Image

തുരുത്തില്‍ ഒറ്റപ്പെടുന്ന സമയം (കഥ: സുനില്‍ ന്യൂയോര്‍ക്ക്)

Published on 08 October, 2020
തുരുത്തില്‍ ഒറ്റപ്പെടുന്ന സമയം (കഥ: സുനില്‍ ന്യൂയോര്‍ക്ക്)
പുറത്തെ മഴക്കനത്തിൽ ഭൂമിയുടെ ദിക്കുകൾ ഇരുണ്ടടയുമ്പോൾ അവൾ എഴുന്നേറ്റു ജനാലയുടെ കട്ടിയുള്ള തിരശീല പതുക്കെ നീക്കിമാറ്റും. പുറത്തു സ്വയം മരിക്കാൻ വെമ്പി നിന്ന അവസാന തുള്ളി വെട്ടം അകത്തേക്ക് വരും മുൻപേ നിർദ്ദയമായി അവൾ തിരശീല കൂട്ടി അടക്കും. ജനാലക്കും വീടിനും എന്റെ ലോകത്തിനും അപ്പുറം മരങ്ങൾക്കു മുകളിൽ മേഘങ്ങൾ ഇളകി ആടി സൂര്യനെ പടിഞ്ഞാറെത്തിച്ചിരിക്കുന്നു . വീടിപ്പോൾ ശരിക്കും ഇരുട്ടിൽ മുങ്ങി. റോഡിലെ ഇലക്ട്രിക്ക് വെട്ടം ഭൂമിയിൽ ശേഷിച്ച വെളിച്ചത്തെയും അപഹരിച്ചിരിക്കുന്നു. ഇപ്പോളാണ് ശരിക്കും ഇരുട്ട്. 

എന്റെ കണ്ണിനു മുകളിലൂടെ പുഴ പോലെ ഇരുട്ടിറങ്ങി ഉണർന്നു.
കുളിച്ചൊരുങ്ങി രാത്രി ഉറങ്ങുന്ന ഒരു ദിവസം പിന്നെ ഞാൻ ഉണരില്ല. നീ രാവിലെ എഴുന്നേറ്റു തണുത്ത എന്റെ ശരീരം ഗൗനിക്കാതെ മുറിക്കു പുറത്തിറങ്ങും. പിന്നെയും കുറെ കഴിഞ്ഞേ നീ അറിയൂ. ചായ തണുത്തിരിക്കുമ്പോൾ, ബാത്റൂമിൽ വെള്ളത്തിന്റെ അനക്കം ഇല്ലാതെയാവുമ്പോൾ, മുകളിലെ മുറിയിൽ ചാർജ് ചെയ്യുന്ന എന്റെ ഫോൺ മരിക്കാതെ അടിക്കുമ്പോൾ, മരങ്ങൾക്കിടയിലൂടെ സൂര്യൻ നമ്മുടെ ജനാലകൾക്കിടയിലൂടെ പതുക്കെ നീങ്ങി കണ്ണാടി ചില്ലിലിട്ടിരുക്കുന്ന നമ്മുടെ പഴയ ഫോട്ടോയിൽ തൊട്ടിരിക്കുമ്പോൾ നീ എന്നെ വന്നു നോക്കും. അരിച്ചിറങ്ങുന്ന ഭൂമിയുടെ തണുപ്പ് എന്റെ കാലുകളിലൂടെ ദേഹത്തിലേക്കു പടരാൻ തുടങ്ങിയിരിക്കും അപ്പോൾ.

എന്നെ നീ ഇപ്പോൾ കാണുന്ന പോലെ കൊണ്ട് ശവപ്പെട്ടിയിൽ വെയ്ക്കണം. മുഖവും മുടിയും മിനുക്കരുത്. ഏറെ നാൾ പണിപ്പെട്ടു ഞാൻ കാത്തു വച്ച എന്റെ മുഖം ശ്വാസം നിനച്ചാൽ ജീർണമാകുന്ന മാംസമാണെന്നു എല്ലാവരും കാണട്ടെ. ഫ്യൂണറൽ ഹോമിൽ എന്നെ കാണാൻ വരുന്നവർക്ക് കൊടുക്കാൻ വെയ്ക്കുന്ന വെള്ള പൂക്കളുള്ള രണ്ടായി മടക്കിയ പേപ്പറിന്റെ പുറത്തു നമ്മൾ ആദ്യം കണ്ടു മുട്ടിയ നേരങ്ങളിലെ ചിരിക്കുന്ന എന്റെ മുഖമുള്ള പടം വെയ്ക്കണം. ഉൾത്താളുകളിൽ ശുഷ്കമായ അക്ഷരങ്ങളിൽ  പേപ്പറിന്റെ വില പോലും ഇല്ലാത്ത എന്റെ ജീവ ചരിത്രം എഴുതി വക്കണം. ജനിച്ചു, നാട് വിട്ടു, കല്യാണം കഴിച്ചു, കുട്ടികൾ ഉണ്ടായി. പിന്നെ മരിച്ചു. ഒരു പ്രത്യേകതകളും ഇല്ലാതെ വെറുതെ. പിന്നെ സ്മാരക ശിലകളൊന്നും ഇല്ലാത്ത, അപരിചതരെ അടക്കുന്ന ഏതെങ്കിലും വില കുറഞ്ഞ ശ്മശാനത്തിൽ ആളനക്കമില്ലാതെ അപരിചിതരൊപ്പം എന്റെ ഒടുവിലത്തെ മരണ ഉറക്കം. വിളക്കുകൾ ഒന്നും തെളിച്ചു വയ്ക്കാതെ ഇരുണ്ട മൗനത്തിന്റെ ശവപ്പെട്ടിയുടെ അറയിൽ എന്റെ ചരിത്രം പുഴു അരിച്ചു തീരട്ടെ. 

ചലിക്കുന്ന മനുഷ്യരുടെ ശ്മശാനത്തിൽ നിന്ന് മരിച്ചവരുടെ ശ്മാശാനത്തിലേക്കു എന്റെ പ്രവാസ യാത്ര. അത്രേ ഉള്ളൂ. പരസ്പരം മറന്നപ്പോൾ തന്നെ നമ്മൾ മരിക്കാൻ തുടങ്ങിയല്ലോ.  

അയാൾ ചുറ്റും നോക്കി. ഒഴിഞ്ഞ ഗുളിക പത്രം. പകുതി നിറഞ്ഞ കാപ്പി കപ്പ് . വെളുത്ത പേപ്പറിൽ വാരി വിതറിയ കുറെ കറുത്ത അക്ഷരങ്ങൾ. വീടിനു പുറത്തു റോഡിലൂടെ ഒരു ട്രക്ക് വലിയ ശബ്ദമുണ്ടാക്കി കടന്നു പോയി. ഞെട്ടി ഉണർന്നത് പോലെ ക്ലോക്ക് സമയം മാറ്റി.

മുറിയിൽ തണുപ്പിന് കനം വെച്ചെന്നു അയാളറിഞ്ഞു . പുറത്തെ  വെളിച്ചം മരങ്ങളുടെ നിഴലിലേക്കു ഒതുങ്ങി ഇറങ്ങിയിരിക്കുന്നു.  നീണ്ട കൈ രേഖ പോലെ നനഞ്ഞ റോഡ് . ഏകാന്തമായ വഴി വിളക്കുകൾ. നിഴലിലെ ഇരുട്ട് ഇപ്പോൾ മുറിയിലും നിറയാൻ തുടങ്ങിയിരിക്കുന്നു. താഴെ അനക്കം ഒന്നും കേൾക്കുന്നില്ല. അവൾ  ഉറക്കം ആയിരിക്കും. കൃത്യമാണ് അവളുടെ ദിന ചര്യകൾ. കരയുന്ന ശബ്ദത്തിൽ അലാറം ഏഴു മണിക്ക് അടിക്കുന്നു. ഉണരുന്നു. ഒരുങ്ങുന്നു. പിന്നെ രാത്രി ജോലി. രാവിലെ വരുന്നു. കഴിക്കുന്നു. കിടക്കുന്നു. മുറ തെറ്റാതെ അലാറം പിന്നെയും ഏഴു മണിക്ക് അടിക്കുന്നു. ജോലിക്കു ഇറങ്ങുമ്പോൾ  വീടിന്റെ മുകളിലെ ജനാലയുടെ പുറകിൽ ഒളിച്ചിരിക്കുന്ന എന്റെ നിഴലിൽ അവൾ നോക്കിയിട്ടുണ്ടാവുമോ ആവോ ? സത്വം വെടിഞ്ഞു എന്നാണ് നമ്മൾ നിഴലുകൾ ആയത് ?

വർഷങ്ങൾക്കു മുൻപ് അവർ ഒന്നിച്ചു കണ്ട സ്വപ്നത്തെ കുറിച്ച് അയാളോർത്തു. ചുറ്റും വെളുത്ത ഫെൻസുകൾ ഉള്ള നിറയെ ജനാലകൾ ഉള്ള വീട്. തിരശീലകൾ ഉണ്ടാവരുത് ജനാലകൾക്ക് . സൂര്യൻ വീട്ടിൽ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യട്ടെ . പിന്നെ നിലാവെട്ടത്തിൽ വീടിനു പുറകിൽ വെളുത്ത ഫെൻസുകളുടെ മറവിൽ പുറം കഴുത്തിലെ നിന്റെ മുടിയിൽ നിന്നൂർന്ന ചെറിയ നദിയിൽ ഞാൻ മുഖം മറക്കുമ്പോൾ .... പിന്നെ..ജനാലയുടെ തിരശീല നീക്കി നീ എന്നെ നോക്കുമ്പോൾ..കണ്ണുകൾ മുറുക്കി അടച്ചു ഞാൻ അലറുന്നു . അടക്കൂ ..എനിക്കുറങ്ങണം ...ഇരുട്ടാണെനിക്കിഷ്ടം ...

പിന്നെ നമ്മൾ ഇരുട്ടിലേക്ക്. സൂര്യൻ ഉദിക്കാത്ത നമ്മുടെ വീട്

അയാൾ മുറിക്കു പുറത്തിറങ്ങി. മകന്റെ മുറിയിൽ അരണ്ട വെട്ടം കാണാം. സ്കൂൾ വിട്ടു വന്നതിനു ശേഷം അവൻ മുറിക്കു പുറത്തിറങ്ങിയിട്ടില്ല . ചെറിയ വീടിനുള്ളിൽ എല്ലാവരും സ്വന്തം ലോകം ഉണ്ടാക്കുന്നുവെന്നു അയാളോർത്തു. താഴെ അലാറം കരയാൻ തുടങ്ങി. കിടക്ക പതുക്കെ ഉലഞ്ഞു അനങ്ങുന്നു. കൃത്യമായ ദിനചര്യകൾ അവൾക്കു ആരംഭിക്കാൻ തുടങ്ങുന്നു.  താഴെ മുറിയിൽ ഇപ്പോഴും  ഇരുട്ടാണ്. പതുക്കെ കതകു തുറന്നു അയാൾ പുറത്തിറങ്ങി.

അയാൾ ഒരു സിഗരറ്റ് കത്തിച്ചു. അയാൾ മുകളിൽ ആകാശത്തിലേക്കു നോക്കി. തളർന്നു വീണ പടു വൃദ്ധയെ പോലെ ആകാശത്തിന്റെ ദിക്കുകൾ. അരിച്ചിറങ്ങുന്ന ഭൂമിയുടെ അവസാന വെട്ടം നിഴൽ വീണ മരചില്ലയിലൂടെ ഒഴുകിയിറങ്ങി വീടിന്റെ ഭിത്തിയിലെ കനത്ത ഇരുട്ടിൽ ഒടുങ്ങി തീരുന്നതു കാണാം. അലാറം വീണ്ടും കരയുന്നു. അവൾ ഉണർന്നോ അതോ ഉറക്കം ഭാവിച്ചു കിടക്കുവാണോ ?. സിഗരറ്റ് നിലത്തു കുത്തി കെടുത്തി അയാൾ വെളിയിലേക്കു നോക്കി ഇരുന്നു. ഇരുണ്ട ഭൂമിയിൽ മരച്ചില്ലകളുടെ മാറാല. കൂട്ടം തെറ്റിയ കുറെ പക്ഷികൾ മരങ്ങൾക്കു മീതെ പറന്നു പോയി. തണുത്ത കാറ്റിൽ വീണു പോയ ഇലകൾ ചിതറി നനഞ്ഞു മര ചുവട്ടിൽ വീണു കിടന്നു. നാളെ ആവട്ടെ. ഈ ഇലകൾ എല്ലാം വാരി കെട്ടി വെക്കണം. മുറ്റം വൃത്തിയാക്കണം. വെളുത്ത ഫെൻസിലൊക്കെ ചെടികൾ കൂടു കൂട്ടിയിരിക്കുന്നു അപ്പുറത്തു താമസിക്കുന്ന വൃദ്ധൻ കാറിൽ നിന്നിറങ്ങി വീട്ടിലേക്കു പോയി. പണ്ട് കാണുമ്പോഴെല്ലാം കൈ ഉയർത്തി അഭിവാദ്യം ചെയ്തിരുന്നു. ഇപ്പോൾ എന്തോ കണ്ട ഭാവം നടിക്കാറില്ല. അയാൾ കയ്യുയർത്തി. വൃദ്ധൻ ശ്രദ്ദിക്കാതെ അകത്തേക്ക് പോയി  

അടുക്കളയിലെ ലൈറ്റ് കണ്ണ് തുറന്നു. അവളായിരിക്കണം. ഉണർന്നു എഴുന്നേറ്റു കാപ്പി ഉണ്ടാക്കുവായിരിക്കണം. വാതിൽ ശബ്ദമുണ്ടാക്കി ഞാൻ തുറന്നു അകത്തേക്ക് കയറി. ഇല്ല...അവൾ തിരിഞ്ഞു പോലും നോക്കിയില്ല. എരിയുന്ന തീയുടെ മുൻപിൽ എന്തോ ചിന്തിച്ചു വെറുതെ നില്കുകയാണവൾ. 

പ്രത്യേകിച്ച് വലിയ കാരണങ്ങൾ ഒന്നുമില്ലാതെ എന്നാണ് നാം ഇങ്ങനെ അന്യരായത്? നമുക്കിടയിൽ കടൽ ഉണ്ടാവകുയും മൗനത്തിന്റെ രണ്ടു തുരുത്തിൽ നാം ഒറ്റപ്പെടുകയും ചെയ്തതെങ്ങനെ? വീടിനു പകരം നമ്മൾ തടവടയാണോ പണിതെടുത്തത് ?

അയാൾ സോഫയിൽ ശബ്ദമുണ്ടാക്കി ഇരുന്നു. പ്രതിമ പോലെ അവളെ അടുക്കളയിൽ കാണാം. അവളുടെ കണ്ണുകൾ ചലിച്ചതേ ഇല്ല. വെള്ളം തിളയ്ക്കുന്ന ശബ്ദം കേൾക്കാം. നിസ്സംഗതയോടെ നില്കുകയാണവൾ. പണ്ട് അവൾ ഇങ്ങനെ നിൽകുമ്പോൾ പുറകിലോടെ ചെന്ന് അവളുടെ പിൻകഴുത്തിൽ ഉമ്മ വച്ചതു അയാളോർത്തു.

കണ്ണാടി കൂടിനുള്ളിലെ പഴയ ചിത്രങ്ങൾ അയാൾ നോക്കി. പണ്ട് വീട്ടിൽ ഇരുട്ട് വിരുന്നു വരും മുൻപുള്ള ചിത്രങ്ങൾ. പിന്നെ പതുക്കെ ചെറിയ പിണക്കങ്ങൾ. മഴയെയും സൂര്യനെയും നമ്മൾ വെറുക്കാൻ തുടങ്ങി പിന്നെ
അയാൾ മുകളിൽ മുറിയിലേക്ക് നടന്നു. കാലടികൾ നിലത്തു ഉറക്കാത്തതു പോലെ. നിഴൽ പോലും കൂടെ ഇല്ലെന്നു അയാളോർത്തു. കാലടികൾ കരയാറുള്ള കാർപെറ്റിന്റെ കോവണി പോലും നിശബ്ദമായതു പോലെ. അയാൾ അടുക്കളയിലേക്കു വീണ്ടും നോക്കി. പ്രതിമ പോലെ അവൾ. വെള്ളം തിളച്ചു കൊണ്ട് ഇരുന്നു.

ഇരുണ്ട മുറിയിൽ ജനാലയിലൂടെ പുറത്തേക്കു നോക്കി നിൽക്കാം. ചിലപ്പോൾ കാറിൽ കയറും മുൻപേ അവൾ നോക്കിയാലോ ?
ലൈറ്റ് ഇടാൻ അയാൾ സ്വിച്ച് പരതി. വേണ്ട...ഇരുട്ട് മതി. മുറിയിൽ കട്ടിലിൽ ആരോ കിടക്കുന്നതു പോലെ അയാൾക്ക് തോന്നി 

"ആരാ അത് "? അയാൾ ചോദിച്ചു. ശബ്ദം വെളിയിൽ വന്നോ എന്നയാൾ സന്ദേഹിച്ചു

ഇത് ആരാണ് . മുറിയിൽ നിന്നും ഇറങ്ങി പോയപ്പോൾ ഇവിടെ ഇങ്ങനെ ഒരാൾ ഇല്ലായിരുന്നു. ഇനി മകനാണോ. അവൻ ഈ മുറിയിൽ വരാറില്ല. ഇല്ല..അവന്റെ മുറിയിൽ വെട്ടം ഉണ്ട്.

തല വരെ മൂടി പുതച്ചു കിടക്കുകയാണ്. സ്വപ്നം കാണുകയാണോ? എന്താണ് സംഭവിക്കുന്നത്. മുറിയിലെ നരച്ച തണുപ്പ് വിയർക്കാൻ തുടങ്ങുന്നത് അയാൾ അറിഞ്ഞു. അയാൾ കിടക്കയുടെ അടുത്തേക്ക് നീങ്ങി. നിലത്തു കുറെ ഗുളികയുടെ കുപ്പികൾ വീണു കിടപ്പുണ്ട്. പൊട്ടിയ കപ്പിലെ വെള്ളം ഒലിച്ചിറങ്ങി കാർപെറ്റിൽ പടർന്നിരിക്കുന്നു. പുറത്തു ഇരുട്ട് നിശബ്ദമായ പോലെ. മഴ പെയ്യാൻ തുടങ്ങിയോ? നേർത്ത സ്വരത്തിൽ എവിടെയോ ഒരു ആംബുലൻസിന്റെ ശബ്ദം. മരണം തല മൂടി പുതച്ചു കട്ടിലിൽ കിടക്കുന്നതായി അയാൾക്ക് തോന്നി. അരുതാത്തതു എന്തോ സംഭവിച്ചത് പോലെ. ശബ്ദം തൊണ്ടയിൽ കുരുങ്ങിയതു പോലെ. പുതപ്പു മാറ്റി ആരാണ് എന്ന് നോക്കാൻ അയാൾ വെമ്പി . എന്തോ കഴിയുന്നില്ല. മകൻ ഫാദേഴ്സ് ഡേയ്ക്ക് വാങ്ങി തന്ന കട്ടിയുള്ള പൂക്കൾ വച്ച കപ്പ് നിലത്തു ചിതറി കിടക്കുന്നു. പരിചിതമായ ഗുളിക കുപ്പികൾ.

കട്ടിലിലെ പുതച്ചു മൂടിയ നിഴലിനു മുൻപിൽ രൂപ കൂടിനു മുമ്പിൽ ഇരിക്കുന്ന വൃദ്ധനെ പോലെ അയാളിരുന്നു. നിശബ്ദമായ ഘടികാരം അലറി വരുന്ന ഒരു ജന്തുവിനെ പോലെ ഭിത്തിയിൽ അള്ളി പിടിച്ചു ഇരിയ്ക്കുന്നു . ജന്മാന്തരങ്ങൾക്കു ശേഷം എന്ന പോലെ മനസ് മനസ്സിനോട് മന്ത്രിക്കും പോലെ അയാൾ ചോദിച്ചു
നീ ആരാണ് ?

ശരിക്കും അവ്യക്തമായ എന്നാൽ മനസിലാക്കാൻ ആവാത്ത ഒരു ചോദ്യമായി അയാൾക്ക് തന്നെ അത് തോന്നി. എന്താണ് ഞാൻ ?. വെറുതെ ജീവിച്ച ഒരു മാംസ തുണ്ടാണോ അതോ കോടി കണക്കിന് വർഷങ്ങൾ യാത്ര ചെയ്തു ഈ നേരത്തിനു വേണ്ടി കാലം പ്രത്യേകം പാക പെടുത്തിയ ജീവനാണോ ? പുറത്തു മഴ പതുക്കെ കനക്കാൻ തുടങ്ങിയിരിക്കുന്നു. പ്രത്യേകതകൾ ഒന്നും ഇല്ലാത്ത തണുത്ത ചാറ്റൽ മഴ പെയ്യുന്ന , വിളിക്കാത്ത അതിഥിയെ പോലെ ഇരുട്ട് നാല് മണിക്കേ വന്നു കയറിയ ഈ സന്ധ്യ ഇനിയും നിശ്ചയമില്ലാത്ത പുതിയ യാത്രക്ക് തന്നെ കൂട്ടി കൊണ്ട് പോകാൻ മേൽക്കൂരയിൽ മുട്ടുന്ന മഴ ശബ്ദം.

ഞാൻ പേര് മറന്നു പോയ ഒരു നിഴലാണ്. തിരിഞ്ഞു നോക്കുമ്പോൾ തെളിച്ചു വച്ച ഒരു വിളക്കും എന്റേതായില്ല. ഇരുട്ടിലും വെളിച്ചത്തിലും വെറും നിഴലായ മനുഷ്യൻ എന്ന് പേരുള്ള മനുഷ്യൻ. അയാളുടെ ചിന്തകളിലും ഇരുൾ പടരുന്നത് അയാൾ അറിഞ്ഞു. ഈ തുരുത്തുകളിൽ നാം ഒറ്റപെട്ടതെങ്ങനെ? പകലുകളിൽ നമ്മുടെ ഇരുണ്ട മുറികളിലെ കർട്ടൻ വലിച്ചു മാറ്റി സൂര്യനെ ക്ഷണിക്കാഞ്ഞതെന്തേ? അവളുടെ ശബ്ദം ഇപ്പോൾ കേൾക്കാനില്ല. അവൾ ജോലിക്കു പോയോ? അതോ തിളയ്ക്കുന്ന വെള്ളത്തിന് മുൻപിൽ പ്രതിമ പോലെ ഇപ്പോഴും നിൽക്കുകയാണോ? നിറച്ചു വെളിച്ചമുണ്ടായിരുന്ന നമ്മുടെ മുറിയിൽ ഇനി എന്നാണ് നീ കയറി വരിക? ചെറിയ വഴക്കുകളിൽ വലിയ മൗനം നിറച്ചു തുരുത്തുകൾ ഉണ്ടാക്കി സൂര്യനെ പുറത്തു നിർത്തിയത് എന്തിനാണ്?

അയാൾ ഇരുണ്ട മുറിയിൽ നിന്നും പുറത്തേക്കു നോക്കി. മകന്റെ മുറിയിലെ വെട്ടം ഇപ്പോഴും കാണാം. താഴെ അരണ്ട വെളിച്ചത്തിൽ അവൾ ഉണ്ടെന്നയാൾ അറിഞ്ഞു. കണ്ണുകളിലെ വെട്ടം ചെറുതാവുകയും മുറിയിലെ ഇരുട്ട് കണ്ണിലേക്കു പടരുകയും ചെയ്യുന്നു. കിടക്കയിലെ മൂടി പുതച്ച രൂപം ഇപ്പോൾ വ്യക്തമല്ലാതായിരിക്കുന്നു. കനക്കാൻ തുടങ്ങുന്ന മഴയുടെ താളത്തിൽ കിടക്കയിലെ രൂപം അയാളായി മാറാൻ തുടങ്ങിയിരുന്നു.
അയാൾ കണ്ണടച്ചു. കണ്ണിനു മുകളിൽ ഇരുട്ടിന്റെ പുഴ ഒഴുകി ഇറങ്ങി. എഴുതി വച്ച പേപ്പർ കഷണം ചെറിയ ശബ്ദത്തിൽ ഇളകി നിലത്തു വീണു. കടലാസിലെ കറുത്ത മഷി നിലത്തു കിടന്ന വെള്ളത്തിൽ പതുക്കെ പടരാൻ തുടങ്ങി. പുറത്തു കറുത്ത മഴ മേഘങ്ങൾ ശേഷിച്ച വെളിച്ചത്തെയും വിഴുങ്ങി കൊണ്ടിരുന്നു.

ഇനി എന്താണ് ? ജോലിക്കു പോകാൻ തുടങ്ങുമ്പോൾ നീ മുകളിലേക്ക് നോക്കുമോ? തിരശീല പാളികൾക്കിടയിൽ എന്റെ നിഴൽ കാണാതാവുമ്പോൾ രാത്രി മുഴുവൻ നീ അസ്വസ്ഥമാകുമോ? നാളെ ഈ വെളിച്ചം കയറാത്ത തിരശീലകൾ മാറ്റി എന്റെ സൂര്യനെ നീ എനിക്ക് കാണിച്ചു തരണം. അനുസരണയുള്ള കുട്ടിയെ പോലെ ഞാൻ ഇവിടെ കിടക്കാം. അത്രയെങ്കിലും വെളിച്ചത്തിന്റെ കണിക എന്റെ മുഖത്തു കാണട്ടെ.   


>>>കൂടുതല്‍ വായിക്കാന്‍ താഴെ ക്ലിക്കുചെയ്യുക.

Join WhatsApp News
RAJU THOMAS, Sargavedi 2020-10-08 13:58:48
ഹേ സുനിലേ, സുന്ദരാ, കൊള്ളാമല്ലൊ! എഴുതിവച്ചിരിക്കുന്നതൊക്കെ ഞങ്ങളും വായിക്കട്ടെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക