Image

കൂട്ട് കൂടാനൊരു നുണയത്തി (ദിനസരി-18: ഡോ.സ്വപ്ന.സി. കോമ്പാത്ത്)

Published on 28 September, 2020
കൂട്ട് കൂടാനൊരു നുണയത്തി (ദിനസരി-18: ഡോ.സ്വപ്ന.സി. കോമ്പാത്ത്)
The lie is a condition of life.
Friedrich Nietzsche

നീഷെയുടെ വാക്കുകളെ അക്ഷരാർത്ഥത്തിൽ ശരിവെക്കുകയും അതിനൊരു സ്ത്രീപക്ഷഭാഷ്യം ചമയ്ക്കുന്ന രീതിയിൽ ,വലിയൊരു നുണയാണ് സ്ത്രീ ജീവിതം എന്നു പറയാൻ ശ്രമിച്ചൊരമ്മയുടെയും മകളുടെയും കഥയാണ് "അഷിതയുടെ കല്ലുവെച്ച നുണകൾ " . നുണപറയുന്ന കുഞ്ഞുങ്ങളെക്കുറിച്ചുള്ള ധാരണ തന്നെ തിരുത്തിയെഴുതിയ ഒരു  കഥ. ആ കഥയ്ക്കു ശേഷം ഹൃദയത്തോട് ചേർത്തു പിടിക്കാൻ തോന്നിയ ഒരേയൊരു നുണച്ചിപ്പാറുവാണ് കെ.രേഖയുടെ "നുണയത്തി" യിലെ അരുണവിനോദ്.

പത്തധ്യായങ്ങളിൽ തീരുന്ന ഒരു ചെറിയ ബാലസാഹിത്യനോവലാണ് പൂർണ്ണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച നുണയത്തി.  കെ. രേഖ ആദ്യമായെഴുതിയ ബാലസാഹിത്യകൃതിയാണിത്.

മനോരമഓൺലൈനിൽ ആഗസ്റ്റ് 13 മുതൽ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചിരുന്ന ഈ നോവലിലെ അരുണ എന്ന പെൺകുട്ടി അവളുമായി ബന്ധപ്പെട്ട  എല്ലാ  പകിട്ടുകുറഞ്ഞ നേരുകളെയും  ,ആശ്ചര്യമുണർത്തുന്ന നുണകളുടെ സുതാര്യമായ ആവരണം കൊണ്ട് ഒളിപ്പിക്കാൻ ശ്രമിക്കുന്നതും  അഹങ്കാരവും അസൂയയും താൻപ്രാമാണിത്യവും നിറഞ്ഞ ഒരു കൂട്ടമാളുകളുടെ ദുഷ്ടനോട്ടങ്ങളുടെ  തീക്ഷ്ണതയിൽ ആ  ആവരണം  പലയിടങ്ങളിലായി പൊള്ളിയടരുന്നതും വളരെയധികം ഹൃദ്യമായാണ് രേഖ അവതരിപ്പിക്കുന്നത് .

 അരുണയെന്ന സ്നേഹിക്കപ്പെടാൻ, ലാളിക്കപ്പെടാൻ ആഗ്രഹമുള്ള പെൺകുട്ടി നമ്മുടെ ഉള്ളിലേക്കും  ഇറങ്ങിവരും .വിദ്യാലയങ്ങൾ വിദ്യാഭ്യാസസ്ഥാപനങ്ങൾ മാത്രമായി പരിണമിക്കപ്പെടുമ്പോൾ കുട്ടികളുടെ മനോഭാവം   അതീവ  സങ്കീർണ്ണമാകുന്നു. സ്വന്തം സ്വാർത്ഥതക്കു വേണ്ടി മറ്റുള്ളവരെ ഗുരുതരമായ പ്രശ്നങ്ങളിലേക്ക് തള്ളിയിടാൻ ഒരു മടിയുമില്ലാതെ നിരവധി സീനമാരുണ്ടാകുന്നതങ്ങിനെയാണ്.. പക്ഷേ കുട്ടികളുടെ നുണപറച്ചിൽ അവരുടെ ഭാവനമാത്രമായി കണക്കാക്കുന്ന സുധിമാഷെ പോലെയുള്ള അധ്യാപകർ   മാതൃകയാണ്.   ഈ ഭൂമിയിൽ നിന്ന് തന്നെ കൊണ്ടു പോകൂ എന്ന് സൂര്യനോട് പ്രാർത്ഥിച്ച അരുണ തന്നെ ,പിന്നീട് ഈ ലോകം എത്ര നല്ലതാണെന്ന് അഭിപ്രായപ്പെടുന്നത് അധ്യാപകരുടെ സ്നേഹത്തണലിന്റെ ശീതളിമ അനുഭവിച്ചതിനു ശേഷമാണ്.

 ആദ്യത്തെ ബാലസാഹിത്യകൃതിയാണെങ്കിലും, ബാലാരിഷ്ടതകളില്ലാതെ  മുന്നേറാൻ രേഖയ്ക്കു കഴിഞ്ഞു.വായിക്കുന്ന കുട്ടികളിൽ തിരിച്ചറിവുണ്ടാകാനും കുറേക്കൂടി സ്നേഹത്തോടെ സഹപാഠികളോടിടപഴകാനും നന്മയോടെ പെരുമാറാനും ഈ കൊച്ചു നോവൽ പ്രചോദനമാകും.' പ്രതിസന്ധികളും  അനിശ്ചിതത്വങ്ങളുമില്ലാതെ നമ്മുടെ കുട്ടികൾ അവരുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ബാല്യകാലം അനുഭവിച്ചു തീർക്കട്ടെ എന്ന ഒരു പ്രാർത്ഥന  പോലെയാണ് ഈ നോവൽ വായനക്കാർക്ക്  അനുഭവപ്പെടുക. പഠനത്തിൽ മുന്നേറാനുള്ള ആത്മവിശ്വാസം കൂടി പകരുന്ന ഈ   നുണയത്തിക്ക് അനുയോജ്യമായ ചിത്രങ്ങൾ വരച്ച ദേവദാസും കവർ ഡിസൈൻ ചെയ്ത രാജേഷ് ചാലോടും അഭിനന്ദനമർഹിക്കുന്നു.


കൂട്ട് കൂടാനൊരു നുണയത്തി (ദിനസരി-18: ഡോ.സ്വപ്ന.സി. കോമ്പാത്ത്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക