Image

പ്രേമം നല്കൂ പ്രിയാ.... (പി. സി. മാത്യു)

Published on 04 October, 2020
പ്രേമം നല്കൂ പ്രിയാ.... (പി. സി. മാത്യു)
എനിക്കായ് മാത്രം നിന്നിൽ മുളക്കുമാ പ്രേമം
എനിക്ക് മാത്രമായ് തന്നിട്ട് പോകൂ പ്രിയാ....
നിനക്കായ് മാത്രം ഞാൻ കരുതിയ പ്രേമം
നിനക്കാതെ നിലച്ചെന്നു ഓർത്തു മൂകയായ് ഞാൻ 

ഇരിക്കിന്നീ ജലാശയ കരയിലോളങ്ങൾ നോക്കി
ഇനിയും കിട്ടാത്ത ഇരയെ തേടും പക്ഷികൾ തൻ
പാട്ടുകൾ കേട്ട്, മനോഹരമാം അക്കരപ്പച്ചയും കണ്ട്
പളുങ്കുപോൽ തിളങ്ങും ചെറു തിരകളും കണ്ട്....

മനസ്സിന്റെ മാറാലയേന്തിയ പുരാതനമാം വീട്ടിൽ
മറന്നു പോയ, കീറിയ ചിത്രമിന്നു കൂട്ടി വരക്കുവാൻ
പെടുന്നു ഞാൻ പാടുകൾ പലതും പക്ഷെ പ്രിയാ...
പൊഴിഞ്ഞുപോയ ഇതളായ് നീയെന്നിൽ മറഞ്ഞു

യന്ത്രികമാം ജീവിതത്തിലെന്തു നീ നേടി പ്രിയാ....
യവനിക വീണിട്ടും തുടരുകയോ നാടക ജീവിതം?
മടങ്ങുക വൈകാതെ പകലന്തിയോളമെരിയുന്നു
മണ്ണിലി സൂര്യൻ മഴക്കാറുമാറി മഴയും പറന്നുപോയ്‌

സുന്ദരി സന്ധ്യയും അലിഞ്ഞലിഞ്ഞിരിണ്ടു പോയ്
സൗഗന്ധിപ്പൂക്കളും കൂമ്പി ഉറങ്ങുവാൻ ചേക്കേറും
പക്ഷികൾക്കൊപ്പം താപത്താൽ രതിയുണർത്തും
പകലോൻ വരവിനായി രാവുതോറും കാത്തു കാത്ത്

നിലാവില്ലാത്തയിരുട്ടിൽ നീ വരുമോയെന്നരികിൽ
നിനക്കായ് തുറന്നുവക്കാമീ തേൻ കനികളാദ്യമായ്
നിനക്കുമാത്രമായെന്നിൽ മുളച്ചൊരാ നിശാ ഗന്ധി
നൽകാം മനസ്സോരം നട്ടു വളർത്തിയോമനിക്കുവാൻ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക