Image

ഫൊക്കാനായുടെ പ്രവർത്തനങ്ങൾ എന്നും ജനകീയം: ജോർജി വർഗ്ഗീസ്

അനിൽ പെണ്ണുക്കര Published on 27 September, 2020
ഫൊക്കാനായുടെ പ്രവർത്തനങ്ങൾ എന്നും ജനകീയം: ജോർജി വർഗ്ഗീസ്
ഫൊക്കാനയുടെ പ്രവർത്തനങ്ങൾ എന്നും ജനകീയമായിരുന്നു എന്നും തൻ്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ആ ജനകീയത തുടരുകയാണന്നും അടുത്ത രണ്ട് വർഷം വിപുലമായ പദ്ധതികൾ ഫൊക്കാനയിലൂടെ പൊതുജനങ്ങൾക്കായി നടപ്പിലാക്കുമെന്നും ഫൊക്കാനാ പ്രസിഡൻ്റ് ജോർജി വർഗീസ് പറഞ്ഞു.ഇ-മലയാളിക്ക് നൽകിയ വിശദമായ അഭിമുഖത്തിൽ നിന്ന്.

ചോ: 2006 നു ശേഷം  ഫ്ളോറിഡയിലേക്കു ഫൊക്കാന കൺവൻഷൻ വരികയാണല്ലോ. ജോർജി വർഗീസ് എന്ന പ്രസിഡണ്ട് ഫൊക്കാനയുടെ ഇപ്പോഴത്തെ പ്രവർത്തങ്ങളെ എങ്ങനെ വിലയിരുത്തുന്നു?

പതിനാലു വർഷങ്ങൾക്ക് ശേഷമാണു ഫൊക്കാന നാഷണൽ കൺവൻഷൻ ഫ്ളോറിഡയിലേക്ക് വരാൻ പോകുന്നത് .അമേരിക്കയിലെ കേരളം എന്നറിയപ്പെടുന്ന ഫ്ളോറിഡയിലേക്ക് കൺവൻഷൻ കൊണ്ടുവരാൻ സാധിച്ചതിൽ സന്തോഷമുണ്ട് .ഫൊക്കാനയുടെ വളർച്ചയ്‌ക്കൊപ്പം സഞ്ചരിച്ച ഒരാൾ എന്ന നിലയിൽ ഈ പദവി വലിയ ഉത്തരവാദിത്വവും സന്തോഷവും നൽകുന്നു .എല്ലാ തരത്തിലും മികച്ച ഒരു  ടീമാണ് എന്നോടൊപ്പം ഉള്ളത് .വിവിധ രംഗങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ചവരുടെ ഒത്തുചേരൽ ഫൊക്കാനയ്ക്ക് ഏറെ ഗുണം ചെയ്തു എന്ന് കാലം തെളിയിക്കും  .എന്നെ സംബന്ധിച്ച് സംഘടനാ പ്രവർത്തങ്ങൾ ഇവിടെ വന്നതിനു ശേഷം തുടങ്ങിയതല്ല. കോളേജിൽ പഠിക്കുന്ന കാലം മുതൽ സാമൂഹ്യ സംഘടനാ രംഗത്ത് നല്ല രീതിയിൽ പ്രവർത്തിച്ചു വന്ന വ്യക്തിയാണ് ഞാൻ. അമേരിക്കയിൽ എത്തിയ ശേഷവും അത് തുടരുന്നു.
ഫ്ലോറിഡയിലെ പ്രാദേശിക സംഘടനാ പ്രവർത്തനങ്ങളിലൂടെ ഫൊക്കാനയുടെ ഭാഗമായി. കേരളസമാജത്തിന്റെ സെക്രട്ടറിയായും, പ്രസിഡണ്ടായും  ഉപദേശക സമിതി അധ്യക്ഷനായും പ്രവർത്തിച്ചു.വിവിധ പദവികൾ ഫൊക്കാനയിൽ ഏറ്റെടുക്കുകയും ഫൊക്കാന ഏൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. അവയെല്ലാം ഏറ്റവും ഭംഗിയായി കൃത്യതയോടെ നിർവഹിച്ചിട്ടുണ്ട്. ആ പ്രവർത്തനങ്ങൾ അതേ ആത്മാർത്ഥതയോടെ തുടരാനും ഫൊക്കാനയെ കൂടുതൽ പ്രവർത്തന നിരതമാക്കുവാനുമാണ് എന്റെ ശ്രമം. ഫ്ളോറിഡയിലേക്ക് ഫൊക്കാന കൺവൻഷൻ വരുന്നത് 16 വര്ഷങ്ങള്ക്കു ശേഷമാണ്.ഫ്ലോറിഡാ ഫൊക്കാനാ കൺവെൻഷന് ഏറ്റവും അനുയോജ്യമായ സംസ്ഥാനമാണ്. ഓർലാണ്ടോ, ടാമ്പാ, ഫോർട്ട് ലൗഡർഡേൽ, മയാമി തുടങ്ങിയ സ്ഥലങ്ങൾ മലയാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങൾ തന്നെ. അമേരിക്കയിലെ കൊച്ചു കേരളം തന്നെയാണ് ഫ്ലോറിഡ. അതുകൊണ്ട് ഫ്ലോറിഡയിൽ കൺവെൻഷൻ വച്ചാൽ വൻ വിജയമാകുമെന്നതിൽ തർക്കമില്ല. കുട്ടികൾ ഉൾപ്പെടെ പുറമെ നിന്നുള്ള അതിഥികളുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് ഫ്ലോറിഡ.

ചോദ്യം :അമേരിക്കൻ മലയാളി സംഘടനകളുടെ തലപ്പത്തു വരുന്ന ഏതൊരു വ്യക്തിക്കും പലപ്പോഴും ആ പദവി ഒരു ബാലികേറാ മലയായി തീരാറുണ്ട് .വിമർശങ്ങൾ ഏൽക്കാറുണ്ട് .അത്തരം വിമർശനങ്ങളെ എങ്ങനെ നോക്കിക്കാണുന്നു ?

അത് സ്വാഭാവികം മാത്രമാണ് .ഫൊക്കാന പ്രസിഡന്റ് പദം അത്ര നിസ്സാരമായ ഒരു പദവിയായി ഞാൻ കാണുന്നില്ല .കാരണം വളരെ പരിണിതപ്രജ്ഞരായ നിരവധി വ്യക്തികൾ ഈ പദവിയിൽ ഇരുന്നിട്ടുണ്ട് .അവരൊക്കെ കൂടിയാണ് ഫൊക്കാനയെ ജനഹൃദയങ്ങളിൽ എത്തിച്ചത് .വിമര്ശങ്ങളിലൂടെയും കൂടിയാണ് അവരും പോയത് . അതിനെയൊക്കെ വളരെ നിഷ്പ്രയാസം അതിജീവിക്കുകയും ചെയ്ത് ഇന്ന് കാണുന്ന ഫൊക്കാനയായി വളർത്തിയെടുത്തു .പലരും അമേരിക്കൻ മലയാളി സംഘടനകളെയും അവയുടെ പ്രവർത്തനങ്ങളെയും വിമർശിച്ചു കാണാറുണ്ട്. വിമര്ശനങ്ങളെ  അതിന്റെതായ അർത്ഥത്തിലെടുക്കുകയും കാമ്പുള്ളവയ്ക്ക് പരിഹാരം കാണുകയും ചെയ്യുക എന്നതാണ് എന്റെ രീതി. ഫൊക്കാനയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ മുപ്പത്തിയാറു വർഷങ്ങൾ സാംസ്കാരിക പ്രവർത്തനത്തിന്റെയും, ചാരിറ്റി പ്രവർത്തങ്ങളുടെയും കാലമായിരുന്നു. ഫൊക്കാന ഓരോ വർഷവും കേരളത്തിൽ നടത്തിയിട്ടുള്ള പ്രവർത്തങ്ങൾ. പ്രധാനമായും ചാരിറ്റി പ്രവർത്തനങ്ങൾ. ആര് പ്രസിഡണ്ടായാലും  അത്തരം പ്രവർത്തനങ്ങൾ സുഗമമായി നടക്കും. അങ്ങനെ ഒരു  കീഴ്വഴക്കമാണ്  ഫൊക്കാനയിൽ  എക്കാലവും തുടരുന്നു വരുന്നത്. അത് ഫൊക്കാനയെ മനസിലാക്കുന്ന കേരളത്തിലെ സാധാരണക്കാർക്ക് അറിയാം. നിലവിൽ ഞാൻ ചെയ്തുവരുന്ന സാമൂഹ്യ സാംസ്കാരിക-,ജീവകാരുണ്യ പ്രവർത്തങ്ങൾ ഫൊക്കാനയുടെ ഭാഗമാക്കി  തുടരാൻ കൂടിയാണ് എന്റെ ശ്രമം . ഇപ്പോൾ കോവിഡ് കാലമാണ് .വിവിധ മാനദണ്ഡങ്ങൾ പാലിച്ചു വേണം നമുക്ക് കൂട്ടായ പ്രവർത്തനങ്ങൾ ചെയ്യുവാൻ .അന്ഗനെയുള്ള പരിപാടികൾക്കാണ് ഫൊക്കാന മുൻകൈ എടുക്കുന്നത് .‌ഫൊക്കാനയെ ശക്തിപ്പെടുത്തുക. അതിനായി വേണ്ടത് ചെയ്യുക. അമേരിക്കൻ മലയാളികൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കുക .അവരെ കേൾക്കുക. എല്ലാവരെയും ഒപ്പം നിർത്തി സംഘടനയെ മുന്നോട്ടു നയിക്കുക എന്നത് മാത്രമാണ് എന്റെ ലക്‌ഷ്യം.
വളരെ കെട്ടുറപ്പോടുകൂടിയാണ് ഫൊക്കാനയുടെ പ്രവർത്തങ്ങൾ മുന്നോട്ടു പോകുന്നത്. പിന്നെ സംഘടനകളാകുമ്പോൾ പ്രശ്നങ്ങൾ ഉരുത്തിരിയുക സ്വാഭാവികമാണ്. ഏതു സംഘടനയിലും ചില പ്രശ്നങ്ങൾ വരും. അവ പരിഹരിക്കപ്പെടും. സംഘടന മുന്നോട്ടു തന്നെ പോകും. എന്നെ സംബന്ധിച്ചിടത്തോളം ഇത്തരം വിവാദങ്ങളോ അഭിപ്രായ വിത്യാസങ്ങളോ ബാധിക്കുന്ന വിഷയങ്ങൾ അല്ല. എന്നെ അറിയാവുന്ന ഓരോ ഫൊക്കാന അംഗങ്ങൾക്കും ഞാൻ ആരാണെന്നും ഫൊക്കാനയോടും അംഗ സംഘടനകളോടും പ്രവർത്തകരോടും എന്നും  നീതി പൂർവ്വമായേ പ്രവർത്തിച്ചിട്ടുള്ളുവെന്നും എല്ലാവർക്കും അറിയാം. നീതി പൂർവമായ പ്രവർത്തങ്ങൾ തുടരാനും ഫൊക്കാനയെ ശക്തിപ്പെടുത്തുവാനും ആണ് ഇപ്പോൾ ശ്രമിക്കുന്നത് .
ഫൊക്കാനയിൽ ഒരു മെമ്പർ ആയി പ്രവർത്തിച്ചു തുടങ്ങിയ കാലം മുതൽ ഒരു പദവികളോടും താല്പര്യം തോന്നിയിട്ടില്ല. ഏൽപ്പിക്കുന്ന എന്ത് കാര്യവും ആത്മാർത്ഥമായി ചെയ്യുക, പരാതികൾക്ക് ഇടം നൽകാത്ത വിധം അവ സംഘടിപ്പിക്കുക എന്നത് മാത്രമേ ഞാൻ ചെയ്തിട്ടുള്ളു . പിന്നെ നമുക്ക് ചില പദവികൾ ലഭിക്കുമ്പോൾ കുറേക്കൂടി വിജിലന്റ് ആകുവാനും ആ പദവിയുടെ ബലത്തിൽ ജനങ്ങളുമായി കൂടുതൽ ഇടപെടുവാനും സാധിക്കുമെന്നതാണ്  ഒരു നേട്ടം. ഫൊക്കാന എന്നിൽ വിശ്വാസമർപ്പിച്ച എല്ലാ പദവികളോടും നീതി പുലർത്തിയിട്ടുണ്ട്. മോശം അഭിപ്രായം ആരിൽ നിന്നും എനിക്ക് കേൾക്കേടി വന്നിട്ടില്ല . അസ്സോസിയേറ്റ് ട്രെഷറർ, ഫൊക്കാന ടുഡേ ചീഫ് എഡിറ്റർ, ട്രസ്റ്റിബോർഡ് ചെയർമാൻ ,ഫൊക്കാനാ ഇലക്ഷൻ കമ്മീഷൻ ചെയർമാൻ , കേരളാ കൺവൻഷൻ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ, ഇൻഡ്യാ പ്രസ്സ് ക്ലബ് ഫ്ലോറിഡാ ചാപ്റ്റർ സെക്രട്ടറിയായും, ഇപ്പോഴത്തെ വൈസ് പ്രസിഡന്റ്, ഡയോസിഷ്യൻ കൗൺസിൽ മെംബർ തുടങ്ങി  നിരവധി സ്തുത്യര്ഹയമായ പദവികളിലും  പ്രവർത്തിച്ചിട്ടുണ്ട്. അതെല്ലാം ഒരു അംഗീകാരമായി ഞാൻ കരുതുന്നു .

ചോ: സംഘടനാ രംഗത്ത് പ്രവർത്തിക്കാനുള്ള കരുത്തും  ഊർജ്ജവും  സ്വരൂപിച്ചതെങ്ങനെ?

കരുത്തുറ്റ ഈ സംഘടനയെ പരാതിക്കിട നൽകാതെ മുന്നോട്ടു കൊണ്ടുപോകുവാൻ സാധിക്കുമെന്നു എനിക്ക് ഉറച്ച വിശ്വാസമുണ്ട്.
പറയുന്ന കാര്യങ്ങൾ ചെയ്യാനുറച്ചാണ് രംഗത്തിറങ്ങിയിരിക്കുന്നത് .അതിനായി ശക്തമായ ഒരു ടീമിനെയും ഒരുക്കിയിരിക്കുന്നു. (ഇൻഡോർ യൂണിവേഴ്സിറ്റിയിൽ ശക്തമായ മത്സരത്തിലൂടെ യൂണിവേഴ്സിറ്റി  കോളേജ്‌ യുണിയൻ ജനറൽ സെക്രട്ടറി ആയി മത്സരിച്ചു ജയിച്ച ചരിത്രവും എം എസ്‌ .ഡബ്ള്യു മാസ്റ്റർ ബിരുദം റാങ്കോടുകൂടിയാണ് വിജയിക്കുകയും ചെയ്ത ഉൾക്കരുത്താണ് സംഘടന പ്രവർത്തനരംഗത്തെ വിജയരഹസ്യം)

ചോദ്യം:  അമേരിക്കയിലെ ആദ്യത്തെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പ്രവർത്തനങ്ങളെ അമേരിക്കൻ മലയാളികളും കേരളത്തിലെ ജനങ്ങളും വളരെ ആവേശത്തോടെ നിരീക്ഷിക്കുന്നുണ്ട്. എന്തെല്ലാം പദ്ധതികളും പരിപാടികളുമാണ് ജോർജി വർഗ്ഗീസിൻ്റെ നേതൃത്വത്തിലുള്ള കമ്മിറ്റി നടപ്പിൽ വരുത്തുന്നത്.

ഉത്തരം: ഫൊക്കാനയുടെ പ്രവർത്തനങ്ങളെ അമേരിക്കൻ മലയാളികളും, കേരളത്തിലെ ജനങ്ങളും വളരെ സ്നേഹത്തോടെ നോക്കിക്കാണുന്നു എന്നത് അക്ഷരംപ്രതി ശരിയാണ്. പതിനഞ്ച് വർഷത്തിലധികമായി ഫൊക്കാനയുടെ പ്രവർത്തനങ്ങൾക്കൊപ്പം സജീവമായി നിലകൊള്ളുന്ന ഒരാളാണ് ഞാൻ. 2020-22 കാലയളവിൽ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഉത്തരവാദിത്വം കൂടി. അതു കൊണ്ടു തന്നെ അമേരിക്കൻ മലയാളികൾക്കും, കേരളത്തിലെ ജനങ്ങൾക്കും ഗുണകരവും വ്യത്യസ്തവുമായ പരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു രൂപരേഖയ്ക്ക് ഞങ്ങൾ രൂപം നൽകി.ഏറ്റവും പ്രധാനം ഫൊക്കാനയുടെ എല്ലാ റീജിയണുകളും ശക്തിപ്പെടുത്തുക എന്നതാണ്. റീജിയണൽ തലങ്ങളിൽ ഫൊക്കാനാ ശ്രദ്ധിക്കപ്പെടുവാൻ വേണ്ട പരിപാടികൾ തയ്യാറാക്കും.

കോവിഡിൻ്റെ പശ്ചാത്തലം കണക്കിലെടുത്താണ് തുടക്കത്തിൽ വെർച്വൽ പരിപാടികൾക്ക് മുൻഗണന നൽകും. ഫൊക്കാനാ ടാലൻ്റ് ഹണ്ട്, പുതിയ തലമുറയ്ക്ക് വേണ്ടി മലയാളം ക്ലാസുകൾ, എഡ്യൂക്കേഷണൽ പ്രോഗ്രാം, ഫൊക്കാനാ ടുഡേ പ്രസിദ്ധീകരണം തുടങ്ങിയവയ്ക്കാണ് തുടക്കത്തിൽ ശ്രദ്ധ കൊടുക്കുന്നത്.അതിനുള്ള മാർഗ്ഗരേഖകൾ ഉടൻ റഡിയാകും.

ചോദ്യം: മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി എന്തെല്ലാം പ്രോഗ്രാമുകളാണ് നടപ്പിലാക്കാൻ പോകുന്നത്.?

അമേരിക്കൻ മലയാളി പുതുതലമുറ മലയാള ഭാഷയിൽ നിന്ന് അകന്നു പോകുന്നതായി പൊതുവെ അഭിപ്രായമുണ്ട്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി മലയാളം ക്ലാസുകൾ റീജിയൺ തലങ്ങളിൽ ആരംഭിക്കുകയാണ്. നമ്മുടെ വീടുകളിൽ തുടങ്ങി മലയാള ഭാഷയുടെ വികാസം അമേരിക്കൻ മലയാളി കുടുംബങ്ങളിൽ സജീവമായി നിലനിർത്തുകയും ,ഭാഷയെ പരിപോഷിപ്പിക്കുകയും ചെയ്യുക എന്നതാണ് മലയാളം ക്ലാസുകൾ കൊണ്ട് ഉദ്ദേശിക്കുന്നത്. അതിനായി മലയാളം സ്കൂളുകളുടെ സേവനം എല്ലായിടത്തും ലഭ്യമാക്കും .അതിനായി വിപുലമായ ഒരു കമ്മിറ്റിക്ക് ഫൊക്കാനാ ട്രഷറർ സണ്ണി സ്റ്റ മനയുടെ നേതൃത്വത്തിൽ രൂപവൽക്കരിച്ച് പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു.

ചോദ്യം: എന്നും സജീവമായി പ്രവർത്തിച്ചിരുന്ന ഫൊക്കാനയുടെ വിമൻസ് ഫോറത്തിൻ്റെ പ്രവർത്തനങ്ങൾ ഈ ഭരണ കാലയളവിൽ എങ്ങനെയാണ് സംഘടിപ്പിക്കുന്നത്?

ഫൊക്കാനയുടെ വിമൻസ് ഫോറത്തിൻ്റെ പ്രവർത്തനങ്ങൾ ഫൊക്കാനയുടെ തുടക്കം മുതൽക്കേ കൃത്യനിഷ്ടയോടെ നടക്കുന്നതാണ്. എന്നാൽ ഇത്തവണ കൂടുതൽ വനിതകളെ ഫൊക്കാനയിലേക്ക് കൊണ്ടുവരുന്നതിനും പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതിനും ഓരോ റീജിയണുകളിലും വിമൻസ് ഫോറത്തിൻ്റെ റീജിയണൽ യൂണിറ്റുകൾ ആരംഭിക്കും. കൂടുതൽ വനിതകളെ ഫൊക്കാനയുടെ വിവിധ പ്രവർത്തനങ്ങളുടെ ഭാഗമാക്കുന്നതിൻ്റെ ഭാഗമായി വനിതകൾക്കും കുട്ടികൾക്കുമായി എല്ലാ റീജിയനുകളിലും നിരവധി പരിപാടികൾ സംഘടിപ്പിക്കും..
കമേരിക്കൻ അമേരിക്കൻ മലയാളികളുടെ കലാ സാംസ്കാരിക സാഹചര്യങ്ങളെ പരിപോഷിപ്പിക്കുന്നതിന് വേണ്ടി ഫൊക്കാനാ ടാലൻ്റ്റ് ഹണ്ട് എന്ന പരിപാടിക്ക് രൂപം നൽകും. വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ.കല ഷാഹിയുടെ നേതൃത്വത്തിൽ വളരെ വിപുലമായ ഒരു കമ്മറ്റിക്ക് രൂപം നൽകി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. എല്ലാ റീജിയനുകളിലും വനിതാ പ്രാതിനിധ്യം ഉറപ്പു വരുത്തി റീജിയണൽ വമെൻസ്‌ഫോറം രൂപീകരിക്കും. 10 അംഗ നാഷനൽ വിമൻസ് ഫോറം കമ്മിറ്റിയൂം രൂപീകരിക്കും.

കൂടാതെ പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്ത് കൂടുതൽ വിജയം വിജയം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി എഡ്യൂക്കേഷണൽ എൻറിച്ച്മെൻ്റ് പ്രോഗ്രാമിന് ഫൊക്കാന തുടക്കമിടുകയാണ്. വിദ്യാഭ്യാസ മെഡിക്കൽ രംഗത്ത് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കാലിഫോർണിയ റീജിയണൽ വൈസ് പ്രസിഡൻ്റ് ഡോ.ജേക്കബ് ഈപ്പൻ  ചെയർമാനായി, ഫ്‌ലോറിഡയിൽ നിന്നുമുള്ള മിസ്സിസ് ഗ്രേസ് ജോർജ് കോർഡിനേറ്ററായ കമ്മിറ്റിയാണ് ഈ ബൃഹത്തായ പ്രോഗ്രാമിന് നേതൃത്വം നൽകുന്നത്. അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളുമായി സഹകരിച്ചു കൊണ്ടാണ് ഈ പ്രോഗ്രാം നടപ്പിലാക്കുന്നത്. ഫൊക്കാനയുടെ പ്രസ്റ്റീജ് പ്രോഗ്രാമായിരിക്കും ഈ പ്രൊഫഷണൽ വിദ്യാഭ്യാസ പരിപാടി.

ജോർജി വർഗീസിന്റെ  സംഘടനാ പാടവത്തെക്കുറിച്ചു നാട്ടിലും അമേരിക്കൻ മലയാളികൾക്കിടയിലും മറിച്ചൊരു അഭിപ്രായമില്ല. ഏറ്റെടുക്കുന്ന ഏതു കാര്യവും ഭംഗിയായി നിർവഹിക്കുവാൻ കഴിയുന്ന ഒരു വ്യക്തിത്വം. മുപ്പത്തിയാറുവർഷമായ ഫൊക്കാനയുടെ മഹാചരിത്രത്തിന്റെ ഭാഗമാകാൻ, ഒരു പടികൂടി കടന്ന്  അടുത്ത ഘട്ടത്തിലേക്ക് തന്റെ ടീമിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുകയാണ് ജോർജി വർഗീസ് .

ഉറങ്ങിക്കിടന്ന വിവിധ റീജിയനുകളെ സജീവമാക്കി  തന്റെ ടീമിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുകയാണ് അദ്ദേഹം . സംഘടനയുടെ കെട്ടിലും മട്ടിലും മാറ്റങ്ങൾ വരുത്തി പുതിയ ഭാവങ്ങളും രൂപങ്ങളും നൽകി ഒരു പുതിയ ദിശാബോധം ഉണ്ടാക്കുകയും ചെയ്യുകയാണ് പുതിയ ഫൊക്കാന നേതൃത്വം.

ജോർജി വർഗീസ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത് തൊഴിലാളികൾക്കിടയിലാണ് എന്നത് മറ്റൊരു പ്രത്യേകതയുമുണ്ട് . ഹാരിസൺ ആൻഡ് ക്രോസ് ഫീൽഡ് എന്ന വലിയ അന്തർദേശീയ കമ്പനിയിൽ ലേബർ ഓഫിസർ ആയി തുടങ്ങിയ പ്രവർത്തനങ്ങൾ സാധാരണക്കാരുടെ പ്രശ്നങ്ങൾ മനസിലാക്കാക്കുവാൻ ഉപകരിച്ചപ്പോൾ വൈ എം സി എ യിലൂടെയൂം സാമൂഹ്യ പ്രവർത്തന രംഗത്തും സജീവമാകുവാനും സാധിച്ചു. തിരുവല്ല റീജിയണൽ വൈ എം സി എ ചെയർമാൻ പദവിയിൽ പ്രവർത്തിക്കുമ്പോഴാണ് അമേരിക്കയിലേക്ക് കുടിയേറുന്നത് .എവിടെയായാലും തന്റെ ദൗത്യം ഒപ്പം നിൽക്കുവരുടെ പ്രശ്നങ്ങൾ കേൾക്കുക ,അവയ്ക്ക് പരിഹാരം കാണുക ;അതാണ്  ജോർജി വർഗീസിന്റെ പൊതുപ്രവത്തനത്തിന്റെലക്‌ഷ്യം.  
Join WhatsApp News
ഫൊക്കാനാ ചിന്തകൻ 2020-09-28 19:28:23
ഫൊക്കാനയിലെ മറ്റേ പുള്ളിയും കൂട്ടരും സീറ്റ് വിട്ടു തന്നോ? അതോ അവരിപ്പോഴും കടിച്ചു തൂങ്ങി കിടക്കുകയാണോ? ഭാഗ്യ ലക്സ്മിയും കൂട്ടരും ചെയ്‌ത പോലെ കുറച്ചു കരി ഓയിൽ വാങ്ങി അഭിക് ഷേകം നടത്തി ആ പുള്ളിയെയും റോക്ക് ലാൻഡിലെ ബിഗ് മൗത്തു പെൺകളെയും തള്ളി താഴെയിടു ജോർജി മാസ്റ്റർ എന്നിട്ടു താങ്കൾ അവിടെ കയറി ഇരുന്നു ഫൊക്കാനയുടെ ആനക്കാരൻ ആയി ഫൊക്കാനയെ നയിക്കുന്നകാലം ഞാൻ സപ്നം കാണുകയാണ് . ഏതായാലും 90 ശതമാനം ജന പിന്തുണ നിങ്ങൾക്കാണ്. കടിച്ചു തൂങ്ങികളുടെ സൂം മീറ്റിംഗുകൾ നിരോധിക്കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക