Image

ഉപ്പിന്റെ മരുഭൂമിയിലേക്ക് (ഗുജറാത്തിലൂടെ ഒരു ദീർഘയാത്ര-1: ബോസ്. ആർ.ബി)

Published on 17 October, 2020
ഉപ്പിന്റെ മരുഭൂമിയിലേക്ക് (ഗുജറാത്തിലൂടെ ഒരു ദീർഘയാത്ര-1: ബോസ്. ആർ.ബി)
അഹമ്മദാബാദ് സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്ന് രാത്രി പത്തരമണിക്ക് പുറപ്പെട്ട സ്ലിപ്പർ ബസ് ഏഴ് മണിക്കൂർ കൊണ്ട് 331 കിലോമീറ്റർ പിന്നിട്ട് ബുജ് ബസ് സ്റ്റാൻഡിലെത്തി നിന്നപ്പോൾ സമയം പുലർച്ചെ അഞ്ചരമണി.
നേരം പുലർന്നിട്ടില്ല.ഗൂഗിളിൽ നോക്കിയപ്പോൾ സൂര്യനുദിക്കാൻ ഇനി അരമണിക്കൂർ കൂടി കഴിയണം.
സാധാരണ ഒറ്റക്കാണ് യാത്രയെങ്കിൽ ഇത്തവണ ഒരു സുഹൃത്ത് കൂടിയുണ്ട് പാക്കേജ് ടൂറുകൾ ചെയ്യുന്ന ജോൺസൺ.ഞങ്ങൾ ബാഗുമെടുത്ത് ബസ്സിൽ നിന്നിറങ്ങി സ്റ്റേഷൻ ബിൽഡിങ്ങിലേക്ക് നടന്നു. ഭംഗിയും കാര്യമായ സൗകര്യവുമൊന്നുമില്ലാത്ത 
തകര മേൽക്കൂരയുള്ള ചെറിയ സ്റ്റാന്റ്. യാത്രക്കാർക്ക് ഇരിക്കാൻ കടപ്പാക്കല്ലിട്ട ചാരില്ലാത്ത ബെഞ്ചുകൾ.അതിൽ  അവിടെയിവിടെയായി
കുറച്ച് യാത്രക്കാർ ഇരിക്കുന്നുണ്ട്
സ്റ്റാൻഡിന് സൈഡിൽ ചെറിയ ഒരു ചായക്കട തുറന്നിരുപ്പുണ്ട്.
ഞാൻ അവിടേക്ക് ചെന്നു.
ചായ കുടിക്കാനും ബിഡിയും പാൻമസാലയും മറ്റും വാങ്ങുവാനുമായി
പത്തിരുപത്പേർ കൂടി നിൽക്കുന്നു. ചായ വാങ്ങിക്കുടിച്ച് ടൗണിലേക്കുള്ള ബസിന്റെ സമയം ചോദിച്ചു.
കടക്കാരൻ പുറത്തേക്ക് വിരൽ ചൂണ്ടി അവിടെ ഒരു ഷെയറോട്ടോ കിടക്കുന്നു
അതിൽക്കയറി  ഒന്നര കിലോമീറ്റർ സഞ്ചരിച്ച് ഞങ്ങൾ നഗര ഹൃദയത്തിലിറങ്ങി ഇരുപത് രൂപ വാങ്ങി ഓട്ടോക്കാരൻ പോയി.
സ്ലീപ്പർ ബസിൽ വന്നതിനാൽ
ഉറക്കം അതിൽ കഴിഞ്ഞു.
ഇനി ഒരു മുറിയെടുക്കണം.
ഒന്ന് കുളിച്ച് ഫ്രഷായി കച്ചിലേക്ക് യാത്ര തുടരണം.മുന്നിൽ മൂന്ന് നിലയുള്ളൊരു കെട്ടിടത്തിൽ അബ ഇന്റർനാഷണൽ
എന്നൊരു ബോർഡ്  കണ്ട് അവിടേക്ക് കയറിച്ചെന്നു. റിസ്പക്ഷനിൽ ആരുമില്ല
കോളിങ്ങ് ബെല്ലും കാണാനില്ല. കൗണ്ടറിൽ കൈ കൊണ്ട് ചെറുതായി തട്ടി ശബ്ദമുണ്ടാക്കിയപ്പോൾ റിസപ്ക്ഷൻ കൗണ്ടറിന് അടിയിൽ നിന്നൊരാൾ  കണ്ണും തിരുമ്മി എണീറ്റ് വന്നു. ആയിരം രൂപയാണ് മുറിവാടക രജിസ്റ്ററിൽ പേരെഴുതി മൂന്നാം നിലയിലെ മുറിയിലേക്ക് നടന്നു.
ഇന്റർനാഷണൽ എന്നത് പേരിൽ മാത്രമേയുള്ളു. മെയ്ന്റനൻസ് ഇല്ലാതെ പല ഭാഗത്തും പെയ്ന്റും ഇന്റീരിയും പൊളിഞ്ഞ് തുടങ്ങിയിരിക്കുന്നു. ബിസിനസ് മോശമായതിനാലാവാമെന്ന് വിചാരിച്ച് ഉള്ള സൗകര്യത്തിൽ അഡ്ജസ്റ്റ് ചെയ്യാൻ തീരുമാനിച്ചു.മാത്രവുമല്ല ഈ രാത്രി
ഞങ്ങൾ ഇവിടെ കഴിയുന്നുമില്ല. സുഹൃത്ത് ഫ്രെഷാകാനുള്ള തയ്യാറെടുപ്പിലാണ്.
ബാഗ് മുറിയിൽ വച്ച് ഞാൻ പുറത്തേ ക്കിറങ്ങി. ഇന്ത്യയിലെ ഏറ്റവും വലിയ ജില്ലയായ കച്ചിന്റെ ആസ്ഥാനമാണ് ബുജ്. 45,674 km² വലിപ്പമുള്ള കച്ച് കേരളത്തേക്കാൾ വലിപ്പമുള്ള ജില്ലയാണ്. 38,863 km2 ആണല്ലോ കേരളത്തിന്റെ വിസ്തീർണ്ണം.
നിരവധി തവണ ഉണ്ടായ ഭൂകമ്പം ഉണ്ടായ ജില്ല കൂടിയാണ് കച്ച്
2001 ജനുവരി 26 - ന് ഇന്ത്യയുടെ 52-ാം റിബബ്ലിക്ക് ദിനത്തിൽ രാവിലെ 8.44 ന് റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തിയ ഭൂകമ്പം  തകർത്തെറിഞ്ഞ് കളഞ്ഞതാണ് കച്ചിനെ. ബുജിന്റെ ഒൻപത് കിലോമീറ്റർ മാത്രം അകലെയുള്ള ചോബാരിയായിരുന്നു പ്രഭവ കേന്ദ്രം.
20,000 ത്തോളം മനുഷ്യർ കൊല്ലപ്പെട്ടുകയും ആറ് ലക്ഷം പേർക്ക് പരിക്കേൽക്കുകയും
നാല് ലക്ഷത്തോളം നിർമ്മിതികൾ പൂർണ്ണമായും തകരുകയും ചെയ്തു.
പിന്നീട് അന്തർദ്ദേശിയ സഹായത്തോടെ പുനർ നിർമ്മിച്ചതാണ് ഇപ്പോഴത്തെ
ബുജ് അടക്കമുള്ള നഗരങ്ങൾ
സമയം രാവിലെ ഏഴ് മണി കഴിഞ്ഞതേയുള്ളു. നഗരത്തിലെ പ്രധാന വ്യാപാര സ്ഥാപനങ്ങളൊന്നും തുറന്നിട്ടില്ല. തെരുവ് കച്ചവടക്കാരും ചെറിയ ചായക്കടകളും മാത്രമാണുള്ളത്.ധാരാളം പശുക്കൾ റോഡിലുണ്ട് ഗോമാതാക്കളിൽ കൂറെയെണ്ണം മീഡിയനിൽ കിടക്കുന്നു. കാൽ നടയാത്രക്കാരും    വാഹനങ്ങളുമെല്ലാം അവയെ ഉപദ്രവിക്കാതെ കടന്ന് പോകുന്നു.
ജില്ലാ ആസ്ഥാനമാണെങ്കിലും
അതിന്റെ പ്രൗഡിയും പൊലിമയും വൃത്തിയുമൊന്നുമില്ല.
തമിഴ് നാട്ടിലെ കമ്പം പോലൊരു നഗരം.മിക്ക കടകളുടെയും മുമ്പിൽ റോഡിലേക്ക് ഇറക്കി ചാർത്തുണ്ടാക്കി
വൃത്തികേടാക്കിയിരിക്കുന്നു.
ഞാൻ അടുത്ത് കണ്ട ചായക്കടയിലക്ക് കയറി. കടക്കാരൻ ചെറിയ ബിരിയാണിച്ചെമ്പിന്റെ വലിപ്പമുള്ള പാത്രത്തിൽ എരുമപ്പാലും
ചായപ്പൊടിയും  പഞ്ചസാരയും ഇഞ്ചിയുമിട്ട് ചായ തിളപ്പിക്കുകയാണ്.
വലിയ തവിയിട്ട് ഇടക്കിടക്ക് ഇളക്കി കൊണ്ടിരിക്കുന്നു.
കുറച്ചാളുകൾ ചായക്കായി കാത്ത് നിൽപ്പുണ്ട് ആ കൂട്ടത്തിൽ ഞാനും കൂടി. ഏതാനും മിനിറ്റ് കഴിഞ്ഞപ്പോൾ അടുപ്പ് നിർത്തി പാത്രത്തിലെ കുറുകിയ ചായ ഒരു കപ്പ് കൊണ്ട് കേരി അരിച്ച് ഒരു കുഞ്ഞിഗ്ലാസിലേക്ക് പകർന്ന് മുമ്പിലെ തട്ടിൽ വച്ചു.
ഞാൻ ഗ്ലാസ് കൈയ്യിലെടുത്തു നമ്മുടെ പഴയ വെട്ട് ഗ്ലാസിന്റെ മിനിയേച്ചർ രൂപം.
അമ്പത് മില്ലി ചായ കാണും ഞാനത് രുചിച്ച് നോക്കി. അടിപൊളി ചായാണ് വെള്ളം ചേർക്കാത്ത പാലിലാണ് ചായ ഉണ്ടാക്കിയിരിക്കുന്നത്. ചായ ഏറ്റവും മോശമായി ഉണ്ടാക്കുന്നത് നമ്മുടെ നാട്ടിലാണന്നാണ് എനിക്ക് തോന്നുന്നത്.ഞാൻ ഒരു ചായ കുടി വാങ്ങിക്കുടിച്ച് 20 രുപയും നൽകി  പുറത്തേക്കിറങ്ങി.
റാൺ ഓഫ് കച്ചിലെ വൈറ്റ് ഡസേർട്ടിലേക്കുള്ള  ബസിന്റെ സമയം അറിയണം.അന്വേഷിച്ചപ്പോൾ  ഉടനെയൊന്നും ബസ്സില്ല.
ഉള്ള ബസ് തന്നെ കച്ച് വരെ പോകില്ല. പോരാത്തതിന് ഇപ്പോൾ സീസണുമല്ല.
ഇത് ഞാൻ പ്രതീക്ഷിച്ചതല്ല. പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് ബസില്ലാതിരിക്കുമെന്ന്
ഞാൻ ചിന്തിച്ചതേയില്ല.
ഇവിടെ നിന്ന് 87 കിലോമീറ്ററുണ്ട്
കാത്ത് നിന്ന് കളയാൻ സമയമില്ല.
ഏക മാർഗ്ഗം ടാക്സിയാണ്.
വേറെ വഴിയില്ല.
എന്റെ നൂറ് മീറ്റർ മുമ്പിലാണ്
ടാക്സി സ്റ്റാന്റ് ഞാനങ്ങോട്ട് നടന്നു
പത്തോളം കാറുകൾ കിടപ്പുണ്ട് പലതിലും ഡ്രൈവർമാരില്ല.
ഒരു വെള്ള സ്വിഫ്റ്റ് കാറിൽ 60 വയസ്സോളം പ്രായം തോന്നിക്കുന്ന
ഒരാൾ പത്രം വായിച്ചിരിക്കുന്നു
പേര് ഇസ്മയിൽ. അദ്ദേഹത്തിന്റെ സ്വന്തം വണ്ടിയാണ്. കച്ചിലേക്ക്
സാധാരണ 2000 രൂപയാണ് ടാക്സി ചാർജ് ഇപ്പോൾ സീസണല്ലാത്തത് കൊണ്ട് 1750 മതിയെന്ന് പറഞ്ഞു.
87 കിലോമീറ്ററിന് അത് ന്യായമാണന്ന്
എനിക്ക് തോന്നി അതുറപ്പിച്ചു.
വിളിക്കുമ്പോൾ ലോഡ്ജിന്റെ മുമ്പിലെത്താൻ പറഞ്ഞ് ഫോൺ നമ്പരും വാങ്ങി റൂമിലേക്ക് നടന്നു. പെട്ടന്ന് തന്നെ കുളിച്ച് വേഷം മാറി റോഡിലെത്തി  ഞങ്ങൾ  കച്ചിലേക്ക് പുറപ്പെട്ടു.
നഗരം പിന്നിട്ടതോടെ റോഡിനിരുവശവും ചെറിയ കുറ്റിക്കാടുകൾ കാണാൻ തുടങ്ങി വീടുകളും  മരങ്ങളും കൃഷിയുമൊന്നുമില്ല. നോക്കെത്താ ദൂരം ഇതാണ് കാഴ്ച. ഇടക്കിടക്ക് ചെറിയ വെള്ളക്കെട്ടുകളും അവക്കരികിൽ ചെറിയ കുടിലുകളും കാണാം. കന്നുകാലികളെ മേയ്ച്ച് നടക്കുന്നവരുടെ താവളങ്ങളാണത്,
ഡെക്കാൻ പീഠഭൂമിയിൽ പെട്ട കച്ചിൽ  മഴക്കുറവ് വലിയ പ്രശ്നമാണ് അതുകൊണ്ട് തന്നെ കൃഷി
മഴ ലഭിച്ചാൽ മാത്രം നടക്കുന്ന കാര്യമാണ്.
മുന്നിൽ നീണ്ട് നിവർന്ന് കിടക്കുന്ന റോഡിൽ ട്രാഫിക്ക് തീരെയില്ല.
ഇസ്മയിൽ കാറ് നല്ല വേഗത്തിൽ ഓടിച്ച് കൊണ്ടിരിക്കുകയാണ്.  തമിഴ്നാട്ടിലെ ഡിണ്ടുക്കലിൽ നിന്ന് ത്രിച്ചിയിലേക്ക് പോകുന്നത് പോലെയുള്ള ഭൂപ്രകൃതി. വീടുകളൊന്നും കാണുന്നില്ല.
കച്ചിൽ മനുഷ്യവാസം തീരെ കുറവാണ്.സ്ക്വയർ കീലോമീറ്ററിൽ 46 പേർ മാത്രം.
കേരളത്തിൽ ഇത് 859 ഉം
ഗുജറാത്തിൽ 308 മാണ്.
അതുകൊണ്ട് തന്നെ ഗുജറാത്തിൽ ഏതാവശ്യത്തിനുമുള്ള ഭുമി എത്രവേണമെങ്കിലും ലഭ്യവുമാണ്.
ഇന്നലെ രാത്രി ലഘു ഭക്ഷണം മാത്രമാണ് കഴിച്ചിരുന്നത്. രാവിലെ തന്നെ വിശപ്പിന്റെ വിളി
കൂടിവന്നതിനാൽ നല്ല ഭക്ഷണം കിട്ടുന്ന സ്ഥലത്ത് വണ്ടി നിർത്താൻ ഡ്രൈവറോട് പറഞ്ഞു.
കൂറെ ദൂരം കൂടി സഞ്ചരിച്ച്
ഒരു ചെറിയ ടൗണിൽ എത്തി 
കാറ് നിർത്തി.3900 ജനങ്ങൾ വസിക്കുന്ന ബിരൻഡിയാര എന്ന ഗ്രാമമാണ്.തമിഴ് നാട്ടിലെ ലോവർക്യാമ്പ് പോലൊരു സ്ഥലം.
നല്ല ഹോട്ടലുകളൊന്നുമില്ല.
ചെറിയ പെട്ടിക്കടകൾമാത്രം. ഡ്രൈവറോട് ചോദിച്ചപ്പോൾ ഈ റൂട്ടിൽ ഇനി വേറെ ഭക്ഷണം കിട്ടുന്ന കടകളില്ലന്നും ഇവിടെ നിന്ന് കഴിക്കാൻ പറഞ്ഞു. രാവിലെ നല്ലൊരു ഗുജറാത്തി ഭക്ഷണം കഴിക്കണമെന്ന ആഗ്രഹം അവിടെ കരിഞ്ഞു. അടുത്ത് കണ്ട പെട്ടി കടയിലേക്ക് ചെന്നു.
കടക്കാരൻ ഉരുളക്കിഴങ്ങും കോളിഫ്ലവറും നെല്ലിക്കാ വലുപ്പത്തിൽ ഉരുട്ടി മാവിൽ മുക്കി എണ്ണയിൽ വറുത്തെടുക്കുന്നു.
അത് നാല്ലെണ്ണം വാങ്ങിക്കഴിച്ചു.
നാട്ടിലെ മസാല ബോണ്ടയോട് സാമ്യമുള്ള രുചി.
ഡ്രൈവർ ഇസ്മയിൽ തൊട്ടടുത്ത ചായ മാത്രം വിൽക്കുന്ന കടയിൽ പരിചയക്കാരുമായി വർത്തമാനം പറഞ്ഞ് നിൽക്കുകയാണ്.
ഞങ്ങൾ കേരളത്തിൽ നിന്ന് വന്നവരാണന്നറിഞ്ഞപ്പോൾ അവർക്ക് സന്തോഷം. അവർ നിർബന്ധപൂർവ്വം ഞങ്ങൾക്ക് ചായ വാങ്ങി നല്കി.
അവരുമായി ഒരോ ഫോട്ടോയുമെടുത്ത് യാത്ര തുടർന്നു. 
അല്പദൂരം പിന്നിട്ടപ്പോൾ
വൈറ്റ് റാൺ പെർമിറ്റ് ഓഫീസ്  എന്ന ബോർഡുള്ള കെട്ടിടത്തിനടുത്തെത്തി
ഇപ്പോൾ ഓഫ് സീസണായതിനാൽ കെട്ടിടം അടഞ്ഞ് കിടക്കുകയാണ്.
കാർ ഇടത്തേക്ക് തിരിഞ്ഞ് വൈറ്റ് ഡസേർട്ട് റോഡിലേക്ക് കയറി സഞ്ചാരം തുടർന്നു. ഇപ്പോൾ റോഡ് സൈഡിലായി ചില റിസോർട്ടുകൾ കണ്ട് തുടങ്ങി പരമ്പരാഗത ശൈലിയിൽ വൃത്താകൃതിയിൽ മണ്ണ് കൊണ്ട് നിർമ്മിച്ച്
പുല്ല് മേഞ്ഞ മഡ്ഹൗസുകൾ.
ചുവരിലെല്ലാം പലവർണ്ണങ്ങളിൽ
ചിത്രം വരച്ചിരിക്കുന്നു. ഓഫ് സീസണായതിനാൽ മിക്കതും അടഞ്ഞ് കിടക്കുകയാണ്. വണ്ടി ഡോർഡോ ഗ്രാമത്തിലെത്തി.ഇൻഡോ പാക് അതിർത്തിയിലെ ജനവാസമുള്ള അവസാന ഗ്രാമമാണിത്.
ഡോർഡോ പിന്നിട്ട് ഒന്നര കിലോമീറ്റർ കഴിഞ്ഞപ്പോൾ പ്രസിദ്ധമായ റാൺ ഉത്സവ് നടക്കുന്ന ടെന്റ് സിറ്റിയിലെത്തി
സിറ്റിയെന്ന് പറഞ്ഞാൽ നമ്മുടെ മനസ്സിലുള്ള ടൗണല്ലിത്. സമീപത്തൊന്നും മറ്റ് കെട്ടിടങ്ങളില്ല
ഡിസംബർ മുതൽ ഫെബ്രുവരി വരെ നടക്കുന്ന റാൺ ഉത്സവിന്റെ ഭാഗമായി നിർമ്മിച്ചിരിക്കുന്ന കൂറ്റൻ ടെന്റുകളാണ്
ഏതാണ്ട് 400 ഓളം ടെന്റുകൾ ഇവിടെയുണ്ട്. എല്ലാവിധ ആഡംബരങ്ങളുമുള്ള ടെൻറിന് 5000 മുതൽ 15000 വരെയാണ് വാടക.
ടെൻറ് സിറ്റിയിലേക്ക് പ്രവേശനം ഇപ്പോൾ നിരോധിച്ചിരിക്കുകയാണ്.
ഞങ്ങളുടെ വാഹനം വലത്തോട്ട് തിരിഞ്ഞ് വൈറ്റ് ഡസേർട്ടിന്റെ പ്രവേശന കവാടത്തിലെത്തി നിന്നു.
ഇവിടെ നിന്ന് പെർമിറ്റ് വാങ്ങണം ഞങ്ങൾ പുറത്തേക്കിറങ്ങി  റോഡിന്റെ ഇടത് വശത്ത് BSFന്റെ ഓഫിസും
വലത് വശത്ത് ആഡംബര റിസോർട്ട്കളുമാണ്. ഓഫീസിൽ ആധാർ കാർഡ് കാണിച്ച്  പെർമിറ്റ് വാങ്ങി. മുതിർന്നവർക്ക് 100 ഉം കുട്ടികൾക്ക് 50 രൂപയുമാണ് പ്രവേശനഫീസ് ഫോർവീലറിന്  50 ഉം ടൂവീലറിന് 25 രൂപയും കൊടുക്കണം. വീണ്ടും യാത്ര തുടർന്നു  ഇപ്പോൾ റോഡിന്റെ ഇരുവശത്തുമായി ഉപ്പിന്റെ മരുഭൂമി കണ്ടു തുടങ്ങി. മൂന്ന് കിലോമീറ്റർ കൂടി പിന്നിട്ട് കാർ വെറ്റ് ഡസേർട്ട് വ്യൂ പോയിൻറിലെ പാർക്കിങ്ങിലേക്ക് കയറി നിന്നു.
ഏഷ്യയിലെ ഏറ്റവും വലിയ ഉപ്പ് മരുഭൂമിയുടെ വിസ്മയ കാഴ്ചയിലക്ക് ഞങൾ ഇറങ്ങി.നോക്കെത്താദൂരത്ത് മഞ്ഞ് പുതഞ്ഞ് കിടക്കുന്ന പോലെ
ഭൂമി ഉപ്പ് പുതച്ചുറങ്ങുന്നു.
സമയം രാവിലെ 10 മണിയായതേയുള്ളു
ഞങ്ങളെ കൂടാതെ ഒന്ന് രണ്ട് വാഹനങ്ങൾ മാത്രമേ വന്നിട്ടുള്ളു.
ഏറ്റവും സുഖകരമായ കാലവസ്ഥയുള്ള
ഒക്ടോബർ മുതൽ ഫ്രെബ്രുവരി വരെയാണ് കച്ചിലെ പ്രധാന സീസൺ.
ഈ സമയത്താണ് ഡിസംബർ മുതൽ ഫ്രെബ്രുവരി വരെ റാൺ ഉത്സവ് നടക്കുന്നത്. ഗുജറാത്ത് സർക്കാരും സ്വാകാര്യ സംരഭകരും ചേർന്ന് സംഘടിപ്പിക്കുന്ന പരിപാടിയിൽ രണ്ട് ലക്ഷത്തോളം സഞ്ചാരികളെത്തും.
പാർക്കിങ്ങ് ഗ്രൗണ്ടിനടുത്തായി
വാച്ച് ടവ്വർ സ്ഥാപിച്ചിരിക്കുന്നു.
അതിന് മുകളിലക്ക് കയറി
നല്ല ഉയരമുള്ള ടവറിന്റെ മുകളിൽ കടൽക്കാറ്റേറ്റ്  വെള്ളമരുഭൂമിയുടെ അസുലഭമായ കാഴ്ച കണ്ട് നിന്നു.
ടവറിന് മുകളിൽ നിൽക്കുമ്പോളും എവിടെയാണതവസാനിക്കുന്നതെന്ന് കാണാൻ കഴിയില്ല. കാരണം 7500 കീലോമീറ്റർ വിസ്തൃതിയിലാണത്
പരന്ന് കിടക്കുന്നത്. കാഴ്ചയുടെയറ്റത്ത് ഭൂമിയും ആകാശവും ആലിംഗനം ചെയ്ത് നിൽക്കുകയാണ്
ഇങ്ങനൊരു കാഴ്ച ഇവിടെയല്ലാതെ ഇന്ത്യയിൽ മറ്റൊരിടത്തും കാണാനാകില്ല.
ഞങ്ങൾ ടവറിൽ നിന്നിറങ്ങി. ചുവട്ടിൽ ഒന്നു രണ്ട് കച്ചവടക്കാരും മൂന്ന് നാല് ഒട്ടകവും അതിന്റെ നടത്തിപ്പുകാരും  ആവശ്യക്കാരെയും പ്രതീക്ഷിച്ച് നിൽപ്പുണ്ട് .ഒട്ടകത്തിന്റെ പുറത്ത് കയറി വെള്ളമരുഭൂമിയിലൂടെ ഒരു സവാരി നടത്തിവരുന്നവരുണ്ട്.
ഞങ്ങൾ അത് ഒഴിവാക്കി നടന്നു
ഉപ്പ് ഉറഞ്ഞ് കോൺക്രീറ്റ് പോലെ ഉറച്ച് കിടക്കുന്നു. അതിന്റെ മാറിൽ
വാഹനങ്ങൾ തലങ്ങും വിലങ്ങും
ഓടിയതിന്റെ ടയർ പാടുകൾ  നഖക്ഷതം പോലെ പതിഞ്ഞ് കിടക്കുന്നു.
വാച്ച് ടവ്വർ കണ്ണിൽ നിന്ന് മറയുന്ന ദൂരത്തോളം നടന്നു. കണ്ണെത്തും ദൂരത്ത് ഞങ്ങളല്ലാതെ ഒരു ജീവിയേയും കാണാനില്ല. ഹിമാലയത്തിൽ ഒറ്റക്ക് നിൽക്കുന്നത്  പോലുള്ളൊരനുഭവം
കനത്ത നിശബ്ദതയും കടൽക്കാറ്റുമേറ്റ് മനം നിറയുന്നത് വരെ അവിടെ നിന്നു
പിന്നെ തിരിഞ്ഞ് നടന്നപ്പോൾ മനസ്സ് പറഞ്ഞു.വീണ്ടും വരണം.
പൗർണ്ണമി രാത്രിയിൽ ചന്ദ്രികയോട് സല്ലപിച്ച് ഒരു രാവ് പുലരുവോളം ഇവിടെ കഴിയാൻ. വീണ്ടും വരണം.
ഉപ്പിന്റെ മരുഭൂമിയിലേക്ക് (ഗുജറാത്തിലൂടെ ഒരു ദീർഘയാത്ര-1: ബോസ്. ആർ.ബി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക