Image

വേലാന്നായർക്ക് മരണമുണ്ടോ? (നീലീശ്വരം സദാശിവൻകുഞ്ഞി)

Published on 12 October, 2020
വേലാന്നായർക്ക് മരണമുണ്ടോ? (നീലീശ്വരം സദാശിവൻകുഞ്ഞി)
വേലായുധൻ നായർ …

നാട്ടുകാർ അദ്ദേഹത്തെ വേലാന്നായർ എന്ന് വിളിക്കും . വിളിച്ചു വിളിച്ച് അങ്ങനെ ആയിപ്പോയതാണ് . ഒരാറടി പൊക്കം , ഒറ്റമുണ്ട് ,കയ്യിലൊരു വലിയ വടി . നായരുടെ  നെഞ്ചോപ്പം പൊക്കം വരും വടി . അല്പം മുറുക്കുന്ന സ്വഭാവമുണ്ട്  . വടികുത്തി നീണ്ട് നിവർന്നുള്ള നടത്തം . വേലാന്നായർ ഷർട്ടോ മേൽമുണ്ടോ ഇട്ട് കണ്ടിട്ടില്ല .

അന്ന് മനക്കൽ ഒരാനയുണ്ടായിരുന്നു  . രാധ എന്ന പിടിയാന . രാധയുടെ പാപ്പാനായിരുന്നു വേലാന്നായർ . ഗ്രാമത്തിലെ ഏത് മുക്കിലും മൂലയിലും വേലാന്നായരുടെ സാന്നിധ്യം കാണാം . അതിരാവിലെ ചായക്കടയിൽ , അപ്പുറത്ത് മരണവീട്ടിൽ , അമ്പലത്തിലെ ഉത്സവത്തിന് , പള്ളിപ്പെരുന്നാളിന് , കുട്ടികളുടെ തിരണ്ടു കല്യാണം , ഇരുപത്തെട്ട് എന്നുവേണ്ട വേലാന്നായരില്ലാത്ത ചടങ്ങ് ഉണ്ടായിരുന്നില്ല കറിക്ക് ഉപ്പുപോലെയാണ് നാട്ടിൽ വേലാന്നായർ.

ജാലവിദ്യയിൽ നിപുണനായിരുന്നു അദ്ദേഹം . ഒരിക്കൽ വടക്കേവീട്ടിലെ രാജമ്മമുത്തശ്ശിയുടെ വീട്ടിൽ വേലാന്നായർ വന്നു . നാട്  വീടുപോലെയായിരുന്ന പണ്ട് കാലത്ത്, മനസ്സിനും ഭൂമിക്കും വേലിക്കെട്ട് ഇല്ലായിരുന്നു . അന്ന് ഉച്ചസമയങ്ങളിൽ സ്ത്രീകൾക്ക് ഏതെങ്കിലും വീട്ടിൽ ഒരു ഒത്തുചേരലുണ്ട് . “പരദൂഷണക്കമ്മിറ്റി” എന്നാണ് ഈ നാട്ടുകൂട്ടത്തിന് പറയാറ് .

വടക്കേടത്തെ ഭവാനിയമ്മ മുടിയിൽ നിന്ന് പേൻ വലി ക്കാൻ മിടുമിടുക്കിയാണ് .. മിക്കവാറും തന്നെ  പേൻ വലിയായിരിക്കും പരദൂഷണക്കമ്മിറ്റികളുടെ വിനോദം . പേൻ വലിച്ചെടുക്കുന്ന സമയത്ത് അവർ മൂർഖൻ പാമ്പ് ചീറ്റുന്ന ‘ശ് ശ് ശ്’ ........ എന്ന ശബ്ദം പുറപ്പെടുവിക്കുമായിരുന്നു

അങ്ങിനെയുള്ള ഒരു മധ്യാഹ്ന സമയത്താണ് വേലാന്നായരുടെ വരവ് .  രാജമ്മ മുത്തശ്ശി  ചോദിച്ചു…

“എന്താ വേലാന്നായരെ സുഖമൊക്കെയല്ലേ? പുതിയ മാജിക് ഒന്നും കണ്ടില്ല്യല്ലോ” ?

“മാജിക്കോക്കെണ്ടല്ലോ രണ്ടു മൊട്ട വേണം” . വേലാന്നായർ പറഞ്ഞു .

അന്ന് വീടുകളിൽ എല്ലാം തന്നെ കോഴിവളർത്തൽ ഉണ്ടായിരുന്നതിനാൽ മുട്ടക്ക് ക്ഷാമമില്ല . “ഈ രണ്ട് മൊട്ടയും  ഞാൻ  ദാ  കിണറിലിട്ട് പൊക്കി കാട്ടാം “

എന്ന് പറഞ്ഞ് വേലാന്നായർ കിണറു ചൂണ്ടി .

“വേലന്നായർ മുട്ട മാജിക് കാട്ടുന്നേ” ... കുട്ടികൾ വിളിച്ചു കൂവി .

കിണറിന് ചുറ്റും അവിടെയുണ്ടായിരുന്ന സ്ത്രീകളും പുതുതായി വന്നവരും  തടിച്ചു കൂടി . വേലാന്നായർ മുട്ടയുമായി കിണറിനടുത്ത് വന്നു . ഓരോ മുട്ട ഓരോ കയ്യിലും പിടിച്ച് കിഴക്കോട്ട് തിരിഞ്ഞു നിന്ന് രണ്ട് മുട്ടകളിലും നോക്കി എന്തോപറഞ്ഞു ! .കുട്ടികൾ കിണറിനടുത്തേക്ക് എത്താൻ ഞുളച്ച് സ്ത്രീജനങ്ങളെ ശരീരം കൊണ്ട് തള്ളിമാറ്റാൻ ശ്രമിച്ചു  .

സ്ത്രീകൾ ആകാംഷയുടെ മുൾമുനയിൽ നിൽക്കെ വേലാന്നായരുടെ കയ്യിലെ  മുട്ട കിണറ്റിൽ വീണു . എന്തോ മുട്ടകൾ പൊങ്ങിവന്നില്ല .എന്തായാലും വേലാന്നായർ പറഞ്ഞ വാക്ക് പാലിച്ച് മാജിക്കിൽ വിജയിച്ചു .

അയാൾ തന്നെ കളിയാക്കിയ സ്ത്രീകളെ നോക്കി ഒറ്റമുണ്ട് പൊക്കിക്കാട്ടിയിട്ട് പറഞ്ഞു . “മുട്ട കിണറിലിട്ട് പൊക്കിക്കാട്ടാമെന്നല്ലേ ഞാൻ പറഞ്ഞത്” ?

അന്ന് ഉച്ച പരദൂഷണക്കമ്മിറ്റി നേരത്തേ പിരിഞ്ഞു .

ആലുവയിലെ എഫ് ഐ ടി കമ്പനിക്ക് ഫർണിച്ചർ പണിയാൻ തടി കൊണ്ടുപോയിരുന്നത് എൻ്റെ വീടിനടുത്തെ അതേ കമ്പനിയുടെ ഒരു ശാഖയിൽ നിന്നാണ് . പെരിയാറിലൂടെ കാട്ടിൽ നിന്ന് വെട്ടിയ തടികൾ നീലീശ്വരത്ത് വരും . ഇവിടെ നിന്നും ലോറിയിൽ കയറ്റി ആലുവക്ക് എത്തിക്കും . പുതിയതായി വന്ന ലോറി ഡ്രൈവറും വേലാന്നായരും തമ്മിൽ എന്തോ കശപിശ ഉണ്ടായി . അന്ന് ഉച്ചക്ക് ലോറി ഡ്രൈവർ ജോസഫ് ലോറിയിൽ ഡ്രൈവിംഗ് സീറ്റിൽ ഉറങ്ങുകയായിരുന്നു . മനക്കലെ രാധയാനയെ നായർ ലോറിയുടെ വാതിലിലൂടെ ഉറങ്ങുന്ന ജോസഫിന്റെ തലയോട് ചേർത്ത് നിർത്തി . എന്നിട്ട് മാറിനിന്ന് “അയ്യോ ആന” എന്ന് വിളിച്ചു പറഞ്ഞു . കണ്ണ് തുറന്ന ജോസഫ് അടച്ച കണ്ണ് പിന്നെ ഏഴ് ദിവസം കഴിഞ്ഞാണ് തുറന്നത് .

നാട്ടിൽ ഒരുകുടുംബ ക്ഷേത്രമുണ്ട് . കോഴിവെട്ടും , കള്ളും അവിടുത്തെ പ്രധാന വഴിപാടായിരുന്നു . വെളിച്ചപ്പാട് തുള്ളലും ഉണ്ടായിരുന്നു .കോഴിയുടെ കഴുത്തറുത്ത് ദൈവസാന്നിധ്യമുള്ള ഒരു കല്ലിലേക്ക് ചോര വീഴ്ത്തണം. അന്ന്  വഴിപാടായി രണ്ട് കോഴികൾ ഉണ്ടായി .അത് ഞാനുൾപ്പെട പലർക്കും അറിയില്ലായിരുന്നു  ഒന്നിനെ ഒരു ചെറിയ കുറ്റിക്കാട്ടിൽ കാൽ കെട്ടിയിട്ടു  . വേലാന്നായർ ആദ്യത്തെ കോഴിയെ  കഴുത്തറുത്ത് കല്ലിൽ ചോര വീഴ്ത്തി കൂടി നിന്നവരോടായി പറഞ്ഞു  .

“ഞാൻ ചുട്ട കോഴിയെ പറപ്പിക്കാൻ പോകുന്നു” .

തൻ്റെ കയ്യിലെ ചത്ത കോഴിയെ അയാൾ കുറ്റിക്കാട്ടിലേക്ക് എറിഞ്ഞു . എല്ലാവരെയും അത്ഭുതപ്പെടുത്തി കുറ്റിക്കാട്ടിൽനിന്ന് ഒരു കോഴി ഒരു പത്തടി ദൂരം പറന്നു . അന്ന് മുതൽ ‘ചത്ത കോഴിയെ പറപ്പിച്ച വേലാന്നായർ ‘ എന്ന ഖ്യാതി നാട്ടിലെങ്ങും പാട്ടായി . അന്ന് എനിക്കും പിടികിട്ടാത്ത രഹസ്യമായിരുന്നു അത് .

മലയാറ്റൂർ മലമുകളിൽ പോയി ഔഷധസസ്യങ്ങൾ പറിച്ച് നാട്ടിൽ വൈദ്യശാലയിൽ കൊടുക്കുകയായിരുന്നു വേലാന്നായരുടെ മറ്റൊരു ജോലി. വലിയ പാറക്കെട്ടിൽ കയറുന്നത് അവിടവിടെ തൂങ്ങിക്കിടക്കുന്ന ഉടുമ്പിന്റെ വാലിൽ പിടിച്ചായിരുന്നു എന്ന് പറയുന്നത് അന്ന് വിശ്വസിച്ചുപോകുമായിരുന്നു . നാട്ടിൽ പേരുകേട്ട ഒരു ആയുർവേദ മരുന്നുകട ഉണ്ടായിരുന്നു . സാധാരണ അസുഖങ്ങൾക്ക് നാട്ടുകാരെല്ലാം കടയിലെ രാമകൃഷ്ണൻ വൈദ്യന്റെ അടുത്ത് ചെല്ലും . എന്തെങ്കിലും ഗുളിക ചോദിച്ചാൽ തൻ്റെ ശരീരം അമർത്തിത്തിരുമ്മി ഒരുതരം കറുത്ത ഗുളിക വൈദ്യർ ഉണ്ടാക്കിത്തരും .ആയുർവേദത്തിലെ ഒരു യോഗത്തിലും അതിന്റെ കൂട്ട് കിട്ടില്ല . അതൊരുതരം ചെളിക്കൂട്ടായിരുന്നു . ഈ മരുന്ന് കടയിലാണ് വേലാന്നായർ കാട്ടുമരുന്ന് വിറ്റിരുന്നത് .

ഭസ്മമുണ്ടാക്കാൻ പശുവിന്റെ ചാണകം താഴെ വീഴുന്നതിന് മുൻപേ പാത്രത്തിൽ പിടിക്കണം . സ്വർണപാത്രത്തിൽ പിടിക്കണമെന്നാണ് ആചാരം എങ്കിലും ആചാരലംഘനം നടത്തി ഒരു പ്ലാസ്റ്റിക് ബക്കറ്റുമായി രാവിലെ മുതൽ വെലാന്നായർ നടന്നു .

ഞാൻ കാണുമ്പോൾ ഒരു കുഴിയിൽ കിടക്കുന്നുണ്ട് വേലാന്നായർ . പശു പിൻകാലിന് ചവിട്ടിയതാണത്രേ . ചാണകമില്ലാത്ത ബക്കറ്റും കുഴിയിൽ ചെരിഞ്ഞു കിടപ്പുണ്ടായിരുന്നു . നെറ്റിയിൽ ഭസ്മമിട്ട് വെള്ളമുണ്ട് പുതപ്പിച്ച് കിടത്തിയ വേലായുധൻനായരുടെ രൂപം കണ്ടപ്പോൾ ഇതെല്ലം ഓർമ്മവന്നു .

ഓർമകളിൽ മായാതെ ഇന്നും പ്രിയപ്പെട്ട വേലായുധൻ നായർ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക