Image

മറവി ( കവിത : രമണി അമ്മാൾ )

Published on 05 October, 2020
മറവി ( കവിത : രമണി അമ്മാൾ )
ഈയിടെയായിട്ടൊന്നും
ഓർമ്മയിൽ നില്ക്കുന്നില്ല 
പേരുകൾ മറക്കുന്നു 
നാളുകൾ മറക്കുന്നു 
മുഖങ്ങൾ മറക്കുന്നു  
താളുകൾ മറിയാതെ 
ജീവിതമൊഴുകാത്തപോൽ...

ഇലകളിളകാതെ
ഇമകളനങ്ങാതെ നിമിഷങ്ങൾ നീങ്ങുന്നപോൽ.....
ഓർമ്മകൾ മങ്ങുന്നുവോ... 
എങ്കിൽ..ഞാനില്ല...
എന്നിലെയസ്ഥിത്വമില്ല...

വിലപ്പെട്ടതെല്ലാം  
ഊർന്നുവീഴുന്നപോൽ.
മനസ്സിലുണ്ടെല്ലാമൊരു 
മായപോലെ 
പ്രജ്ഞയിലെ-
ത്താത്തപോൽ...
നൂൽപൊട്ടിയ പട്ടംപോൽ
അലയുന്നു  ചിന്തകൾ 
മേച്ചിൽപ്പുറങ്ങളിൽ
ഇടം കിട്ടാതെ...!
 
വാക്കുകൾ മുറിയുന്നു 
നോട്ടങ്ങൾ അകലുന്നു 
തിരയുന്നു 
പരതുന്നു, ചുറ്റിലും..! 
മറവി..
 
മറവിയോരനുഗ്രഹമാ-
യിരുന്നെങ്കിൽ,
ആശിച്ചിരുന്നു...
പക്ഷേ, അവനവനെത്തന്നെ
മറന്നു പോയീടുന്ന മറവിയോ... !
ഏറെയായില്ലനാളീ വിധം
കുണ്ഠിതം..
ഏതുറക്കത്തിലും
ഓർമ്മയിൽ തപ്പാതെ
ഉരുവിട്ടിരുന്നവയെല്ലാം
മറവിയുടെ മാറാല 
പൊതിയുന്നു...!

മറവിയൊരനുഗ്രഹമല്ല..
മിഴിവോടെ മിന്നണം 
ഓർമ്മകൾ...!

Join WhatsApp News
Sindhu Thomas 2020-10-05 10:01:46
കവിത മനോഹരം. അഭിനന്ദനങ്ങൾ സഖീ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക