Image

കർഷക പ്രതിഷേധം വിളിച്ചു വരുത്തുന്ന പരിഷ്‌കാരങ്ങൾ (സില്‍ജി ജെ ടോം)

സില്‍ജി ജെ ടോം Published on 25 September, 2020
കർഷക പ്രതിഷേധം വിളിച്ചു വരുത്തുന്ന  പരിഷ്‌കാരങ്ങൾ (സില്‍ജി ജെ ടോം)

കാർഷികമേഖലയെ പരിഷ്കരിക്കാനെന്ന പേരിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന മൂന്നു ബില്ലുകള്‍ രാജ്യ വ്യാപകമായി  വലിയ  പ്രതിഷേധം  ക്ഷണിച്ചു വരുത്തിയിരിക്കുകയാണ്. കര്‍ഷക പ്രതിഷേധം വകവെക്കാതെ വിവാദ ബില്ലുകള്‍ക്ക് പാര്‍ലമെന്റ് അംഗീകാരം നല്‍കിയിരിക്കെ ബില്ലിനെതിരെ പ്രക്ഷോഭം ശക്തമാക്കുകയാണ്  കര്‍ഷക സംഘടനകൾ. പ്രസ്തുത  ബില്ലുകള്‍ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട്  വിവിധ കര്‍ഷകസംഘടനകളുടെ നേതൃത്വത്തിൽ 25 ന് രാജ്യവ്യാപകമായി  ഭാരത് ബന്ദ് നടത്തി . വിവിധ തൊഴിലാളി യൂണിയനുകളും ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. 

ഹരിയാനയിലും പഞ്ചാബിലും അടക്കം കര്‍ഷകര്‍ ദിവസങ്ങളായി കേന്ദ്ര നയത്തിന് എതിരെ സമരത്തിലാണ്.  പഞ്ചാബില്‍ കര്‍ഷകര്‍ റെയില്‍വേ ട്രാക്കുകളില്‍ കുത്തിയിരുന്ന് ട്രെയിനുകള്‍ തടഞ്ഞിട്ടു. ഇതേ തുടര്‍ന്ന് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി.
  കർഷകരോഷം രൂക്ഷമാകുമ്പോഴും  വിവാദ ബില്ലുകളുമായ് മുന്നോട്ടു പോകാൻ തന്നെയാണ് സർക്കാർ തീരുമാനമെന്നതാണ് ശ്രദ്ധേയം .  

രാജ്യസഭയിലും പാസായതിന് ശേഷം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുന്ന ബില്ലുകള്‍ക്ക് രാഷ്ട്രപതി അംഗീകാരം നല്‍കരുതെന്ന് ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

ബിൽ നടപ്പാക്കാനുള്ള നീക്കത്തിൽ  പ്രതിഷേധിച്ച്‌ മന്ത്രിസഭയിലെ, സഖ്യകക്ഷിയായ ശിരോമണി അകാലിദളിന്റെ പ്രതിനിധി ഹർസിമ്രത് കൗർ രാജിവെച്ചിരുന്നു.
ഫാർമേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കോമേഴ്സ് ബിൽ, ദ ഫാർമേഴ്സ് എംപവർമെൻറ് ആൻഡ് പ്രൊട്ടക്ഷൻ എഗ്രിമെൻറ്, ദ എസൻഷ്യൽ കമോഡിറ്റീസ് അമെൻഡ്മൻറ് ബിൽ എന്നിവയാണ് നിലവിൽ വിവാദമായ നിയമനിർമാണങ്ങൾ.  ഇതിൽ ആദ്യത്തെ ബിൽ കർഷകർക്ക് ദ്രോഹം ചെയ്യുന്നതാണ് എന്ന വിലയിരുത്തലാണ് പ്രധാനമായും കർഷക സംഘടനകളുടെ പ്രതിഷേധത്തിനിടയാക്കുന്നത്.

എന്നാൽ സർക്കാർ വാദം മറിച്ചാണ്. കര്‍ഷകര്‍ക്ക് ബില്‍ ഗുണം ചെയ്യുമെന്നും ഉത്പന്നങ്ങള്‍ വിറ്റഴിക്കാനും ന്യായവില ലഭ്യമാക്കാനും കര്‍ഷകരെ ഇതു സഹായിക്കുമെന്നുമാണ് സര്‍ക്കാര്‍ പറയുന്നത് .  കാര്‍ഷിക രംഗത്തെ കുത്തകകള്‍ക്ക് തീറെഴുതിക്കൊടുക്കുന്നതാണ് ബില്ലുകളെന്നാണ് പ്രതിപക്ഷവും കാര്‍ഷിക സംഘടനകളും ആരോപിക്കുന്നത്.

കമ്പോളത്തിൽ കൃത്രിമക്ഷാമം സൃഷ്ടിച്ചും ഉത്പന്നങ്ങൾ കൂടുതലായി എത്തിച്ചും ഇടനിലക്കാർ വിലനിലവാരത്തെ തങ്ങൾക്കനുകൂലമാക്കി ലാഭം കൊയ്യുമ്പോഴും കർഷകന് അവന്റെ ഉത്പന്നത്തിന് ലഭിക്കുന്നത് നഷ്ടം   മാത്രം എന്ന രീതിക്ക് മാറ്റമുണ്ടാക്കുകയാണ് പരിഷ്കാരങ്ങളുടെ ലക്ഷ്യമെന്ന സർക്കാർ അവകാശവാദത്തെ വിശ്വസിക്കാൻ കർഷകർ തയ്യാറാവുന്നില്ല. 

നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗതികള്‍ തള്ളിയാണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി ലോക്‌സഭയില്‍ മോദി സര്‍ക്കാര്‍ ബില്ലുകള്‍ക്ക് അംഗീകാരം നല്‍കിയത്.  തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു. കോണ്‍ഗ്രസ്, ഡി എം കെ, ആംആദ്മി, ഇടത് പാര്‍ട്ടികള്‍,  ശിരോമണി അകാലി ദള്‍,  ബിജു ജനതാദള്‍ തുടങ്ങിയ പാര്‍ട്ടികളെല്ലാം ബില്ലിനെ എതിർക്കുന്നു .  കാര്‍ഷിക പ്രധാന സംസ്ഥാനങ്ങളായ  പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം  പുതിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ  പ്രക്ഷോഭം കത്തുകയാണ്.

കാർഷിക ഉൽപന്നങ്ങൾക്ക് നിലവിലുള്ള മിനിമം താങ്ങുവില ക്രമേണ ഇല്ലാതാക്കാനുള്ള അടവുകൾ ബില്ലിലെ വ്യവസ്ഥകളിൽ ഉൾപെടുത്തിയിട്ടുണ്ട്  എന്നാണ് കർഷകരുടെ പ്രധാന ആശങ്ക.  കർഷകരിൽനിന്ന് ഉൽപന്നങ്ങൾ  നേരിട്ട് ശേഖരിക്കുന്ന അംഗീകൃത ഏജൻസി എ.പി.എം.സിക്കുള്ള കുത്തക എടുത്തുകളയുന്നതാണ് ഫാർമേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കമേഴ്സ് ബിൽ. താങ്ങുവില സമ്പ്രദായം തന്നെ അവസാനിപ്പിക്കുന്നതിലേക്ക് ഇത് കാര്യങ്ങളെ എത്തിച്ചേക്കുമെന്നു   കർഷക സംഘടനകൾ പരാതിപ്പെടുന്നു  . 

എ.പി.എം.സി സംവിധാനത്തിൽ കൃഷിക്കാരും വ്യാപാരികളും തമ്മിൽ കൃത്യമായ ധാരണകൾ നിലനിന്നിരുന്നു. കൃഷിക്ക് വ്യാപാരികൾ പണം നൽകുന്നതും ഈ സംവിധാനത്തിൽ ഉൾപ്പെട്ടിരുന്നു. കാര്യങ്ങൾ എ.പി.എം.സിയുടെ നിയന്ത്രണത്തിന് പുറത്താകുന്നതോടെ തങ്ങൾക്കു മതിയായ പരിഗണന ലഭിക്കില്ലെന്നാണ്  കർഷകരുടെ വേവലാതി . കോർപറേറ്റുകൾ കൃഷിക്ക് മുതൽ മുടക്കുന്ന സാഹചര്യം വരുമ്പോൾ എന്ത് കൃഷി ചെയ്യണം ഏതു വിത്ത് ഇറക്കണം തുടങ്ങിയ കാര്യങ്ങളിൽ അവർ നിയന്ത്രണം ഏറ്റെടുത്തേക്കുമെന്നു കർഷകർ ആശങ്കപ്പെടുന്നു.

രാജ്യത്തെ കര്‍ഷകര്‍ക്ക് ബില്‍ സഹായകമാകുമെന്നും ഉത്പന്നങ്ങള്‍ വിറ്റഴിക്കാനും ന്യായവില ലഭ്യമാക്കാനും കര്‍ഷകരെ ഇത്   സഹായിക്കുമെന്നും  സര്‍ക്കാര്‍ വാദിക്കുമ്പോൾ കാര്‍ഷിക മേഖലയുടെ നാളിതുവരെയുള്ള വളര്‍ച്ചയെ ബില്ലുകള്‍ ഇല്ലാതാക്കുമെന്ന് കര്‍ഷക- രാഷ്ട്രീയ പ്രമുഖർ ഭയപ്പെടുന്നു.

ബിൽ ഒറ്റനോട്ടത്തിൽ കര്‍ഷകര്‍ക്ക് ഗുണകരമാണെന്ന് തോന്നുമെങ്കിലും വന്‍കിടക്കാര്‍ക്ക് മേഖല കൈയടക്കാനും വില നിയന്ത്രണം തങ്ങളിലൊതുക്കാനുള്ള സാധ്യത ബില്ലിലുണ്ടെന്ന്  കര്‍ഷക നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. അങ്ങനെ വരുമ്പോൾ അത് മേഖലയുടെ  കുത്തകവത്കരണത്തിനിടയാക്കുമെന്നു അവർ ആശങ്കപ്പെടുന്നത്തിൽ കുറ്റം പറയാനാകില്ല. 

  ഇതേസമയം,നിയമങ്ങൾ കാർഷികമേഖലയിൽ വലിയ ഉണർവുണ്ടാക്കുന്നതിന് സഹായകമാണെന്നാണ്  പ്രധാനമന്ത്രി നൽകുന്ന ഉറപ്പ്.
 കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശ്, മഹാരാഷ്ട , രാജസ്ഥാൻ സംസ്ഥാനങ്ങളിൽ  കർഷക പ്രശ്നങ്ങൾ ബിജെപിക്ക് തിരിച്ചടിയുണ്ടാക്കിയിട്ടും ബീഹാറിൽ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന അവസ്ഥയിലും കർഷകതാല്പര്യങ്ങൾ പരിഗണിക്കാൻ പാർട്ടി ശ്രദ്ധ കൊടുക്കാത്തത്  കോർപറേറ്റ് സ്വാധീനത്തിന്റെ പിന്തുണ മൂലമാണെന്നാണ് വിമർശകർ പറയുന്നത് . 

എന്തായാലും കർഷകർ സമര രംഗത്ത് തുടരുന്ന സാഹചര്യത്തിൽ കർഷക വികാരം പരിഗണിച്ചു  അവരുടെ ആശങ്കകൾ പരിഹരിക്കാൻ നിർദിഷ്ട നിയമത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ കേന്ദ്രം തയ്യാറാകുന്നതാണ് ആശങ്കകൾ നീക്കാൻ ഉചിതം.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക