Image

ഹത്രാസ് പെൺകുട്ടീ, മാപ്പ് : സിൽജി ജെ ടോം

Published on 02 October, 2020
ഹത്രാസ് പെൺകുട്ടീ, മാപ്പ് : സിൽജി ജെ ടോം

മഹാത്മാവിന്റെ ഓർമ്മകൾ നിറയുന്ന ഈ ഗാന്ധി ജയന്തി ദിനത്തിൽ പോലും വിലപിക്കുക പ്രിയ നാടേ , നിന്റെ പെൺമക്കളെ ഓർത്ത്.  എത്രയോ നിഷ്കളങ്കരായ പെൺകുട്ടികളുടെയും കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും ചുടുനിണം വീണ്  ഭാരതമാകെ  രക്ത പങ്കിലമാവുന്നത് നീ കാണുന്നില്ലേ ...  ആർഷഭാരതത്തിന്റെ ഗരിമയിൽ അഭിമാനിക്കുമ്പോഴും ഇന്നാട്ടിൽ  പെണ്മക്കളുടെ ജീവന് ഒരു വിലയും ഇല്ലെന്നാണോ. ഇനിയുമെത്ര പെൺകുട്ടികളുടെ ചോര വീണാലാണ് പ്രിയ ഭാരതമേ നിനക്ക് തൃപ്തിയാവുക. കുഞ്ഞുങ്ങള്‍ മുതല്‍ തൊണ്ണൂറുകാരികള്‍വരെ പീഡിപ്പിക്കപ്പെടുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു ഇവിടെ . 

സ്ത്രീസാക്ഷരത, വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം തുടങ്ങിയ കാര്യങ്ങളില്‍ ദേശീയ മാതൃകയാക്കപ്പെടു ന്ന കേരളത്തിലും സ്ത്രീപീഡനങ്ങളുടെ കാര്യത്തില്‍ ലജ്ജിക്കേണ്ട അവസ്ഥയാണുള്ളത്.  ഈ കോവിഡ് കാലത്തുപോലും ഇവിടെ നിന്ന് കേൾക്കുന്നത് അസുഖകരമായ വാർത്തകൾ തന്നെ. 

അന്താരാഷ്ട്ര തലത്തിൽ രാജ്യം ശിരസുയർത്തി നിൽക്കുന്നുവെന്നും ചൈനയടക്കമുള്ള രാജ്യങ്ങൾ ഭയപ്പെട്ടു നിൽക്കുന്നുവെന്നും വീമ്പിളക്കുന്ന ഭരണാധികാരികളോട് ഒരു വാക്ക് , ഈ ഭാരതത്തിലെ സ്ത്രീജനങ്ങൾക്ക്  സുരക്ഷിതമായി ജീവിക്കാൻ സംവിധാനം  ഒരുക്കുക. ഇവിടെയൊരു പെൺകുട്ടിക്ക് നേർക്കും ഇത്തരം നീചവും ക്രൂരവുമായ പ്രവർത്തികൾ ആവർത്തിക്കാൻ ഇടവരാതിരിക്കട്ടെ. 

  യു.പി ഗ്രാമമായ ഹത്രാസിൽ പത്തൊൻപതുകാരി  ദളിത് യുവതി മേൽജാതിയിൽപ്പെട്ട യുവാക്കളുടെ കൊടും ക്രൂരതകൾക്കിരയായി മരണപ്പെട്ടതിന്റെ ഞെട്ടലിലാണ് രാജ്യം ഗാന്ധി ജയന്തി ദിനത്തിലൂടെ കടന്നുപോകുന്നത്  . സ്ത്രീകൾക്ക് ഏതു പാതിരാത്രിയിലും വഴി നടക്കാൻ കഴിയുന്ന ഇന്ത്യയാണ് തന്റെ സ്വപ്നമെന്നു ഗാന്ധിജി പറഞ്ഞിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടുവെങ്കിലും സ്വാതന്ത്ര്യം കിട്ടി 73 വർഷം പിന്നിടുമ്പോഴും ഈ രാജ്യത്തെ സ്ത്രീകൾക്ക് സുരക്ഷിതമായ സഞ്ചാര സ്വാതന്ത്ര്യം പോലുമില്ല. അവൾ ഏതു നിമിഷവും ആക്രമിക്കപ്പെടാം...വഴിയിലോ ബസിലോ നഗരത്തിലോ ഗ്രാമത്തിലോ എന്നുവേണ്ട എവിടെയും. 

  സെപ്റ്റംമ്പർ 14-ന് പട്ടാപ്പകൽ അമ്മയ്ക്കൊപ്പം  പാടത്ത് പുല്ലരിയാൻ പോയ യുവതിയെയാണ്  നാലംഗ സംഘം കഴുത്തിൽ ഷാൾ മുറുക്കി തട്ടിക്കൊണ്ടുപോയി പീഡനങ്ങൾക്കിരയാക്കിയത്.  ബജ്റ പാടങ്ങൾ  നിറഞ്ഞുനിൽക്കുന്ന ഹത്രാസ്‌ എന്ന ഗ്രാമം അക്രമങ്ങളുടെ മണ്ണാണെന്നാണ് പറഞ്ഞുകേൾക്കുന്നത് . ജാതിഭീകരതയും അസമത്വങ്ങളും കൊടികുത്തിവാഴുന്ന നാട്.  ഇവിടെ അമ്മ മുന്നേ നടന്നുപോയതിനു പിന്നാലെയാണ്  യുവാക്കൾ പെൺകുട്ടിയെ കൊണ്ടുപോയത് . യുവതി വീട്ടിലെത്താത്തതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കു ശേഷം പാടത്ത് ബോധമറ്റു കിടന്ന യുവതിയെ കണ്ടെത്തുന്നത്.  അവളുടെ നാവ് കടിച്ച്  മുറിച്ചിരുന്നു, നട്ടെല്ല് ഒടിഞ്ഞിരുന്നു, സംസാരശേഷി ഇല്ലാതായിരുന്നു. 

പോലീസിന്റെ നീതിനിഷേധം 

യുവതിയെ  മൃതപ്രായയായി  കണ്ടെത്തിയ ദിവസം തന്നെ ബന്ധുക്കൾ പൊലീസിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ ഉത്തരേന്ത്യൻ  പൊലീസ് സ്റ്റേഷനുകളിൽ സമൂഹത്തിലെ മേലേത്തട്ടിലുള്ളവർക്കാണ് മേൽ കോയ്മ എന്ന വാദത്തെ പിന്തുണക്കുന്ന സംഭവങ്ങളാണ് പിന്നീട് നടന്നത് . ദുർബല വിഭാഗങ്ങൾക്ക് ഇവിടെ നീതി കിട്ടാറില്ലെന്നു പല സംഭവങ്ങളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. 

 അഞ്ചാം ദിവസമാണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ പോലും പൊലീസ് തയ്യാറായത്. തുടർന്ന് സംഭവത്തിലുൾപ്പെട്ട നാലു പ്രതികളെയും അറസ്റ്റ് ചെയ്‌തു . ജന്മിപുത്രന്മാർ ബലാത്സംഗം ചെയ്തു കൊന്ന പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാരെ ഒരു നോക്ക് കാണിക്കാതെ, അവരുടെ സമ്മതമില്ലാതെ, മേല്ജാതിക്കാർക്ക് ഒത്താശ ചെയ്യുന്ന വിധത്തിൽ പോലീസ് തന്നെ സംസ്കരിക്കുകയായിരുന്നു. പ്രഭാതത്തിലാണ് പെൺകുട്ടി മരിച്ചതെങ്കിലും അർദ്ധരാത്രിയോടടുപ്പിച്ചാണ് ബന്ധുക്കൾക്കു വിട്ടുകൊടുക്കാതെ പൊലീസ് ശരീരം  ഹസ്രത്തിലേക്കു ബലമായി കൊണ്ടുപോയത്. തടയാൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്തു നീക്കിയാണ് പൊലീസിനു വഴിയൊരുക്കിയത്. സംസ്കാരം  രാവിലെയാക്കണമെന്നു പറഞ്ഞതും  ചെവിക്കൊണ്ടില്ല.

ഇത്തരം സംഭവങ്ങളിൽ പൊലീസിന്റെയും ആശുപത്രി അധികാരികളുടെയും ഭാഗത്തുനിന്നുണ്ടാകുന്ന നീതിനിഷേധം തികച്ചും അപലപനീയമാണ്. ഫോറൻസിക് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഹസ്രത് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നാണ് ഏറ്റവുമൊടുവിലെ പോലീസ് ഭാഷ്യം. ഈ സംഭവത്തിനു പിന്നാലെയും യുപിയിൽ നിന്ന് തന്നെ ഇതേപോലെ വേറെ സംഭവങ്ങൾ റിപ്പോർട്ടു ചെയ്യപ്പെടുന്നു എന്നത് ദുഃഖകരമാണ്.

കത്വ പെൺകുട്ടിയും 'നിർഭയ'യും

ജമ്മു കാശ്മീരിലെ കത്വയിൽ ക്രൂരപീഡനത്തിനിരയായി മരിച്ച എട്ട് വയസുകാരിയുടെ ഓമന മുഖമാണ് ഇതെഴുതുമ്പോഴും മനസിലേക്ക് ഓടിയെത്തുന്നത് . നാല് പൊലീസ് ഉദ്യോഗസ്ഥരുൾപ്പെടെ എട്ട് പ്രതികളു ണ്ടായിരുന്ന  കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തവും മൂന്ന് പേർക്ക് അഞ്ച് വർഷം തടവിനും കോടതി വിധിച്ചിരുന്നു. ജമ്മു കാശ്മീരിലെ കത്വ ഗ്രാമത്തിൽനിന്ന് 2018 ജനുവരി പത്തിന് കാണാതായ നാടോടി കുടുംബത്തിലെ എട്ടുവയസുകാരിയുടെ മൃതദേഹം 17നാണ്  കണ്ടെത്തിയത് . അതി ക്രൂരമായ ബലാൽസംഗത്തിനിരയായാണ് പെൺകുട്ടി കൊല്ലപ്പെടുന്നത്. പ്രദേശത്തുനിന്ന് നാടോടികളായ ബഖർവാൾ മുസ്ലിങ്ങളെ ഒഴിപ്പിക്കുകയായിരുന്നു ക്രൂരകൃത്യത്തിനു പിന്നിലെ ലക്ഷ്യമെന്ന്  പൊലീസ് സമർപ്പിച്ച കുറ്റപത്രം  പറയുന്നു. സംഭവത്തിനു പിന്നാലെ കാശ്മീരിലെ പലയിടങ്ങളിലും സാമുദായിക കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു.

  ഡൽഹിയിൽ എട്ടുവർഷം മുൻപ് നിർഭയയ്ക്കുണ്ടായ പീഡനങ്ങളും ആരും മറന്നിട്ടില്ലല്ലോ , ഇത് പോലെ പുറത്തറിയുന്നതും അല്ലാത്തതുമായ എത്രയോ സംഭവങ്ങൾ.  ഹസ്രത് പെൺകുട്ടിയെ ആദ്യം അലിഗഢിലെ ആശുപത്രിയിലും സ്ഥിതി വഷളായതിനെതുടർന്ന് ഡൽഹി  സഫ്‌ദർജംഗ് ആശുപത്രിയിലും പ്രവേശിപ്പിച്ച് വിദഗ്ദ്ധ ചികിത്സകളെല്ലാം നൽകിയിട്ടും ചൊവ്വാഴ്ച രാവിലെ അവൾ ഈ ലോകത്തോട് വിടപറഞ്ഞു .  
ഇത്തരം കേസുകളിൽ കുറ്റവാളികൾ  നിയമത്തിന്റെ പഴുതുകൾ മുതലാക്കി, രാഷ്ട്രീയബലത്തിൽ  സമൂഹത്തിൽ തലയുയർത്തി നടക്കുന്നുണ്ടാകും .
പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന്  പ്രധാനമന്ത്രിയുടെ നിർദ്ദേശം യു.പി മുഖ്യമന്ത്രിക്കു ലഭിച്ചു, യുവതിയുടെ മരണശേഷം . 

സംഭവത്തിൽ  പ്രതിഷേധം കത്തിപ്പടരവേ  യു.പി സർക്കാർ യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. കുടുംബത്തിൽ ഒരാൾക്കു ജോലിയും വാഗ്ദാനം ചെയ്തു. ഇര കൊല്ലപ്പെട്ട ശേഷം വീട്ടുകാർക്ക് ഇത്തരം ഓഫറുകൾ നൽകുകയല്ലാ , ഇതേ പോലുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനുള്ള നടപടികളാണ്  മേലധികാരികൾ ചെയ്യേണ്ടത്.

ഉത്തരവാദിത്വങ്ങൾ  നിറവേറ്റുന്നതിൽ അവർ കാണിക്കുന്ന ഉദാസീനതയാണ് നീതിനിഷേധമായി സമൂഹത്തിന്റെ താഴെ തട്ടിലുള്ളവർനേരിടേണ്ടിവരുന്നത്.
നിർഭയ കേസ് അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ പേരിനെ  കളങ്കപ്പെടുത്തിയിരുന്നു. 

ഇതേപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉദ്ദേശിച്ചാണ്  സ്ത്രീ   സുരക്ഷാ നിയമങ്ങൾ  ബലപ്പെടുത്തിയതെങ്കിലും ഹസ്രത് സംഭവം വീണ്ടും ഞെട്ടിക്കുന്നതായി.
 സംഭവത്തിൽ സ്വമേധയാ കേസെടുത്ത അലഹബാദ് ഹൈക്കോടതി  മനസാക്ഷിയെ നടുക്കുന്ന സംഭവമെന്നാണ് പെൺകുട്ടിയുടെ കൊലപാതകത്തെ  നിരീക്ഷിച്ചത്. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്.

 മാറ്റപ്പെടേണ്ടത് ഇന്ത്യന്‍ നിയമവ്യവസ്ഥ തന്നെയാണ്. കുറ്റവാളികള്‍ക്ക് ഇന്ത്യന്‍ നിയമത്തില്‍ കിട്ടുന്ന ആനുകൂല്യങ്ങളാണ് ക്രൂരമായ ആക്രമണങ്ങള്‍ കൂടി വരുന്നതിനു പിന്നിൽ . നിയമത്തിന്റെ ആനുകൂല്യം ഉപയോഗിച്ച് പ്രതികളില്‍ മിക്കവരും രക്ഷപ്പെടുന്നു.
സ്ത്രീപീഡനവും അസമത്വങ്ങളും അക്രമവും മതമാത്സര്യങ്ങളും ഇല്ലാത്ത ഇന്ത്യ യാഥാർഥ്യമായാലേ ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യയാകൂ, അതിലേക്കാവട്ടെ നമ്മുടെ ചുവടുവയ്‌പ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക