സ്വപ്നാ സുരേഷിനെയും ഒപ്പമിരുത്തിയായിരുന്നു ചോദ്യംചെയ്യല്‍. മൂന്നാംതവണയാണ് എന്‍.ഐ.എ. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.

വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും എന്‍.ഐ.എ. അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് നല്‍കിയേക്കുമെന്നാണ് സൂചന. സ്വര്‍ണം പിടിച്ചശേഷം സ്വപ്നാ സുരേഷ് തന്നെ ഒന്നിലേറെത്തവണ വിളിച്ചെന്ന് ചോദ്യംചെയ്യലില്‍ സമ്മതിച്ചു. കേരളത്തില്‍നിന്ന് ബെംഗളൂരുവിലേക്കു കടക്കുന്നതിനു മുമ്പായിരുന്നു ഇത്. എന്നാല്‍, സ്വപ്നയുടെ സഹായാഭ്യര്‍ഥനകള്‍ക്ക് അനുകൂലമായി ഒന്നും ചെയ്തുകൊടുത്തിട്ടില്ലെന്ന് ശിവശങ്കര്‍ പറഞ്ഞു.

ശിവശങ്കറിന്റെ ഉത്തരങ്ങള്‍ പരിശോധിച്ചാകും എന്‍.ഐ.എ. അടുത്ത നടപടികളിലേക്ക് കടക്കുക. വ്യാഴാഴ്ച രാവിലെ 11.30ന് തുടങ്ങിയ ചോദ്യംചെയ്യല്‍ രാത്രി എട്ടുമണിക്കാണ് അവസാനിച്ചത്.

സ്വപ്നയില്‍നിന്നും സന്ദീപില്‍നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളിലെയും ലാപ്‌ടോപ്പിലെയും വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഡിജിറ്റല്‍ ഉപകരണങ്ങള്‍ സിഡാക്കില്‍ പരിശോധനയ്ക്ക് അയച്ചിരുന്ന എന്‍.ഐ.എ.യ്ക്കു അതിന്റെ ഫലം കിട്ടിയിട്ടുണ്ട്.

ശിവശങ്കറുമായി നടത്തിയ വാട്‌സാപ്പ്, ടെലഗ്രാം ചാറ്റുകള്‍ നേരത്തേ സ്വപ്ന ഫോണില്‍നിന്ന് കളഞ്ഞിരുന്നു. ഇതു തിരിച്ചെടുത്ത അന്വേഷണസംഘം ആ സന്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇരുവരോടും ചോദ്യങ്ങള്‍ ചോദിച്ചത്. സ്വപ്നാ സുരേഷിന് ഫ്‌ളാറ്റും ബാങ്കില്‍ ലോക്കറും എടുത്തുകൊടുത്തത് സംബന്ധിച്ചും ചോദ്യങ്ങളുണ്ടായിരുന്നു. ചോദ്യം ചെയ്യലിനിടയില്‍ കസ്റ്റംസിലെ ചില ഉദ്യോഗസ്ഥരും എന്‍.ഐ.എ.യുടെ ഓഫീസിലെത്തിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക