Image

നാളത്തെ കൊയ്ത്ത് (ആറ്റുമാലി)

Published on 26 September, 2020
നാളത്തെ കൊയ്ത്ത് (ആറ്റുമാലി)
ഒടുവില്‍ അയാള്‍ വീണു.
കല്ലെറിഞ്ഞവര്‍ മെല്ലെ പിന്‍വാങ്ങി.
ഏറെനേരം അയാള്‍ ചലനമറ്റു കിടുന്നു.
പിന്നീട് മെല്ലെ കൈകുത്തി എണീറ്റു.
എണീറ്റേ തീരൂ.
തന്നെ കാത്തിരിക്കുന്നവര്‍ ഒന്നുംരണ്ടുമല്ലല്ലോ?

മര്‍ദ്ദനം അയാള്‍ക്ക് പുതിയ അനുഭവമല്ല.
അധികാരികളെ പ്രകോപിപ്പിച്ചിട്ടുള്ളപ്പോഴെല്ലാം
അയാള്‍ക്ക് മര്‍ദ്ദനമേറ്റിട്ടുണ്ട്.
അഴിമതിയെക്കുറിച്ച് വാചാലനാകുമ്പോള്‍.
ആയിരക്കണക്കിന് പാവങ്ങള്‍ക്ക്
കുടിവെള്ളം ആവശ്യപ്പെടുമ്പോള്‍,
നടവഴിക്കായും തെരുവ് വിളക്കുകള്‍ക്കായും
മുറവിളി കൂട്ടുമ്പോള്‍, മണ്ണിനും മാനത്തിനും
സുരക്ഷവേണമെന്നാവശ്യപ്പെടുമ്പോള്‍,
അയാള്‍ക്ക് മര്‍ദ്ദനം ഉറപ്പായിരുന്നു.

ഒരിക്കലും ആരോടും പരിഭവിച്ചില്ല;
പക വെച്ചു പുലര്‍ത്തിയതുമില്ല.
സ്വയം രക്ഷപെടണമെന്ന് ആഗ്രഹിച്ചിട്ടില്ല.
ഒരു നാടു മുഴുവന്‍ ചേറ്റില്‍ പുതയുമ്പോള്‍
തനിക്ക് മാത്രമായി എന്തു രക്ഷ?
ശബ്ദമില്ലാത്തവരുടെ ശബ്ദമാകുവാന്‍
അയാള്‍ക്ക് മനസ്സായിരുന്നു.
തന്റെ ശരികളെക്കുറിച്ചുള്ള ബോദ്ധ്യം-
അതായിരുന്നു അയാളുടെ ഊര്‍ജ്ജം.
നന്മയുടെ ഒരുപിടി വിത്തെറിയാന്‍
അയാള്‍ക്ക് ഉത്സാഹമായിരുന്നു.
നാളെ ഒരു കൊയ്ത്തുണ്ടാകുമല്ലോ!
ഏറെ കാത്തിരിക്കേണ്ടി വന്നേക്കാം.
നൂറ്റാണ്ടുകളോളം? അതിനുമപ്പുറം?
നന്മയുടെ വിളവെടുപ്പ് ആഘോഷമായിരിക്കും!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക